രാജ്യത്തിന്റെ അഭിമാനമാണ് ഈ സര്‍വകലാശാല. ഇന്ത്യയില്‍ ഇത്തരമൊരു സ്ഥാപനം വേറെയില്ല. എന്നാല്‍ ഇപ്പോള്‍ ജെ.എന്‍.യുവില്‍ നിന്നാണെന്നു പറയാന്‍ പേടിക്കേണ്ട സ്ഥിതിയാണ്. കേന്ദ്രസര്‍ക്കാരും വലതുപക്ഷ രാഷ്ട്രീയശക്തികളും വാണിജ്യതാത്പര്യക്കാരും സര്‍വകലാശാലയുടെ സ്വഭാവം മാറ്റാനും സ്വാതന്ത്ര്യം ഇല്ലാതാക്കാനും ശ്രമിക്കുകയാണ്.അവിടെ അരാജകത്വവും അക്രമവും പാക് അനുകൂല മനോഭാവവുമാണെന്ന പ്രചാരണം ശക്തമായി അഴിച്ചുവിടുകയാണ്.  ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയെക്കുറിച്ചാണ് ഡോ. ഫ്രാന്‍സന്‍ മഞ്ഞളി സംസാരിക്കുന്നത്. അവിടത്തെ സ്‌കൂള്‍ ഓഫ് ലാംഗ്വേജ് ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസില്‍ പ്രൊഫസറാണ് അദ്ദേഹം.  മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ബി.എസ്സി. ബിരുദം നേടിയ ശേഷം 1976-ലാണ് അദ്ദേഹം കോഴിക്കോടു വിട്ട് ഡല്‍ഹിയിലേക്കുപോയത്. പിന്നെ ജെ.എന്‍.യുവില്‍നിന്ന് ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടി. ഡല്‍ഹി സര്‍വകലാശാലയില്‍ ഒരുവര്‍ഷം അധ്യാപകനായി. ഗവേഷണാനന്തര പഠനങ്ങള്‍ക്കായി രണ്ടുവര്‍ഷം പാരീസില്‍ കഴിഞ്ഞശേഷം 1989-ലാണ് ജെ.എന്‍.യുവില്‍ അധ്യാപകനായത്. അരനൂറ്റാണ്ടിനിപ്പുറം കോഴിക്കോട്ടെത്തിയപ്പോള്‍ ഡോ. ഫ്രാന്‍സന്‍ മഞ്ഞളി മാതൃഭൂമിയുമായി സംസാരിച്ചു. അതിന്റെ പ്രസക്തഭാഗങ്ങള്‍...

സൗഹൃദങ്ങളുടെ കോഴിക്കോട്
വളരെയേറെ ഊഷ്മളത അനുഭവിപ്പിക്കുന്ന നഗരമാണ് കോഴിക്കോട്. സൗഹൃദങ്ങള്‍ക്കും ഇവിടെ വലിയ സ്ഥാനമുണ്ട്. പൊതുവേ ജീവിക്കാന്‍ ഏറ്റവുംനല്ല ഇടങ്ങളിലൊന്ന് എന്നാണ് തോന്നിയിട്ടുള്ളത്. മുസ്ലിം വ്യാപാരസമൂഹമാണ് ഇതിന് പ്രധാനകാരണം. അന്നത്തെയും ഇന്നത്തെയും കോഴിക്കോടിന് ആന്തരികസ്വഭാവത്തില്‍ വലിയ വ്യത്യാസമൊന്നുമുണ്ടായിട്ടില്ലെന്നാണ് തോന്നുന്നത്. മത, സാമൂഹിക, സാമ്പത്തിക വ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും ഇടപെടാന്‍ കഴിയുന്ന പൊതുഇടങ്ങള്‍ കുറവാണെന്ന പ്രശ്‌നം എല്ലാകാലത്തുമുണ്ട്. എന്റെ ചെറുപ്പത്തില്‍ ആറാം ഗേറ്റിനടുത്തും കാരാട്ട് റോഡിലുമായാണ് താമസിച്ചിരുന്നത്. വളരെ അടുത്തായിട്ടും കുറ്റിച്ചിറപോലുള്ള സ്ഥലങ്ങളൊക്കെ എത്രയോ കഴിഞ്ഞാണ് എനിക്കു കാണാന്‍കഴിഞ്ഞത്. കായികവിനോദങ്ങളില്‍പ്പോലും സമ്പത്തിന്റെയും ജാതിയുടെയും മറ്റും വ്യത്യാസം പ്രകടമാണ്. ഗുജറാത്തികളും ആംഗ്ലോ ഇന്ത്യക്കാരും മാത്രമായിരുന്നു അക്കാലത്ത് ക്രിക്കറ്റ് കളിച്ചിരുന്നത്. പാവപ്പെട്ടവര്‍ പലപ്പോഴും കാഴ്ചക്കാര്‍ മാത്രമായിരുന്നു.

സന്തോഷസ്മരണകള്‍
കോഴിക്കോട്ടെ ചെറുപ്പകാലത്തെ സന്തോഷംനല്‍കുന്ന ഓര്‍മകള്‍ പലതുമുണ്ട്. ബാലാമണിയമ്മയില്‍നിന്ന് സമ്മാനം വാങ്ങുന്നതിന്റെ ഓര്‍മ അതിലൊന്നാണ്. 1962-ല്‍ യൂണിവേഴ്സല്‍ ആര്‍ട്സ് നടത്തിയ ചിത്രരചനാമത്സരത്തിലെ പ്രോത്സാഹനസമ്മാനമായിരുന്നു അത്. ഒരു ലക്ഷദ്വീപ് യാത്രയെക്കുറിച്ചുള്ളതാണ് പിന്നെയൊരോര്‍മ. എന്റെ ഒരു കസിന്‍ കവറത്തിയിലുണ്ടായിരുന്നു. സ്വാതന്ത്ര്യദിനാഘോഷം കാണാന്‍ അവനൊപ്പം അവിടെ പോയി. കപ്പലിലായിരുന്നു യാത്ര. മടങ്ങുമ്പോള്‍ കപ്പലില്‍ മൂര്‍ക്കോത്ത് കുഞ്ഞപ്പയൊക്കെയുണ്ട്. അദ്ദേഹമായിരുന്നു സ്വാതന്ത്ര്യദിനാഘോഷത്തിലെ മുഖ്യാതിഥി.

ദേവഗിരിയിലെ അന്തരീക്ഷം
സെയ്ന്റ് ജോസഫ്സ് കോളേജ്  ദേവഗിരിയിലായിരുന്നു പ്രീഡിഗ്രി പഠനം. വിശാലമായ ചിന്തയുടെയും അറിവിന്റെയും അന്തരീക്ഷമായിരുന്നു ആ കോളേജില്‍. സ്‌പോര്‍ട്സ്, സയന്‍സ്, ഇംഗ്ലീഷ് എന്നിവയ്ക്കായിരുന്നു പ്രാധാന്യം. ഞാന്‍ പഠിക്കുന്നകാലത്ത്  ജിമ്മി ജോര്‍ജ് അവിടെ പഠിക്കുന്നുണ്ട്. വോളിബോള്‍ താരമായതിനാലാണ് അദ്ദേഹത്തിന് പ്രവേശനം ലഭിച്ചത്. കോഴിക്കോട്ടുനിന്ന് നമ്പര്‍ ത്രീ ബസുണ്ടായിരുന്നു അന്ന്. അതിലാണ് ദേവഗിരി കോളേജിലേക്കു പോകുന്നത്. ബീച്ചൊക്കെ കറങ്ങി ഗാന്ധിറോഡിലൂടെ കോര്‍പ്പറേഷന്റെ അടുത്തെത്തി കുതിരവട്ടംവഴിയാണ് ആ ബസ്  മെഡിക്കല്‍ കോളേജിലെത്തിയിരുന്നത്.

 അച്ഛനൊപ്പം നടക്കുന്ന
 അഴീക്കോട്

ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍നിന്നാണ് ഷെപ്പേര്‍ഡിനെ ദേവഗിരി കോളേജിലേക്കു ക്ഷണിച്ചുകൊണ്ടുവന്നത്. സുകുമാര്‍ അഴീക്കോടും അവിടെ ഉണ്ടായിരുന്നു. എന്റെ പിതാവ് എം.ഒ. ദേവസ്സി ഗണിതശാസ്ത്രവകുപ്പധ്യക്ഷനായിരുന്നു. ആറാം ഗേറ്റിനടുത്ത് ഞങ്ങള്‍ താമസിക്കുന്ന വീട്ടില്‍ അഴീക്കോട് മാഷ് ഇടയ്ക്കിടെ വരുമായിരുന്നു. അച്ഛനും അദ്ദേഹവും ഒന്നിച്ചു നടക്കാന്‍പോകുന്ന പതിവുണ്ട്. ഞാന്‍ കുട്ടിയായിരുന്നപ്പോഴാണ് ഇതൊക്കെ. പിന്നെയും കുറെ കൊല്ലങ്ങള്‍ക്കുശേഷമാണ് ഞാന്‍ കോളേജില്‍ ചേര്‍ന്നത്.

 ഇരിങ്ങാലക്കുടയും ചേര്‍പ്പും
തൃശ്ശൂരാണ് അച്ഛനമ്മമാരുടെ സ്വദേശം. അച്ഛന്‍ ഇരിങ്ങാലക്കുടക്കാരനാണ്. അമ്മ മേരിയുടെ നാട് ചേര്‍പ്പും. കാരാട്ട് റോഡില്‍ താമസിക്കുമ്പോള്‍ ഏതാനും വീടുകള്‍ക്കകലെയായിരുന്നു ഉറൂബിന്റെ താമസം. അല്പമകലെയുള്ള അയല്‍ക്കാരാണെന്നു പറയാം. അദ്ദേഹം അങ്ങനെ നടന്നുപോകുന്നതു കാണാം. അധികമൊന്നും സംസാരിക്കില്ല. ലജ്ജാലുവാണെന്നാണ് തോന്നിയിട്ടുള്ളത്.

സാഹിത്യനായകന്മാരുടെ
നവകേരളസംഘം

അക്കിത്തവും തിക്കോടിയനും ഉറൂബും എന്‍.പി. മുഹമ്മദുമെല്ലാം അംഗങ്ങളായ ഒരു ബുക്ക് ക്ലബ്ബ് ഉണ്ടായിരുന്നു കോഴിക്കോട്ട്. നവകേരള കോ-ഓപ്പറേറ്റീവ് പബ്ലിഷിങ് സൊസൈറ്റി എന്ന പേരില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനായി ഒരു സംഘമുണ്ടാക്കിയിരുന്നു. 1965-ലാണ് അത് തുടങ്ങിയത്. കോര്‍ട്ട് റോഡില്‍ പുസ്തകവില്‍പ്പനയ്ക്കായി ഒരു കടയും ഉണ്ടായിരുന്നു.

***********************************

ശ്രീറാമിന്റെ കടംകഥ

 

മൻസൂർ അഹമ്മദ്
manzoorahamed@mpp.co.in

കോളേജിൽ പഠിക്കുന്ന രണ്ടു പയ്യന്മാർ ഒരു ദിവസം ഒരു വെഞ്ച്വർ ക്യാപ്പിറ്റലിസ്റ്റിനെ സമീപിക്കുന്നു. ഉദ്ദേശ്യം ലളിതം. ഒരു പ്രോജക്ടുണ്ട്. പണം വേണം. 1998-ൽ ആയിരുന്നു ഇത്.
 ആ വർഷം ഓഗസ്റ്റ് മാസത്തിൽ സൺ മൈക്രോ സിസ്റ്റത്തിന്റെ പങ്കാളി ആൻഡി ബെക്റ്റോൾഷൈം അവർക്ക് ഒരു ലക്ഷം ഡോളർ നൽകിയിരുന്നു. ഒരു വെബ് പേജിന്റെ സ്വീകാര്യതയും പ്രസക്തിയും അറിയുവാൻ അതിലേക്ക്‌ ലിങ്ക് ചെയ്യുന്ന മറ്റ് വെബ് സൈറ്റുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു റാങ്കിങ് സിസ്റ്റം എന്നതായിരുന്നു പ്രോജക്ട്. അതിനു അവർ നൽകിയത് പേജ്റാങ്ക് എന്ന പേരാണ്. അതിനെ അടിസ്ഥാനമാക്കിയുള്ള ഒരു സെർച്ച് എൻജിൻ ആണ് ലക്ഷ്യം. ആ സെർച്ച് എൻജിന് ആദ്യം അവർ നൽകിയ പേര് ബാക്ക്റബ്ബ് എന്നായിരുന്നു. പിന്നീട് അവർ പേര് മാറ്റി googol എന്നാക്കുവാൻ ശ്രമിച്ചു. ഒന്നിന് ശേഷം നൂറ്്‌ പൂജ്യം വരുന്ന സംഖ്യയാണ് ഗൂഗോൾ. എന്നാൽ ഔദ്യോഗിക രേഖകളിൽ തെറ്റായ സ്പെല്ലിങ് നൽകി അത് ഗൂഗിൾ ആയി മാറി.
പ്രോജക്ടിനെ കുറിച്ച് കൂടുതലൊന്നും ചോദിക്കുവാൻ അദ്ദേഹം നിന്നില്ല. എത്ര പണം വേണം എന്ന് ചോദിച്ചുമില്ല. നൽകിയത് അഞ്ച് ലക്ഷം ഡോളറിന്റെ ഒരു ചെക്കായിരുന്നു. പണം നല്കിയ റാം ശ്രീറാം എന്ന ആ ഇന്ത്യക്കാരൻ വെഞ്ച്വർ കാപ്പിറ്റലിസ്റ്റ് അന്ന് മുതൽ ഗൂഗിളിന്റെ സന്തത സഹചാരിയാണ്. വലിയ പണമുള്ള വീട്ടിൽ ഒന്നുമല്ല റാം ജനിച്ചത്. അച്ഛന്റെ വീട്ടിൽ പരമ്പരാഗത സ്വത്തൊന്നും ഉണ്ടായിരുന്നില്ല. അമ്മയുടെ അച്ഛന് ആകെ ഉണ്ടായിരുന്നത് ഒരു ചെറിയ വീടാണ്. ഒരു സാധാരണ കുടുംബം. റാമിന് മൂന്നു വയസ്സുള്ളപ്പോൾ ഒരു അപകടത്തിൽ റാമിന്റെ അച്ഛൻ മരിച്ചു. ആ കുടുംബത്തിനെ സഹായിക്കുവാൻ ആകെ ഉണ്ടായിരുന്നത് അമ്മയുടെ അച്ഛനാണ്. ഒരു ഇലക്‌ട്രിക്‌ കട നടത്തിയിരുന്ന അദ്ദേഹത്തിന്റെ ചുമലിലായി വിധവയായ മകളും അവരുടെ കുഞ്ഞു മകനും. റാമിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തി ഉദിക്കുന്നത് അവിടെ നിന്നാണ്. റാമിന്റെ അമ്മ വിധവയായി വീട്ടിൽ ഇരിക്കാതെ പഠനം ആരംഭിച്ചു. 1960-ൽ അതൊരു വിപ്ലവകരമായ തീരുമാനമാണ്. ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദം നേടി ഒരു കോളേജ് ലക്‌ചററായി മാറിയ അമ്മ തന്നെ ആയിരുന്നു എന്നും പിന്നീട് റാമിന്റെ വഴികാട്ടി.
 പ്രശസ്തരുടെ മക്കൾ പഠിക്കുന്ന ഡോൺ ബോസ്കോയിൽ തന്നെ അവർ മകനെ പഠിപ്പിച്ചു. ചിട്ടകളിൽ യാതൊരു വിട്ടു വീഴ്ചയും അവർ കാണിച്ചില്ല. കൃത്യമായി ക്ലാസിൽ പോകണം. ഹോംവർക്ക് ചെയ്യാതെ മറ്റൊരു കാര്യവും ഉണ്ടാകരുത്. സ്കൂളിൽ വരുന്ന എല്ലാ മത്സര പരീക്ഷകളിലും പങ്കെടുക്കണം. ടെന്നീസ് താത്‌പര്യമുണ്ടായിരുന്നു അമ്മയ്ക്കും മകനും. അതു കൊണ്ട് ദിവസവും റാം ടെന്നീസ് കളിക്കണമെന്നും അമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു. കഴുകൻ കണ്ണുകളോടെ എല്ലാം കൃത്യമായി അമ്മ നിരീക്ഷിക്കുന്നുണ്ടായിരുന്നത് കൊണ്ട് അവർ ആഗ്രഹിച്ചത് പോലെ മകൻ വളർന്നു.
സ്കൂൾ കഴിഞ്ഞ്‌ ലയോള കോളേജിൽ ബിരുദം. സമയം കിട്ടുമ്പോൾ അപ്പൂപ്പന്റെ കടയിൽ പോയി ഇരിക്കാറുണ്ടായിരുന്ന റാമിന്റെ മറ്റൊരു റോൾ മോഡൽ ആ അപ്പൂപ്പനായിരുന്നു. അപ്പൂപ്പന്റെ ബിസിനസ് രീതികളും തന്റെ ഇടപാടുകാരോട് അദ്ദേഹം പെരുമാറുന്ന രീതിയും പിന്നീടെന്നും റാമിന്റെ തുണയ്ക്കെത്തി. അന്നൊക്കെ രണ്ടു കാര്യങ്ങൾ മാത്രമേ ചെറുപ്പക്കാർക്ക് ലക്ഷ്യമായുള്ളു. ഒന്നുകിൽ ഒരു സർക്കാർ ജോലി നേടുക. അല്ലെങ്കിൽ എന്തെങ്കിലും ഒരു ചെറിയ കച്ചവടം തുടങ്ങുക. ഇതിനു രണ്ടിനും ഒരു സാധാരണ ഡിഗ്രി വളരെയധികമാണ്. അതുകൊണ്ട് തന്നെ ഐ.ഐ.ടി. അഡ്മിഷന് ശ്രമിച്ചില്ല. അമ്മയുടെ ആഗ്രഹത്തിന് എതിരായിരുന്നു റാമിന്റെ തീരുമാനമെങ്കിലും പിന്നീട് ആ രംഗത്ത് തന്നെ അദ്ദേഹം എത്തി. അപ്പൂപ്പന്റെ വീട് പണയപ്പെടുത്തി വായ്പ എടുത്താണ് അദ്ദേഹം എൻജിനീയറിങ്‌ വിദ്യാഭ്യാസവും അമേരിക്കയിൽ നിന്നും എം.ബി.എ. യും പൂർത്തിയാക്കിയത്.
ആദ്യം എൻജിനീയറിങ് ജോലികൾ. പല പല കമ്പനികൾ മാറി മാറി അവസാനം ചില സ്റ്റാർട്ടപ്പുകൾക്ക് പണം നൽകാവുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. അതോടെ ജോലിയൊക്കെ മതിയാക്കി സ്വന്തം ബിസിനസ് തുടങ്ങി. ഇതിനിടെ അദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് തുടങ്ങിയ കമ്പനി ആപ്പിളിന് വിറ്റു. മറ്റൊരെണ്ണം ഐ.ബി.എമ്മിനും. റാമിന് കിട്ടിയ ലാഭം മറ്റൊരു സംരംഭത്തിൽ മുടക്കിയെങ്കിലും അത് വൻ പരാജയമായി. വീണ്ടും ജോലിക്ക്‌ ഇറങ്ങി. അവസാനം നെറ്റ്‌സ്‌കേപ്പിൽ എത്തി. ഇതിനിടെ റാം മാർക്കറ്റിങ് രംഗത്തേക്ക്‌ മാറിയിരുന്നു. നെറ്റ്‌സ്‌കേപ്പിൽ റാം എത്തുന്നത് അതിന്റെ വളർച്ച തുടങ്ങുന്ന കാലത്താണ്. അവിടെനിന്ന് ഇറങ്ങുമ്പോൾ റാം ഒരു കമ്പനിയുടെ വളർച്ചയും തളർച്ചയും കണ്ടു കഴിഞ്ഞിരുന്നു. ആവശ്യത്തിന് പണമില്ലാത്ത അവസ്ഥയിൽ നിന്ന് ഒരു വലിയ കമ്പനി ഉണ്ടാകുന്നതും പണം കുമിഞ്ഞുകൂടിയ കാലത്ത് അത് തകരുന്നത്‌ കാണുവാനും ആ കാലഘട്ടത്തിൽ മാനേജ്‌മെന്റിൽ ഒരു ഭാഗമാകുവാനും കഴിഞ്ഞത് ഒരു വലിയ അനുഭവമായി അദ്ദേഹം കരുതുന്നു. നെറ്റ്‌സ്‌കേപ്പിൽ നിന്നും വൈസ് പ്രസിഡന്റ് വരെ എത്തിയ റാം പിന്നീട് ജംഗ്‌ളീ (junglee.com) എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റായി. ജംഗ്‌ളീയെ ആമസോൺ ഏറ്റെടുത്തപ്പോൾ റാം വൈസ് പ്രസിഡന്റ് ബിസിനസ് ഡെവലപ്പ്മെന്റ് എന്ന തസ്തികയിൽ ആമസോണിൽ എത്തി. ജെഫ് ബെസോസിന്റെ കൂടെയുള്ള രണ്ടു വർഷം എന്നത് മറ്റൊരു വഴിത്തിരിവും പഠനകാലവും ആയിരുന്നുവെന്നു റാം ഓർക്കുന്നു.
ഈ കാലയളവിൽ തന്നെയാണ് റാം ഗൂഗിളിൽ പണം മുടക്കുന്നത്. റാമിന്റെ പുറകെ ജെഫ് ബെസോസും ഗൂഗിളിൽ പണം നിക്ഷേപിച്ചു. ഇതിനിടെ ഗൂഗിളിനെ വെറും പത്ത് ദശലക്ഷത്തിന്‌ (പിന്നീട് അത് ഏഴര ദശ ലക്ഷമായി കുറയ്ക്കുകയും ചെയ്തു) വില്കുവാൻ ലാറിയും സെർഗെയും തീരുമാനിച്ചപ്പോൾ അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിൽ നിർണായക പങ്ക് റാം വഹിച്ചിരുന്നു.
തുടങ്ങിയ കാലം മുതൽ ഗൂഗിളിന്റെ ബോർഡിൽ ഉണ്ടായിരുന്ന റാം ഇപ്പോൾ ഗൂഗിളിന്റെ മാതൃ സ്ഥാപനമായ ആൽഫബെറ്റിന്റെ ബോർഡിലും അംഗമാണ്. ഇന്ത്യയിൽ ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പണം മുടക്കിയിട്ടുണ്ട്. അത്തരം സ്ഥാപനങ്ങൾക്ക് മുൻതൂക്കം നൽകി ആയിരിക്കും ഇന്ത്യയിലെ പ്രവർത്തനം എന്നാണ്‌ റാമിന്റെ തീരുമാനം. ഇപ്പോൾ റാം സ്വന്തം വെഞ്ച്വർ ക്യാപ്പിറ്റൽ സ്ഥാപനമായ ഷേർപലോ എന്ന കമ്പനി വഴി അനേകം സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുകയും അവയിൽ പലതിന്റെയും സാരഥ്യം വഹിക്കുകയും ചെയ്യുന്നു. ഇന്ന് 2.1 ബില്യൺ ഡോളർ ആണ് റാമിന്റെ ആസ്തി.
‘ഓർക്കുക. ഉപഭോക്താവ് മാത്രമേ രംഗത്തുള്ളൂ. ഉപഭോക്താവിന് പ്രയോജനമുള്ളത് മാത്രം നൽകുക. എപ്പോഴും അവർ ഉപയോഗിക്കുന്ന ഒന്നായിരിക്കണം അത്. അത് അവർ സ്വീകരിച്ച് കഴിയുമ്പോൾ അതിനെ നവീകരിക്കുകയും കൂടുതൽ പ്രയോജനമുള്ളതും ആക്കി മാറ്റുക. ഓരോ മാറ്റവും കമ്പോളത്തിന്‌ അനുയോജ്യമായിരിക്കണം. അതിനോടൊപ്പം ആ വ്യവസായത്തിന് ആവശ്യമായതെല്ലാം സൃഷ്ടിക്കുവാൻ ശ്രമിക്കുക. ഗൂഗിൾ അതാണ് ചെയ്തത്. ആമസോണും അതാണ് ചെയ്തത്. അപ്പോൾ ആണ് ദീർഘകാലം നിലനിൽക്കും എന്നുറപ്പുള്ള കമ്പനികൾ ഉണ്ടാകുന്നത്'. -റാമിന് പുതിയ സംരംഭകരോട് പറയാനുള്ളത്‌ ഇത്രമാത്രം.

***************************************************

 അമിതാഭ് ബച്ചന്  75
 

 അമിതാഭ് ബച്ചന്റെ ആരംഭകാലത്ത് അദ്ദേഹത്തിനെ മൂന്നുപേർ ആത്മാർഥമായി സഹായിച്ചിരുന്നു. നടന്മാരായ മനോജ്കുമാറും സുനിൽദത്തും പിന്നെ സംവിധായകൻ കെ.എ. അബാസും. മനോജ്കുമാർ താൻ അഭിനയിക്കുന്ന 'യാദ്ഗറി'ൽ അമിതാഭിന് ഒരു റോൾ ഓഫർ ചെയ്തിരുന്നു. റോൾ ചെറുതായതുകൊണ്ടും ജോലിചെയ്യുന്ന കമ്പനിയിൽനിന്ന് അവധി കിട്ടാത്തതുകൊണ്ടും ആ റോൾ അമിതാഭ് സ്നേഹപൂർവം നിരസിക്കുകയായിരുന്നു. അതുപോലെ തുടർച്ചയായി അമിതാഭ് ബച്ചൻ ചിത്രങ്ങൾ പരാജയപ്പെടുന്ന സമയത്താണ് 'റോട്ടി കപഡാ ഓർ മക്കാൻ' എന്ന മനോജ് കുമാർ ചിത്രത്തിൽ വിളിക്കുന്നത്. അതിലഭിനയിക്കുമ്പോഴാണ് സഞ്ജീറിലേക്ക് വിളിക്കുന്നത്. പ്രകാശ് മെഹ്റയുടെ സഞ്ജീറാണ് ആദ്യം റിലീസായത്. രണ്ട് ചിത്രങ്ങളും വൻ വിജയം നേടി. മാധുരി-ഫിലിം ഫെയർ ടാലന്റ് ടെസ്റ്റിൽ അമിതാഭിനെയും കൂടി ഉൾപ്പെടുത്താൻ ശുപാർശക്കത്ത് കൊടുത്തത് സുനിൽദത്തായിരുന്നു. ഇതിന് പുറമേ ഹിന്ദിയിലെ പ്രമുഖ നിർമാതാക്കളെ പരിചയപ്പെടുത്തിയതും, രേഷ്മ ഓർ ഷേര എന്ന ചിത്രത്തിൽ നല്ലൊരു വേഷം കൊടുത്തതും ഈ നടൻതന്നെയായിരുന്നു. അമിതാഭിനെ ആദ്യമായി സിനിമയിലവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് കെ.എ. അബാസിനായിരുന്നു. പ്രകാശ് മെഹ്റ സഞ്ജീർ എന്ന ചിത്രം അനൗൺസ് ചെയ്തപ്പോൾ ആദ്യം നായകനായി തീരുമാനിച്ചത് ദേവാനന്ദിനെയായിരുന്നു.
 അമിതാഭിന്റെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഡോൺ. ഇതിലെ പാൻ ബനാറസ് വാലാ.... എന്ന ഗാനം എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനമായിരുന്നു. ഈ ഗാനം കല്യാൺജി ആനന്ദ് ജി ദേവാനന്ദിന്റെ 'ബനാറസി ബാബു'വിന് വേണ്ടി തയ്യാറാക്കിയതായിരുന്നു. ദേവാനന്ദിന് ഈ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല. ഡോണിന്റെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ സംവിധായകൻ ചന്ദ്രബറോട്ട് തന്റെ ഗുരുവായ മനോജ് കുമാറിനെ ചിത്രം കാണിച്ചു. മനോജ്കുമാറിന് ചിത്രം ഇഷ്ടപ്പെട്ടെങ്കിലും ഈ ചിത്രത്തിന്റെ പിരിമുറുക്കം ഒഴിവാക്കാൻ ഒരു ഗാനംകൂടി ചേർത്താൽ നന്നാവുമെന്ന് സംവിധായകനോട് പറഞ്ഞു. ഉപദേശം സ്വീകരിച്ച അദ്ദേഹം പാൻ ബനാറസ് വാലാ.... എന്ന ദേവാനന്ദ് ചിത്രത്തിലെ ഗാനം ഇതിൽ ഉൾപ്പെടുത്തി.
 'ആലാപ്' എന്ന ചിത്രത്തിൽ യേശുദാസ് പാടിയ കോയി ഗാത്ത മേം സോ ജാത്താ... എന്നു തുടങ്ങുന്ന ഗാനം സിനിമയിൽ പാടിയഭിനയിച്ചത് അമിതാഭായിരുന്നു. ജയദേവ് സംഗീതം നൽകിയ ഇതിന്റെ വരികൾ എഴുതിയത് കവിയും അമിതാഭിന്റെ പിതാവുമായ ഹരിവംശ് റായ് ബച്ചനായിരുന്നു.
 അമിതാഭിന്റെ സൂപ്പർ ഹിറ്റായ ഹിന്ദി സിനിമകൾ മലയാളത്തിലേക്ക് റീമേക്ക് ചെയ്തപ്പോൾ മിക്കതും പരാജയ ചിത്രങ്ങളായി. ഡബ്ബിങ് ചിത്രമായ സ്നേഹബന്ധം (ദോസ്താന), ജോൺ ജാഫർ ജനാർദൻ (അമർ അക്ബർ ആന്റണി), ശോഭ്രാജ് (ഡോൺ), മോഹവും മുക്തിയും (സൻജോഗ്) എന്നിവ. എന്നാൽ ശ്രീകുമാരൻ തമ്പിയുടെ നായാട്ട് (സഞ്ജീർ) സൂപ്പർ ഹിറ്റായ ചിത്രമായിരുന്നു. അമിതാഭിന്റെ വേഷം മലയാളത്തിൽ ചെയ്തത് ജയനായിരുന്നു.
 അമിതാഭ് ബച്ചൻ വിജയ് എന്ന കഥാപാത്രമായി അഭിനയിച്ചിട്ടുണ്ടോ ആ ചിത്രങ്ങളൊക്കെ വമ്പൻ വിജയങ്ങളായിരുന്നു.. ആദ്യ സൂപ്പർ ഹിറ്റ് ചിത്രം സഞ്ജീർ (1973), റോട്ടി കപഡാ ഓർ മക്കാൻ (1974), ദീവാർ (1975), ഹീര ഫേരി (1976), തൃശ്ശൂൽ (1978), ഡോൺ (1978), ദി ഗ്രേറ്റ് ഗാംബ്ലർ (1979), കാലാ പന്ഥർ (1979), ദോസ്താന (1980), ഷാൻ (1980), ശക്തി (1982) എന്നിവ ഈ ലിസ്റ്റിൽ പെടുന്നു.
7.1973-ലെ ബന്ദേ ഹാത്തിലാണ് അമിതാഭ് ബച്ചൻ ആദ്യത്തെ ഡബിൾ റോൾ വേഷം ചെയ്യുന്നത്. വെറും അഞ്ചു മിനിറ്റു നേരം ദൈർഘ്യമുള്ള സാമ്പിൾ റോൾ. ആദ്യമായി മുഴുനീള ഡബിൾ റോൾ എ.കെ. നാഡിയ വാലയുടെ അദാലത്ത് (1976) ലായിരുന്നു. ദി ഗ്രേറ്റ് ഗാംബ്ലർ (1979), സട്ടേ പേഡട്ട (1982), ബേമീസാൽ (1982), ദേശ് പ്രേമി (1982), ആഖ്രി രാസ്ത (1986), തൂഫാൻ (1989), ചോട്ടേ മിയ ബഡേ മിയ (1998), ലാൽ ബാദ്ഷാ (1999), സൂര്യവംശം (1999) എന്നിവയാണ് അമിതാഭിന്റെ മറ്റു ഡബിൾ റോൾ ചിത്രങ്ങൾ.
മനോജ് മാത്യു ആർത്താറ്റ്‌