മുംബൈ: പ്രമുഖ കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം.എസ്. സ്വാമിനാഥന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഡി.ലിറ്റ് സമ്മാനിച്ചു. മുംബൈ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനത്ത് വെള്ളിയാഴ്ചയായിരുന്നു പ്രത്യേക ചടങ്ങ്.
 
മഹാത്മാഗാന്ധിവരെ പഠിച്ച മുംബൈ യൂണിവേഴ്‌സിറ്റി രാജ്യത്തെ വിവിധ രംഗത്തെ പ്രമുഖരെ എപ്പോഴും ആദരിച്ചിട്ടുണ്ടെന്നും ഡോ. സ്വാമിനാഥന് ഡി.ലിറ്റ് സമ്മാനിക്കാന്‍ തനിക്കുലഭിച്ചത് അപൂര്‍വമായ അവസരമാണെന്നും രാഷ്ട്രപതി പറഞ്ഞു.

നമ്മുടെ രാജ്യത്ത് ഭക്ഷ്യധാന്യങ്ങള്‍ കൂടുതലായി ഉത്പാദിപ്പിക്കാനും പുറംരാജ്യങ്ങളിലേക്ക് കയറ്റിയയ്ക്കാനും കഴിയുന്നതിനുപിന്നില്‍ ഡോ. സ്വാമിനാഥന്റെ സംഭാവന വിലമതിക്കാനാവാത്തതാണ്.
 
കൃഷിയുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്വാമിനാഥന്‍ രാജ്യത്തെ മറ്റുശാസ്ത്രജ്ഞരുമായി സഹകരിച്ചുപ്രവര്‍ത്തിച്ചു. ഹരിതവിപ്ലവത്തിനുതന്നെ തുടക്കമിട്ട അദ്ദേഹം കാര്‍ഷികരംഗത്തെ ലോകനേതാവാണെന്നും രാഷ്ട്രപതി പറഞ്ഞു.