Arjun eppanമുംബൈ: പനവേലിനടുത്ത് ഖോപ്പോളിയിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് നവിമുംബൈയിലെ ഫോര്‍ട്ടിസ് ആസ്​പത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഇടുക്കി നാരകക്കാനം സ്വദേശി അര്‍ജുന്‍ ഈപ്പന്‍ ഇനി കണ്ണീരോര്‍മ. മുംബൈയില്‍നിന്ന് ചൊവ്വാഴ്ച വിമാനമാര്‍ഗം മൃതദേഹം കൊച്ചിയിലെത്തിച്ചു. അവിടെനിന്ന് സ്വദേശമായ നാരകക്കാനത്ത് ബുധനാഴ്ച സംസ്‌കരിച്ചു.

പുണെ-മുംബൈ പാതയില്‍ ബൈക്കില്‍ യാത്രചെയ്യവേ അതിവേഗം വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡില്‍ വീണ അര്‍ജുന്റെ കാലിലൂടെ വാഹനം കയറിയിറങ്ങി. ചതഞ്ഞരഞ്ഞ കാലുമായി രക്തം വാര്‍ന്നുകിടന്ന യുവാവിനെ പോലീസ് കാമോഠെ എം.ജി.എം. ആസ്​പത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് അര്‍ജുന്‍ ജോലി ചെയ്യുന്ന കൃഷ്ണ ആസ്​പത്രി അധികൃതര്‍ വിവരമറിഞ്ഞുവന്ന് തങ്ങളുടെ ആസ്​പത്രിയിലേക്കുമാറ്റി. അവിടെവെച്ചാണ് കാല്‍ മുറിച്ചുനീക്കിയത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് ഫോര്‍ട്ടിസ് ആസ്​പത്രിയിലേക്ക് മാറ്റുകയായിരുന്നു.

ലക്ഷക്കണക്കിന് രൂപ ചികിത്സച്ചെലവ് വരുമെന്ന് ആസ്​പത്രി അധികൃതര്‍ വ്യക്തമാക്കിയതിനുശേഷം മുംബൈയിലെ നിരവധി മലയാളിസംഘടനകള്‍ ഫണ്ട് സമാഹരണം നടത്തിയിരുന്നു. പനവേല്‍ മലയാളി സമാജം ഒന്നരലക്ഷവും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒരുലക്ഷം സഹായവും നല്‍കിയിരുന്നു. ഇതിനുപുറമേ മുംബൈയിലെ മറ്റ് സംഘടനകളും സാമ്പത്തികസഹായം നല്‍കി. ഇതിനിടയില്‍ ചൊവ്വാഴ്ച അതിരാവിലെയാണ് അന്ത്യമുണ്ടായത്.