മുംബൈ : മലയാളം മിഷനെ ദുര്‍ബലപ്പെടുത്തുന്ന നിരുത്തരവാദപരമായ സമീപനം കേരള സര്‍ക്കാര്‍ തിരുത്താത്ത പക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുംബൈ മലയാളി സംയുക്തസമരസമിതി മുന്നറിയിപ്പ് നല്കി.
നിരാശാജനകമായ സമീപനമാണ് മലയാളം മിഷനുമായി ബന്ധപ്പെട്ട് അടുത്തകാലത്തായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നേരത്തേ നോര്‍ക്ക ഓഫീസര്‍ക്ക് മലയാളം മിഷന്റെ ചുമതലകൂടി ഉണ്ടായിരുന്ന ഘട്ടത്തില്‍ നവിമുംബൈയിലെ കേരളഹൗസ് മലയാളം മിഷന്റെ ആസ്ഥാനം എന്ന നിലയില്‍ ലഭ്യമായിരുന്നു. ഇപ്പോള്‍ മലയാളം മിഷനെ കേരളഹൗസില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സമരസമിതി ചെയര്‍മാന്‍ പി.ഡി. ജയപ്രകാശ്, കണ്‍വീനര്‍ ഡോ. ജോസ് ജോര്‍ജ് എന്നിവര്‍ വ്യക്തമാക്കി.

അധ്യാപകര്‍ക്ക് കാര്യക്ഷമമായ തുടര്‍പരിശീലനം നല്‍കാന്‍ നടപടിയുണ്ടാവുന്നില്ല. വിദഗ്ധരായ പരിശീലകരെ നിയോഗിക്കാനോ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുവാന്‍ അത്യാവശ്യമായ ഫണ്ട് നല്‍കാനോ തയ്യാറാവുന്നില്ല എന്നീ പരാതികളാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്നത്. പരീക്ഷാക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്താന്‍ ചുമതലപ്പെടുത്തിയ അധ്യാപകര്‍ക്ക് നല്‍കുന്ന അലവന്‍സ് 500 രൂപയില്‍ നിന്ന് 250 രൂപയാക്കി കുറച്ചു. പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്ക് തിരുവനന്തപുരത്തുനിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ എത്തിക്കാന്‍ വളരെയധികം കാലതാമസം വരുത്തി. കേരളസര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദപരമായ ഇത്തരം നടപടികള്‍ മൂലം മുംബൈ മലയാളം മിഷന്റെ നില ആശങ്കയിലാണ്. പ്രവാസി മലയാളികളുടെ പുതിയതലമുറകളെ കേരളചരിത്രത്തോടും സംസ്‌കാരത്തോടും ചേര്‍ത്തു നിര്‍ത്താനും അതുവഴി അവരെ പ്രദേശാതീത കേരളീയ ബൃഹത് സമൂഹത്തിന്റെ ഭാഗമാക്കാനുമുള്ള സാധ്യതകളാണ് ഇല്ലാതാവുന്നതെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
മലയാളം മിഷന്‍ വാഷി കേരള ഹൗസില്‍ ഓഫീസ് സൗകര്യം ഒരുക്കുക, കാര്യക്ഷമമായ അധ്യാപന പരിശീലനം ഏര്‍പ്പെടുത്തുക, മലയാളം മിഷന്‍ അധ്യാപകരായി തുടര്‍ച്ചയായി സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ അലവന്‍സ് അനുവദിക്കുക, മലയാള പഠനകേന്ദ്രങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക. എന്നീ ആവശ്യങ്ങള്‍ ഉടനടി അംഗീകരിക്കണമെന്ന് സമരസമിതി പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

മുംബൈ കേരള റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ആരംഭിക്കുന്നത്തിന്റെ വിഷയത്തിലും സര്‍ക്കാര്‍ മെല്ലെപ്പോക്കാണ് സ്വീകരിക്കുന്നത്. കെ. എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ആരംഭിക്കുമെന്ന് കേരളത്തിലെ മുന്‍ ഗതാഗതവകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്, ഇപ്പോഴത്തെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സമരസമിതിക്ക് ഉറപ്പ് നല്കിയിരുന്നതാണ്. ബസ് സര്‍വീസ് ഈ വര്‍ഷം മെയ് മാസത്തില്‍ പ്രഖ്യാപിച്ചു. പക്ഷേ, 6 മാസം കഴിഞ്ഞിട്ടും ആരംഭിച്ചിട്ടില്ല. കെ.എസ്. ആര്‍.ടി.സി. ബസ് സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനം ക്രിസ്മസ് അവധിക്കു മുന്‍പായെങ്കിലും നടപ്പാക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. ഈ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കുന്നതിനുവേണ്ടി മലയാളി സംഘടനകളുടെ വിപുലമായ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഡിസംബര്‍ 14-ന് വൈകുന്നേരം 7-ന് ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തിലാണ് യോഗം.