മുംബൈ: കൊങ്കണിലെ ജയ്താപുര്‍ ആണവനിലയത്തിന്റെ നിര്‍മാണം 2018-ല്‍ ആരംഭിക്കും. ഫ്രാന്‍സിന്റെ വിദേശകാര്യ സെക്രട്ടറി ക്രിസ്റ്റ്യന്‍ മസെയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിലയത്തിന്റെ നിര്‍മാണപ്രവര്‍ത്തനം അടുത്തവര്‍ഷം ആരംഭിക്കാന്‍ ധാരണയായത്.
 
ജയ്താപുര്‍ ആണവനിലയത്തിനുള്ള സാങ്കേതികവിദ്യയും റിയാക്ടറുകളും നല്‍കുന്നത് ഫ്രഞ്ച് കമ്പനിയായ അരേവ എന്ന സ്ഥാപനമാണ്. ജയ്താപുര്‍ ആണവനിലയം ഫ്രാന്‍സിനെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമുള്ള പദ്ധതിയാണെന്നും ആദ്യ റിയാക്ടര്‍ 2015-ല്‍ പ്രവര്‍ത്തിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മസെ പറഞ്ഞു. 2017 ആകുന്നതോടെ ആറ് റിയാക്ടറുകളും പ്രവര്‍ത്തിച്ചുതുടങ്ങും. ഈ പദ്ധതിയില്‍ നിന്നും 10,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കെതിരേ പ്രാദേശികവാസികള്‍ സമരസമിതി രൂപവത്കരിച്ച് സമരരംഗത്തുണ്ട്.
 
ശിവസേനയും പദ്ധതിയെ എതിര്‍ക്കുന്നു. മുഖ്യമന്ത്രിയും ഫ്രഞ്ച് ഉന്നതതലസംഘവും നടത്തിയ കൂടിക്കാഴ്ചയില്‍ വ്യവസായവകുപ്പ് കൈകാര്യംചെയ്യുന്ന ശിവസേനാ നേതാവ്‌ സുഭാഷ് ദേശായിയെ പങ്കെടുപ്പിച്ചില്ല. പ്രദേശവാസികളെ അനുനയിപ്പിക്കുന്നതിനായി ജോലികാര്യത്തില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രി ജോലിവാഗ്ദാനം നല്‍കി പ്രദേശവാസികളെ പദ്ധതിക്ക് അനുകൂലമാക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍, സമരം ശക്തമാക്കി ജനങ്ങളെ ബോധവത്കരിക്കുമെന്നും സമരസമിതി നേതാവ് സത്യജിത് ചവാന്‍ പറഞ്ഞു.