മുംബൈ: മഹാരാഷ്ട്രയിലെ ഗോരേഗാവില്‍ തുണിമില്ലിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് ഗോഡൗണുകള്‍ ചാമ്പലായി. ഉള്ളില്‍ കുടുങ്ങിപ്പോയ 15 പേരെ അഗ്നിരക്ഷാ സേന രക്ഷിച്ചു.

ഗോരേഗാവില്‍ ഒബ്‌റോയി മാളിന് അടുത്തുള്ള ഇറ്റാലിയന്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ തുണിമില്ലില്‍ ബുധനാഴ്ച രാവിലെ 7.20-നാണ് തീ പടര്‍ന്നത്.

എട്ട് അഗ്നിശമന യൂണിറ്റുകള്‍ മണിക്കൂറുകള്‍ ശ്രമിച്ചതിന് ശേഷമാണ് തീയണഞ്ഞത്. അപ്പോഴേക്ക് രണ്ട് ഗോഡൗണുകള്‍ കത്തിയമര്‍ന്നിരുന്നു.

തീപിടിച്ച ഗോഡൗണുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടന്നവരെയെല്ലാം രക്ഷപ്പെടുത്തിയെന്നും ആളപായമില്ലെന്നും അഗ്നിരക്ഷാ സേന അറിയിച്ചു.

രണ്ടുമാസത്തിനിടെ മുംബൈയിലും പരിസരങ്ങളിലും ദിനംപ്രതിയെന്നോണമുണ്ടാകുന്ന തീപ്പിടിത്തങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഗോരേഗാവിലേത്.

ഗോരേഗാവ് ഈസ്റ്റിലെ വ്യവസായ മേഖലയില്‍ കഴിഞ്ഞയാഴ്ച തീപ്പിടിത്തമുണ്ടായിരുന്നു. ഡിസംബര്‍ അവസാനം കമലാമില്‍സിലെ പബ്ബിലുണ്ടായ തീപ്പിടിത്തത്തില്‍ 14 പേരാണ് മരിച്ചത്.

കമലാ മില്‍സിന്റെ സമീപത്തുള്ള നവരംഗ് സ്റ്റുഡിയോയിലും താനെയിലെ പാര്‍പ്പിട സമുച്ചയത്തിലും ഭീവണ്ടിയിലെ ഫാക്ടറിയിലും അതിന് പിന്നാലെ തീപ്പിടിത്തമുണ്ടായി.

സാക്കിനാക്കയില്‍ പലഹാര നിര്‍മാണകേന്ദ്രത്തില്‍ ഡിസംബര്‍ 18-നുണ്ടായ തീപ്പിടിത്തത്തില്‍ 18 പേരാണ് മരിച്ചത്. ജനുവരി മൂന്നിന് അന്ധേരിയിലെ പാര്‍പ്പിട കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ നാലു പേര്‍ മരിച്ചു.