പ്രമേഹം എന്ന ശാരീരികാവസ്ഥയെ (ഒരു രോഗമായി പല വിദഗ്‌ധരും ഇതിനെ കരുതുന്നില്ല) തിരിച്ചറിഞ്ഞിട്ട്‌ മൂവായിരം കൊല്ലമെങ്കിലും ആയിക്കാണുമെന്നാണ് ചില സൂചനകൾ ലഭിക്കുന്നത്. എങ്കിലും ഇതിനൊരു പ്രതിവിധി വേണമെന്ന് കരുതിത്തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിലാണെന്നു മാത്രം.

എന്തുകൊണ്ട് പ്രമേഹം ഉണ്ടാകുന്നു എന്നുള്ളത് വിദഗ്‌ധർക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒരു രോഗിക്ക്‌ ഇത്തരമൊരു അവസ്ഥവന്നാൽ ഒന്നും ചെയ്യാൻ കഴിയാതെ നോക്കിനിൽക്കേണ്ടി വന്നിരുന്ന  ഡോക്ടർമാർക്കു മുന്നിൽ ദേവദൂതരെ പോലെ കടന്നു വന്നവരാണ് ഫ്രഡറിക് ബാന്റിങ്,  ചാൾസ് ബെസ്റ്റ് എന്നീ കനേഡിയൻ ഗവേഷകർ. യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയിൽ ഗവേഷണം നടത്തുന്ന വേളയിലാണ് ഇവരുടെ ശ്രദ്ധ പ്രമേഹത്തിൽ എത്തിയത്. പ്രമേഹം ഉണ്ടാകാനുള്ള കാരണം ശരീരത്തിൽ ഉണ്ടാകുന്ന ഒരു ഹോർമോൺ ആണെന്ന് അപ്പോഴേക്കും പലർക്കും മനസ്സിലായിരുന്നു. കരളിനു മുകൾഭാഗത്തുള്ള പാൻക്രിയാസ് ഗ്രന്ധികളുടെ തകരാർമൂലമാണ് പ്രമേഹം ഉണ്ടാകുന്നതെന്നും കണ്ടെത്തി. ഫ്രഡറിക് ബാന്റിങ്ങും ചാൾസ് ബെസ്റ്റും പ്രമേഹത്തിനു കാരണമായ ഹോർമോണിനെ വേർതിരിച്ചെടുക്കാനുള്ള ശ്രമംതുടങ്ങി. അന്നുവരെ പ്രമേഹരോഗികൾക്കുള്ള ചികിത്സ വെറും ആഹാരക്രമത്തിലൊതുങ്ങി നിന്നിരുന്നു. എങ്കിൽപ്പോലും ഒരു വർഷത്തിലേറെയൊന്നും പലപ്പോഴും ആയുസ്സുകൂട്ടാൻ ഡോക്ടർമാർക്ക് കഴിഞ്ഞിരുന്നില്ല.

1921-ൽ ഫ്രഡറിക് ബാന്റിങ്ങും ചാൾസ് ബെസ്റ്റും ഇൻസുലിൻ എന്ന ഹോർമോൺ വേർതിരിച്ചെടുത്തു. നായ്ക്കളിൽ നിന്ന് ഇൻസുലിൻ അവർ മാറ്റുകയും ഇൻസുലിൻ ഇല്ലാത്ത നായ്ക്കളിൽ പ്രമേഹലക്ഷണങ്ങൾ ഉണ്ടാകുന്നത് നിരീക്ഷിക്കുകയും ചെയ്തു. പ്രമേഹാവസ്ഥയിലുള്ള നായ്ക്കൾക്ക് ഇൻസുലിൻ കുത്തിവച്ച് പൂർവസ്ഥിതിയിലാക്കുകയും ചെയ്തു.
ഇരുവരും ആദ്യമായി ഇൻസുലിൻ വേർതിരിച്ചെടുത്തത് 1921 ജൂലായ് 27 ന്‌ ആയിരുന്നു.  ആ വർഷം നവംബർ 14 ന്‌ അവർ ലോകത്തിനു മുന്നിൽ പ്രമേഹത്തിനുള്ള പ്രതിവിധി പ്രഖ്യാപിച്ചു.പിന്നീട് ആർ. മക്ലിയോഡ്, ജെ.ബി. കോലിപ് എന്നിവരുടെ സഹായത്തോടെ അറവുശാലകളിലെ മൃഗങ്ങളിൽ നിന്ന്‌ അവർ ഇൻസുലിൻ ശേഖരിച്ചു. 1922 ജനുവരി 23 ന് അവർ പതിന്നാലുകാരനായ ലിയോണാർഡ് തോംപ്‌സൺ എന്ന കുട്ടിയിൽ ഇൻസുലിൻ കുത്തിവച്ചു. പ്രമേഹംകൊണ്ട് വലഞ്ഞിരുന്ന ലിയോണാർഡിന്റെ പ്രമേഹം പിടിച്ചുനിർത്താൻ അന്നവർക്ക്‌ കഴിഞ്ഞു.

ഫ്രെഡറിക് ബാന്റിങ്‌ പ്രമേഹചികിത്സയ്ക്കായി ഒരു ക്ലിനിക്ക് തുടങ്ങി. ഇവിടെ ചികിത്സയ്ക്ക് എത്തിയവരിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായ ചാൾസ് ഹോഗ്‌സിന്റെ മകൾ എലിസബത്തും ഉണ്ടായിരുന്നു. അതോടെ ഇൻസുലിൻ ചികിത്സ പ്രചാരത്തിലായി. 1923 ൽ  ഫ്രഡറിക്‌ ബാന്റിങ്‌, ആർ. മക്ലിയോഡ് എന്നിവർക്ക് നൊബേൽ സമ്മാനം ലഭിച്ചു.

ബാന്റിങ്‌ തന്റെ സമ്മാനത്തുക ചാൾസ് ബെസ്റ്റുമായും ആർ. മക്ലിയോഡ് തന്റെ സമ്മാനത്തുക കോലിപ്പുമായും പങ്കുവച്ചു. ഇൻസുലിൻ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതിന് ഇവർ റോയൽറ്റി വാങ്ങാതെയാണ് ഔഷധക്കമ്പനികൾക്ക് അനുവാദം നൽകിയത്.  പുരാതന ഭാരതത്തിൽ ഉണ്ടായിരുന്ന ശുശ്രുതനും ചരകനുമാണ് ഏതാണ്ട് 2500 വർഷം മുൻപ് രണ്ടു തരം പ്രമേഹം ഉണ്ടെന്ന്‌ കണ്ടെത്തിയത്. ആദ്യത്തെ തരം പ്രമേഹം ഉണ്ടാകുന്നത് ബാല്യത്തിലോ കൗമാരത്തിന്റെ ആരംഭത്തിലോ ആണെന്നും എന്നാൽ രണ്ടാമത്തെ തരം പ്രമേഹം ഉണ്ടാകുന്നതിന്റെ പ്രധാനകാരണം അമിത ഭാരം ആണെന്നും അവർ കണ്ടെത്തിയിരുന്നു. ഗ്രീക്ക് വൈദ്യൻ, ഗവേഷകനായ അറേറ്റ്സ് പ്രമേഹത്തെക്കുറിച്ച് ഗവേഷണം നടത്തുകയും തന്റെ നിരീക്ഷണങ്ങൾ വൈദ്യലോകത്തോട് പങ്കു വയ്ക്കുകയും ചെയ്തിരുന്നു.

 കൂടുതൽ മൂത്രം പോകുന്നതിന്‌ കാരണം പ്രമേഹമാകാം എന്ന്  കണ്ടെത്തിയത് അറേറ്റ്സ് ആണ്. റോമാ സാമ്രാജ്യത്തിൽ ഈ രോഗം വളരെ കുറവാണെന്നു കണ്ടെത്തിയത് ഗാലെൻ ആണ്. അതിനു കാരണം അവരുടെ ആഹാരക്രമമാണെന്നും അദ്ദേഹം വാദിച്ചു.