# കാട്ടൂർ മുരളി

മുംബൈക്കകത്ത്   മാത്രമല്ല, മഹാരാഷ്ട്രയിൽ പലയിടത്തും, കേരളം, ചെന്നൈ, ഡൽഹി,  ഗുജറാത്ത്, ലഖ്‌നൗ, ഭോപ്പാൽ എന്നിവിടങ്ങളിലുമുള്ള മലയാളികൾക്കിടയിൽ ഏറെ സുപരിചിതമാണ്  കല്യാണിലെ വിളപ്പിൽ വിഷൻ നാടകശാല.  

ഒരു പ്രൊഫഷണൽ  നാടക ട്രൂപ്പിനെ അതിശയിപ്പിക്കും  വിധം എല്ലാ സാങ്കേതിക സജ്ജീകരണങ്ങളുമുള്ള വിളപ്പിൽ വിഷൻ നാടകശാലയുടെ വ്യത്യസ്ത നാടകങ്ങളിലൊന്നാണ്   ‘കഥാപാത്രങ്ങളും പങ്കെടുത്തവരും’. വിളപ്പിൽ മധു രചനയും സംവിധാനവും നിർവഹിച്ച് 2013  ലെ  പ്രഥമ പ്രവാസി അഖിലേന്ത്യാ അമേച്വർ നാടകമത്സരത്തിൽ മികച്ച രചനക്കും മികച്ച രണ്ടാമത്തെ നാടകത്തിനുമുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരങ്ങൾ നേടുകയും അക്കാദമി തന്നെ  പുസ്തകമായി  പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട് ഈ നാടകം.   

അഭിനയം തൊഴിലാക്കിയ ഒരുപറ്റം നാടക കലാകാരന്മാരുടേയും കലാകാരികളുടേയും പച്ചയായ മുഖങ്ങളും ചായംതേച്ച മുഖങ്ങളും രണ്ടുതട്ടുകളിലായി വരച്ചു കാട്ടുന്ന ഈ നാടകത്തിൽ ലക്ഷ്മി എന്നൊരു കഥാപാത്രമുണ്ട്. കൊലചെയ്യപ്പെട്ട ഭർത്താവിന്റെ ശരീരം തുണ്ടുകളായി മോർച്ചറിയിൽ  കിടക്കുമ്പോഴും ഉത്സവപ്പറമ്പിലെ സ്റ്റേജിൽ നാടകം  കളിക്കേണ്ടി വരുന്ന നാടകനടിയായ ലക്ഷ്മി. ആ കഥാപാത്രത്തിന് ജീവൻ നൽകിയത് വിളപ്പിൽ മധുവിന്റെ ഭാര്യയും മുംബൈ മലയാള നാടകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നടിയുമായ ഉഷയാണ്.

തന്റെ കുടുംബത്തേയും വിളപ്പിൽ വിഷൻ നാടകശാലയേയും അനാഥമാക്കിക്കൊണ്ട്  ഒരു വർഷം മുമ്പ് വിളപ്പിൽ മധുവിന്റെ അകാല വേർപാട് തീർത്ത  ആഘാതത്തിൽ നിന്ന്  മോചനം നേടാൻ   ഉഷക്കും മക്കൾക്കും ഇനിയും കഴിഞ്ഞിട്ടില്ല. അതിനിടയിൽ വിളപ്പിൽ വിഷൻ നാടകശാലയുടെ സാരഥ്യം    ഏറ്റെടുക്കേണ്ടി വന്ന ഉഷയുടെ    അവസ്ഥ  യാദൃശ്ചികമായിട്ടാണെങ്കിൽ പോലും    കഥാപാത്രങ്ങളും  പങ്കെടുത്തവരും  എന്ന  നാടകത്തിൽ  ഉഷ  തന്നെ  അവതരിപ്പിച്ച  ലക്ഷ്മി  എന്ന  കഥാപാത്രത്തിന്റെ അവസ്ഥയിൽ നിന്ന്  വ്യത്യസ്തമാകുന്നില്ല.  

മുംബൈ  മലയാള   നാടകരംഗത്ത് മധു കൊളുത്തിയ പ്രതിബദ്ധതയുടേയും  ഇച്ഛാശക്തിയുടേയും വെളിച്ചം അണയാതെ കാത്ത് സൂക്ഷിക്കുകയെന്ന   ലക്ഷ്യവുമായി വിളപ്പിൽ വിഷൻ നാടകശാലയുടെ സാരഥ്യം ഏറ്റെടുത്ത ഉഷക്ക് ഒന്നേ പറയാനുള്ളൂ. അതായത്, ആരേയും വെല്ലു വിളിച്ചുകൊണ്ടല്ല    മറിച്ച് മധുവിനേയും മധുവിന്റെ നാടകങ്ങളേയും സ്നേഹിച്ചവരുടെ   പ്രേരണയും പ്രചോദനവുമാണ്  തനിക്കതിന് ധൈര്യം പകർന്നതെന്ന്.   ഒരു സ്ത്രീയെന്ന നിലയിലുള്ള പരിമിതികളും ബുദ്ധിമുട്ടുകളും   ധാരാളമുണ്ട്.   എങ്കിലും  കഴിയുന്നിടത്തോളം കാലം വിളപ്പിൽ വിഷൻ നാടകശാല മുന്നോട്ട് കൊണ്ടുപോവുക തന്നെ ചെയ്യുമെന്നാണ് ഉഷയുടെ   നിശ്ചയദാർഢ്യത്തിന്റെ ധ്വനി വ്യക്തമാക്കുന്നത്.  

ഉഷയുടെ നേതൃത്വത്തിൽ വിളപ്പിൽ  വിഷൻ  നാടകശാലയുടെ  പാഠം ഒന്ന് പ്രവാസി, കഥാപാത്രങ്ങളും പങ്കെടുത്തവരും, വാഴക്കുല എന്നീ മൂന്ന് നാടകങ്ങൾ ഈയിടെ അലിബാഗിലും താനെയിലും ഐരോളിയിലുമായി   പുനരവതരിപ്പിക്കുകയുണ്ടായി. മൂന്നിടങ്ങളിലും ആ നാടകങ്ങൾക്ക് നല്ല സ്വീകരണമായിരുന്നു.   ഇതോടെ  മറുനാട്ടിൽ ഒരു മലയാള നാടക സംഘത്തിന്റെ ആദ്യത്തെ വനിതാ സാരഥി എന്ന പെരുമ  ഉഷാ മധുവിന് മാത്രം അവകാശപ്പെട്ടതായി.     ഇനി വിളപ്പിൽ വിഷന്റെ  ഭാരതവംശം എന്ന നാടകം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉഷാ മധു.  
നാട്ടിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സുന്ദരൻ കല്ലായിയുടെ മേഘസ്തംഭം എന്ന നാടകത്തിലൂടെ അഭിനയത്തിൽ തുടക്കം കുറിച്ച്    പിന്നീട്  കോട്ടയം വിശ്വഭാരതി അടക്കമുള്ള പല പ്രൊഫഷണൽ  ട്രൂപ്പുകളിലും  പ്രവർത്തിച്ച ഉഷ   വിവാഹാനന്തരം  ഭർത്താവായ മധുവിനോടൊപ്പം തൊണ്ണൂറുകളിൽ മുംബൈയിലെത്തി  ഇവിടത്തെ വിവിധ മലയാളി സമാജങ്ങൾക്കു വേണ്ടി  പലരുടേയും സംവിധാനത്തിൽ നിരവധി നാടകങ്ങളിൽ അഭിനയിച്ചു. പിന്നീട് മധു തന്നെ രചനയും സംവിധാനവും നിർവഹിച്ച എല്ലാ നാടകങ്ങളിലേയും    സ്ഥിരം നടിയായി. അതിനിടയിൽ മധു രൂപീകരിച്ച വിളപ്പിൽ വിഷൻ നാടകശാലയിലൂടെ നാടകത്തിന്റെ   എല്ലാ സാങ്കേതിക  വശങ്ങളിലും അണിയറ പ്രവർത്തനങ്ങളിലും  ഏറെക്കുറെ തഴക്കവും വഴക്കവും നേടി.   ആ തഴക്കവും വഴക്കവും  വിളപ്പിൽ വിഷൻ നാടകശാലയുടെ സാരഥ്യം ഏറ്റെടുത്ത  ഉഷാ മധുവിന്  തന്റെ   ദൗത്യം   വിജയകരമായി   മുന്നോട്ടു കൊണ്ട് പോകാൻ സഹായകമാകുമെന്നതിൽ   സംശയമില്ല.   

നാടകം ഒരു കൂട്ടായ്മയുടെ കലയാണ്. വിളപ്പിൽ വിഷന്റെ  ഇതുവരെയുള്ള വിജയത്തിന് പിന്നിൽ   അതുമായി സഹകരിച്ച ആർട്ടിസ്റ്റുകളുടെ കൂട്ടായ്മയും കഴിവും സഹകരണവും  ഒരു പ്രധാന ഘടകമായിരുന്നു.   ആ കൂട്ടായ്മയും സഹകരണവുമാണ് തുടർന്നും വേണ്ടതെന്ന് പ്രത്യാശിക്കുന്ന  ഉഷ  തൽക്കാലം വിളപ്പിൽ വിഷന്റെ വിവിധ നാടകങ്ങൾ തന്നെ  പുനരവതരിപ്പിക്കാനാണുദ്ദേശിക്കുന്നത്. അതിനു ശേഷം  പുതിയൊരു നാടകം ചെയ്യാനുള്ള പദ്ധതിയുണ്ട്. കുറച്ച്  ആർട്ടിസ്റ്റുകൾ മാത്രമുള്ള    ആ നാടകം താൻ തന്നെയായിരിക്കും സംവിധാനം ചെയ്യുകയെന്നും അതിന്റെ സ്ക്രിപ്റ്റ് പുറമെനിന്നുള്ളതായിരിക്കുമെന്നും  ഉഷാ മധു സൂചിപ്പിച്ചു.    കൂടാതെ, മധു എഴുതി പൂർത്തിയാക്കി വെച്ചുപോയ മറ്റൊരു പുതിയ നാടകമുണ്ട്.   സാഹചര്യം ഒത്തു വന്നാൽ അതും ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഉഷ. അതേസമയം പുതിയ  നാടകം എഴുതാനുള്ള തയ്യാറെടുപ്പിലൊന്നുമല്ല താനെന്നും   അവർ വ്യക്തമാക്കി.

ജീവിതത്തിന്റെ  ഒരു പകർന്നാട്ടമാണ് അഭിനയം. ജീവിതത്തിൽ ഒരാൾക്ക് സ്വന്തം ഭൂമിക മാത്രം   കൈകാര്യം ചെയ്‌താൽ മതി.  അതിനൊരു സംവിധായകന്റേയോ അരങ്ങിന്റെയോ ആവശ്യമില്ല. ജീവിതം തന്നെയാണാ അരങ്ങ്. വിധി സംവിധായകനും.    എന്നാൽ നാടകത്തിൽ അല്ലെങ്കിൽ അഭിനയത്തിൽ അങ്ങനെയല്ല.  നാടകസംവിധായകന്റെ  ഉപകരണങ്ങളിലൊന്നായ  നടന് അല്ലെങ്കിൽ നടിക്ക്  രൂപത്തതിലും  ഭാവത്തിലും  മാത്രമല്ല,  വികാര വിചാരങ്ങൾ കൊണ്ട് പോലും  തന്റേതല്ലാത്ത, താനറിയുന്നതും അല്ലാത്തതുമായ, വ്യത്യസ്തങ്ങളായ, പലവിധ   ഭൂമികകൾ  കൈകാര്യം  ചെയ്യേണ്ടി വരുന്നതിനാലാണ് അഭിനയം ജീവിതത്തിന്റെ  പകർന്നാട്ടമായിത്തീരുന്നത്.   നിമിഷ നേരത്തേക്കാണെങ്കിൽ പോലും ജീവിതത്തേക്കാൾ സംഘർഷഭരിതമാണ്  ആ പകർന്നാട്ടം.          ജീവിതത്തേയും അഭിനയത്തേയും കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടായി       ഉഷാ മധുവിന് പറയാനുള്ളത് ഇതാണ്.


അനുഭവങ്ങളുടെ കഥ

# സി.പി. കൃഷ്ണകുമാർ
ഓർമകളില്ലാത്ത അവസ്ഥ രോഗമാണ്‌. എഴുത്തുകാരന്റെ മനസ്സിൽ തിക്കിത്തിരക്കി വരുന്ന ഓർമകളാണ്‌ ‘ബോംബെ സ്മരണകൾ’ എന്ന പുസ്തകത്തിന്റെ താളുകളിൽ നമുക്ക്‌ ബാലകൃഷ്ണൻ സമ്മാനിക്കുന്നത്‌. 12 നോവലുകളും അഞ്ചു നോവലെറ്റുകളും ആറ്‌‌ ചെറുകഥാസമാഹാരങ്ങളും മലയാളത്തിന്‌ നൽകിയ ബാലകൃഷ്ണന്റെ ഓർമപ്പുസ്തകം.
കവിതയുടെ സൗന്ദ്യമുള്ള കഥപോലെ ആസ്വാദ്യമായ ആഖ്യാനം. അനുഭവങ്ങളുടെ കുത്തൊഴുക്കിൽ സ്വയം അലിയുന്നു അനുവാചകൻ, ‘ഇതൊക്കെ സംഭവിച്ചതാണോ? ഇവരൊക്കെ ജീവിച്ചിരുന്നവർ തന്നെയോ?’ എന്നു ചോദിച്ചുപോവുന്ന ഒട്ടേറെ ജീവിതസന്ധികൾ അനാവൃതമാകുന്നു.

‘ബോംെബ സ്മരണകൾ’ എന്നു പേരിട്ടിരിക്കുന്നു എങ്കിലും പുസ്തകത്തിന്റെ ആദ്യത്തെ ഏതാനും അധ്യായങ്ങളും അവസാനത്തെ ഒരു അധ്യായവുമാണ്‌ ബോംെബ ജീവിതം. പ്രവാസ ജീവിതത്തിലെ അനുഭവ തീഷ്ണയിലേക്ക്‌ നമ്മെ എത്തിക്കുന്ന ലാത്തൂരിലെയും ജാംനഗറിലെയും ഫാക്ടറി ജീവിതം വായിക്കുമ്പോൾ ഇതൊരു നോവലല്ലേ എന്നു ആരും ചോദിച്ചുപോകും.

നഗരപ്രവേശം എന്ന ഒന്നാം അധ്യായത്തിൽ 1960-ൽ തൃശ്ശൂരിൽനിന്ന്‌ അപ്പുക്കുട്ടൻ എന്ന സുഹൃത്തിന്റെ സഹായത്തോടെ അദ്ദേഹത്തിനൊപ്പം ബോംബെക്ക്‌ ട്രെയിൻ കയറുന്ന ‘തടിയൻ’ കണ്ട ബോംബെയാണ്‌. പത്തുപൈസയ്ക്ക്‌ വീട്ടിൽ വരെ പോവാൻ ആവുന്ന അരിച്ചരിച്ച്‌ നീങ്ങുന്ന ട്രാം ഉണ്ടായിരുന്നു. മാഹൂളിലെ  മുക്കുവരുടെ ഇടയിൽ ആസ്‌ബസ്റ്റോസിന്റെ മേൽക്കൂരയുള്ള ഒറ്റ മുറിയിൽ നാലുപേരുമൊത്തുള്ള ബാച്ചിലർ ജീവിതം.  ഓയിൽ റിഫൈനറിയിൽ ജോലി സ്വപ്നംകണ്ട്‌, ടൈംസ്‌ ഓഫ്‌ ഇന്ത്യയിൽ സിറ്റുവേഷൻ വാണ്ടഡ്‌ കോളത്തിൽ പരസ്യംചെയ്ത്‌ കുർളയിലെ സ്വസ്തിക്‌ എൻജിനീയറിങ് വർക്സിൽ 175 രൂപ ശമ്പളത്തിൽ ജോലിയിൽ കയറി. ഇന്നും മുഴുവനായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ലാത്ത ഓസാ എന്ന വലിയ മനുഷ്യന്റെ ഓഫീസിൽ. അദ്ദേഹംതന്ന, ഇന്നുവരെയായി ഒരു പേജുമാത്രം വായിച്ച തടിയൻ കെമിസ്‌ട്രി പുസ്തകവുമായി മൂന്നുമാസക്കാലം. പിന്നെ ആദ്യമായി ഒസായുടെ കൂടെ വിമാനത്തിൽക്കയറി ജാം നഗറിലേക്ക്‌. ഹോട്ടൽ ഡ്രീംലാൻഡിൽ താമസം. സിദ്ധാന്തവും യന്ത്രവും തമ്മിൽ കണക്കുതെറ്റിയ, സച്ച്‌ദേവ്‌ ഇൻഡസ്‌ട്രീസ്‌ എന്ന കമ്പനിയുടെ പ്ലാന്റ്‌ പൂട്ടി. പണിയില്ലാതെ ശമ്പളം വാങ്ങുേമ്പാൾ’ജയകേരളം’ മാസികയിൽ കഥകൾ പ്രസിദ്ധീകരിച്ച്‌ എഴുത്തിന്റെ പടികൾ കയറിയ ഇരുപത്തിരണ്ടുകാരൻ.

മഗൻലാൽ ലഖാനിയുടെ ലാത്തൂരിലെ കീർത്തിമില്ലിൽ പുതിയ ജോലിയിലെത്തിയ ബാലകൃഷ്ണന്റ ഫാക്ടറിജീവിതം ഒരു മാജിക്കൽ ഫിക്‌ഷൻ പോലെയാണ്‌.
പ്രജനനശക്തിയില്ലാത്ത ലക്ഷ്‌മൺ എന്ന ഫാക്ടറി തൊഴിലാളിയും, പ്രസവിക്കണമെന്ന അദമ്യമോഹമുള്ള ഭാര്യയും. അവരോട്‌ ബന്ധപ്പെട്ട്‌, ഭാര്യയും രണ്ടുകുട്ടികളുമുള്ള ഭാനു എന്ന മറ്റൊരു തൊഴിലാളി. ഒരുദിവസം ഭാനുവിനോട് കെഞ്ചി, നിരാശനായി അവിടംവിട്ടുപോയ ലക്ഷ്മൺ. ബോംബെയിൽ ജോലി സ്വീകരിച്ചു ലാത്തൂരിനോട്‌ വിടപറയുന്ന ബാലകൃഷ്ണനെ കാണുന്ന രംഗം വായിച്ചുകഴിയുമ്പോൾ കണ്ണുനിറയാത്ത വായനക്കാരുണ്ടാവില്ല. രാച്ചപ്പഹാത്തെ എന്ന പണക്കൊതിയന്‌ എത്ര ഭാര്യമാർ ഉണ്ടെന്ന്‌ അറിയില്ല. അയാൾക്ക്‌ ഒരു ഭാര്യയെ ഉള്ളൂവെന്നും അയാൾ മദ്യപിക്കില്ലയെന്നും ജയന്ത്‌ഭായ്‌ പറയുന്നു. അയാളും ഫാക്ടറി മാനേജർ ജയന്ത്‌ഭായിയുമായുള്ള ഇണക്കവും പിണക്കവും വളരെ വിചിത്രം. കൂടുതൽ പശുക്കളുള്ളവരുടെ ഭാര്യമാർ ഭർത്താവിനെക്കൊണ്ട്‌ മൂന്നും നാലും വിവാഹങ്ങൾ  ചെയ്യാൻ നിർബന്ധിച്ചിരുന്ന കാലം. സാഹചര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന  മനുഷ്യ ബന്ധങ്ങളുടെ സങ്കീർണതയുടെ മകുടോദാഹരണങ്ങൾ പലതും ലാത്തൂർ അനുഭവങ്ങളിൽക്കാണാം.  ബി.എ.ആർ.സി.യിൽ ജോലിക്കായി ഇന്റർവ്യൂവിന്‌ പോകുന്ന ബാലകൃഷ്ണന്‌  താമസസൗകര്യംവരെ ഒരുക്കിയ  ജയന്ത്‌ഭായിയെപ്പോലുള്ള   ബിസിനസ്സുകാരുടെ കാലം കഴിഞ്ഞിരിക്കുന്നുവെന്നത്‌ സാമൂഹിക പരിണാമത്തിന്റെ മറ്റൊരു വശം.  ഫാക്ടറികളിലെ അപകടമരണവും സർക്കാർ ഏജൻസികളുടെ ഇടപെടലും ഒക്കെ കുറ്റാന്വേഷണ കഥപോലെ വായനക്കാരനെ പിടിച്ചിരുത്തും. ദാർശനികനായ മനിഭായി എന്ന മഹാരാജ്‌ (പാചകക്കാരൻ) വായനക്കാർ നേരിൽക്കാണാൻ ആഗ്രഹിച്ചുപോവുന്ന മറ്റൊരു കഥാപാത്രമാണ്‌.
വിധിവൈപരീത്യംപോലെ ഒരു പതിനൊന്നാം വിരലായി സ്വയം പരിണമിച്ച്‌, നാട്ടിലെ വീട്ടുപറമ്പിലെ വൃക്ഷത്തിൽ തൂങ്ങിക്കിടക്കുന്ന നാരായണൻ നായർ, ഓർമകളെ വേട്ടയാടുന്ന ദുരന്തസ്‌മൃതി ഇൗ കൃതിയിലുണ്ട്‌.

‘ശയനപ്രദക്ഷിണം’ എന്ന അവസാന അധ്യായം മുംബൈയുടെ 40 വർഷത്തെ മാറ്റങ്ങളെയും അധോലോകത്തെയും മുംബൈയിൽ 1992-ൽ  ഉണ്ടായ വർഗീയകലാപത്തെയും ഒക്കെ വളരെ ചുരുക്കമായി സ്പർശിക്കുന്നു. 112 പേജുകൾ ഉള്ള ഈ ഓർമപ്പുസ്തകം വായിച്ചുതീരുമ്പോൾ ഓർമകൾക്ക്‌ ഇത്ര മാസ്മരികതയോ എന്നു ചോദിക്കാതിരിക്കാൻ ആവുന്നില്ല.


കിഡ്ഡല്ലെന്ന്‌ തെളിയിക്കാൻ ക്വിഡ്

ഓട്ടോമാറ്റിക്കിന്‌ പുറമെ ക്വിഡിൽനിന്ന് ഓഫ് റോഡറും ട്രാക്ക് ഡ്രൈവറും വരുന്നു

ഇന്ത്യൻ ചെറുകാർ വിപണിയിലെ കിഡ്ഡായിരുന്നു ജർമൻ നിർമാതാക്കളായ റെനോയുടെ ക്വിഡ്. 2015 സപ്തംബറിൽ പുറത്തിറങ്ങി ചുരുങ്ങിയ കാലംകൊണ്ട് വലിയ ലാപ്പുകൾ ഓടിത്തീർത്തു ഈ കുഞ്ഞൻ. ഈ വിഭാഗത്തിൽ കിരീടം അലങ്കരിക്കുന്ന മാരുതിക്ക് വലിയ ഷോക്ക് നൽകിക്കൊണ്ട് വിൽപനയിൽ ഒരു ലക്ഷവും പിന്നിട്ട് കുതിക്കുകയാണ്. അതിനിടെ ഇയടുത്ത് ഓട്ടോമാറ്റിക് വെർഷനും വിപണിയിലെത്തി. ഒരു ലിറ്റർ എൻജിനിലെ ടോപ് എൻഡായ ആർ.എക്‌സ്.ടി. വേരിയന്റിലാണ് ഓട്ടോമാറ്റിക് അനുഭവം ആസ്വദിക്കാനാകുക. എന്നാൽ ക്വിഡ് ഇതിലും വലുത് കാത്തുവച്ചിരിക്കുന്നുവെന്നത് ആരാധകരുടെ ഹരമേറ്റുകയാണ്.

ഉറച്ച വളർച്ച ഉറപ്പാക്കിയ ക്വിഡ് ഓരോവർഷവും ഓരോ വേരിയന്റ് പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. ക്വിഡ് ക്ലൈമ്പറും റേസറുമാണ് ഇതിൽ ഉടനെത്തുക. ക്ലൈമ്പറിന്റെ പേരിൽ നിന്നുതന്നെ വ്യക്തമാണ് ആള് ഓഫ് റോഡറാണെന്ന്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഉയരം കുറഞ്ഞ ഓവർ ഹാങ്ങുകളും പ്രത്യേകം ഡിസൈൻ ചെയ്ത ടയറുകളും ഡയമണ്ട്കട്ട് വീലുകളും ക്ലൈമ്പറിനെ വേറിട്ടുനിർത്തും. ട്രാക്ക് ഡ്രൈവിങ് കാറാണ് റേസർ. വീതിയേറിയ എയർ ഇൻടേക്കുകൾ, ഡിഫ്യൂസർ, സ്പോയ്‌ലർ, 18 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയവയാണ് റേസറിന്റെ സവിശേഷതകൾ. കഴിഞ്ഞ ഓട്ടോഷോയിൽ ഈ കാറുകളുടെ കൺസപ്റ്റ് അവതരിപ്പിച്ചിരുന്നു. അടുത്തവർഷം പകുതിക്കുമുമ്പ് ക്വിഡിന്റെ യശസ്സുയർത്താൻ ഇവയെത്തുമെന്നാണ് കരുതുന്നത്. ഈ വർഷം ഒക്ടോബർ വരെ റെനോയുടെ ഇന്ത്യയിലെ ആകെ വിൽപന നേട്ടം 1,11,387 യൂണിറ്റാണ് മുൻവർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 211.7 ശതമാനമാണ് വളർച്ച.

5-സ്പീഡ് ഈസി ആർ സാങ്കേതികതയിലാണ് ക്വിഡിന്റെ ഓട്ടോമാറ്റിക് ഗിയർബോക്‌സ് പ്രവർത്തിക്കുന്നത്. 4.25 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്‌സ്‌ ഷോറൂം വില. അതായത് മാനുവലിനെക്കാൾ ഏതാണ്ട് 30,000 രൂപ കൂടുതൽ. അധിക മൈലേജും ഓട്ടോമാറ്റിക്കിൽ അവകാശപ്പെടുന്നുണ്ട്-24.04 കിലോമീറ്റർ. മാനുവലിൽ 23.01 കിലോമീറ്ററാണ് മൈലേജ്.


മുംബൈ ലോക്കല്‍

# ടി.കെ. മുരളീധരൻ

ഡോ. അംബേദ്കറുടെ പ്രിയപത്നി രമാബായിയുടെ പേരിലാണ് ഘാട്‌കോപർ ഈസ്റ്റിലെ എക്സ്പ്രസ് ഹൈവേയോട് തൊട്ടുകിടക്കുന്ന വിശാലമായ കോളനി അറിയപ്പെടുന്നത്. ദളിതരും ദരിദ്രരുമായ ദശലക്ഷക്കണക്കിന് മനുഷ്യർ ഉറുമ്പുപുറ്റുകളിലെന്നപോലെ തിങ്ങിപ്പാർക്കുന്ന ഏക്കർകണക്കിന് ചതുപ്പുനിലം. ഹൈവേയോട് ചേർന്നുള്ള പ്രവേശനകവാടത്തിൽ അംബേദ്കറുടെ കൂറ്റൻ പ്രതിമ, തൊട്ടടുത്ത് ഒരു രക്തസാക്ഷിമണ്ഡപം, വിശ്രമസ്ഥലം, പോലീസ് സ്റ്റേഷൻ.

അംബേദ്കർപ്രതിമയ്ക്ക് ഇത്ര വലിപ്പമുണ്ടായിരുന്നില്ല. 19 വർഷംമുമ്പ് നടന്ന ഒരു സംഭവത്തിനുശേഷമാണ് ഇവിടെ സ്ഥിരമായി ഒരു പോലീസ് സ്റ്റേഷനും രക്തസാക്ഷിമണ്ഡപവും കൊടിമരവുമൊക്കെ ഉണ്ടായത്. 1997 ജൂലായ്‌ 11 ഈ കോളനിനിവാസികൾക്ക്, ഒരുപക്ഷേ മുഴുവൻ മുംബൈനിവാസികൾക്കുതന്നെ എളുപ്പം മറക്കാനാവാത്ത ഒരു ദിവസമാണ്.

കോളനിക്കുമുന്നിലെ അംബേദ്കർ പ്രതിമയിൽ ആരോ ചെരിപ്പുമാല അണിയിച്ചിരിക്കുന്നു എന്ന വാർത്തയുമായാണ് മഴനനവുള്ള ആ ജൂലായ്‌പ്രഭാതം കൺതുറന്നത്. ഏതോ സമൂഹദ്രോഹികൾ പറ്റിച്ച പണി. അംബേദ്കർ അനുയായികൾ കൂട്ടംകൂടി.

തൊട്ടടുത്തുള്ള പന്ത്‌നഗർ പോലീസ്‌സ്റ്റേഷനിൽ വിവരമെത്തി. സി.ആർ.പി.എഫിന്റെ ഒരു സംഘം വാനുമായെത്തി. ക്ഷുഭിതരായ കോളനിനിവാസികളെ അനുനയിപ്പിക്കാനോ നിയന്ത്രിക്കാനോ കഴിവുള്ളവർ ആൾക്കൂട്ടത്തിലുണ്ടായിരുന്നില്ല. അതിരാവിലെയായതിനാൽ അധികമാരും സംഭവം അറിഞ്ഞതുമില്ല. ആൾക്കൂട്ടം ഹൈവേ ഉപരോധിക്കാൻ തുടങ്ങി. പൊടുന്നനെയാണ് സി.ആർ.പി.എഫ്. സബ് ഇൻസ്പെക്ടർ മനോഹർ കദം ഒരു ലാത്തിച്ചാർജിനോ കണ്ണീർവാതകപ്രയോഗത്തിനോ മുതിരാതെ എല്ലാ കീഴ്‌വഴക്കങ്ങളും കാറ്റിൽപ്പറത്തി ജനക്കൂട്ടത്തിനുനേരേ വെടിയുതിർക്കാൻ ആഹ്വാനംകൊടുത്തത്. പ്രഭാതത്തിൽ പുറത്തെ ബഹളംകേട്ട് വാതിൽതുറന്ന് എത്തിനോക്കിയവർപോലും വെടിയുണ്ടയ്ക്കിരയായി. 15 നിമിഷംകൊണ്ട് 11 മനുഷ്യജീവനുകൾ പിടഞ്ഞുവീണു. ഇരുപത്തിയഞ്ചോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. എന്താണ് നടക്കുന്നതെന്നുപോലുമറിയാത്തവരായിരുന്നു മരിച്ചുവീണവരിൽ പലരും.

ദളിതരുടെ ജീവന് ഒരു തെരുവുപട്ടിയുടെ ജീവന്റെ വിലപോലുമില്ലെന്ന് തെളിയിച്ച ഈ സംഭവം നടക്കുന്നത് സ്വാതന്ത്ര്യംകിട്ടി അരനൂറ്റാണ്ട് പിന്നിട്ട ഇന്ത്യയിലാണ്, ശിവസേനയും ബി.ജെ.പി.യും ഭരണംപങ്കിട്ടുകൊണ്ടിരുന്ന ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന മുംബൈയിലാണ്. സംഭവത്തിനുശേഷം സ്വാഭാവികമായി അന്വേഷണക്കമ്മിഷൻ വന്നു; പ്രക്ഷോഭങ്ങൾ, പ്രസ്താവനകൾ. എല്ലാം കൃത്യമായി നടന്നു. കൊല്ലപ്പെട്ടവർക്കോ  പരിക്കേറ്റവർക്കോ നീതി ലഭിച്ചില്ലെന്നുമാത്രമല്ല, ദളിത്‌വിരുദ്ധ നിലപാടുകൾക്ക് മുമ്പും ശാസിക്കപ്പെട്ടിട്ടുള്ള മനോഹർ കദം എന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം കിട്ടിയതായും വാർത്തകളുണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണ് സ്വതന്ത്ര ഇന്ത്യയുടെ സവർണ രാഷ്ട്രീയ മേൽക്കോയ്മയുടെ ചരിത്രം.

റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(ആർ.പി.ഐ.)യെപ്പോലെ ദളിതർക്കുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് യഥാർഥപ്രശ്നങ്ങളിൽ സത്യസന്ധമായി ഇടപെടാനുള്ള താത്‌പര്യമില്ല. വർത്തമാനകാലത്ത് ഗുജറാത്ത്, ഹരിയാണ, തമിഴ്‌നാട് തുടങ്ങി ഇന്ത്യയുടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അരങ്ങേറുന്ന ദളിത് ധ്വംസനങ്ങളിൽനിന്ന് മുഖംതിരിച്ച് കേന്ദ്രത്തിൽ ബി.ജെ.പി.യോടൊപ്പം ഭരണം പങ്കിടുന്ന ഒരു കക്ഷിമാത്രമാണ് ഇന്ന് ആർ.പി.ഐ.

1997-ലെ രമാബായ് കൂട്ടക്കൊലയെ ആസ്പദമാക്കി, മുംബൈ നഗരത്തിലും മഹാരാഷ്ട്രയിലെ ഉൾഗ്രാമങ്ങളിലും നിലനിൽക്കുന്ന ദളിത് സ്വത്വത്തിൻമേലുള്ള സവർണ കടന്നുകയറ്റങ്ങളെ തുറന്നുകാട്ടുന്ന മഹത്തായ ഒരു ഡോക്യുമെന്ററി സിനിമയാണ് ആനന്ദ് പട്‌വർദ്ധന്റെ 'ജയ് ഭീം കോമ്രേഡ്'. 2011ൽ ഈ സിനിമയുടെ ആദ്യപ്രദർശനം 11 ദളിത് ജീവനുകൾ വെടിയേറ്റു പൊലിഞ്ഞ രമാബായ് കോളനിയിലെ സാധാരണക്കാർക്കിടയിൽ വച്ചാണ് നടന്നത്.