മുംബൈ: എല്ലാ റോഡുകളും ഇനി ഡി.വൈ.പാട്ടീല്‍ സ്റ്റേഡിയത്തിലേക്കാണ്. ഫുട്‌ബോളിലെ കുട്ടിക്കളിയുടെ ലോകകപ്പിന്റെ ആറുവേദികളിലൊന്നാണ് നെരൂളിലെ ഈ കളിത്തട്ട്. 45000-ത്തോളം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ ഇനി ആരവങ്ങളുടെ ദിനമാണ്. ഒക്ടോബര്‍ ആറിന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഈ ഗ്രൗണ്ടില്‍ പന്തുരുളുമ്പോള്‍ അത് ചരിത്രത്തിന്റെ ഏടുകളിലിടം പിടിക്കും.

മുംബൈയില്‍നിന്ന് കുറച്ചുദൂരെയാണെങ്കിലും ലോകകപ്പ് കാണാന്‍ കിലോമീറ്ററുകള്‍ താണ്ടാനും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മടിയില്ല. അതുകൊണ്ടാണ് ദിവസങ്ങള്‍ക്കുമുമ്പേ ടിക്കറ്റുകള്‍ വിറ്റഴിയുന്നത്. ലോകകപ്പിനായുള്ള പ്രത്യേക ഒരുക്കങ്ങളാണ് ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടത്തിയിരിക്കുന്നത്. ഐ.പി.എല്‍. മത്സരത്തിന്റെ ഫൈനല്‍ അടക്കം നിരവധി പ്രധാന ക്രിക്കറ്റ് മത്സരങ്ങള്‍ നടന്ന ഈ സ്റ്റേഡിയത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി കാല്‍പ്പന്തുകളിയാണ് നടക്കുന്നത്. ലോകകപ്പിനുവേണ്ടി സ്റ്റേഡിയത്തിലെ പഴയ സീറ്റുകളെല്ലാം മാറ്റിക്കഴിഞ്ഞു. ഫിഫ അംഗീകരിച്ച രീതിയിലുള്ള പ്ലാസ്റ്റിക് കസേരകള്‍ ദക്ഷിണ കൊറിയയില്‍ നിന്നാണെത്തിയത്. കളിക്കാര്‍ക്കായി പുതിയ രണ്ട് ഡ്രസ്സിങ് റൂമുകള്‍, ലോകകപ്പ് നിലവാരത്തില്‍ത്തന്നെയുള്ള രണ്ട് പരിശീലനഗ്രൗണ്ടുകള്‍ തുടങ്ങി എല്ലാം ഇവിടെ ഒരുങ്ങിക്കഴിഞ്ഞു. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയും മാറ്റി. 25 കോടി രൂപയാണ് ഇതിന് മുടക്കിയത്. സ്റ്റേഡിയത്തിലേക്കുള്ള റോഡുകളൊക്കെ പുതുക്കിക്കഴിഞ്ഞു. മത്സരങ്ങള്‍ക്കുള്ള 150 രൂപയുടെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ 300 രൂപയുടെയും 600 രൂപയുടെയും ടിക്കറ്റുകളാണ് ബാക്കിയുള്ളത്.

സ്റ്റേഡിയത്തിന് ചുറ്റുമുള്ള എല്ലാ റോഡുകളും സുരക്ഷാ കാരണങ്ങളാല്‍ അടച്ചുകഴിഞ്ഞു.

തൊട്ടടുത്ത ഡി.വൈ. പാട്ടീല്‍ ഹോസ്​പിറ്റല്‍പോലും സുരക്ഷാ വലയത്തിലാണ്. സയണ്‍ മുതല്‍ നെരൂള്‍ വരെയുള്ള റോഡുകളുടെ അറ്റകുറ്റപ്പണികളും മാസങ്ങള്‍ക്കുമുമ്പേ തീര്‍ത്തുകഴിഞ്ഞു. മാസങ്ങളായി കത്താത്ത വഴിവിളക്കുകളും തെളിഞ്ഞുതുടങ്ങി. അതാണ് ലോകകപ്പിന്റെ പ്രത്യേകത.