'ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്ന ആദ്യഘട്ടം മോണോറെയില്‍ സര്‍വീസ് ഈ മാസം അവസാനത്തോടെ തന്നെ തുടങ്ങാനാണ് പരിപാടി. വഡാല മുതല്‍ ജേക്കബ് സര്‍ക്കിള്‍ വരെയുള്ള രണ്ടാംഘട്ടം പണി പൂര്‍ത്തിയായിക്കഴിഞ്ഞു. അതിലൂടെ പരീക്ഷണ ഓട്ടം നടന്നുകൊണ്ടിരിക്കയാണ്. സുരക്ഷാ കമീഷണറുടെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍തന്നെ സര്‍വീസ് ആരംഭിക്കും. ഈ മാസം അവസാനംതന്നെ ഓടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇല്ലെങ്കില്‍ അടുത്ത മാസം- 'മുംബൈ മെട്രോപൊളിറ്റന്‍ റീജിയന് ഡെവലപ്പ്മെന്റ് അതോറിറ്റിയിലെ (എം.എം.ആര്.ഡി.എ.) ഒരു ഉന്നതോദ്യോഗസ്ഥന് പറഞ്ഞു.
നിലവില്‍ മോണോ റെയില്‍ ഓടിക്കൊണ്ടിരിക്കുന്നത് മാസം ഒന്നര ക്കോടിയിലധികം രൂപ നഷ്ടത്തിലാണ്. സര്‍വീസ് നടക്കാത്ത കഴിഞ്ഞ രണ്ടുമാസങ്ങളില്‍ നഷ്ടം ഇതിലും വര്‍ധിച്ചിരിക്കും. മാസം ശരാശരി 40 ലക്ഷം രൂപയാണ് മോണോറെയില്‍ വഴിയുള്ള വരുമാനം. എന്നാല്‍ ചെലവ് മാസം ഏകദേശം രണ്ട് കോടിയോളമാവും. പദ്ധതി നടപ്പാക്കുന്ന എം.എം.ആര്.ഡി.എ.ക്ക് എത്ര കാലം ഈ നഷ്ടം സഹിക്കാന്‍ കഴിയുമെന്നതാണ് ചോദ്യം. രണ്ടാം ഘട്ടത്തിലും വണ്ടി ഓടിത്തുടങ്ങുന്നതോടെ നഷ്ടം കുറയുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന മോണോറെയിലിലെ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കാത്ത അവസ്ഥ വരെയുണ്ടായി. പലരും ഇതേത്തുടര്‍ന്ന് ജോലി ഉപേക്ഷിച്ചുപോയി. എന്നാല്‍ രണ്ടാംഘട്ടം തുറക്കുന്നതോടെ യാത്രക്കാര്‍ വര്‍ധിക്കുമെന്നും ലാഭത്തിലേക്ക് കയറുമെന്നുമാണ് കണക്കുകൂട്ടല്‍. യാത്രക്കാര്‍ക്ക് ഒരു മാസത്തേക്കുള്ള സീസണ് ടിക്കറ്റ് നല്‍കുക, സര്‍വീസ് രാത്രി 11 വരെയാക്കുക, മോണോ റെയിലിന്റെ ചെമ്പൂര് സ്റ്റേഷനില്‍നിന്ന് ഘാട്കോപ്പറിലേക്കും വഡാല ഡിപ്പോ സ്റ്റേഷനില്‍നിന്ന് സയണിലേക്കും ബസ് സര്‍വീസ് ആരംഭിക്കുക, തുടങ്ങിയ പരി പാടികളാണ് നഷ്ടം കുറയ്ക്കുന്നതിന് വേണ്ടി എം.എം.ആര്.ഡി.എ. പരിഗണിക്കുന്നത്.
അഞ്ച് റേക്കുകളുപയോഗിച്ച് ദിവസം 115 സര്‍വീസുകളായിരുന്ന തുടക്കത്തില്‍ ഓടിക്കൊണ്ടിരുന്നത്. പിന്നീട് ഇത് മൂന്നായി. അവസാനഘട്ടത്തില്‍ രണ്ട് റേക്കുകള്‍ ഉപയോഗിച്ചായിരുന്നു സര്‍വീസ് നടത്തി വന്നത്. തീപ്പിടിത്തത്തോടെ ഈ റേക്കുകളും അറ്റകുറ്റപ്പണിയ്ക്കായി മാറ്റിയതോടെ സര്‍വീസുകള്‍ നിലച്ചു. ഇപ്പോള്‍ ഈ രണ്ട് റേക്കുകള്‍ ഏതുവിധേനയെങ്കിലും ഓടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ടാംഘട്ടംകൂടി പൂര്‍ത്തിയായാല്‍ മൊത്തം നാലുറേക്കുകള് വേണ്ടിവരും. എന്നാല്‍ ബാക്കി രണ്ട് റേക്കുകള്‍ എന്നെത്തുമെന്ന് പദ്ധതി നടപ്പാക്കുന്ന മലേഷ്യന്‍ കമ്പനിയായ സ്കോമി എന്‍ജിനീയേഴ്സിന് കൃത്യമായി പറയാന്‍ കഴിയുന്നില്ല.