മുംബൈ: കാര്‍ഷിക, ജലസേചന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നവിസ് സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റവതരിപ്പിച്ചു. കാര്‍ഷികവായ്പ എഴുതിത്തള്ളാനുള്ള നിര്‍ദേശമൊന്നും ബജറ്റിലില്ല. ബജറ്റ് കര്‍ഷകവിരുദ്ധമാണെന്നാരോപിച്ച് പ്രതിപക്ഷം ബജറ്റ് രേഖകള്‍ കത്തിച്ചു.

കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടരുന്നതിനിടെയാണ് ധനമന്ത്രി സുധീര്‍ മുന്‍ഗന്തിവര്‍ ശനിയാഴ്ച വൈകിട്ട് ബജറ്റവതരിപ്പിച്ചത്.
 
കര്‍ഷകരെ കടക്കെണിയില്‍നിന്ന് രക്ഷിക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ അനുകൂലമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും ധനമന്ത്രിയും സഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ബജറ്റ് പ്രസംഗത്തില്‍ വായ്പ എഴുതിത്തള്ളുന്നതു സംബന്ധിച്ച് പരാമര്‍ശമൊന്നുമുണ്ടായില്ല.

സംസ്ഥാനത്തെ കാര്‍ഷികോത്പാദനവും കര്‍ഷകരുടെ വരുമാനവും 2021-ഓടെ ഇരട്ടിയാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതിയെന്നും കര്‍ഷകക്ഷേമമാണ് ബജറ്റിന്റെ മുഖമുദ്രയെന്നും ധനമന്ത്രി പറഞ്ഞു.
 
കാര്‍ഷികവരുമാനം വര്‍ധിപ്പിക്കാനായി ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കും. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും ജലസേചനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ പണം വകയിരുത്തിയിട്ടുമുണ്ട്.

സംസ്ഥാനത്തെ ജലസേചനപദ്ധതികള്‍ക്കായി 8,233 കോടി രൂപയും പ്രധാനമന്ത്രി കൃഷി സിന്‍ചായി പദ്ധതിക്ക് 2,812 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. ജല്‍യുക്ത് ശിവാര്‍ അഭിയാന് 1,200 കോടിരൂപ അനുവദിച്ചു.
 
കൃഷിക്ക് വെള്ളമെടുക്കുന്ന കുളങ്ങള്‍ നന്നാക്കുന്നതിന് 225 കോടി രൂപയാണ് നല്‍കുന്നത്. കൃഷിയാവശ്യത്തിന് പമ്പ് കണക്ഷനും മറ്റും സ്ഥാപിക്കാന്‍ 979 കോടി രൂപ അനുവദിച്ചു. മറാഠ് വാഡ വാട്ടര്‍ ഡിസ്ട്രിക്ട് പദ്ധതിക്ക് 250 കോടി രൂപ നല്‍കും.

കടക്കെണിയില്‍പ്പെട്ട കര്‍ഷകര്‍ക്കായി പദ്ധതികളൊന്നുമില്ലാത്ത ബജറ്റ് കര്‍ഷകവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് രാധാകൃഷ്ണ വിഖേപാട്ടീല്‍ കുറ്റപ്പെടുത്തി.
 
സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിലപാടില്‍ പ്രതിഷേധിക്കാന്‍ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ബജറ്റ് രേഖകള്‍ കത്തിക്കുകയുംചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ 2017-18ലെ ബജറ്റ് 243,737 കോടി രൂപ വരവും 248,248 കോടി രൂപ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. 4,511 കോടി രൂപയാണ് കമ്മി. മദ്യത്തിനും ലോട്ടറിക്കും മാത്രമാണ് നികുതി കൂട്ടിയിട്ടുള്ളത്.