മുംബൈ: കാര്‍ഷിക പ്രതിസന്ധിയും കടവും മൂലം മഹാരാഷ്ട്രയില്‍ മാര്‍ച്ച് മാസത്തില്‍ 235 കര്‍ഷകര്‍ ജീവനൊടുക്കി. ഫെബ്രുവരിയിലും ജനുവരിയിലും 202 കര്‍ഷകര്‍ വീതം ജീവനൊടുക്കിയിരുന്നു.

ആത്മഹത്യചെയ്ത കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ സാമ്പത്തികസഹായം ആവശ്യപ്പെട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച അപേക്ഷകളില്‍ 24,138 കേസുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തള്ളിയിരുന്നു. 267 അപേക്ഷകള്‍ മാത്രമാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. അന്തിമഘട്ടത്തില്‍ ഇവയും പരിഗണിക്കുന്ന കാര്യം വ്യക്തമല്ലെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം 3052 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു.

കാര്‍ഷികപ്രതിസന്ധി പരിഹരിക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നു. ബി.ജെ.പി. ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ എല്ലാ കര്‍ഷകകടവും എഴുതിത്തള്ളിയപ്പോള്‍ മഹാരാഷ്ട്രയില്‍ അത്തരം നടപടികള്‍ സ്വീകരിക്കുന്നില്ല. രണ്ടു സംസ്ഥാനങ്ങളില്‍, കര്‍ഷകരുടെ കാര്യത്തില്‍ രണ്ടുനയമാണ് ബി.ജെ.പി സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വീഖെ പാട്ടീല്‍ പറഞ്ഞു.

ഔറംഗാബാദ്, അമരാവതി, നാഗ്പുര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുള്ളത്.