അമേരിക്കയിലെ സംഗീത വിപണിയിലൂടെ കടന്നു പോകുന്നത് ശരാശരി 496037850000 രൂപയാണ്. ചെറിയ തുകയല്ല എന്നു കാണിക്കാനാണ് ഈ സംഖ്യ അക്കത്തിൽത്തന്നെ എഴുതിയത്. സി.ഡി., ഡി.വി.ഡി., ഡിജിറ്റൽ ഡൗൺലോഡുകൾ എന്നിവയിൽ നിന്നായിരുന്നു ഈ തുക പ്രധാനമായും വന്നിരുന്നത്. ഇപ്പോൾ സംഗതിയാകെ മാറിമറിഞ്ഞു.  സി.ഡി.യും ഡി.വി.ഡി.യും ആർക്കും വേണ്ട.  ഇടക്കാലത്ത് പെൻഡ്രൈവുകളിൽ പാട്ടുകൾ വിറ്റു നോക്കി. അതും തണുത്ത പടക്കംപോലെ ചീറ്റി.

പുതിയ സാങ്കേതിക വിദ്യയും ബ്രോഡ്ബാൻഡ് പോലെയുള്ള അനുബന്ധ കാര്യങ്ങളിൽ ഉണ്ടായ കുതിച്ചുചാട്ടവുമൊക്കെ വിപണിയെ സ്വാധീനിച്ചു. ഡെസ്ക് ടോപ്പുകളിൽ നിന്ന് ടാബുകളിലേക്കും പാഡുകളിലേക്കും ഫാബ്‌െല റ്റുകളിലേക്കുമുള്ള മാറ്റം സി.ഡി.യെയും ഡി.വി.ഡി.യെയും ഇല്ലാതാക്കി എന്നു തന്നെ കരുതാം. ഫോണുകളുടെ സംഭരണ ശേഷിയിൽ മാറ്റം വന്നതോടെ പെൻഡ്രൈവുകളിലും മാറ്റം വന്നു.

 ബ്രോഡ്‌ബാൻഡുകളുടെ വേഗം കൂടുകയും ചെലവ് കുറയുകയും ചെയ്തതോടെ സ്‌ട്രീമിങ് സർവീസുകൾ മ്യൂസിക് വിപണിയിലേക്ക് വന്നതാണ് ഒരു പ്രധാന മാറ്റം. ലോകത്തെവിടെയാണെങ്കിലും മനുഷ്യർക്ക് ഒരു പൊതു സ്വഭാവം ഉണ്ട്. കഴിയുമെങ്കിൽ എല്ലാം സൗജന്യമായി ലഭിക്കണം. എല്ലാം സൗജന്യമായി നൽകുന്ന ഒരു കമ്പനി നിലവിലുണ്ടുതാനും. യു ട്യൂബ് ഒരു വീഡിയോ പ്ലാറ്റ്ഫോം ആണെങ്കിലും സൗജന്യമാണ്. ആർക്കും സംഗീത സംബന്ധിയായി എന്തു വേണമെങ്കിലും നേരെ യു ട്യൂബിൽ കയറിയാൽ മതി.

മാർക്കറ്റിൽ പിന്നെയുമുണ്ട് വമ്പന്മാർ. ആപ്പിളിന്റെ ആപ്പിൾ മ്യൂസിക്, ആമസോണിന്റെ ആമസോൺ മ്യൂസിക് അൺലിമിറ്റഡ്, സ്പോട്ടിഫൈ എന്നിവയൊക്കെ ഗുണനിലവാരത്തിൽ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറില്ല. മത്സരം ഏറിയതോടെ യു ട്യൂബിന്റെ ആധിപത്യം കുറയാനും തുടങ്ങി. എങ്കിലും സ്ട്രീമിങ് വ്യവസായത്തിന്റെ ഇരുപത്തിയഞ്ച് ശതമാനവും യു ട്യൂബിന്റെ കൈയിലാണ്.

മറ്റ് മേഖലകളിൽ നിന്ന് പണം വരുന്നത് കുറഞ്ഞതോടെ റെക്കോഡിങ് കമ്പനികൾ സ്ട്രീമിങ്ങിലെ വരുമാനത്തെക്കുറിച്ച് ബോധവാന്മാരായിത്തുടങ്ങി. അതോടെ അവരും യു ട്യൂബുമായി എന്നും കേസും വഴക്കുമായി. പ്രധാന വഴക്കൊക്കെ യു ട്യൂബ് നൽകുന്ന പ്രതിഫലത്തെ ചൊല്ലിയാണ്. 1000 പ്രാവശ്യം ഒരു പാട്ട് യു ട്യൂബിൽ കണ്ടുകഴിഞ്ഞാൽ യു ട്യൂബ് നൽകുന്ന ശരാശരി പ്രതിഫലം ഒരു ഡോളർ ആണ് (അറുപത്തിനാല് രൂപ). എന്നാൽ ആപ്പിൾ നൽകുന്നത് ഏഴു ഡോളർ ആണ് (നാനൂറ്റിയമ്പത് രൂപ). ഇതേ തുക തന്നെയാണ് സ്പോട്ടിഫൈയും നൽകുന്നത്. യു ട്യൂബ് സമ്മതിക്കുന്നു, ശരിയാണ് ഞങ്ങൾ നിങ്ങൾക്ക് കുറവു പണമേ തരുന്നുള്ളൂ. പക്ഷേ അതിനുകാരണം നിങ്ങൾതന്നെ എന്ന് യു ട്യൂബ് പറയുന്നു. എന്തു കൊണ്ടാണ് നിങ്ങളുടെ പാട്ടിന്‌ അതർഹിക്കുന്ന വ്യൂസ് കിട്ടാതെ പോകുന്നത്. ഒരു കാരണം ഒരേ പാട്ടു തന്നെ പലരും അപ്‌ലോഡ് ചെയ്യുന്നതുകൊണ്ടാണ്. നിങ്ങൾക്ക് കിട്ടേണ്ട വ്യൂസ് മറ്റുള്ളവർ നിയമം ലംഘിച്ച് അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ കൂടി കൊണ്ടുപോകുന്നു. ഇതിനൊക്കെ കാരണം യഥാർത്ഥ പകർപ്പവകാശക്കാരന്റെ പിടിപ്പുകേടാണെന്നാണ് യു ട്യൂബ് പറയുന്നത്. അവരുടെ കണ്ടന്റ് ഐ.ഡി. സംവിധാനം ഉപയോഗിച്ച് 99.5 % പകർപ്പവകാശ ലംഘനവും കണ്ടുപിടിക്കാൻ കഴിയുമെന്നാണ് അവരുടെ നിലപാട്. എന്നാൽ ഇത് കൃത്യമായി ഉപയോഗിക്കാൻ അറിയുന്നവർ ചുരുക്കം. റെക്കോഡിങ് കമ്പനികൾ പറയുന്നത് മറ്റൊരു കാര്യമാണ്. ഒരു ഡോളറും ഏഴു ഡോളറും തമ്മിലുള്ള അന്തരം വലുതല്ലേ? അവിടെ യു ട്യൂബ് രക്ഷപ്പെടുന്നത് യു.എസിലുള്ള ഒരു നിയമത്തിന്റെ പിൻബലത്തിലാണ്. ആരെങ്കിലും യു ട്യൂബിൽ പകർപ്പവകാശം ലംഘിച്ചുകൊണ്ട് വീഡിയോ അപ്‌ലോഡ് ചെയ്താൽ സേഫ് ഹാർബർ എന്ന ഓമനപ്പേരുള്ള നിയമപ്രകാരം യു ട്യൂബ് അമേരിക്കയിൽ കുറ്റക്കാരല്ല.

പകർപ്പവകാശി മുന്നോട്ടുവന്ന്‌ വീഡിയോയുടെ ഉടമസ്ഥാവകാശമോ അല്ലെങ്കിൽ അതിൽ ഉപയോഗിച്ചിരിക്കുന്ന സംഗീതത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിക്കുന്നതു വരെ മാത്രമേ യു ട്യൂബിന് ഈ നിയമത്തിന്റെ പിന്നിൽ മറഞ്ഞുനിൽക്കാൻ കഴിയുകയുള്ളു. കണ്ടന്റ് ഐ.ഡി. സംവിധാനമുള്ളതു കാരണം 99.5 % പകർപ്പവകാശ ലംഘനവും കണ്ടുപിടിക്കുന്നതിനാൽ വെറും 1500 അവകാശവാദങ്ങൾ മാത്രമേ തങ്ങൾക്ക് ഒരാഴ്ച ലഭിക്കുന്നുള്ളൂ എന്നാണ്‌ യു ട്യൂബ് ഈയിടെ അവകാശപ്പെട്ടത് (ഇത് അമേരിക്കയിലെ കാര്യമാണ്).  സേഫ് ഹാർബർ നിയമം രക്ഷിക്കുന്നതു കാരണം യു ട്യുബിനെതിരേ റെക്കോഡിങ് കമ്പനികൾക്ക്  കേസിനു പോകാനും കഴിയുകയില്ല. യു ട്യൂബ് മുഴുവൻ തപ്പി, പകർപ്പവകാശം ലംഘിച്ചവരെ കണ്ടെത്തി കേസ് കൊടുക്കുക എന്നുള്ളതും അത്ര ചില്ലറക്കാര്യമല്ലല്ലോ.  റെക്കോഡിങ് കമ്പനികളുടെ അഭിപ്രായത്തിൽ ഭൂമിയിലെ ഏറ്റവും വലിയ ‘കള്ളൻ’ യു ട്യൂബ് ആണ്. അതുകൊണ്ടുതന്നെ അവർ സംഘം ചേർന്ന് യു ട്യൂബിൽ നിന്ന് പിന്മാറാൻ തുടങ്ങി (ഇന്ത്യയിൽ ഹോട്ട് സ്റ്റാർ മാറിയതുതന്നെ ഒരു ഉദാഹരണം).

അമേരിക്കയിലെ റെക്കോഡിങ് കമ്പനികളുടെ സംഘത്തിന്റെ പ്രസിഡന്റ് ആയ മിച്ച് ഗ്ലാസിറിന്റെ അഭിപ്രായത്തിൽ യു ട്യൂബ് ഒരല്പം ‘പരിഭ്രമത്തിലാണ്’.  അതുകൊണ്ടുതന്നെ അവർ ചില വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നുണ്ട് എന്നൊരു തോന്നൽ ഉളവാക്കിയ സംഭവം കഴിഞ്ഞിടെ നടന്നു. വാർണർ മ്യൂസിക് ഗ്രൂപ്പ് ലോകത്തിലെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ മ്യൂസിക് ലേബൽ കമ്പനിയാണ്. അവർ വളരെ നേരത്തെ തന്നെ യു ട്യൂബുമായി പിണങ്ങിപ്പോയിരുന്നു. എന്നാൽ ഇപ്പോൾ അവർ യു ട്യൂബുമായി പ്രത്യേക കരാർ ഒപ്പിട്ട്‌ തിരിച്ചു വന്നു. വാർണറിന്റെ ലൈസൻസുകൾ യു ട്യൂബിന് ഉപയോഗിക്കാവുന്ന വിധത്തിലാണ് കരാർ. എങ്കിലും യു ട്യൂബ് പൂർണമായും കീഴടങ്ങിയിട്ടില്ല എന്നുള്ള സൂചനയും വാർണർ മേധാവി സ്റ്റീവ് കൂപ്പറിന്റെ വാക്കുകളിലുണ്ട്.

 മൂല്യത്തിലുള്ള വ്യതിയാനം എന്നൊരു സാമാന്യ സങ്കല്പം ഉണ്ട്. യു ട്യൂബിൽ നിന്ന്‌ കിട്ടുന്ന തുകയും (പരസ്യം വഴിയും വരിസംഖ്യ വഴി കിട്ടുന്ന തുകയും ചേർന്നതാണ് യു ട്യൂബിൽ നിന്നുള്ള വരുമാനം. യു ട്യൂബ് െെകയിൽ നിന്ന് ഒരു ചില്ലിക്കാശ് ആർക്കും നൽകുന്നില്ല) റോയൽറ്റി ആയി നേരത്തെ കിട്ടുന്ന തുകയും തമ്മിലുള്ള അന്തരമാണത്. അത്തരമൊരു മൂല്യ വ്യതിയാനം ഇല്ലെന്നാണ് യു ട്യൂബ് പറയുന്നത്. ഇതിനെക്കുറിച്ച് പഠിക്കുന്നതിന്‌ ഒരു കമ്മിഷൻ വച്ചിട്ട്‌ അവരുടെ അഭിപ്രായപ്രകാരമാണ് ഇതു പറയുന്നത്.  യു ട്യൂബ് സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ സംഗീതത്തെ ലോകമെമ്പാടും എത്തിക്കാൻ യു ട്യൂബ് മുൻകൈയെടുക്കുന്നു. യു ട്യൂബ് ഈ സർവീസ് നിർത്തിയാൽ ഇന്നത്തെ ഉപഭോക്താക്കളിൽ 85 ശതമാനവും പണമൊന്നും നൽകാത്ത സർവീസുകളിലേക്ക്‌ പോകുന്നതു  കാരണം നിങ്ങൾക്ക് ഒന്നും കിട്ടുകയില്ല. ഇതാണ് യു ട്യൂബിന്റെ വാദം. എന്നാലത് തെറ്റാണെന്നും യു.എസിൽ മാത്രം മൂല്യ വ്യതിയാനം 4,000 കോടി രൂപയ്ക്ക് മേലെ ഉണ്ടെന്നുമാണ് മറ്റൊരു ഏജൻസി നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഏതായാലും മ്യൂസിക് കമ്പനികൾ യൂറോപ്യൻ യൂണിയനെ സമീപിച്ചിരിക്കുകയാണിപ്പോൾ.  റെക്കോഡിങ് കമ്പനികളുടെ മൂല്യ വ്യതിയാന വാദം അവർ തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഈ വർഷാവസാനം യൂറോപ്യൻ യൂണിയൻ പാട്ട്, വീഡിയോ എന്നിവയുടെ  പകർപ്പവകാശം എങ്ങനെ കൈകാര്യം ചെയ്യണമെന്നും അതിന്‌ എത്ര പ്രതിഫലം എങ്ങനെ നൽകണമെന്നുമുള്ള നിർദേശങ്ങൾ യു ട്യൂബിന് നൽകും. അതിനായി നിയമ നിർമാണവും നിയമ ഭേദഗതികളും യൂറോപ്യൻ യൂണിയൻ കൊണ്ടുവരും. ഇതോടെ അർഹിക്കുന്ന പ്രതിഫലം തങ്ങൾക്ക് കിട്ടുമെന്ന പ്രതീക്ഷയിലാണ് റെക്കോഡിങ് കമ്പനികൾ.