ചാക്കുംതുണിയും വലിച്ചുകെട്ടിയ കൂരകൾക്കിടയിലെ ഇത്തിരിസ്ഥലത്ത് ഓടിക്കളിക്കണമെന്നുണ്ട് മെഹബൂബയ്ക്ക്. പക്ഷേ, ഉത്തരവാദിത്വമുള്ള ഒരു ഡ്യൂട്ടിയിലാണ് ഈ നാലുവയസ്സുകാരി. തന്റെ കുടിലിനു പുറത്ത് ഉണക്കാനിട്ട ചപ്പാത്തികൾക്ക് കാവലിരിക്കണം. തൊട്ടടുത്ത ഫ്ലാറ്റുകൾ പുറന്തള്ളിയ മാലിന്യങ്ങൾ ചികഞ്ഞ് ‘കേടില്ലാത്ത’ ചപ്പാത്തികൾ കണ്ടെടുക്കാൻ ഉമ്മ ബുദ്ധിമുട്ടുന്നത് കണ്ടതാണ്. അത് പട്ടികടിച്ചുകൊണ്ടുപോയാൽ തന്റെ അന്നം മുട്ടുമെന്ന് നന്നായറിയുന്നതുകൊണ്ടാണ് കുഞ്ഞനുജനെ നോക്കുന്നതിനെക്കാൾ ശ്രദ്ധയോടെ മെഹബൂബ ഈ ‘മാലിന്യ’ത്തിന് കാവലിരിക്കുന്നത്!

ഉണക്കിയെടുത്ത ചപ്പാത്തികൾ കാലിത്തീറ്റയായി വിൽക്കാം. മാലിന്യത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കുപ്പിക്കും പ്ലാസ്റ്റിക്കിനുമെല്ലാം ഇതുപോലെ മാർക്കറ്റുണ്ട്. നഗരമാലിന്യങ്ങളിൽ കൈയിട്ടുവാരി ലാഭംകൊയ്യുന്ന മാഫിയകളുടെ ചൂഷണം പോലും ജീവനോപാധിയാക്കേണ്ട ഗതികേടിലാണ് മെഹബൂബയുടേതുപോലെ ഒട്ടനവധി റോഹിംഗ്യൻ അഭയാർഥി കുടുംബങ്ങൾ. ജന്മദേശമായ മ്യാൻമാറിൽ നിന്ന് പലായനം ചെയ്യേണ്ടിവന്ന റോഹിംഗ്യകളുടെ നാൽപ്പതോളം കുടുംബങ്ങളാണ് ഫരീദാബാദിനടുത്ത് കഴിയുന്നത്. ഡൽഹിക്ക് സമീപത്തെ ആറ് അഭയാർഥിക്യാമ്പുകളിൽ ഏറ്റവും ശോചനീയമാണ് ഫരീദാബാദിലേത്. മ്യാൻമാറിലെ സ്വന്തംമണ്ണിൽ നഷ്ടമായ ജീവിതം ഇന്ത്യയിലെ മാലിന്യങ്ങളിൽ തിരയുകയാണിവർ.

മ്യാൻമാറിലെ ഭാഷ മാത്രമറിയുന്ന ഈ അഭയാർഥികളുടെ ലോകം ഇത്തരം ക്യാമ്പുകൾക്കുള്ളിൽ ചുരുങ്ങുകയാണ്. മാലിന്യമാഫിയ കൊണ്ടുതള്ളുന്ന പാഴ്വസ്തുക്കൾ തരംതിരിച്ചുകൊടുക്കുമ്പോൾ ലഭിക്കുന്ന തുച്ഛമായ പൈസയാണ് ഇവരുടെ പ്രതീക്ഷ. ആരെങ്കിലും മരിച്ചാൽ അവിടെത്തന്നെ മറവുചെയ്യേണ്ട ദുര്യോഗം. ഡൽഹിയിലെ ക്യാമ്പുകളിൽ പാമ്പുകടിയേറ്റ് കുഞ്ഞുങ്ങൾ വരെ മരിച്ച സംഭവമുണ്ട്.

ഏതാണ്ട് 40,000 റോഹിംഗ്യൻ അഭയാർഥികളാണ് ഇന്ത്യയിലെ 147 ക്യാമ്പുകളിലായി കഴിയുന്നത്. ഇതിൽ പകുതിപ്പേർക്ക് മാത്രമേ ഐക്യരാഷ്ട്രസഭ നൽകുന്ന അഭയാർഥികളുടെ തിരിച്ചറിയൽ കാർഡുള്ളൂ. അഭയാർഥികൾക്ക് സംരക്ഷണം നൽകുന്നതിൽ മിക്ക രാജ്യങ്ങൾക്കും പരിമിതികളുണ്ട്. അങ്ങനെവരുമ്പോൾ ഇവർക്ക് ഭക്ഷണം നൽകേണ്ടതുപോലും ആരാണെന്ന് തീർച്ചയില്ലാത്ത അവസ്ഥ. വിവിധ സന്നദ്ധസംഘടനകളും മറ്റുമാണ് പല തരത്തിൽ സഹായമെത്തിക്കുന്നത്.
ഇവർക്ക് ലഭിക്കുന്ന സഹായങ്ങൾപോലും ചിലപ്പോഴെല്ലാം ചിന്തിപ്പിക്കുന്ന തമാശകളാകും. ഒരിക്കൽ യു.എൻ. പദ്ധതിയായ ‘സേവ് ദ ചിൽഡ്രന്റെ’ ഭാഗമായി ക്യാമ്പിൽ പരിപാടി നടത്തി. ഭക്ഷണം കഴിക്കുംമുമ്പ് സോപ്പ് ഉപയോഗിച്ച് എങ്ങനെ കൈ കഴുകണമെന്ന് പഠിപ്പിക്കലായിരുന്നു അതിൽ. ഭക്ഷണം കഴിക്കാനില്ലാത്തവരെയാണ് അവർ കൈ കഴുകാൻ പഠിപ്പിച്ചത്!

ഇതുപോലെത്തന്നെ സ്ത്രീകളെ നാപ്കിൻ ഉപയോഗിക്കാൻ പഠിപ്പിക്കുന്ന പരിപാടിയുമുണ്ട്. ശൗചാലയങ്ങൾ പോലുമില്ലാത്ത ക്യാമ്പുകളിലെ സ്ത്രീകളോട് നാപ്കിന്റെ ഗുണങ്ങൾ വിശദീകരിക്കുന്നത് വിചിത്രമാണെന്ന് അഭയാർഥികൾക്കിടയിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന ഉബൈസ് സൈനുലാബ്ദീൻ ചൂണ്ടിക്കാട്ടുന്നു.

ബർമ-ബംഗ്ലാദേശ് അതിർത്തിയിലെ റോചിൻ സംസ്ഥാനത്ത് താമസിച്ചിരുന്നവരായതുകൊണ്ടാണ് ഇവരെ റോഹിംഗ്യക്കാർ എന്നുവിളിക്കുന്നത്. 1996 മുതൽ മ്യാൻമാറിൽ നടന്നുവരുന്ന കലാപങ്ങളാണ് സ്വന്തംമണ്ണിലെ ഇവരുടെ ജീവിതം തകർത്തത്. 2012-ൽ അവിടെ നടന്ന വംശഹത്യയ്ക്കുശേഷമാണ് ഇവർ കൂട്ടത്തോടെ പലായനം ചെയ്തുതുടങ്ങിയത്. ഡൽഹിയിൽ കാളിന്ദീകുഞ്ജ്‌, ശരൺവിഹാർ, ഷഹീൻബാഗ്, വസന്ത് വിഹാർ എന്നിവിടങ്ങളിലും മ്യാൻമാർ അഭയാർഥിക്യാമ്പുകളുണ്ട്.
മാലിന്യങ്ങൾക്കിടയിലെങ്കിലും ഇവിടെ സമാധാനമുണ്ടെന്ന് ഫരീദാബാദിലെ ക്യാമ്പിലുള്ള മുഹമ്മദ് ഇസ്മായീൽ പറഞ്ഞു. സ്വന്തംനാട്ടിൽ നിന്ന് ജീവനുപോലും ഭീഷണി നേരിട്ടു. ബന്ധുക്കളായ സ്ത്രീകൾപോലും കൂട്ടബലാത്സംഗത്തിനിരയായി. ഇനിയും പിടിച്ചുനിൽക്കാനാവില്ലെന്നു കണ്ടപ്പോഴാണ് നാടുവിട്ടത്. ഇവിടെ ആരും തങ്ങളോട് മോശമായി പെരുമാറുന്നില്ലെന്നും ഇസ്മായീൽ പറഞ്ഞു.

കൂട്ടത്തിൽ കുറച്ച് ഹിന്ദിപഠിച്ചത് ഇസ്മായീൽ മാത്രം. സഹവാസികൾക്കുവേണ്ടി തിരിച്ചറിയൽ കാർഡിനും മറ്റും വസന്ത് വിഹാറിലുള്ള അഭയാർഥികളുടെ യു.എൻ. ഹൈക്കമ്മിഷനിലേക്ക് പോയിവരുന്നതും ഇസ്മായീലാണ്. തിരിച്ചറിയൽ കാർഡ് ഇല്ലാതെ പിടിക്കപ്പെട്ടാൽ ഇവർ നേരേ ജയിലിലേക്ക് പോകും. അങ്ങനെ ജയിലിലായവരുമുണ്ട്.
ഇതിനിടെ ഫരീദാബാദിലെ ക്യാമ്പിൽ കഴിഞ്ഞദിവസം തീപ്പിടിത്തമുണ്ടായത് ക്യാമ്പിലെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി. തുണിയും പ്ലാസ്റ്റിക് ഷീറ്റുകളും ചാക്കുമെല്ലാം വലിച്ചുകെട്ടിയുണ്ടാക്കിയ കൂരകൾ പലതും കത്തിനശിച്ചതോടെ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം വീണ്ടും പെരുവഴിയിലായി. തലചായ്ക്കാനുള്ള കൂരകൾ തട്ടിക്കൂട്ടാനുള്ള തത്രപ്പാടിലാണ് ക്യാമ്പിലെ കുടുംബങ്ങളിപ്പോൾ.

ആകെ 32 ലക്ഷം റോഹിംഗ്യകളുണ്ടെന്നാണ് പറയുന്നത്. എന്നാൽ, പൗരത്വമില്ലാത്ത ഇവരെ റോഹിംഗ്യകളെന്ന് അംഗീകരിക്കാനാവില്ലെന്ന് മ്യാൻമാർ പറയുന്നു. ഇതിൽ അഞ്ചുലക്ഷം പേർ ബംഗ്ലാദേശിലെ ക്യാമ്പുകളിലാണ് കഴിയുന്നത്. ഇന്ത്യയിലേക്ക് ഒരു ലക്ഷത്തോളം പേർ വന്നെങ്കിലും പിന്നീട് 60,000 പേർ തിരിച്ചുപോയി. ഇതിൽ പലരും ബംഗ്ലാദേശിൽ കുടുങ്ങിയിട്ടുമുണ്ട്.