ബാല്യകാല സ്മരണകളിലേക്ക് കൈപിടിച്ചുനടത്തുന്നു ആ വെള്ളയുടുപ്പുകാരൻ!
നഷ്ടമായ നനുത്ത സ്മരണകൾ ഒരു തേങ്ങലായി ഇടനെഞ്ചിൽ...
കാടും പുഴകളും കളകളാരവങ്ങളുമുറഞ്ഞൊരാഗ്രാമമെനിക്കുമന്യം!
ബാല്യത്തിലെ വർഷകാലത്തോടാണെനിക്കേറെ പ്രണയം.
തോടുകളിലും പാടങ്ങളിലും തുളുമ്പിനിന്ന സ്ഫടികജലത്തിൽ കൂട്ടുകാരുമായി എത്രയാണ് നീന്തിത്തുടിച്ചത്!
ചെറുപ്പത്തിൽ ചൂണ്ടയിടാൻ വലിയിഷ്ടമായിരുന്നെനിക്ക്. ഞാനിട്ട ഇരയിൽ കുരുങ്ങിയവരെത്രയാ...!
കിഴക്കെ തോടും വടക്കേ പാടവുമായിരുന്നു പ്രധാനയിടങ്ങൾ.
വളക്കൂറുള്ള മണ്ണിൽ നിന്നായിരുന്നു ഇരശേഖരണം.

മുഴുത്തുരുണ്ട അവയെ കഷണിച്ച് ചൂണ്ടയിൽ കൊരുക്കുന്നത് എനിക്ക് തീരെയും ഇഷ്ടമല്ലായിരുന്നു. എന്നിട്ടും ഒരുപാട്‌ മീനുകളെന്റെ ഇര വിഴുങ്ങി ചത്തു.
കിഴക്കെ തോടുമുഴുവൻ ആമ്പലായിരുന്നു. വെളുത്തയാമ്പൽ. വെയിലുറയ്ക്കുന്നതിനോടൊപ്പം അവരൊക്കെ ചിരിക്കും! എത്രയഴകായിരുന്നു ആ പൂക്കൾക്ക്!

തെളിഞ്ഞ ജലപ്പരപ്പിനുകീഴേ തഴച്ചുവളർന്ന മുള്ളൻപായൽ. അവയ്ക്കിടയിലൂടെ മിന്നിമറയുന്ന വിവിധ മത്സ്യങ്ങൾ. അവയെപ്പിടിക്കാൻ തോട്ടുവരമ്പത്തെ തൈത്തെങ്ങിൻചോട്ടിൽ പതുങ്ങിനിന്ന പാവാടപ്രായം! ഈശ്വരാ... ഇന്ന് തോടുമില്ല, മീനുമില്ല, പാവാടക്കാരുമില്ലവിടെ!

ചൂണ്ടയിൽ ഇര കോർത്ത് വെള്ളത്തിലേക്കെറിയുമ്പോൾ എന്നെ കലിപ്പിടിപ്പിച്ചവനാണ് ചെട്ടിപൂശാൻ! ആശാൻ, ആമ്പലുകൾക്കുകീഴെ പതുങ്ങി നിൽക്കും. എന്നിട്ട് ഞാനെറിയുന്ന ഇര ചാടിപ്പിടിച്ച്‌ ഓടിമറയും. ചെട്ടിപൂശാന്റെ ഈ കേളി പലതവണയാകുമ്പോൾ തോട്ടുവക്ക് ചവിട്ടിപ്പൊളിക്കും ഞാൻ. അതുകണ്ട്‌ അപ്പൂപ്പനും അമ്മയും ചിരി കടിച്ചമർത്തും. പിന്നെ മുഖംമുറുക്കി അമ്മ പറഞ്ഞുതുടങ്ങും, പെൺകുട്ടികൾ ഇതൊന്നും ചെയ്തുകൂടാ. ഓരോരുത്തർക്കുമോരോന്ന്‌ പറഞ്ഞിട്ടുണ്ട്. നിന്ന് വെയിലുകായാതെ ഇവിടെ വാ പെണ്ണെ... എനിക്കപ്പോൾ അരിശം മൂക്കും.

ചാണകക്കൂട്ടയുമായി വെള്ളത്തിലിറങ്ങി, പതുങ്ങിനിൽക്കുന്ന പൂശാൻമാരെയെല്ലാം കോരിയെടുത്ത് കരയിലേക്കൊറ്റയേറാ... എന്നിട്ടും കലിതീരാതെ ഞാൻ വീട്ടിൽ വളർത്തുന്ന കോഴികളെ വിളിക്കും. കരയിൽക്കിടന്ന് പിടഞ്ഞവരെ എന്റെ വിളി കേട്ടെത്തിയവർ വിഴുങ്ങുന്നതുകാണുമ്പോൾ എനിക്ക് വല്ലാത്തൊരാനന്ദമായിരുന്നു.

ഇന്നെന്റെ ഓർമയിലേക്ക് ചെട്ടിപൂശാനെ കൊണ്ടുവന്നത് അവനാ... ആ വെള്ളയുടുപ്പുകാരൻ!
പുതിയ സാങ്കേതികവിദ്യകളോട് പരമപുച്ഛമായിരുന്നെങ്കിലും എന്നരികിലേക്കെത്ര പ്രിയപ്പെട്ടവരെയാണ്‌ അവരെത്തിച്ചത്!
കൂട്ടത്തിൽ അവനും.

അവനാരാണെന്ന് ചോദിച്ചാൽ എടുത്തുപറയാനായിട്ടൊന്നുമില്ല.
പക്ഷേ, എന്നിട്ടും ഏതോ നേർത്തരേഖയായി എനിക്കുമുന്നിലവൻ!

എഫ്.ബി.യിലൂടെ വീണ്ടും കണ്ടുമുട്ടിയ വകയിലെ സഹോദരനോട്, ഫോണിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ അവനറിയിച്ചു. ‘’എടീ, നിന്നോടൊപ്പം ഇള്ളിള്ള പ്രായത്തിൽ പഠിച്ചിരുന്നെന്ന് ഒരുത്തനിവിടിരുന്ന് പിറുപിറുക്കുന്നു... ദേ, ഫോൺ കൊടുക്കാം. സംസാരിച്ചുനോക്ക്.’’
വല്ലാത്ത ഉത്കണ്ഠയായിരുന്നു...

ആരായിരിക്കും...?
‘നീനേ...’
ചിരപരിചിതരെപ്പോലെ...
ഓർമകളിൽ പരതുമ്പോഴേക്കും കൈപിടിച്ചുനടത്തുന്നു, ബാല്യത്തിലെ കൂട്ടുകാരൻ!

ഒന്നുമുതൽ ഏഴാം ക്ലാസുവരെ ഒരുമിച്ച് പഠിച്ചവർ! ഓർമകൾ ഒരു വെള്ളയുടുപ്പുകാരനിൽ ചെന്നുനിന്നു! മനസ്സിന്റെ ഉള്ളറകളിൽ പൂഴ്ത്തിെവച്ചവയിൽനിന്ന് പൊടിതട്ടാനായ ഒന്ന്!

ഓ..., അന്നു നീ അറിയാതെ പുറത്തേക്ക് നിർഗളിച്ചവ...

ക്ലാസ് മുറിയിലും കളിസ്ഥലങ്ങളിലും ആ വെളുത്തയുടുപ്പിലാണവനിപ്പോൾ!

എത്ര പരതിയിട്ടും മറ്റൊരു നിറവുമില്ലേറെ മനതാരിൽ!

‘’അല്ലറ ചില്ലറ ബിസിനസുമായി ഞാനും കുടുംബവും ഇവിടെ മുംബൈയിലാ നീനേ...’’

എടാ, ഞങ്ങളും ഇവിടാ, പൂനെയിൽ...

ഓ...പൂനെ

അവന് നിരാശ...

അർധസഹോദരന് സുഖിച്ചിട്ടുണ്ടാവില്ല.

‘’എടീ, എഫ്.ബി.യിൽ ഉണ്ടിവൻ, ശരി, പിന്നെ വിളിക്കാം’’.
വിളിയൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല. സഹോദരനെക്കുറിച്ച് പിന്നെ അറിവൊന്നുമുണ്ടായില്ല. അറിയാൻ ശ്രമിച്ചില്ലാന്ന്‌ പറയുന്നതാണ് കുറച്ചുകൂടി ശരി.

അതങ്ങനെയാണ്, രക്തബന്ധങ്ങളെക്കാൾ ശക്തിയിപ്പോൾ സൗഹൃദങ്ങൾക്കാണ്!

അവിടെ കൊടുത്തതും വാങ്ങിയതും അളന്നതുമായ കണക്കുകളില്ലല്ലോ... അതായിരിക്കാം അതിനെ പോഷിപ്പിക്കുന്നത്.
വിവരസാങ്കേതികവിദ്യയുടെ ഉപയോഗരീതികൾ പഠിച്ചെങ്കിലും അതിലേക്ക് ഇഴുകിച്ചേരാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഊണുമുറക്കവുമെല്ലാമതിൽ തന്നെയായിരുന്നു എന്നുവേണം പറയാൻ.

അതുകൊണ്ട് നഷ്ടമൊന്നുമുണ്ടായില്ല.

മുംബൈയിൽ സ്ഥിരതാമസമാക്കിയ ആ പഴയ സഹപാഠിയുടെ കഥകളിലായിരുന്നു മനവും മിഴിയും. ഒടുവിൽ കമന്റിട്ടു. വെള്ളയുടുപ്പുകാരാ, കഥകൾ നന്നാവുണ്ട്.

ഔപചാരികതയോടെ ഒരു നന്ദി. അതൊരു തുടക്കമായിരുന്നു...

പിന്നീട് എത്രയെത്ര സന്ദേശങ്ങൾ!
എത്രവേഗമാണ്‌ അനൗപചാരികത ഉടലെടുത്തത്!

പക്ഷേ, എന്നെയതിലും അദ്‌ഭുതപ്പെടുത്തുന്നത് മറ്റൊന്നാണ്. എന്റെ സന്ദേശങ്ങൾ അവൻ കൈക്കൊണ്ട ശൈലി!
തീർത്തും പുതുമ നിറഞ്ഞത്...

 അത് കണ്ടപ്പോൾ, കാണുമ്പോൾ എന്നിൽ ചെട്ടിപൂശാൻ!!!

അതേ, ഞാൻ മീനിനായ് കൊരുത്തിട്ട ഇരയുമായ് ഓടിമറഞ്ഞ ആ കള്ളമീനുകളെപ്പോലെ അവൻ!

എന്തായാലും തോടും പാടവും ആ പരൽമീനുകളെയുമൊക്കെ ഓർമിപ്പിച്ച വെള്ളയുടുപ്പുകാരന് നന്ദി.

ഇനി നീയെനിക്ക് ‘ചെട്ടിപൂശാൻ’

പേടിക്കേണ്ട; ചാണകക്കുട്ടയുമായി വരാൻ ഞാനിന്ന് ആ മുറിപ്പാവടക്കാരിയല്ല. പിന്നെ ആ പാടംപോലെ നീയെനിക്ക് സ്വന്തവുമല്ലല്ലോ.