1917 നവംബർ 13-നാണ് ശബ്ദതാരാവലിയുടെ പ്രഥമസഞ്ചിക പുറത്തുവന്നത്. മലയാളഭാഷയിൽ എക്കാലവും മാർഗദർശിയായി പരിലസിച്ചുവരുന്ന ‘ശബ്ദതാരാവലി’ പുറത്തിറങ്ങിയിട്ട് നൂറുവർഷമായിരിക്കുന്നു. ജന്മശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ നിഘണ്ടു ഇന്നും മലയാളഭാഷയ്ക്കൊരു മുതൽക്കൂട്ടാണ്.

മലയാളത്തിലെ ആദ്യത്തെ ശബ്ദകോശത്തിന്റെ പ്രണേതാവ് എന്നറിയപ്പെടുന്ന ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ളയ്ക്ക് കേരള സാഹിത്യചരിത്രത്തിൽ സമുന്നതമായ സ്ഥാനമാണുള്ളത്.
1864 നവംബർ 27-ാം തീയതിയാണ്  പത്മനാഭപിള്ളയുടെ ജനനം.  പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരത്തുള്ള ഇംഗ്ലീഷ് സ്കൂളിലായിരുന്നു പഠനം. 1888 മുതൽ ശ്രീകണ്ഠേശ്വരത്ത് സ്വഭവനത്തിനടുത്തുള്ള ഒരു ഗ്രാന്റ് സ്കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1894-ൽ തിരുവനന്തപുരത്ത് കണ്ടെഴുത്തു സെൻട്രലാഫീസിൽ ക്ലാർക്കായി നിയമനം ലഭിച്ചു. 1899-ൽ മജിസ്‌ട്രേട്ടുപരീക്ഷയ്ക്ക്‌ ചേരുകയും അതിൽ വിജയിച്ച് സന്നത്‌ കരസ്ഥമാക്കുകയുമുണ്ടായി.

പതിന്നാലാം വയസ്സിൽ രചിച്ച ബാലിവിജയം എന്ന തുള്ളൽക്കഥയാണ് ആദ്യകൃതി.  അതിനുശേഷം കഥകളി, കവിതാരചന, നാടകം മുതലായവയിലേക്ക് ശ്രദ്ധതിരിഞ്ഞു. അനേകം ലഘുകവനങ്ങളും ധർമഗുപ്തവിജയം എന്നൊരു ആട്ടക്കഥയും രചിച്ചു. അതോടെ യുവകവി എന്ന ബഹുമതിയും പണ്ഡിതരുടെ അനുമോദനങ്ങളും ലഭിച്ചെങ്കിലും കവിതാരചനയിൽ ഉറച്ചുനിന്നില്ല.  പിന്നീട് രചിച്ച കനകലതാസ്വയംവരം, പാണ്ഡവവിജയം എന്നീ നാടകങ്ങളും ദുര്യോധനവധം ആട്ടക്കഥയും കീചകവധം തുള്ളലും ഹരിശ്ചന്ദ്രചരിതം കിളിപ്പാട്ടും  അദ്ദേഹത്തെ സാഹിത്യരംഗത്ത് ശ്രദ്ധേയനാക്കിത്തീർത്തു.

1895-ലാണ് ശബ്ദതാരാവലിയുടെ നിർമാണം ആരംഭിച്ചത്. പുരാണങ്ങളും വൈദ്യമന്ത്രതന്ത്രാദി ഗ്രന്ഥങ്ങളും വ്യാഖ്യാനഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും പത്ര-മാസികകളും മറ്റും വായിച്ച് കുറിപ്പുകളെടുത്തും പ്രഗല്‌ഭരുടെ പ്രസംഗങ്ങൾ കേട്ടും രണ്ടുവർഷംകൊണ്ടാണ്  ഒരു അകാരാദി തയ്യാറാക്കാൻ സാധിച്ചത്.

ഇങ്ങനെ പോയാൽ നിഘണ്ടു പൂർണരൂപത്തിലെത്താൻ കുറേ വർഷമാകുമെന്ന് മനസ്സിലായപ്പോൾ അതുവരെ സംഭരിച്ച് ക്രോഡീകരിച്ചുെവച്ചിരുന്ന പദങ്ങൾ ചേർത്ത് കീശാനിഘണ്ടു എന്ന പേരിൽ  ഒരു ചെറിയ നിഘണ്ടു തയ്യാറാക്കി. അത്‌ പുറത്തിറങ്ങിയപ്പോൾ നല്ല സ്വീകരണമാണ് ലഭിച്ചത്. അച്ചടിച്ച ആയിരം കോപ്പികളും വേഗത്തിൽ വിറ്റുതീർന്നു.   അത് അദ്ദേഹത്തിന് വലിയ പ്രചോദനമായിത്തീരുകയും അതോടെ പൂർവാധികം ഉത്സാഹത്തോടെ നിഘണ്ടുനിർമാണത്തിൽ വ്യാപൃതനാവുകയും ചെയ്തു.

ഇതിനിടെ ‘ശബ്ദരത്നാകരം’ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തുന്ന ഒരു നിഘണ്ടുവിന്റെ പരസ്യം പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അതിനുപിന്നിൽ പ്രവർത്തിക്കുന്നവരുടെ കഴിവുകളെപ്പറ്റി പത്മനാഭപിള്ളയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് 1909-ൽ നിഘണ്ടുനിർമാണം നിർത്തിെവച്ച് അദ്ദേഹം ‘ഭാഷാവിലാസം’ എന്നൊരു മാസിക തുടങ്ങി. ഒരു വർഷത്തിനുശേഷം അത് നിന്നു. ‘ശബ്ദരത്നാകര’വും ആറുലക്കങ്ങളോടെ നിലച്ചുപോയിരുന്നു. അത് വീണ്ടും നിഘണ്ടുനിർമാണത്തിലേക്ക് തിരിയാൻ പ്രേരണയായി. മുഴുവൻ പണിയും പൂർത്തിയാക്കാതെ നിഘണ്ടു പ്രസിദ്ധപ്പെടുത്തേണ്ടതില്ലെന്നും തീരുമാനിച്ചു. ഇരുപതിൽപരം വർഷങ്ങളുടെ നിരന്തര പ്രയത്നഫലമായി 1917-ൽ പത്മനാഭപിള്ള നിഘണ്ടുവിന്റെ കൈയെഴുത്തുപ്രതി പൂർത്തിയാക്കി. എന്നാൽ, രണ്ടായിരത്തിലധികം പുറങ്ങളുള്ള ആ ബൃഹദ്ഗ്രന്ഥം അച്ചടിക്കാൻ മുദ്രാലയക്കാർ ആരും തയ്യാറായില്ല. തുടർന്ന് അദ്ദേഹം തന്റെ സുഹൃത്തായ കേപ്പ എന്ന പുസ്തകശാല ഉടമസ്ഥനുമായി കൂട്ടുചേർന്ന് അത് ഖണ്ഡശഃ പ്രസിദ്ധീകരിച്ചുതുടങ്ങി. അച്ചടിച്ച 500 കോപ്പികൾ പെട്ടെന്ന് വിറ്റുതീരുകയും ചെയ്തു.

1917 നവംബർ 13-ന് പുറത്തുവന്ന ശബ്ദതാരാവലിയുടെ പ്രഥമസഞ്ചികകണ്ട് പത്രങ്ങളും മാസികകളും സാഹിത്യകാരന്മാരും പത്മനാഭപിള്ളയെ മുക്തകണ്ഠം പ്രശംസിച്ചു. മലയാളത്തിൽ വളരെ മുമ്പുതന്നെ നിറവേറ്റപ്പെടേണ്ടിയിരുന്ന ഒരാവശ്യമായിരുന്നു ഇതെന്ന് എല്ലാവരും സമ്മതിച്ചു.   

1923 മാർച്ച് 16-നാണ് 1600 പേജുള്ള ശബ്ദതാരാവലിയുടെ ഒന്നാംപതിപ്പിന്റെ മുദ്രണം പൂർത്തിയായത്. 32 വയസ്സുള്ള ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ളയാണ് ശബ്ദതാരാവലിയുടെ നിർമാണം തുടങ്ങിയത്. 58 വയസ്സുതികഞ്ഞ അദ്ദേഹം അത് കൈരളിക്ക്‌ സമർപ്പിച്ചു.

 തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ ഒരു വീരശൃംഖലയും കൊച്ചി മഹാരാജാവ് ഒരു ജോഡി കവണിയും അദ്ദേഹത്തിന് സമ്മാനിച്ചു. രണ്ട് ഗവൺമെന്റും 40 കോപ്പിവീതം വാങ്ങുകയും ചെയ്തു. വർഷങ്ങൾക്കുശേഷം സമസ്ത സാഹിത്യപരിഷത്ത് ഒരു സ്വർണമെഡലും സമ്മാനിച്ചു.

1931-ൽ പ്രസിദ്ധീകരിക്കപ്പെട്ട രണ്ടാംപതിപ്പിൽ ഒന്നാംപതിപ്പിനേക്കാൾ അനവധി വാക്കുകളും വിവരണങ്ങളും ഉൾക്കൊള്ളിച്ചിരുന്നു. 1939-ൽ മൂന്നാംപതിപ്പിനോടൊപ്പം എണ്ണായിരത്തോളം പദങ്ങൾ ഉൾപ്പെടുത്തി ഒരു അനുബന്ധവും പ്രസിദ്ധപ്പെടുത്തി. 1931-ൽ മലയാളഭാഷയിലുള്ള ഗ്രന്ഥങ്ങളെയും ഗ്രന്ഥകാരന്മാരെയും കുറിച്ച് സാഹിത്യാഭരണം എന്ന പേരിൽ ഒരു വിജ്ഞാനകോശവും ശബ്ദചന്ദ്രിക എന്നൊരു ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും അദ്ദേഹം രചിച്ച്‌ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. പക്ഷേ, അവ രണ്ടും പൂർത്തിയാകുന്നതിനു മുമ്പ് അനാരോഗ്യംമൂലം ശയ്യാവലംബിയായ അദ്ദേഹം 1946 മാർച്ച് 4-ന് അന്തരിച്ചു. എൺപത്തിരണ്ടാം വയസ്സിൽ അന്ത്യശ്വാസം വലിക്കുന്നതുവരെ അദ്ദേഹം സാഹിതീസേവനം നടത്തി. എഴുപതോളം കൃതികൾ രചിച്ചു. അവയിൽ ഭൂരിഭാഗവും രചിച്ചത് ശബ്ദതാരാവലീനിർമാണത്തിനിടയിലാണ്.

തൃപ്തനാവാതെ എഴുത്തുകാരൻ

ശബ്ദതാരാവലിയുടെ മൂന്നുപതിപ്പുകൾ പ്രസിദ്ധീകരിച്ചെങ്കിലും അതിൽ അദ്ദേഹം ഒട്ടും തൃപ്തനല്ലായിരുന്നു. രണ്ടാംപതിപ്പിനെഴുതിയ മുഖവുരയിൽ അദ്ദേഹം അത് വ്യക്തമാക്കുകയും ചെയ്തു.
‘‘സുഖം എന്ന പദത്തിന്റെ അർഥം എന്റെ നിഘണ്ടുവിൽ കൊടുത്തിട്ടുണ്ടെന്നുവരികിലും പരമാർഥത്തിൽ അതെങ്ങനെയിരിക്കുമെന്ന് ഞാൻ ഇതുവരെ അറിഞ്ഞിട്ടുള്ളവനല്ല. എന്റെ കുടുംബക്കാരും ബന്ധുക്കളും സ്നേഹിതന്മാരും അതിന് സാക്ഷികളാകുന്നു. ‘താരാവലി’യെ മുദ്രണം ചെയ്ത്‌ വാണിജ്യയിൽ സമധികമായ ലാഭത്തെ സമ്പാദിക്കണമെന്ന്‌ വിചാരിക്കാതെ ‘കൂലങ്കഷമായ ഭാഷാസാഹിത്യപരിചയത്തിനു പര്യാപ്ത’മാകണമെന്നു മാത്രം ഉദ്ദേശിച്ച് 1072 മുതൽ 1106 വരെ 34 സംവത്സരം ‘ശബ്ദതാരാവലി’ക്കു ചെലവാക്കിയതിന്റെ ശേഷവും അതിനെപ്പറ്റി എന്റെ ഹൃദയത്തിനുതന്നെ സംതൃപ്തി വന്നിട്ടില്ലെന്നുള്ളതും ‘പെട്ടെന്ന് ഒരു നിഘണ്ടു പുറപ്പെടുവിച്ചുകളയാം’ എന്നു വിചാരിക്കുന്നവർ ഓർമിക്കേണ്ടതാകുന്നു. നിഘണ്ടു പതിപ്പുതോറും പരിഷ്കരിക്കണമെന്നുള്ളതും അതിന്റെ പ്രസാധകന്റെയും പിൻഗാമികളുടെയും ചുമതലയാണ്’’.

ഈ ചുമതല ഏറ്റെടുത്തത് പത്മനാഭപിള്ളയുടെ ഇളയ മകൻ പി. ദാമോദരൻ നായരാണ്. ഒരു വ്യാഴവട്ടക്കാലം കേരളഗവൺമെന്റിന്റെ പരിഭാഷാവിഭാഗം തലവനായി പ്രവർത്തിച്ച ദാമോദരൻ നായർ ‘ശബ്ദതാരാവലി’യുടെ നാലാംപതിപ്പ് 1952-ൽ പ്രസിദ്ധപ്പെടുത്തി. അതിൽ മുൻപതിപ്പിനെ അപേക്ഷിച്ച് കൂടുതൽ വാക്കുകൾ ചേർത്തതിനൊപ്പം വമ്പിച്ച പരിഷ്കാരങ്ങൾ വരുത്തിയിരുന്നു. പന്ത്രണ്ടുവർഷത്തിനുശേഷം അഞ്ചാംപതിപ്പും 1967-ൽ ആറാംപതിപ്പും പ്രസിദ്ധീകരിച്ചു.  തുടർന്ന് ദാമോദരൻ നായർ ഓരോ പതിപ്പും പരിഷ്കരിച്ചുകൊണ്ടിരുന്നു. സാഹിത്യ പ്രവർത്തക സഹകരണസംഘം ലിമിറ്റഡ് ആയിരുന്നു പ്രസാധകർ. ഓരോ പതിപ്പിനും ആവേശോജ്ജ്വലമായ സ്വീകരണമാണ് ഭാഷാസ്നേഹികളിൽനിന്ന് ലഭിച്ചിരുന്നത്. 1987-ൽ പന്ത്രണ്ടാം പതിപ്പ്‌ പ്രസിദ്ധീകരിച്ചശേഷം അടുത്തവർഷമാണ് ദാമോദരൻ നായർ അന്തരിക്കുന്നത്.

ശബ്ദതാരാവലിയുടെ രചനാവേളയിൽ ദാമോദരൻ നായർക്ക് സഹായിയായി പ്രവർത്തിച്ച പത്നി ശാരദാനായർ ഇപ്പോൾ  മുംബൈയ്ക്കടുത്തുള്ള ഡോംബിവ്‌ലിയിൽ മകൻ ഡി.ആർ. നായർക്കൊപ്പം കഴിയുന്നു. ശബ്ദതാരാവലിയുടെ രചനയിൽ നേരിട്ട്‌ പങ്കുവഹിച്ച അവസാന കണ്ണിയാണ് ശാരദാനായർ.

 വിദ്യാർഥികൾക്കുവേണ്ടി ശബ്ദതാരാവലി ക്രോഡീകരിച്ച് മൂന്നിലൊന്നുവലുപ്പത്തിൽ ‘ലഘുശബ്ദതാരാവലി’ ദാമോദരൻ നായർ എൻ.ബി.എസ്. വഴി പ്രസിദ്ധീകരിച്ചിരുന്നു. 1986-ലായിരുന്നു അത്. അതിന്റെ രണ്ടാം പതിപ്പിനുള്ള ശ്രമത്തിനിടയിലായിരുന്നു അന്ത്യം. തുടർന്ന് 1999-ൽ ‘സംഗൃഹീത ശബ്ദതാരാവലി’ എന്ന പേരിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് അത് പ്രസിദ്ധീകരിച്ചത്. ഇതിന്റെ പ്രകാശനച്ചടങ്ങിൽ ശാരദാനായരെ ആദരിക്കുകയുണ്ടായി.

2013 നവംബറിൽ കേരളസാഹിത്യഅക്കാദമി  ശാരദാനായരെ ആദരിച്ചിരുന്നു.   പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ, സെക്രട്ടറി ആർ. ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ്  അക്ബർ കക്കട്ടിൽ എന്നിവരാണ് ഡോംബിവ്‌ലിയിലെ വസതിയിലെത്തി അക്കാദമിയുടെ ആദരവ് അർപ്പിച്ചത്.

ശബ്ദതാരാവലിയുടെ ജന്മശതാബ്ദിവേളയിൽ, ഒട്ടും ലാഭേച്ഛയില്ലാതെ ഭാഷയ്ക്കുവേണ്ടി അഹോരാത്രം യത്നിച്ച ഈ മഹദ്‌വ്യക്തികളെ നമുക്കും നന്ദിയോടെ സ്മരിക്കാം.

(പുണെയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രവാസിശബ്ദം മാസികയുടെ പത്രാധിപസമിതി അംഗമാണ് ലേഖകൻ)


ശാരദാനായരുടെ ശബ്ദതാരാവലീ ബന്ധം

വിവാഹിതയായി ഭർതൃഗൃഹത്തിലെത്തിയ സമയത്ത് ശ്രീകണ്ഠേശ്വരത്തിന്റെ നിഘണ്ടുനിർമാണ പ്രവർത്തനങ്ങൾ അടുത്തുനിന്ന്‌ വീക്ഷിക്കാനും എളിയ സഹായങ്ങൾ ചെയ്തുകൊടുക്കാനും ശാരദാനായർക്ക്‌ കഴിഞ്ഞു. നാലാംപതിപ്പ് ദാമോദരൻ നായർ പരിഷ്കരിച്ച്‌ പ്രസിദ്ധീകരിക്കുന്ന ഘട്ടത്തിലാണ് അതിൽ നേരിട്ടു പങ്കാളിയാകുന്നത്. ഉയർന്ന മാർക്കോടെ പത്താംക്ലാസ് വിജയിച്ചിരുന്ന അവർ നല്ല വായനശീലത്തിനുടമയുമായിരുന്നു. പുരാണാദികൃതികളിലായിരുന്നു കൂടുതൽ താത്പര്യം. വിചാരിച്ചതുപോലെ തുടർവിദ്യാഭ്യാസം നടന്നില്ലെങ്കിലും ഭർത്താവിന്റെ പ്രേരണയാൽ ഇംഗ്ലീഷിൽ അവഗാഹം നേടുകയും ആംഗലേയ കൃതികൾ ധാരാളം വായിക്കുകയും ചെയ്തു.

നിഘണ്ടുനിർമാണത്തിനായി പുതിയ വാക്കുകൾ കണ്ടെത്തിക്കൊടുക്കുക എന്നതായിരുന്നു ശാരദാനായരുടെ പ്രധാന കർത്തവ്യം. തന്റെ പരന്ന വായനയിൽ ദിനംപ്രതി നിരവധി  വാക്കുകൾ കണ്ടെത്തുകയും അത് കുറിച്ചുവയ്ക്കുകയും ചെയ്തു.  പ്രസിൽ അച്ചടിക്കുനൽകാനായി  വാക്കുകളും അർഥങ്ങളും ക്രമമായി നല്ല കൈയക്ഷരത്തിൽ എഴുതിയിരുന്നതും ശാരദാനായരാണ്. ചീട്ടുകണക്കെ കടലാസ് വെട്ടി അതിൽ ഓരോ പദങ്ങൾ എഴുതി ഒറ്റനോട്ടത്തിൽ കാണത്തക്കവിധം മേശമേൽ നിരത്തിവയ്ക്കുകയായിരുന്നു രീതി.  മായ്ക്കാനുള്ള എളുപ്പത്തിന് പെൻസിൽകൊണ്ടായിരുന്നു എഴുത്ത്. ഇംഗ്ലീഷ് ഡിക്ഷണറിയിലെ പോലെ മലയാളം നിഘണ്ടുവിൽ വാക്കുകൾ കണ്ടുപിടിക്കുക എളുപ്പമല്ല. അതിനാൽത്തന്നെ ‘ശബ്ദതാരാവലി’യുടെ ഓരോ പതിപ്പ്‌ പുറത്തിറങ്ങുമ്പോഴും ചില വാക്കുകൾ കാണാനില്ലെന്നുപറഞ്ഞ് പരാതിക്കത്തുവരും. ആ വാക്ക് വരുന്ന പേജ് സൂചിപ്പിച്ച് മറുപടി അയച്ചിരുന്നത് ശാരദാനായരാണ്.

കേരള ഗവൺമെന്റിന്റെ ഹെഡ് ട്രാൻസ്‌ലേറ്ററായി സെക്രട്ടേറിയറ്റിൽ ജോലി ചെയ്തിരുന്ന ദാമോദരൻ നായർ അവധിയെടുക്കാതെയാണ് നിഘണ്ടുനിർമാണത്തിന് സമയം കണ്ടെത്തിയിരുന്നത്. അതിനാൽത്തന്നെ ഇക്കാര്യത്തിൽ ശാരദാനായരുടെ സഹകരണവും സഹായവും അത്യുത്തമമായി ഭവിച്ചു. പരിശോധനയ്ക്കായി അച്ചടിച്ച പതിനാറുപേജുവീതം വീട്ടിലേക്ക് കൊടുത്തയയ്ക്കുകയായിരുന്നു പ്രസ്സുകാർ ചെയ്തിരുന്നത്. അപ്പോൾ പ്രൂഫ് നോക്കുന്നതിലും   അച്ചടിസമയത്ത് പേജ് കുറയ്ക്കേണ്ടിവരുമ്പോൾ അപ്രധാനമായ വാക്കുകൾ നീക്കം ചെയ്യുന്നതിലും അവർ സഹായം നൽകി.
ശാരദാനായർ ഇപ്പോഴും പുരാണസംബന്ധമായ രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവരുന്നു. ശബ്ദതാരാവലിയുടെ നൂറാം വാർഷിക വേളയിൽ, നിഘണ്ടുനിർമാണവുമായി ബന്ധപ്പെട്ട ഓർമകൾ പങ്കുവയ്ക്കുമ്പോൾ അവരുടെ വാക്കുകളിൽ ആഹ്ലാദം തുളുമ്പിനിന്നു. തൊണ്ണൂറുവയസ്സുള്ള ശാരദാനായർക്ക് വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും ജീവിതം കർമനിരതമാണ്.  എഴുത്തും വായനയും ഇപ്പോഴും കൈവിട്ടിട്ടില്ല.

‘‘ഞങ്ങളുടെ കുടുംബത്തിൽനിന്നാണ്  നിരവധിവർഷങ്ങളുടെ കഠിനാദ്ധ്വാനത്തിലൂടെ ശബ്ദതാരാവലി ഉണ്ടായത്. അതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്.  ഒരപേക്ഷയുള്ളത് ശബ്ദതാരാവലിയെ  വിലക്ഷണമാക്കരുതെന്നുമാത്രമാണ്’’ -  ദാമോദരൻ നായരുടെയും ശാരദ നായരുടെയും മകനായ ഡി.ആർ. നായർ പറഞ്ഞു.