സെയ്ദ് ഷിയാസ് മിർസ
shiyazmirza@outlook.com

സ്മാർട്ട് ഫോണുകളുടെ ഈ വിളയാട്ടകാലത്ത്  പ്രചാരമേറിവരുന്ന ഒരു സംഗതിയാണ് ക്വിക്ക് റെസ്‌പോൺസ് കോഡ് എന്ന ക്യുആർ (QR Code) കോഡുകൾ. ഒരുകാലത്ത് ഏറെ പ്രചാരത്തിലിരുന്ന  ബാർ കോഡുകളുടെ സ്ഥാനം ഇന്ന് ക്യുആർ കോഡുകൾ? കൈയടക്കിയിരിക്കുകയാണ്. കട്ടി കൂടിയതും കുറഞ്ഞതുമായ കുത്തനെയുള്ള ഒരുകൂട്ടം കറുത്ത വരകളുടെ ചെറിയ േഡറ്റാലോകത്തു നിന്നും സമചതുര പ്രതലത്തിൽ ചിന്നിച്ചിതറിക്കിടക്കുന്ന  കറുപ്പു കള്ളികളിലേക്ക് ക്യുആർ കോഡുകളുടെ രൂപത്തിൽ കോഡിങ്ങിന്റെ ലോകം വ്യാപിക്കുകയാണ്. 
 കുത്തനെയുള്ള സമാന്തര രേഖകളുടെ കട്ടി കൂട്ടിയും കുറച്ചും അവയ്ക്കിടയിലെ അകലം വ്യത്യാസപ്പെടുത്തിയും വിവരങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ബാർ കോഡിൽ നിന്നും പ്രത്യേക പ്രകാശരശ്മികളുടെ സഹായത്താലാണ് ഡേറ്റ വേർതിരിച്ചെടുത്തിരുന്നത്. ഇത്തരം കോഡുകൾ 1-ഡി കോഡുകൾ അഥവാ ഏകമാന കോഡുകളുടെ ഇനത്തിൽപ്പെട്ടവയാണ്. ബാർ കോഡുകളെ അപേക്ഷിച്ച്‌ കൂടുതൽ േഡറ്റ ഉൾക്കൊള്ളിക്കാൻ കഴിയുന്നവയാണ് മെട്രിക്സ് കോഡുകൾ എന്നറിയപ്പെടുന്ന 2-ഡി കോഡുകൾ അഥവാ ദ്വിമാന കോഡുകൾ. മെട്രിക്സ് കോഡുകൾക്കിടയിലെ താരമാണ് ക്യുആർ കോഡ്. 

ബാർ കോഡുകൾ 
1960-കളിൽ വികസിപ്പിക്കപ്പെട്ട ബാർ കോഡ് രീതി 1974-ലാണ് പ്രചാരത്തിലായത്. സൂപ്പർ മാർക്കറ്റുകളിൽ ഇപ്പോഴും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ബാർ കോഡുകൾ ആദ്യ കാലത്ത് ഫ്ലൂറസെന്റ് മഷിയുടെ സഹായത്താലാണ് തയ്യാറാക്കിയിരുന്നത്.
  ലീനിയർ ബാർ കോഡുകൾ അല്ലെങ്കിൽ 1-ഡി  കോഡുകൾ എന്നറിയപ്പെട്ടിരുന്ന ആദ്യകാല ബാർ കോഡുകളിലുള്ളതിനെ അപേക്ഷിച്ച്  ഒരു യൂണിറ്റ് വിസ്തീർണമുള്ള പ്രതലത്തിൽ കൂടുതൽ ഡേറ്റ ഉൾക്കൊള്ളാൻ കഴിയുന്ന മെട്രിക്സ് കോഡുകളിലെ ആദ്യ ഇനമായ ആസ്‌ടെക് കോഡ് 1995-ലാണ് വികസിപ്പിച്ചെടുത്തത്. ബാർ കോഡിൽ നിന്നും വ്യത്യസ്തമായി തിരശ്ചീനമായി ഡേറ്റ പ്രതിനിധാനം ചെയ്യുന്നതിനൊപ്പം ലംബമായും ഒരേ പ്രതലത്തിൽ േഡറ്റ ഉൾക്കൊള്ളാൻ കഴിയുന്നതിനാലാണ് ക്യുആർ കോഡുകൾ ദ്വിമാന കോഡുകളുടെ ഗണത്തിൽപ്പെടുന്നത്.
ക്യുആർ കോഡിന്റെ ഉദ്‌ഭവം 

QR CodeClick and drag to move
ദ്വിമാന/മെട്രിക്സ്  കോഡുകളിൽ ഏറ്റവും പ്രചാരത്തിലുള്ള ക്യുആർ കോഡിന്റെ ഉദ്‌ഭവം ജപ്പാനിൽ നിന്നാണ്. ജപ്പാനിലെ ഓട്ടോമൊബൈൽ ഉത്പാദനശാലകളിൽ ഓരോ വാഹനത്തിന്റെയും വിവരങ്ങൾ അടയാളപ്പെടുത്തുന്നതിനായി ആദ്യം ഉപയോഗിക്കപ്പെട്ട ഈ കോഡ് ടൊയോട്ട എന്ന വാഹന നിർമാതാക്കളുടെ ഭാഗമായിരുന്ന ഡെൻസോ വേവ് എന്ന സ്ഥാപനത്തിന്റെ സൃഷ്ടിയാണ്. ജപ്പാൻ റോബോട്ട് അസോസിയേഷനിൽ അംഗമായ ഈ സ്ഥാപനം 1994-ൽ  ലോകത്തിന്‌ സമ്മാനിച്ചതാണ് ക്യുആർ കോഡ് എന്ന നൂതന കോഡിങ് രീതി. മറ്റു ദ്വിമാന കോഡുകളെ അപേക്ഷിച്ച് വളരെ  എളുപ്പത്തിൽ ഡീ കോഡ് ചെയ്തെടുക്കാം എന്ന മെച്ചം ക്യു ആർ കോഡിനെ വളരെ വേഗം പ്രചാരത്തിലാകാൻ സഹായിച്ചു. 
 

ഓൺലൈൻ ലോകത്തേക്ക്
 പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ലാതെ സ്മാർട്ട്‌ ഫോൺ ക്യാമറ ഉപയോഗിച്ച് ഡേറ്റ വേർതിരിച്ചെടുക്കാൻ കഴിയും എന്നത് ഓൺലൈൻ ലോകത്തേക്കുള്ള ക്യുആർ കോഡുകളുടെ കുടിയേറ്റത്തിന് സഹായകമായി. ഒരു വെബ്‌സൈറ്റ്  അഡ്രസോ, വിസിറ്റിങ് കാർഡിലെ വിവരങ്ങളോ, ഓൺലൈൻ പേമെന്റ്‌ ലിങ്ക്‌ പോലുള്ള മൾട്ടി ബിറ്റ് ആൽഫാ ന്യൂമെറിക് വിവരങ്ങളോ ക്യുആർ കോഡിൽ ഒതുക്കാൻ കഴിയും. 
     ഓൺലൈനിൽ ലഭ്യമായ വിവരങ്ങളിലേക്കും ബന്ധപ്പെട്ട മൾട്ടി മീഡിയ ഉള്ളടക്കത്തിലേക്കും  ബന്ധിപ്പിക്കുന്ന രീതിയിൽ ദിനപത്രങ്ങൾ പോലും ഇപ്പോൾ ക്യുആർ കോഡുകളുടെ സാധ്യത വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഉത്പന്നങ്ങളുടെ മാർക്കറ്റിങ്ങിലും പരസ്യങ്ങളിലും ക്യുആർ കോഡുകൾ പ്രയോജനപ്പെടുത്തുന്നു.

ഉപയോഗങ്ങൾ 
 ചൈനയിൽ 2010 മുതൽ ട്രെയിൻ ടിക്കറ്റുകളിൽ ക്യുആർ കോഡുകൾ പ്രിന്റ്‌ ചെയ്യാൻ തുടങ്ങിയിരുന്നു. നോട്ട് അസാധുവാക്കലിന് ശേഷം പേ ടിഎം (PayTM) പോലുള്ള ഇ-വാലറ്റുകൾ ഉപയോഗിച്ച്‌ പണം കൈമാറ്റം നടത്താൻ പേമെന്റ് വിവരങ്ങൾ ഉൾക്കൊള്ളുന്ന ക്യുആർ കോഡുകൾ വിവിധ വാണിജ്യ-സേവന മേഖലകളിൽ ഉപയോഗത്തിലെത്തിയതോടെ നമ്മുടെ നാട്ടിലും  ഇവ ഏറെ പരിചിതമായിക്കഴിഞ്ഞു. 
   ബാർ കോഡുകൾ കൊണ്ട് സാധ്യമാകുന്ന ഒട്ടുമിക്ക ജോലികളും അതിലധികവും ഇപ്പോൾ ക്യുആർ കോഡുകൾ കൊണ്ടും ചെയ്യാനാകും. 
  വാഹനങ്ങളിലെയും തിയേറ്ററുകളിലെയും ടിക്കറ്റുകൾ, ഉത്പന്നങ്ങളുടെ ലേബലുകളിൽ വിവരങ്ങൾ ഉൾപ്പെടുത്തുക, വൈഫൈ നെറ്റ് വർക്കിലേക്ക് കണക്ട് ചെയ്യുക, ജിയോ ലൊക്കേഷൻ അടയാളപ്പെടുത്താനും കണ്ടെത്താനും, വാട്‌സ് ആപ്പ് പോലുള്ള സേവനങ്ങളുടെ ഓതെന്റിഫിക്കേഷൻ നടത്തുക തുടങ്ങിയ നിരവധി ഉപയോഗങ്ങൾ ക്യുആർ കോഡുകൾകൊണ്ടുണ്ട്‌.

വിവിധ തരത്തിലുള്ള 
ക്യുആർ കോഡുകൾ

 കാലക്രമത്തിൽ നിരവധി മാറ്റങ്ങളാണ് ക്യുആർ കോഡുകൾക്ക് വന്നത്. 1997 ഒക്ടോബറിലാണ് ക്യു ആർ കോഡുകളുടെ നിർമാണവും ഉപയോഗവും  സംബന്ധിച്ച ആദ്യ സ്റ്റാൻഡേർഡ് നിലവിൽ വന്നത്. ഈയടുത്ത് 2017 ഫെബ്രുവരിയിൽ നിലവിൽ വന്ന പുതിയ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി ഇപ്പോഴും ക്യു ആർ കോഡ് മുഖംമിനുക്കിക്കൊണ്ടിരിക്കുകയാണ്.  
  സ്ഥലപരിമിതി ഒരു പോരായ്മയാകുന്ന സന്ദർഭങ്ങളിൽ ഏറെ പ്രയോജനപ്രദമായ മൈക്രോ ക്യുആർ കോഡ്, ബാർ കോഡുകൾ പോലെ നീളത്തിലുള്ള പ്രതലത്തിൽ ആലേഖനം ചെയ്യാൻ സാധിക്കുന്ന ഐക്യൂആർ കോഡ് (IQR code), രഹസ്യ വിവരങ്ങളും പബ്ലിക് ഡേറ്റയും ഒരുപോലെ ഉൾപ്പെടുത്താൻ കഴിയുന്ന എസ്‌ക്യുആർ കോഡ് (SQR Code), ചിത്രങ്ങളോ സന്ദേശങ്ങളോ കോഡിന്റെ പ്രതലത്തിലെ മധ്യഭാഗത്തുള്ള ശൂന്യമായ കാൻവാസ് ഏരിയയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഫ്രെയിം ക്യുആർ കോഡ് എന്നിവ ഇത്തരം കോഡുകളുടെ വകഭേദങ്ങളാണ്.   ഇവയുടെ വിശദവിവരങ്ങൾ   http://www.qrcode.com/en/codes/ എന്ന ലിങ്കിൽ നിന്നും ലഭിക്കും.

 ക്യുആർ കോഡ് 
നിർമിക്കുന്നത് എങ്ങനെ?

  വിവിധ തരത്തിലുള്ള ക്യൂആർ കോഡ് നിർമാണത്തിനായി ഈ കോഡിന്റെ നിർമാതാക്കളായ ഡെൻസോ വേവ് തന്നെ പുറത്തിറക്കിയിട്ടുള്ള QRdraw Ad എന്ന സോഫ്റ്റ് വെയർ ഉപയോഗിക്കാം. ഇത്തരത്തിൽ വ്യാവസായിക ആവശ്യത്തിനായി ക്യുആർ കോഡുകൾ നിർമിക്കുമ്പോൾ കൈക്കൊള്ളേണ്ട മുൻകരുതലുകൾ, മാർഗനിർദേശക രേഖകൾ എന്നിവ www.qrcode.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. 
   വ്യക്തിഗത ആവശ്യങ്ങൾക്കായി ക്യുആർ കോഡ് നിർമിക്കുന്നതിനായി നിരവധി സൈറ്റുകൾ ലഭ്യമാണ്. www.the-qrcode-generator.com ഒരു ഉദാഹരണമാണ്. ഈ സൈറ്റുകളിൽ നിന്നും ക്യുആർ കോഡ് നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അവ പ്രിന്റ് ചെയ്യുമ്പോഴോ വെബ്‌ പേജുകളിലോ ഇ -ഡോക്യുമെന്റുകളിലോ ഉൾപ്പെടുത്തുമ്പോഴോ മതിയായ വലിപ്പം ഉറപ്പുവരുത്തണം എന്നതാണ്. അല്ലാത്തപക്ഷം കോഡ് ഡീ കോഡ് ചെയ്യാൻ സാധിക്കാതെ വരും.

മൊബൈലിൽ റീഡ് 
ചെയ്യുന്നതെങ്ങനെ

ക്യുആർ കോഡുകൾ സ്മാർട്ട്‌ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന പ്രത്യേക കോഡ് റീഡർ  ആപ്പുകളിൽ നിന്നും ഫോണിലെ ക്യാമറയുടെ സഹായത്താൽ ഡീ കോഡ് ചെയ്യാനാകും. ആൻഡ്രോയിഡ് ഫോണുകളിൽ ഉപയോഗിക്കാനാവുന്ന വിവിധ ക്യുആർ കോഡ് ആപ്പുകൾ പ്ളേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം.  QR Code Reader എന്ന് സെർച്ച് ചെയ്ത് അനുയോജ്യമായ ആപ്പ് കണ്ടെത്താവുന്നതാണ്.

വെല്ലുവിളി
ക്യുആർ കോഡുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും അവയിൽ ഇനിയും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധരുടെ പക്ഷം. എൻ.എഫ്‌.സി. പോലുള്ള നൂതന സങ്കേതങ്ങൾ ക്യുആർ കോഡുകളുടെ സ്ഥാനം ?കൈയടക്കിയേക്കാം. 
   ഇമേജ് പ്രോസസിങ്‌ രംഗത്തെ അത്ഭുതാവഹമായ വളർച്ച ബാർ കോഡുകൾക്കും  ക്യുആർ കോഡുകൾക്കും ഒക്കെ പകരക്കാർ ഉടൻ രംഗത്തെത്തിയേക്കുമെന്ന സൂചനകളാണ് നൽകുന്നത്. എന്നാൽ ലാളിത്യംകൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായ ഈ ക്യുആർ കോഡുകൾ അത്രവേഗത്തിൽ കാലഹരണപ്പെടാൻ സാധ്യതയില്ല.

**************************************

മനസ്സുകളിലേക്കുമറഞ്ഞ 
ഗാനസരസ്വതി


ശ്രീകാന്ത് കോട്ടക്കൽ
sreekanthsmile@gmail.com

അമോൽ പലേക്കറും അദ്ദേഹത്തിന്റെ ഭാര്യ സന്ധ്യ ഗോഖലെയും ചേർന്ന് ചെയ്ത ‘ഭിന്ന ഷഡ്ജ’ എന്ന ഡോക്യുമെന്ററി അതിന്റെ ഉള്ളടക്കംകൊണ്ട് മാത്രമല്ല വ്യത്യസ്തമാവുന്നത്. മറിച്ച്, അസാധ്യമായ ഒരു കാര്യം അവർ സാധിച്ചെടുത്തു എന്നതുകൊണ്ടുകൂടിയാണ്: അഭിമുഖങ്ങൾക്കും സംഭാഷണങ്ങൾക്കുംപോലും വിസമ്മതിക്കുന്ന കിശോരി അമോങ്കർ എന്ന സംഗീതപ്രതിഭയെ ക്യാമറയ്ക്ക് മുന്നിലിരുത്തി, സംസാരിപ്പിച്ചു, പാടിപ്പിച്ചു, പല പോസുകളിൽ നടത്തിച്ചു, ഇരുത്തിച്ചു എന്നിങ്ങനെ പല പല കാരണങ്ങളാലാണ്. പാട്ടിനെമാത്രം പ്രാർഥിച്ച, അതിൽ മാത്രം ജീവിച്ച, ഏകാന്തതയെ പ്രണയിച്ച അമോങ്കർക്ക് മറ്റെല്ലാം ‘വെറും സമയം കളയൽ’മാത്രമായിരുന്നല്ലോ.
തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ, മുംബെയിലെ പ്രഭാദേവി അപ്പാർട്ട്‌മെന്റിൽ, 84-ാമത്തെ വയസ്സിൽ കിശോരി അമോങ്കർ ഉറക്കത്തിനിടെ ഈ ലോകത്തോട് വിടപറയുമ്പോൾ വികാരഭരിതമായ ഒരു രാഗാലാപനം വിളംബിതകാലത്തിൽ പെട്ടന്ന് നിലച്ചതുപോലെയായിരുന്നു. അമോങ്കർ പാട്ടുനിർത്തി മടങ്ങുമ്പോൾ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു കാലം മാത്രമല്ല, കാലാപത്തിന്റെകൂടെ സ്വരമാണ് നിലച്ചത്. പലേക്കറുടെ ഡോക്യുമെന്ററിയിൽ ഉസ്താദ് സക്കീർ ഹുസൈൻ അമോങ്കറെക്കുറിച്ച് പറഞ്ഞ വാക്കുകൾ അതിന് അടിവരയിടുന്നതാണ്. അദ്ദേഹം പറഞ്ഞു: ‘കിശോരി അമോങ്കറിന്റെ സംഗീതം ഒരു മനുഷ്യന്റെ സൂക്ഷ്മഭാവങ്ങൾവരെ ഒപ്പിയെടുത്ത ചിത്രംപോലെയാണ്. അതിൽ നിറഞ്ഞ സന്തോഷമുണ്ട്, ആഴമുള്ള വേദനയുണ്ട്, ക്ഷോഭമുണ്ട്, ഹതാശതയുണ്ട്, വ്യർഥതാബോധമുണ്ട്... ഒരു ചെറിയ സ്വരത്തിൽപ്പോലും അവർ ഇതെല്ലാം നിറച്ചിരിക്കുന്നു’
കിശോരി അമോങ്കർ ജനിച്ചുവീണത് സംഗീതത്തിന്റെ മടിത്തട്ടിലേക്കാണ്. അമ്മ, മഹാഗായിക മോഗുബായി കുർദ്ധികറുടെ ശ്വാസത്തിൽപ്പോലും സംഗീതമായിരുന്നു. ആറാം വയസ്സിൽ അച്ഛൻ മരിച്ചു. അമ്മയുടെ കൈവശം നിറഞ്ഞ സംഗീതം മാത്രമേ ഉണ്ടായിരുന്നുള്ളൂ, സമ്പത്ത് തീരെയില്ലായിരുന്നു. ‘അമ്മ എന്നോട് സംഗീതത്തെക്കുറിച്ച് സംസാരിക്കാറില്ലായിരുന്നു. അമ്മ എപ്പോഴും പാടും, ഞാൻ അത് ആവർത്തിക്കും. അതിന്റെ ഏറ്റവും സൂക്ഷ്മമായ തലങ്ങളിൽവരെ ഞാൻ പോയി. അത് എന്നെ ശ്രദ്ധ എന്നാൽ എന്താണെന്ന്‌ പഠിപ്പിച്ചുതന്നു’ ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു. 
അമ്മയുടെ അടുത്തുനിന്ന്‌ സംഗീതത്തിന്റെ ആഴവും അടിസ്ഥാനവും പഠിച്ച അമോങ്കർ പിന്നെയും പഠനം തുടർന്നു. ആഗ്ര ഖരാനയിലെ അൻവർ ഹുസൈൻ ഖാൻ, ഭേണ്ടി ബസാർ ഘരാനയിലെ അൻജാനിബായി മാൽപേക്കർ, ഗ്വാളിയോർ ഘരാനയിലെ ശാരദ് ചന്ദ്ര അരോൾകർ, ഗോവയിലെ അതികായനായ ബാലകൃഷ്ണഭുവ പർവാട്കർ... ഗുരുനാഥന്മാരുരടെ പരമ്പരകൾ കടന്നുപോയി.
  കിശോരി അമോങ്കർക്ക് സംഗീതം പോലെത്തന്നെ കലാപവും അലങ്കാരമായിരുന്നു. അഭിജാതമായ ആ മുഖത്തെ നിറഞ്ഞ ഗൗരവം ‘ഞാൻ വ്യത്യസ്തയാണ്’ എന്ന് എപ്പോഴും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അമ്മയോട് ലോകംചെയ്ത അനീതിക്ക്‌ പകരമായിട്ടായിരുന്നു അമോങ്കർ തന്റെ ശീലങ്ങൾ രൂപപ്പെടുത്തിയിരുന്നത്. കുർദ്ധികർ പാടുന്ന കാലത്ത് സ്ത്രീ ഗായകർക്ക് ആരും അത്ര വിലകല്പിച്ചിരുന്നില്ല. 
 വിദുഷിയായ കുർദ്ധികർക്ക് സംഘാടകർ എപ്പോഴും മൂന്നാം ക്ലാസ് കംപാർട്ട്‌മെന്റിന്റെ ടിക്കറ്റാണ് നൽകിയത്, തുച്ഛമായ പ്രതിഫലം വെച്ചുനീട്ടി, കച്ചേരിയുടെ സ്ഥലത്ത് ഏതെങ്കിലും വീട്ടിൽ പാർപ്പിച്ചു. ഒരു സംഗീതജ്ഞയ്ക്ക് ലഭിക്കേണ്ട ബഹുമാനം എപ്പോഴും കുർദ്ധികർക്ക് നിഷേധിക്കപ്പെട്ടു. അമ്മയ്ക്കൊപ്പം എപ്പോഴും യാത്രപോയിരുന്ന അമോങ്കറിന്റെ മനസ്സിൽ ഇത് ആഴത്തിൽ മുറിവുപോലെ പതിഞ്ഞുകിടന്നു. ‘ഞാൻ അനുഭവിച്ചതാണ് ആ വേദന. 
 അമ്മയ്ക്ക് മൂന്നു മക്കളെ വളർത്താനുള്ളതുകൊണ്ട് എല്ലാം സഹിച്ചു. ഞാനൊരു സംഗീതജ്ഞയായാൽ ഒരിക്കലും ഇത് അനുവദിക്കില്ല എന്ന് ശപഥം ചെയ്തു. അതുകൊണ്ട് ഞാൻ പരിപാടികൾക്ക് പോയാൽ എപ്പോഴും ഹോട്ടൽ സ്യൂട്ടുകളിൽ മാത്രമേ താമസിക്കാറുള്ളൂ, എപ്പോഴും കാർ നിർബന്ധമാണ്, പ്രതിഫലം കൃത്യമായിരിക്കണം’. അവസാനംവരെ അമോങ്കർ തന്റെ ശപഥം പാലിച്ചു.
 കിശോരി അമോങ്കറിന്റെ കലാപങ്ങൾ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഘരാനകളുടെ കാര്യത്തിലും കത്തിനിന്നു. ഘരാന എന്നൊന്നില്ല എന്നവർ തുറന്നുപറഞ്ഞു. ‘ഘരാന എന്നൊന്നില്ല. സംഗീതം മാത്രമേയുള്ളു. സംഗീതത്തിനെ ജാതിവ്യവസ്ഥയിലേക്ക് കൊണ്ടുവരുംപോലെയാണ് ഘരാനകൾ. പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് കല പഠിപ്പിക്കാൻ സാധിക്കില്ല. ‘തന്റെ നിഷേധ നിലപാടുകളെക്കുറിച്ച് അവർ ഒരിക്കൽ പറഞ്ഞു: ‘എന്നെ എല്ലാവരും നിഷേധി എന്ന് വിളിക്കുന്നു. ഞാൻ അങ്ങനെയാണ് എന്ന് എനിക്ക്‌ തോന്നുന്നില്ല. ഞാൻ തീഷ്ണസ്വഭാവിയും സത്യം പറയുന്നയാളുമാണ്. വിമർശകർ എന്തൊക്കെയോ പറയുന്നു. ഈ നിമിഷംവരെ അത് ഞാൻ കാര്യമാക്കിയിട്ടില്ല. ഞാൻ തന്നെയാണ് എന്റെ ഏറ്റവും വലിയ വിമർശക’

ശംഖം നിലച്ചപ്പോൾ...

 അബ്ദുൾ കരീം ഖാനെയും ചെമ്പൈ വൈദ്യനാഥ ഭാഗവതരെയുംപോലെ കിശോരി അമോങ്കർക്കും  ഒരുഘട്ടത്തിൽ സ്വന്തം ശബ്ദം നഷ്ടമായിട്ടുണ്ട്. 25-ാമത്തെ വയസ്സിലായിരുന്നു അത്. ആധുനിക വൈദ്യശാസ്ത്രത്തിന് ഒന്നുംചെയ്യാൻ സാധിച്ചില്ല. ഒടുവിൽ പുണെയിലെ സർദേശ്‌മുഖ് മഹാരാജിന്റെ ആയുർവേദ ചികിത്സയാണ് അമോങ്കറിന്റെ ശബ്ദം തിരിച്ചുനൽകിയത്. രണ്ടുവർഷം നീണ്ട ആ കാലത്ത് സംഗീതം എത്രമാത്രം ആഴത്തിലുള്ളതാണ് എന്ന് മനസ്സിലാക്കാനും തന്റെതന്നെ ശൈലിയെ മറികടക്കാനും അവർ ശീലിച്ചു.
ഞാനെന്താ ആട്ടക്കാരിയാണോ
താൻ പാടുമ്പോൾ സദസ്സിന്റെ ഏകാഗ്രത കിശോരി അമോങ്കർക്ക് നിർബന്ധമായിരുന്നു. അതിന് ഏതെങ്കിലും തരത്തിൽ ഭംഗം 
വന്നാൽ കച്ചേരിതന്നെ ഇട്ടേച്ചുപോവാൻ അവർ മടിച്ചതുമില്ല. കശ്മീരിലെ ഒരു കച്ചേരിക്കിടെ ആളുകൾ മുന്നിലിരുന്ന് ഭക്ഷണം കഴിച്ചപ്പോൾ അമോങ്കർ കച്ചേരി നിർത്തി. മറ്റൊരു കച്ചേരിക്കിടെ സദസ്സിലുണ്ടായിരുന്ന വലിയ ഒരു വ്യാപാരിയുടെ ഭാര്യ മുറുക്കാൻ കൊണ്ടുവരാൻ പറഞ്ഞപ്പോൾ അവർ പാട്ടുനിർത്തി മുഖത്തടിച്ചതുപോലെ ചോദിച്ചു: ‘ഞാനെന്താ നിങ്ങളുടെ മുന്നിലെ ആട്ടക്കാരിയാണോ?’ തന്റെ ഈ പെരുമാറ്റത്തിന് കിശോരി അമോങ്കർക്ക് ന്യായീകരണമുണ്ട്. അവർ പറഞ്ഞു: ‘കച്ചേരിക്കിടെ ഞാൻ എപ്പോഴെങ്കിലും ചിരിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ? പാടുമ്പോൾ ഞാൻ എന്റെ ശരീരത്തെത്തന്നെ മറക്കുന്നു. എനിക്കതിന് സദസ്സിന്റെ സഹായം വേണം. പാടുന്നവരുടെ ഏകാന്തതയെ സദസ്സ് ഇല്ലാതാക്കരുത്’
   കടുംവെളിച്ചത്തിലിരുന്ന് ഒരിക്കലും കിശോരി അമോങ്കർ പാടാറില്ലായിരുന്നു. ഇരുട്ടിന്റെ തണുപ്പ് എപ്പോഴും അവർക്കാവശ്യമായിരുന്നു. അതീതങ്ങളിലേക്ക്‌ പോകാൻ മുഖത്തുവീഴുന്ന വെളിച്ചും തടസ്സമാണ് എന്നായിരുന്നു അവർ ഇതിന് കാരണമായി പറഞ്ഞിരുന്നത്. പരിപാടിക്കുമുമ്പ് തന്റെ തയ്യാറെടുപ്പ് മുറിയിലേക്കും അവർ ആരെയും പ്രവേശിപ്പിച്ചിരുന്നില്ല.


2017 മാർച്ച് 26, 
പാടാൻ ഇനിയും 
ഡൽഹിയിലേക്ക്‌ വിളിക്കൂ...

ഡൽഹിയിലെ കമാനി ഓഡിറ്റോറിയത്തിൽ ഇക്കഴിഞ്ഞ മാർച്ച് 26-നായിരുന്നു കിശോരി അമോങ്കറിന്റെ അവസാന കച്ചേരി. ഭിൽവാര ഗ്രൂപ്പിന്റെ സുർസംഘംസംഗീത മഹോത്സവത്തിന്റെ സമാപനം. പൂരിയ ധനശ്രീ, കൗശി കൻഹ്ര, മാൽഖൌസ്‌ എന്നിവയെല്ലാം അവർ അന്ന് പാടി. പ്രിയപ്പെട്ട രാഗമായ ഭൂപ് പാടിയില്ല. കച്ചേരി കഴിഞ്ഞപ്പോൾ പതിവില്ലാത്ത വിധത്തിൽ അവർ പറഞ്ഞു: പാടാൻ ഇനിയും എന്നെ ഡൽഹിയിലേക്ക് വിളിക്കൂ....
വീണ്ടും വിളിവരുന്നതിനു മുമ്പ് അവർ ഭൂമിവിട്ട് പോയി

**********************
ഇന്റർനെറ്റ് ലോകം 
കീഴടക്കി ആൻഡ്രോയ്ഡ്

നിങ്ങളുടെ ഫോൺ ആൻഡ്രോയ്ഡ് ആണോ..? എങ്കിൽ അഭിമാനിക്കാം. കാരണം ഇന്റർനെറ്റ് ഉപയോഗിക്കാൻ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഒരു ഭാഗമാണ് നിങ്ങളും. 
 കുറച്ചുകൂടി വിശദമായി പറയുകയാണെങ്കിൽ ഇന്ന് ലോകത്ത് ഇന്റർനെറ്റ് ഉപയോഗിക്കാൻ ആളുകൾ ഏറ്റവും കൂടുതൽ താത്‌പര്യപ്പെടുന്നത് ആൻഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിച്ചാണ്. കഴിഞ്ഞ മാസമാണ് മൈക്രോസോഫ്റ്റിന്റെ വിൻഡോസിൽ നിന്ന് ഈ റെക്കോർഡ് ആൻഡ്രോയിഡ് സ്വന്തമാക്കുന്നത്. വെബ്ബ് അനലിസിറ്റ്‌സ് കമ്പനിയായ സ്റ്റാറ്റ്കൗണ്ടർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2017 മാർച്ചിൽ ആൻഡ്രോയ്‌ഡ് ഉപഭോക്താക്കൾ 37.93 ശതമാനമാണ്. വിൻഡോസ് ഉപയോഗിക്കുന്നവർ 37.91 ശതമാനവും. ആപ്പിളിന്റെ ഐ.ഒ.എസ്. ആണ് മൂന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ അഞ്ചു വർഷത്തിൽ പേഴ്‌സണൽ കംപ്യൂട്ടർ വിൽപ്പന കുറഞ്ഞതും ആൻഡ്രോയ്‌ഡ് സ്മാർട്ട്‌ഫോണുകളുടെ വിൽപ്പന വർദ്ധിച്ചതുമാണ് ഇത്തരത്തിലൊരു മാറ്റം സംഭവിക്കാൻ കാരണമായത്. ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ ഇന്റർനെറ്റ് ഉപഭോക്താക്കളാണ് പ്രധാനമായും ആൻഡ്രോയ്‌ഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ ആശ്രയിക്കുന്നത്. ഒരു പ്രധാന സ്മാർട്ട്‌ഫോൺ വിപണിയായ ഇന്ത്യയിലെ 90 ശതമാനവും ആൻഡ്രോയ്‌ഡ് ഉപഭോക്താക്കളാണ്.
കണക്കുകൾ സൂചിപ്പിക്കുന്നത് പ്രകാരം ഇന്ത്യ, ഇൻഡൊനീഷ്യ, ചൈന, എന്നീ രാജ്യങ്ങളിൽ കൂടുതൽ ആൾക്കാരും ഇന്റർനെറ്റ് ഉപയോഗിക്കുന്നത് മൊബൈൽഫോണുകളിലൂടെയാണ്. അമേരിക്ക, ഇംഗ്ലണ്ട്, ജർമ്മനി എന്നീ രാജ്യങ്ങളാണ് ഡെസ്‌ക്‌ടോപ്പ് ഉപയോഗത്തിൽ മുന്നിൽ നിൽക്കുന്നത്.

**************************
പറക്കും സ്യൂട്ട്

പറക്കാൻ ആഗ്രഹമുണ്ടോ...? എങ്കിൽ ഇനി ഒരു സ്യൂട്ട് അണിഞ്ഞാൽ മാത്രം മതി. ഹോളിവുഡ് സിനിമകളിലെ സാങ്കല്പികമായ കണ്ടുപിടിത്തമെന്ന് പറഞ്ഞു തള്ളാൻ വരട്ടെ. അത്തരത്തിലൊരു സ്യൂട്ട് ശരിക്കും നിർമിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെ സ്റ്റാർട്ട്അപ്പ് കമ്പനിയായ ഗ്രാവിറ്റി. ബ്രിട്ടീഷ് റോയൽ മറൈൻ നേവിയുടെ ഭാഗമായിരുന്ന റിച്ചാർഡ് ബൗനിങ്ങ് ആണ് ഗ്രാവിറ്റിയുടെ സ്ഥാപകൻ. ഒറ്റനോട്ടത്തിൽ ഹോളിവുഡ് സിനിമയായ അയൺമാനിലെ ഹൈടെക് സ്യൂട്ട് പോലെയിരിക്കുന്ന ഈ ഫ്ലയിങ്ങ് സ്യൂട്ട് അണിഞ്ഞാൽ ആർക്കും പറന്നുയരാൻ സാധിക്കും. ഡേഡലസ് എന്ന് പേരിട്ടിരിക്കുന്ന ഈ ഫ്ളയിങ്ങ് സ്യൂട്ടിന് ഏകദേശം 1.3 കോടിയാണ് വില. ആറ് മൈക്രോ ജെറ്റ് എൻജിനുകളാണ് സ്യൂട്ടിനെ പറക്കാൻ സഹായിക്കുന്നത്. ഡേഡലസ് സ്യൂട്ട് കൊണ്ട് മണിക്കൂറിൽ 450 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുമെന്ന് റിച്ചാർഡ് ബൗനിങ്ങ് അവകാശപ്പെടുന്നു.