രമേശിന്റെ ഓർമകളിൽ ദീപികാ പദുകോൺ മുതൽ ജ്വാലാ ഗുട്ട വരെ
നടി ദീപികാ പദുക്കോൺ വെള്ളിത്തിരയിൽ താരമാവുംമുമ്പേ ബാഡ്‌മിന്റൺ താരമായിരുന്നു. ദീപികയെ പരിശീലിപ്പിച്ചയാൾ ഇവിടെയുണ്ട്

പി.കെ.വിനോദ്‌
ദീപികാ പദുക്കോൺ വെള്ളിത്തിരയിൽ താരമാകുന്നതിനുമുമ്പ് നല്ലൊരു ബാഡ്‌മിന്റൺ താരമായിരുന്നു. കർണാടക ജൂനിയർ താരമായിരുന്ന അവർക്ക് ലൈൻ അമ്പയറിങ്ങിൽ പരിശീലനംനൽകിയ ഒരു പരിശീലകനുണ്ട് കോഴിക്കോട്ട്, ദേശീയ അമ്പയറായ വടകരക്കാരൻ എ.എം. രമേഷ്‌. അദ്ദേഹം തന്റെ ബാഡ്‌മിൻറൺ അമ്പയറിങ്ങിന്റെ 25 വർഷക്കാലം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ കാലയളവിൽ  മൂവായിരത്തോളം മത്സരങ്ങൾ. രമേഷിന്‌ ഓർക്കാൻ ഒട്ടേറെ അനർഘനിമിഷങ്ങളാണുള്ളത്.
ദീപിക നല്ല താരമായിരുന്നു. പിതാവ് പ്രകാശ്‌ പദുക്കോണിന്റെ പരിശീലനം. ബെംഗളൂരുവിലായിരുന്നു വളർന്നുവരുന്ന താരങ്ങൾക്ക് പരിശീലനത്തിന്റെഭാഗമായി സംഘടിപ്പിച്ച ലൈൻഅമ്പയറിങ് ക്ലാസ്. 40 കുട്ടികളുടെ കൂട്ടത്തിൽ അന്നേ ശ്രദ്ധേയയായിരുന്നു ദീപിക. പിന്നീടവർ കളി നിർത്തി മോഡലിങ്ങിലേക്കും സിനിമയിലേക്കും കടന്നു. കൊച്ചുകുട്ടിയായിരുന്ന അവർ അന്നെനിക്കൊരു ടീ ഷർട്ട് സമ്മാനിച്ചു. ആ കൊച്ചുകളിക്കാരി കോടികൾവാരുന്ന ഇന്ത്യയിലെ മികച്ച നടിയായിത്തീരുമെന്ന് രമേശ്‌ ഒരിക്കൽ പോലും കരുതിയില്ല. 
 1992-ൽ കോഴിക്കോട്ടുനടന്ന സീനിയർ നാഷണൽ ബാഡ്‌മിന്റൺ ടൂർണമെൻറിലൂടെയാണ് രമേശ്‌ കളിനിയന്ത്രിക്കുന്ന മേഖലയിലെത്തുന്നത്. 25 വർഷം പിന്നിടുമ്പോൾ അദ്ദേഹം നിയന്ത്രിച്ച മത്സരങ്ങളുടെ എണ്ണം മൂവായിരം കവിയുന്നു. ഇതിൽ സംസ്ഥാനമത്സരങ്ങളുണ്ട്, ജില്ലാ മത്സരങ്ങളുണ്ട്, ജൂനിയർ, സീനിയർ നാഷണലുകളുണ്ട്, വിവിധ റാങ്കിങ് മത്സരങ്ങളുണ്ട്, ലോക ചാമ്പ്യൻഷിപ്പുകളായ കോമൺവെൽത്ത്, തോമസ് കപ്പ്, യൂബർ കപ്പ് എന്നിവയുണ്ട്.
ഇന്ത്യയിലെ എല്ലാ പ്രഗല്‌ഭതാരങ്ങളുടെയും കളി  നിയന്ത്രിക്കാൻ രമേഷിന്‌ അവസരം ലഭിച്ചിട്ടുണ്ട്. സൈന, പി.വി. സിന്ധു, അപർണ പോപ്പട്ട്, ജ്വാലാ ഗുട്ട, വിമൽകുമാർ, മധുമിത ബിസ്ത്, ദീപാങ്കർ ഭട്ടാചാര്യ, ശ്രീകാന്ത് അങ്ങനെ നീളുന്നു ലിസ്റ്റ്. സൈനയുടെ കളി നിയന്ത്രിച്ചത് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൈസ്‌മണി മത്സരമാണ്. എല്ലാ താരങ്ങളോടും ഇപ്പോഴും സൗഹൃദംപങ്കിടുന്ന രമേഷ്‌ ചിലമത്സരങ്ങൾ തനിക്ക് ആവേശം പകർന്നതായി വിലയിരുത്തുന്നു.
 3000-ത്തിലധികം കളികൾ നിയന്ത്രിച്ചിട്ടുണ്ടെങ്കിലും അപർണ പോപ്പട്ടും മൻജൂഷാ പവൻഗാഡ്കറും തമ്മിൽനടന്ന സീനിയർ നാഷണൽ മത്സരം രമേശ്‌ മറക്കുന്നില്ല. കളിനിയന്ത്രണത്തിലെ തുടക്കകാലം. അപർണയുടെ ഒരു ഡ്രോപ്പ് നെറ്റിൽക്കുടുങ്ങി. നെറ്റ് അനുവദിക്കണോയെന്ന് സംശയം. മടിച്ചുനിന്നില്ല, റീസെർവ് അനുവദിച്ചു. അപർണ ജയിച്ചു. അങ്ങനെയൊരു തീരുമാനം എടുത്തിരുന്നില്ലെങ്കിൽ അപർണയ്ക്ക് ജയസാധ്യത നഷ്ടപ്പെട്ടേനെ. കളികഴിഞ്ഞ് പ്രകാശ്പദുക്കോൺ വന്ന് പുറത്തുതട്ടി ആശംസിച്ചത് ഒരു നിധി പോലെ രമേഷ്‌ ഓർക്കുന്നു. ജ്വാലാ ഗുട്ട ക്വാളിഫൈയിങ് ആയിട്ടാണ് മത്സരിക്കാൻവന്നത്. ക്വാളിഫൈയിങ് എന്നുപറഞ്ഞാൽ ആർക്കും രജിസ്റ്റർചെയ്ത് മത്സരിക്കാമെന്ന വ്യവസ്ഥ. തൃശ്ശൂരിൽ ആദ്യമായി അവരെത്തിയപ്പോൾ അവർ ഇന്ത്യയുടെ പ്രഗല്‌ഭതാരമാകുമെന്നു കരുതിയില്ല. ക്വാളിഫൈയിങ്ങിലുടെ എത്തി കപ്പ് നേടിയെടുത്താണ് ജ്വാല മടങ്ങിയത്. കിരീടം വഹിച്ചുനിൽക്കുന്ന പടമെടുക്കാൻ പക്ഷേ, ആരും ഉണ്ടായിരുന്നില്ല. അമ്പയറായ ഞാനാണ് ഫോട്ടോയെടുത്തുകൊടുത്തത്. വർഷങ്ങൾക്കുശേഷം ആ ഫോട്ടോ ബാഡ്‌മിന്റൺ ചരിത്രവുമായി ബന്ധപ്പെട്ട പുസ്തകത്തിൽ അച്ചടിച്ചുവന്നത് ഏറെ സന്തോഷമുണ്ടാക്കി.
 ജൂനിയർ നാഷണലിലായിരുന്നു ദീപികാ പദുക്കോൺ-അപർണാ ബാലൻ മത്സരം. അപർണ ജയിച്ചു. പിന്നീട് ദീപികയെ കോർട്ടിൽ കാണാതായി. തിരിച്ചുവന്നത് വെള്ളിത്തിരയിലെ നായികയായി.
 കളിയുമായി ബന്ധപ്പെട്ട ഒട്ടേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള രമേഷ്‌ പറയുന്നു, ലോകത്തിലെ മികച്ച ബാഡ്‌മിന്റൺ സ്റ്റേഡിയം സിഡ്നിയിലാണന്ന്. മക്കാവു, സിങ്കപ്പൂർ കോർട്ടുകളും മികച്ചതാണ്. ഇന്ത്യയിൽ ഡൽഹിയിലെ സിരിഫോർട്ട്, പുണെയിലെ ഛത്രപതി ശിവജി, കൊച്ചിയിലെ രാജീവ്ഗാന്ധി സ്റ്റേഡിയം എന്നിവയാണ് മികച്ചത്.
 ഇന്ത്യയിൽ ബാഡ്‌മിന്റൺ വളരുകയാെണന്നാണ് രമേഷിന്റെ അഭിപ്രായം. അതിനൊരു കാരണവും അദ്ദേഹംപറയുന്നു, അക്കാദമികളുടെ വളർച്ചതന്നെ. പ്രകാശ് പദുക്കോൺ, ഗോപീചന്ദ്, മധുമിതാ ബിസ്ത്‌, ചേതൻ ആസാദ്, നിഖിൽ കാനേക്കർ എന്നിവർക്കൊക്കെ അക്കാദമികളുണ്ട്. നല്ലപരിശീലനമാണ് ലഭിക്കുന്നത്‌. കൂടാതെ കളിക്കാർക്ക് ധാരാളം മത്സരങ്ങളുമുണ്ട്. അസോസിയേഷന്റെ അംഗീകാരമില്ലാത്ത മത്സരങ്ങളിൽ പങ്കെടുക്കരുതെന്ന നിബന്ധനകളൊന്നുമില്ല. അതിനാൽ കളിക്കാർക്ക് പണമുണ്ടാക്കാനുള്ള അവസരവുമുണ്ട്. അക്കാദമിയില്ലാതെ നല്ല താരങ്ങളെ സൃഷ്ടിച്ച പരിശീലകനാണ് കോഴിക്കോട്ടെ നാസറെന്നും രമേഷ്‌ പറഞ്ഞു.
 ദൂരദർശനിൽ നൂറിലേറെ കളികൾക്ക് കമന്റേറ്ററായിട്ടും രമേഷ്‌ മികവ് കാണിച്ചു. 

************************
അറ്റ്‌മോസിലേക്ക് 
മാറുന്ന കാഴ്ചകൾ


സിനിമയിലെ ശബ്ദവിപ്ളവമാണ് ഡോൾബി അറ്റ്മോസ്. ഇതിന്റെ സവിശേഷതകളെക്കുറിച്ച്
പ്രമുഖ സൗണ്ട് കൺസൾട്ടന്റായ രാജീവ് ചന്ദ്രശേഖരൻ സംസാരിക്കുന്നു

ചില്ലയിൽനിന്നൊരു ഇലപൊഴിഞ്ഞ  താഴെപ്പതിയ്ക്കുന്ന ഓരോ സെക്കൻഡുകളെയും അതിമനോഹരമായ ശബ്ദാനുഭവമാക്കുന്ന സംവിധാനമാണ്  ഡോൾബി അറ്റ്‌മോസ്. ശബ്ദം ഒഴുകിവരുംപോലെതോന്നും അറ്റ്‌മോസിൽ ഒരു സിനിമകണ്ടാൽ. പൂർണതയാണ് അറ്റ്‌മോസിന്റെ സവിശേഷത.  ഈ ശബ്ദവിപ്ലവത്തെ നമ്മുടെ തിയേറ്ററുകളും സ്വീകരിച്ചുതുടങ്ങി. രാജ്യത്താകെ 250 ഡോൾബി അറ്റ്‌മോസ് തിയേറ്ററുകളെ ഉള്ളൂ. പക്ഷേ,  ഈ കൊച്ചുകേരളത്തിൽമാത്രം അറുപത് തിയേറ്ററുകൾ അറ്റ്‌മോസിലേക്ക്  മാറിയെന്ന്  പ്രമുഖ സൗണ്ട് കൺസൾട്ടന്റായ രാജീവ് ചന്ദ്രശേഖരൻ പറയുന്നു. ബോളിവുഡിനേക്കാൾ വേഗത്തിലാണ് മലയാളസിനിമകൾ  അറ്റ്‌മോസിനെ സ്വീകരിക്കുന്നത്. ഇപ്പോൾ അൻപത് ശതമാനം മലയാളസിനിമകളും അറ്റ്‌മോസ് മിക്സ് ചെയ്താണ് എത്തുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. അന്താരാഷ്ട്ര സർട്ടിഫിക്കറ്റുകൾക്ക് ഡോൾബ് അറ്റ്‌മോസ് കിട്ടണമെന്നതുകൊണ്ട് ബോളിവുഡും  മാറിക്കഴിഞ്ഞു. എല്ലാമാസവും രാജ്യത്ത് അഞ്ചോ ആറോതിയേറ്ററുകൾ അറ്റ്‌മോസാവുന്നുണ്ടെന്നാണ് രാജീവ് ചന്ദ്രശേഖരൻ പറയുന്നത്. കോഴിക്കോട് ക്രൗൺ തിയേറ്ററും ഈ സംവിധാനത്തിലേക്ക് മാറുകയാണ്. രാജീവ് ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് ക്രൗണിൽ അറ്റ്‌മോസ് സംവിധാനമൊരുക്കിയത്. 

പൂർണതയിലേക്കൊരു മാറ്റം
മറ്റുശബ്ദസംവിധാനങ്ങളിൽ നമുക്ക് കേൾക്കാൻ കഴിയാതെ പോവുന്നത്. അതിന്റെ പൂർണതയിൽ അനുഭവിപ്പിക്കുകയാണ് അറ്റ്‌മോസ് ചെയ്യുന്നത്. ഒരു കൊതുകുചലിക്കുന്നതുപോലും നമുക്ക് അനുഭവപ്പെടും. ശബ്ദകോലാഹലങ്ങളല്ല അതിന്റെ ഒഴുക്കാണ് അറ്റ്‌മോസ്. തിയേറ്ററുകളിൽ പലഭാഗങ്ങളിലായി സ്പീക്കറുകളും സംവിധാനങ്ങളും സജ്ജമാക്കിയാണ് ഇത് സ്ഥാപിക്കുന്നത്. 64ചാനലുകളിലൂടെ ശബ്ദം കടത്തിവിടുകയാണ് ചെയ്യുന്നത്. സ്‌ക്രീനിൽ തെളിയുന്ന ദൃശ്യങ്ങൾക്കൊപ്പം ഈ ശബ്ദവും മനോഹരമായി ഒത്തുചേരുമ്പോൾ സിനിമയെ അത്ഭുതപ്പെടുത്തുന്ന അനുഭവമാക്കി മാറ്റുന്നു. ഡെംഗലാണ് അറ്റ്‌മോസിന്റെ സവിശേഷതകളെ ഏറ്റവും നന്നായി അനുഭവിപ്പിച്ച സമീപകാലത്തെ സിനിമയെന്നാണ് രാജീവ് ചന്ദ്രശേഖരൻ പറയുന്നത്. അറ്റ്‌മോസ് ശബ്ദകോലാഹലമല്ലാത്തതുകൊണ്ടുതന്നെ ശബ്ദം ഭയങ്കരമായിരുന്നു എന്നാരെങ്കിലും പറഞ്ഞാൽ സംവിധാനങ്ങൾക്ക് എന്തോ കുഴപ്പമുണ്ടെന്നാണർഥമെന്ന് ഇദ്ദേഹം പറയുന്നു. ബിഗ് ബജറ്റ് ചിത്രങ്ങളിൽ മാത്രമല്ല എല്ലാതരം സിനിമകളിലും അറ്റ്‌മോസ് മിക്സ് ചെയ്യാം. പ്രണയസിനിമകളിലും ആക്ഷൻ ചിത്രങ്ങളിലുമെല്ലാം അനുയോജ്യമാണ്. ഇപ്പോൾ ഇന്ത്യയിൽതന്നെ അറ്റ്‌മോസ് മിക്സ്‌ചെയ്യുന്നുണ്ട്. അറ്റ്‌മോസിന്റെ തുടക്കം  ഹോളിവുഡിലാണെങ്കിലും ചൈനയാണ് ഇപ്പോൾ ഈ രംഗത്ത് കുതിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു. ഇരുപത്തൊന്നാംനൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ് സിനിമയിൽ ഡിജിറ്റൽ വിപ്ലവം സംഭവിച്ചത്. പിന്നീട് ഫിലിമിൽനിന്ന് സിനിമ  സെർവറിലേക്ക് മാറി. ഇപ്പോൾ ഈ രംഗത്തെ ഏറ്റവുംപുതിയ സംവിധാനമാണ് ഡോൾബി അറ്റ്‌മോസ്.

എല്ലാം സജ്ജമായിരിക്കണം
തിയേറ്ററിന്റെ നിർമാണം തുടങ്ങി ശബ്ദസംവിധാനങ്ങളിൽവരെ  പൂർണ സജ്ജമായിരിക്കണമെന്നതാണ് അറ്റ്‌മോസിന്റെ നിബന്ധന. അറ്റ്‌മോസ് നിർദേശിക്കുന്ന സൗകര്യങ്ങൾ വേണം. സൗരയൂഥം മുതൽ പൂക്കളുടെ ഇതളുകളിൽവരെ ഗോൾഡൻ റേഷ്യോ(golden mean)ഉണ്ട്. അതുപോലെ അറ്റ്‌മോസ് സ്ഥാപിക്കുന്ന കെട്ടിടങ്ങളുടെ എൻജിനീയറിങ്ങിലും ഈ ഗോൾഡൻ റേഷ്യോ(അനുപാതം)വേണം.  അല്ലെങ്കിൽ അറ്റ്‌മോസിനെ അതിന്റെ സൗന്ദര്യത്തിൽ അനുഭവിക്കാൻ കഴിയില്ല. ശബ്ദത്തിന്റെ പ്രതിധ്വനികളുണ്ടാവും. കെട്ടിടത്തിന് മിനിമം സ്റ്റാൻഡേർഡ് വേണമെന്ന്  മാത്രമല്ല സ്പീക്കറുകൾക്കും ആംപ്ലിഫയറുകൾക്കും നല്ല ക്ഷമതവേണം. 64ചാനലുകൾ വേണമെന്ന് പറയുന്നുണ്ടെങ്കിലും തിയേറ്ററുകളുടെ വലിപ്പത്തിനനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരുത്താം. ചെറിയ തിയേറ്ററിൽ 38ചാനലുകൾ മതി. ഡോൾബി അറ്റ്‌മോസ് സംവിധാനം ഒരുക്കാൻ അറുപതുലക്ഷംരൂപവരെ ചിലവുവരും. അതുകൊണ്ടാണ് പലരും ഇതിലേക്ക് മാറാത്തത്.  
അവതരിപ്പിച്ചപ്പോൾ ആദ്യമുണ്ടായ ശബ്ദം ചിതറിപ്പോവുന്നപ്രശ്നം നേരിട്ടിരുന്നു. സ്‌ക്രീനിൽ കാണുന്നതും കേൾക്കുന്ന ശബ്ദവും രണ്ടും രണ്ടുവഴിക്കായിരുന്നു. 
പിന്നീട് എൻജിനീയർമാർ ഏറെക്കാലം ശ്രമിച്ച് ഈ പ്രശ്നം പരിഹരിച്ചത്. ഇപ്പോൾ എല്ലാ കുറവുകളും തീർന്ന സംവിധാനമാണ് അറ്റ്മോസെന്നും ഇദ്ദേഹം പറയുന്നു. ഡോൾബിയുടെ കൺസൾട്ടന്റായിരുന്ന ഇദ്ദേഹം ഇപ്പോൾ ഈ രംഗത്ത് സ്വതന്ത്രമായി പ്രവർത്തിക്കുന്നയാളാണ്. തലശ്ശേരി സ്വദേശിയാണെങ്കിലും ചെന്നൈയിലാണ് ഏറെക്കാലമായി താമസിക്കുന്നത്.

************************************

മാലിന്യമല്ല...  മനുഷ്യരാണ്
ഭക്ഷണം പാഴാക്കുന്നവർ ഒരിക്കലെങ്കിലും ഈ ക്യാമ്പ് സന്ദർശിക്കണം. പാഴാക്കി പുറന്തള്ളുന്ന ഭക്ഷണംപോലും വേറൊരുതരത്തിൽ അന്നമാവുകയാണ്  
കുറേകുടുംബങ്ങൾക്ക്. ഫരീദാബാദിലെ ക്യാമ്പിൽ കഴിയുന്ന റോഹിൻഗ്യൻ അഭയാർഥികളുടെ സമാനതകളില്ലാത്ത ദുരിതജീവിതത്തിലൂടെ...

ഷൈൻ മോഹൻ

ചാക്കുംതുണിയും വലിച്ചുകെട്ടിയ കൂരകൾക്കിടയിലെ ഇത്തിരിസ്ഥലത്ത് ഓടിക്കളിക്കണമെന്നുണ്ട് മെഹബൂബയ്ക്ക്. പക്ഷേ, ഉത്തരവാദിത്വമുള്ള ഒരു ഡ്യൂട്ടിയിലാണ് ഈ നാലുവയസ്സുകാരി. തന്റെ കുടിലിനു പുറത്ത് ഉണക്കാനിട്ട ചപ്പാത്തികൾക്ക് കാവലിരിക്കണം. തൊട്ടടുത്ത ഫ്ലാറ്റുകൾ പുറന്തള്ളിയ മാലിന്യങ്ങൾ ചികഞ്ഞ് ‘കേടില്ലാത്ത’ ചപ്പാത്തികൾ കണ്ടെടുക്കാൻ ഉമ്മ ബുദ്ധിമുട്ടുന്നത് കണ്ടതാണ്. അത് പട്ടികടിച്ചുകൊണ്ടുപോയാൽ തന്റെ അന്നം മുട്ടുമെന്ന് നന്നായറിയുന്നതുകൊണ്ടാണ് കുഞ്ഞനുജനെ നോക്കുന്നതിനെക്കാൾ ശ്രദ്ധയോടെ മെഹബൂബ ഈ ‘മാലിന്യ’ത്തിന് കാവലിരിക്കുന്നത്!
ഉണക്കിയെടുത്ത ചപ്പാത്തികൾ കാലിത്തീറ്റയായി വിൽക്കാം. മാലിന്യത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കുപ്പിക്കും പ്ലാസ്റ്റിക്കിനുമെല്ലാം ഇതുപോലെ മാർക്കറ്റുണ്ട്. നഗരമാലിന്യങ്ങളിൽ കൈയിട്ടുവാരി ലാഭംകൊയ്യുന്ന മാഫിയകളുടെ ചൂഷണം പോലും ജീവനോപാധിയാക്കേണ്ട ഗതികേടിലാണ് മെഹബൂബയുടേതുപോലെ ഒട്ടനവധി റോഹിംഗ്യൻ അഭയാർഥി കുടുംബങ്ങൾ. ജന്മദേശമായ മ്യാൻമാറിൽ നിന്ന് പലായനം ചെയ്യേണ്ടിവന്ന റോഹിംഗ്യകളുടെ നാൽപ്പതോളം കുടുംബങ്ങളാണ് ഫരീദാബാദിനടുത്ത് കഴിയുന്നത്. ഡൽഹിക്ക് സമീപത്തെ ആറ് അഭയാർഥിക്യാമ്പുകളിൽ ഏറ്റവും ശോചനീയമാണ് ഫരീദാബാദിലേത്. മ്യാൻമാറിലെ സ്വന്തംമണ്ണിൽ നഷ്ടമായ ജീവിതം ഇന്ത്യയിലെ മാലിന്യങ്ങളിൽ തിരയുകയാണിവർ. 
മ്യാൻമാറിലെ ഭാഷ മാത്രമറിയുന്ന ഈ അഭയാർഥികളുടെ ലോകം ഇത്തരം ക്യാമ്പുകൾക്കുള്ളിൽ ചുരുങ്ങുകയാണ്. മാലിന്യമാഫിയ കൊണ്ടുതള്ളുന്ന പാഴ്വസ്തുക്കൾ തരംതിരിച്ചുകൊടുക്കുമ്പോൾ ലഭിക്കുന്ന തുച്ഛമായ പൈസയാണ് ഇവരുടെ പ്രതീക്ഷ. ആരെങ്കിലും മരിച്ചാൽ അവിടെത്തന്നെ മറവുചെയ്യേണ്ട ദുര്യോഗം. ഡൽഹിയിലെ ക്യാമ്പുകളിൽ പാമ്പുകടിയേറ്റ് കുഞ്ഞുങ്ങൾ വരെ മരിച്ച സംഭവമുണ്ട്.
ഏതാണ്ട് 40,000 റോഹിംഗ്യൻ അഭയാർഥികളാണ് ഇന്ത്യയിലെ 147 ക്യാമ്പുകളിലായി കഴിയുന്നത്. ഇതിൽ പകുതിപ്പേർക്ക് മാത്രമേ ഐക്യരാഷ്ട്രസഭ നൽകുന്ന അഭയാർഥികളുടെ തിരിച്ചറിയൽ കാർഡുള്ളൂ. അഭയാർഥികൾക്ക് സംരക്ഷണം നൽകുന്നതിൽ മിക്ക രാജ്യങ്ങൾക്കും പരിമിതികളുണ്ട്. അങ്ങനെവരുമ്പോൾ ഇവർക്ക് ഭക്ഷണം നൽകേണ്ടതുപോലും ആരാണെന്ന് തീർച്ചയില്ലാത്ത അവസ്ഥ. വിവിധ സന്നദ്ധസംഘടനകളും മറ്റുമാണ് പല തരത്തിൽ സഹായമെത്തിക്കുന്നത്.
ഇവർക്ക് ലഭിക്കുന്ന സഹായങ്ങൾപോലും ചിലപ്പോഴെല്ലാം ചിന്തിപ്പിക്കുന്ന തമാശകളാകും. ഒരിക്കൽ യു.എൻ. പദ്ധതിയായ ‘സേവ് ദ ചിൽഡ്രന്റെ’ ഭാഗമായി ക്യാമ്പിൽ പരിപാടി നടത്തി. ഭക്ഷണം കഴിക്കുംമുമ്പ് സോപ്പ് ഉപയോഗിച്ച് എങ്ങനെ കൈ കഴുകണമെന്ന് പഠിപ്പിക്കലായിരുന്നു അതിൽ. ഭക്ഷണം കഴിക്കാനില്ലാത്തവരെയാണ് അവർ കൈ കഴുകാൻ പഠിപ്പിച്ചത്! 
ഇതുപോലെത്തന്നെ സ്ത്രീകളെ നാപ്കിൻ ഉപയോഗിക്കാൻ പഠിപ്പിക്കുന്ന പരിപാടിയുമുണ്ട്. ശൗചാലയങ്ങൾ പോലുമില്ലാത്ത ക്യാമ്പുകളിലെ സ്ത്രീകളോട് നാപ്കിന്റെ ഗുണങ്ങൾ വിശദീകരിക്കുന്നത് വിചിത്രമാണെന്ന് അഭയാർഥികൾക്കിടയിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന ഉബൈസ് സൈനുലാബ്ദീൻ ചൂണ്ടിക്കാട്ടുന്നു. 
ബർമ-ബംഗ്ലാദേശ് അതിർത്തിയിലെ റോചിൻ സംസ്ഥാനത്ത് താമസിച്ചിരുന്നവരായതുകൊണ്ടാണ് ഇവരെ റോഹിംഗ്യക്കാർ എന്നുവിളിക്കുന്നത്. 1996 മുതൽ മ്യാൻമാറിൽ നടന്നുവരുന്ന കലാപങ്ങളാണ് സ്വന്തംമണ്ണിലെ ഇവരുടെ ജീവിതം തകർത്തത്. 2012-ൽ അവിടെ നടന്ന വംശഹത്യയ്ക്കുശേഷമാണ് ഇവർ കൂട്ടത്തോടെ പലായനം ചെയ്തുതുടങ്ങിയത്. ഡൽഹിയിൽ കാളിന്ദീകുഞ്ജ്‌, ശരൺവിഹാർ, ഷഹീൻബാഗ്, വസന്ത് വിഹാർ എന്നിവിടങ്ങളിലും മ്യാൻമാർ അഭയാർഥിക്യാമ്പുകളുണ്ട്.
മാലിന്യങ്ങൾക്കിടയിലെങ്കിലും ഇവിടെ സമാധാനമുണ്ടെന്ന് ഫരീദാബാദിലെ ക്യാമ്പിലുള്ള മുഹമ്മദ് ഇസ്മായീൽ പറഞ്ഞു. സ്വന്തംനാട്ടിൽ നിന്ന് ജീവനുപോലും ഭീഷണി നേരിട്ടു. ബന്ധുക്കളായ സ്ത്രീകൾപോലും കൂട്ടബലാത്സംഗത്തിനിരയായി. ഇനിയും പിടിച്ചുനിൽക്കാനാവില്ലെന്നു കണ്ടപ്പോഴാണ് നാടുവിട്ടത്. ഇവിടെ ആരും തങ്ങളോട് മോശമായി പെരുമാറുന്നില്ലെന്നും ഇസ്മായീൽ പറഞ്ഞു.
കൂട്ടത്തിൽ കുറച്ച് ഹിന്ദിപഠിച്ചത് ഇസ്മായീൽ മാത്രം. സഹവാസികൾക്കുവേണ്ടി തിരിച്ചറിയൽ കാർഡിനും മറ്റും വസന്ത് വിഹാറിലുള്ള അഭയാർഥികളുടെ യു.എൻ. ഹൈക്കമ്മിഷനിലേക്ക് പോയിവരുന്നതും ഇസ്മായീലാണ്. തിരിച്ചറിയൽ കാർഡ് ഇല്ലാതെ പിടിക്കപ്പെട്ടാൽ ഇവർ നേരേ ജയിലിലേക്ക് പോകും. അങ്ങനെ ജയിലിലായവരുമുണ്ട്. 
ഇതിനിടെ ഫരീദാബാദിലെ ക്യാമ്പിൽ കഴിഞ്ഞദിവസം തീപ്പിടിത്തമുണ്ടായത് ക്യാമ്പിലെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി. തുണിയും പ്ലാസ്റ്റിക് ഷീറ്റുകളും ചാക്കുമെല്ലാം വലിച്ചുകെട്ടിയുണ്ടാക്കിയ കൂരകൾ പലതും കത്തിനശിച്ചതോടെ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം വീണ്ടും പെരുവഴിയിലായി. തലചായ്ക്കാനുള്ള കൂരകൾ തട്ടിക്കൂട്ടാനുള്ള തത്രപ്പാടിലാണ് ക്യാമ്പിലെ കുടുംബങ്ങളിപ്പോൾ. 
ആകെ 32 ലക്ഷം റോഹിംഗ്യകളുണ്ടെന്നാണ് പറയുന്നത്. എന്നാൽ, പൗരത്വമില്ലാത്ത ഇവരെ റോഹിംഗ്യകളെന്ന് അംഗീകരിക്കാനാവില്ലെന്ന് മ്യാൻമാർ പറയുന്നു. ഇതിൽ അഞ്ചുലക്ഷം പേർ ബംഗ്ലാദേശിലെ ക്യാമ്പുകളിലാണ് കഴിയുന്നത്. ഇന്ത്യയിലേക്ക് ഒരു ലക്ഷത്തോളം പേർ വന്നെങ്കിലും പിന്നീട് 60,000 പേർ തിരിച്ചുപോയി. ഇതിൽ പലരും ബംഗ്ലാദേശിൽ കുടുങ്ങിയിട്ടുമുണ്ട്.