താനെ: തടവുകാര്‍ക്കിടയിലെ ആത്മഹത്യ, ആക്രമണം, കൊലപാതകം എന്നിവയ്ക്ക് തടയിടാനായി ജയിലുകളില്‍ സ്വയംസഹായസംഘങ്ങള്‍ വഴി ബോധവത്കരണവും ചികിത്സയും നല്‍കാന്‍ നടപടികള്‍ ആരംഭിച്ചു.

ഇതുസംബന്ധിച്ച് സംസ്ഥാനജയിലുകളുടെ മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി. ഭൂഷണ്‍കുമാര്‍ ഉപാധ്യായ കഴിഞ്ഞ മാര്‍ച്ചില്‍ എല്ലാ ജയിലുകളിലേക്കും സര്‍ക്കുലര്‍ നല്‍കിയിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ പലയിടത്തും ഇതു പാലിക്കപ്പെട്ടിട്ടില്ല.

സമീപകാലത്ത് നാഗ്പുര്‍ ജയിലില്‍ നടന്ന കൊലപാതകത്തിന്റെയും നാസിക്കിലെയും താനെയിലെയും ജയിലുകളില്‍ നടന്ന ആത്മഹത്യകളുടെയും പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ആ നിര്‍ദേശം കര്‍ശനമാക്കുന്നത്. ഇതിന്റെ ഭാഗമായി താനെ അടക്കമുള്ള ജയിലുകളില്‍ അസാധാരണ സ്വഭാവവും ആത്മഹത്യാ പ്രവണതയും അക്രമവാസനയുമുള്ള തടവുകാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജയിലധികൃതര്‍.

ഇങ്ങനെ കണ്ടെത്തുന്ന തടവുകാരെ അവരുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് പ്രത്യേക ശ്രദ്ധനല്‍കും. ആവശ്യമെന്നുകണ്ടാല്‍ ചികിത്സയും നല്‍കും. തടവുകാര്‍ തമ്മില്‍ വഴക്കും സംഘട്ടനങ്ങളും ഉണ്ടായാല്‍ അത്തരക്കാരെ മറ്റു വാര്‍ഡുകളിലേക്കോ ബാരക്കുകളിലേക്കോ മാറ്റിപ്പാര്‍പ്പിക്കും. ജയിലിനുള്ളില്‍ നിലവിലുള്ള സുരക്ഷാനടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും താനെ സെന്‍ട്രല്‍ ജയിലധികൃതര്‍ പറഞ്ഞു.