തായ്‌ലൻഡിലെ രാജാവ് ഒരിക്കൽ ഒരു കാര്യം ശ്രദ്ധിച്ചു. നാട്ടുകാർ ഇടയ്ക്കിടെ കൂട്ടമായി പോയി നെൽപ്പാടങ്ങളിൽ നിന്ന് മീനുകളെ പിടിച്ച് വളർത്തുന്നു. ആദ്യമൊന്നും എന്തിനാണ് അവയെ പൊന്നു പോലെ വളർത്തുന്നതെന്ന്‌ അദ്ദേഹത്തിന് മനസ്സിലായില്ല. കൂടുതൽ അന്വേഷണത്തിൽ മീനുകളെ തമ്മിൽ തല്ലിക്കുന്ന മത്സരം നടത്തുവാൻ വേണ്ടിയാണെന്ന്‌ അദ്ദേഹത്തിനു മനസ്സിലായി. അതോടെ മത്സരങ്ങൾ കാണുക എന്നത് അദ്ദേഹത്തിന്റെ നേരമ്പോക്കായി. അവിടം കൊണ്ടൊന്നും തീർന്നില്ല കാര്യങ്ങൾ. രാജാവും മീനുകളെ വളർത്തുവാനും അവയെയും കൊണ്ട് നാട്ടുകാർ നടത്തുന്ന മത്സരങ്ങൾക്ക് പോകുവാനും തുടങ്ങി. ജയിക്കുന്ന മീനുകൾക്ക് അദ്ദേഹം പ്രത്യേക പരിഗണന നൽകി വളർത്തി.

അവസാനം മത്സരങ്ങൾ നടത്തുവാൻ തുടങ്ങിയ രാജാവ് അതിനായി പുതിയ നിയമങ്ങൾ കൊണ്ടുവരികയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഇതിനിടെ വിദഗ്‌ധരെ വരുത്തി മീനുകളെ തമ്മിൽ ഇണ ചേർത്ത് പുതിയ ഇനങ്ങളെ കണ്ടെത്തുകയും ചെയ്തു അദ്ദേഹം. മത്സരങ്ങൾക്കിടയിൽ വൻ തുക ബെറ്റ് വെയ്ക്കുന്ന ഏർപ്പാടും ഉണ്ടാക്കിയതോടെ മത്സരങ്ങൾക്ക് അയൽ രാജ്യങ്ങളിൽ നിന്ന് പോലും ആളുകൾ എത്തിത്തുടങ്ങി.

ചുരുക്കിപ്പറഞ്ഞാൽ ഭരണമൊക്കെ മറ്റുള്ളവർ നടത്തും, താൻ മീൻ വളർത്തി പോരിന് പോകുമെന്നായി രാജാവിന്റെ സ്ഥിതി.

നെൽപ്പാടങ്ങളിൽ സമൃദ്ധിയായി വളരുന്ന സയാമീസ് ഫിഷ് അല്ലെങ്കിൽ ബെറ്റെ ഫിഷ് എന്ന മത്സ്യത്തെയാണ് തായ്‌ലൻഡുകാർ പോരിന് ഉപയോഗിച്ചിരുന്നത്. ഗൗരാമി ജനുസ്സിൽ പെട്ടവയാണ് ബെറ്റെ ഫിഷ്. തോൽവി സമ്മതിക്കാതെ മരണം വരെ പോരാടും ഇവ എന്നാണ്്‌ വിശ്വാസം. മിനിറ്റുകൾ മാത്രമേ (മിക്കവാറും ഒരു മിനിറ്റിൽ താഴെ) ബെറ്റെ പോരടിക്കൂ.
ഒന്നുകിൽ ഒരെണ്ണം ചാകും അല്ലെങ്കിൽ ഒരാൾ തോൽവി സമ്മതിച്ചു പുറകോട്ടു മാറും. വെള്ളത്തിനു പുറത്ത് നിന്ന് ശ്വസിക്കുവാനും കൂടി കഴിവുള്ള മത്സ്യമാണ് ബെറ്റെ. ഒരല്പം നനവ് ശരീരത്തുണ്ടെങ്കിൽ ഒരു ദിവസം വരെ വെള്ളത്തിനു പുറത്ത് ഇവയ്ക്ക് ജീവിക്കുവാൻ കഴിയും.

എഴുപത്തി മൂന്നോളം ഉപവിഭാഗങ്ങളായി പരന്നു കിടക്കുന്ന ബെറ്റെ മത്സ്യ കുടുംബത്തിലെ പല അംഗങ്ങളും വംശനാശം നേരിടുന്നുണ്ട്. അക്വേറിയത്തിൽ വളർത്തുന്ന പല വിഭാഗങ്ങൾക്കും ആ ഭീഷണി ഇല്ല താനും.

Betta എന്നാണ് എഴുതുന്നതെങ്കിലും ബെറ്റെ എന്നാണ് പറയുക (അവസാനത്തെ ‘a’എന്ന അക്ഷരം എഗെയ്‌ൻ എന്ന വാക്കിലെ ‘a’ പോലെയാണ്  ഉച്ചരിക്കേണ്ടത്) ബെറ്റെകൾ വഴക്കാളികളാണ്. ആരെയും കിട്ടിയില്ലെങ്കിൽ ആണുങ്ങൾ ഇണയുമായി പോരടിക്കും. ടാങ്കിൽ കിടക്കുമ്പോൾ ബോറടിച്ചാൽ മുകളിലേയ്ക്ക് കുതിച്ചു ചാടി നോക്കും.

   മറ്റൊരു ദൂഷ്യവുമുണ്ട്. വേറെ ആരെയും വഴക്കിടാൻ കിട്ടാതെ ഒറ്റയ്ക്കായാൽ ആ ദേഷ്യം  മുഴുവൻ തീർക്കുന്നത് സ്വന്തം ചിറകുകൾ കടിച്ചു പറിച്ചാണ്. പെൺമത്സ്യം മുട്ടയിട്ടു കഴിഞ്ഞാൽ ആൺമത്സ്യം പെണ്ണിനെ ഓടിക്കും. ഇല്ലെങ്കിൽ കിട്ടിയ ആദ്യ സന്ദർഭത്തിൽ തന്നെ മുട്ട മുഴുവൻ ആ പെൺ മത്സ്യം തിന്നു കളയും.