മുംബൈ: മഹാരാഷ്ട്രയില്‍ 51,000 കോടി രൂപയുടെ വിവിധ റെയില്‍വേപദ്ധതികളാണ് നടപ്പാക്കാന്‍പോകുന്നതെന്ന് റെയില്‍വേവകുപ്പ് മന്ത്രി സുരേഷ് പ്രഭു വെളിപ്പെടുത്തി. ലോക്മാന്യ തിലക് ടെര്‍മിനസില്‍ റെയില്‍വേയുടെ വിവിധ പദ്ധതികള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയില്‍വേയും സംസ്ഥാനസര്‍ക്കാരുംചേര്‍ന്നാണ് സംസ്ഥാനത്തെ റെയില്‍വേപദ്ധതികള്‍ നടപ്പാക്കുന്നത്. ഇതിനായി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍വരെ റെയില്‍വേയും സംസ്ഥാനസര്‍ക്കാറും രൂപവത്കരിച്ചിട്ടുണ്ട്. വിരാര്‍-വസായ്-പനവേല്‍ ലൈന്‍, സി.എസ്.ടി.-പനവേല്‍ മേല്‍പ്പാത, ബാന്ദ്രാ-വിരാര്‍ മേല്‍പാത, ഐരൊളി-കല്‍വ പാത, കര്‍ജത്-പനവേല്‍ പാതയിരട്ടിപ്പിക്കല്‍ തുടങ്ങിയ പദ്ധതികളൊക്കെ ഇതില്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ റെയില്‍വേയുടെ ഭാഗത്തു നിന്ന് 14,000 കോടി രൂപയാണ് ഇപ്പോള്‍ ചെലവഴിക്കുന്നത്. ഇന്ത്യയില്‍ പൂര്‍ണമായുംനിര്‍മിച്ച സബര്‍ബന്‍ റാക്ക് (വണ്ടി) ഇതിന്റെഭാഗമാണ്. രണ്ട് റാക്കുകള്‍ നിര്‍മിച്ചുകഴിഞ്ഞു. 43.23 കോടി രൂപയാണ് 12 കോച്ചുള്ള ഒരു റാക്കിന് വില. ഇതുപോലുള്ള കൂടുതല്‍കോച്ചുകള്‍ നിര്‍മിക്കും.

എല്‍.ടി.ടി.യില്‍ സ്ഥാപിച്ചിരിക്കുന്ന അലക്ക് യന്ത്രം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ക്കൂടി സ്ഥാപിക്കും. വണ്ടികളിലും പ്ലാറ്റ്‌ഫോമിലും ലഭിക്കുന്നഭക്ഷണം മികച്ചതാക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തുവരികയാണ്. ഇ-കാറ്ററിങ് സംവിധാനം വ്യാപിപ്പിക്കും. സൗരോര്‍ജപദ്ധതികള്‍ എല്ലായിടത്തേക്കും വ്യാപിപ്പിക്കാനും റെയില്‍വേയില്‍ മൊത്തം എല്‍.ഇ.ഡി. ലൈറ്റുകളിലേക്ക് മാറാനും പരിപാടി തയ്യാറാക്കി വരികയാണ്. സോളാര്‍ പദ്ധതികളിലൂടെ വര്‍ഷം 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതി. പത്ത് വര്‍ഷത്തിനുള്ളില്‍ 41,000 കോടി രൂപ ഇതിലൂടെ ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടലെന്നും മന്ത്രി പറഞ്ഞു.

സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്ക് കാര്യമായി അധികാരമില്ലെന്നാണ് പരാതി. കൂടുതല്‍ അധികാരത്തോടെ അവരെ ഇനി സ്റ്റേഷന്‍ ഡയറക്ടര്‍മാരാക്കി മാറ്റുകയാണ്. ജനറല്‍ മാനേജര്‍മാരടക്കം മറ്റ് ഉദ്യോഗസ്ഥര്‍ക്കും കൂടുതലധികാരം കൈവരുന്നതോടെ റെയില്‍വേയില്‍ പ്രവര്‍ത്തനങ്ങള്‍ക്കും വേഗംവെക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

മുംബൈയിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക, കൂടുതല്‍ സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം ലഭ്യമാക്കുക, സാധാരണ യാത്രക്കാര്‍ക്കും വണ്ടികളില്‍ മികച്ചസൗകര്യങ്ങള്‍ നല്‍കുക, ഹംസഫര്‍, തേജസ്, അന്ത്യോദയ വണ്ടികള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്നതൊക്കെയാണ് റെയില്‍വേയുടെ ലക്ഷ്യങ്ങളെന്നും സുരേഷ് പ്രഭു പറഞ്ഞു.