അമേരിക്ക ഇപ്പോഴും നമ്മുടെ സ്വപ്നങ്ങളിലെ രാജ്യമാണ്. അമേരിക്കയിലേക്ക് പറക്കുക, അവിടെ പഠിക്കുക, അവിടെത്തന്നെ ജീവിക്കുക, കഴിയുമെങ്കിൽ അവിടെത്തന്നെ മരിക്കുക... ഇങ്ങനെ 
ചിന്തിക്കുന്ന എത്രയോ പേർ നമുക്കിടയിലുണ്ട്്്.  കഴിഞ്ഞദിവസങ്ങളിൽ അമേരിക്ക സന്ദർശിച്ച ലേഖിക ഒരു അമ്മയെന്ന നിലയിലും പാരന്റിങ്‌ വിദഗ്ധ എന്നനിലയിലും  ആ രാജ്യത്തെയും അവിടത്തെ കുട്ടികളെയും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള  ബന്ധത്തെയും നോക്കിക്കാണുകയാണ്


സന്ധ്യ വർമ

ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച ഗ്ലോബൽ പാർട്ണർഷിപ്പ് സമ്മിറ്റിൽ ജൂനിയർ ചേംബർ ഇന്റർനാഷണൽ കാലിക്കറ്റ്‌  ഇന്ത്യ പ്രതിനിധിയായി പങ്കെടുത്തപ്പോഴാണ് അവസരങ്ങളുടെയും സമൃദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും നാടായ ന്യൂയോർക്ക് സന്ദർശിക്കാനുള്ള അവസരം എനിക്കുലഭിച്ചത്. കൈവന്ന അവസരത്തെക്കുറിച്ചുള്ള അഭിമാനവും ആ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ബോധവും ആകാംക്ഷയും യാത്രയിലുടനീളം എന്നോടൊപ്പമുണ്ടായിരുന്നു. ഒപ്പംതന്നെ അമേരിക്കയിലെ കുഞ്ഞുങ്ങൾ നിലവിൽ പിന്തുടരുന്ന ശൈലികൾ, ട്രെൻഡുകൾ, അവിടത്തെ കുട്ടികളും രക്ഷിതാക്കളുമായുള്ള പരിചയപ്പെടലുകൾ, രക്ഷാകർതൃത്വവും അതുമായി ബന്ധപ്പെട്ട് അവർ നേരിടുന്ന വെല്ലുവിളികൾ, ബുദ്ധിമുട്ടുകൾ, കാഴ്ചപ്പാടുകൾ എന്നിവയെ കുറിച്ചും മനസ്സിലാക്കാൻ എന്റെയുള്ളിലെ എഴുത്തുകാരിക്കും  രക്ഷിതാവിനും പേരന്റിങ് ഗൈഡിനും താത്പര്യമുണ്ടായിരുന്നു.
‘എന്റെ മകൻ സെറ്റിലായിരിക്കുന്നത് അമേരിക്കയിലാണ്, അമേരിക്കയിലെ എ ബി സി സംസ്ഥാനത്തെ എക്സ് വൈ ഇസഡ് സർവകലാശാലയിലാണ് എന്റെ മകൾ ഡിഗ്രി ചെയ്യുന്നത്, എന്റെ മക്കൾക്ക് ഗ്രീൻകാർഡുണ്ട്, ഇടയ്ക്കിടെ ഞങ്ങൾ അവരെ സന്ദർശിക്കാറുണ്ട്’ -ഇന്ത്യൻ മാതാപിതാക്കൾ മക്കളെക്കുറിച്ച് അഭിമാനപുരസ്സരം പറയുന്ന ചില പ്രസ്താവനകളാണ് ഇവയൊക്കെ. അതേസമയംതന്നെ, കുഞ്ഞുങ്ങളെ പൂർണമായും പാശ്ചാത്യരീതിയിൽ വളർത്താൻ താത്പര്യം കാണിക്കാറില്ലെന്നൊരു വസ്തുതയുമുണ്ട്. എന്താണ് ഈ രാജ്യത്തിന്റെ പ്രത്യേകതയെന്ന് ആലോചിച്ച് ഞാൻ അദ്ഭുതപ്പെടാറുണ്ട്. നാമെല്ലാവരും ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരു രാജ്യം. എന്നാൽ, അതിന്റെ രീതിയനുസരിച്ച്് കുഞ്ഞുങ്ങളെ വളർത്താൻ നാം തയ്യാറാകാറില്ലെന്ന വസ്തുത എന്നെ ചിന്തിപ്പിക്കാറുമുണ്ട്.
ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരാണ് യു.എസിലേക്ക് വരുന്നത്. അവസരം കിട്ടാത്തതുകൊണ്ടോ ഏതെങ്കിലുംതരത്തിൽ വിസ നിരാകരിക്കപ്പെടുന്നതോ മൂലമാണ് മറ്റുപലരും ഇവിടെ എത്താതിരിക്കുന്നത്. അവസരങ്ങളുടെ നാടെന്നാണ് കാലങ്ങളായി അമേരിക്ക അറിയപ്പെടുന്നത്. സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതിഭയും സാക്ഷാത്കരിക്കപ്പെടാനുള്ള ഇടം. മറ്റേതിടത്തെക്കാളും അവസരങ്ങൾ തരുന്ന മണ്ണ്. എല്ലാ സ്വപ്നങ്ങളെയും യാഥാർഥ്യമാക്കുന്നിടം. ഒന്നുമില്ലായ്മയിൽനിന്ന് വിജയംകൊയ്ത നിരവധി കുടിയേറ്റക്കാർ ഉദാഹരണങ്ങളായുണ്ട്. അവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 
സംശയങ്ങളുടെ വലക്കണ്ണി സൃഷ്ടിച്ചുകൊണ്ടിരുന്ന ഒരു ചോദ്യത്തിനുപിന്നാലെ എന്റെ മനസ്സ് പാഞ്ഞു. എന്തുകൊണ്ടാണ് ആളുകൾ ഇവിടെ വിജയികളാകുന്നത്? എന്തുവിജയമന്ത്രമാണ് രക്ഷിതാക്കൾ അവരുടെ മക്കൾക്ക്‌ പകർന്നുകൊടുക്കുന്നത്? രക്ഷാകർതൃരീതിയിൽ അവർ നമ്മളിൽനിന്ന് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? അവരിൽനിന്ന് നമുക്ക് സ്വീകരിക്കാൻ കഴിയുന്ന രക്ഷാകർതൃഗുണങ്ങൾ എന്തൊക്കെയാണ്? സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ എന്തൊക്കെയാണ്? 
ഇനി ഞാൻ പറയുന്നത് ചില രസകരമായ കാര്യങ്ങളെയും സംഭവങ്ങളെയുംകുറിച്ചാണ്. കടൽ കടക്കുമ്പോൾ രക്ഷാകർതൃരീതിയിലുണ്ടാകുന്ന വ്യത്യാസങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും മനസ്സിലാക്കാൻ ഇവ നിങ്ങളെ സഹായിക്കും.

ഹെലികോപ്ടർ രക്ഷാകർത്താവ്
പേരുകേട്ട് ആശ്ചര്യം തോന്നുന്നുണ്ടോ? അതോ അമേരിക്കയിൽ രക്ഷാകർത്താവാകണമെങ്കിൽ ഹെലികോപ്റ്റർ പറത്താൻ അറിഞ്ഞിരിക്കണമെന്ന് അദ്ഭുതപ്പെട്ടോ? നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനുമുമ്പ് ഒരുനിമിഷം കാത്തുനിൽക്കൂ. കുഞ്ഞുങ്ങളുടെ അനുഭവങ്ങളെയും പ്രശ്നങ്ങളെയും പ്രത്യേകിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവയെ വളരെ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്ന മാതാപിതാക്കളെയാണ് ഹെലികോപ്ടർ രക്ഷാകർത്താവ് എന്ന് അമേരിക്കയിൽ പറയുന്നത്. ഹെലികോപ്ടർ രക്ഷാകർതൃത്വത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതിന് ഞാൻ അവിടത്തെ ഒരു അമ്മയുമായി സംസാരിച്ചു. അവർ എനിക്ക് ഹെലികോപ്ടർ രക്ഷാകർതൃത്വത്തെക്കുറിച്ച് പറഞ്ഞുതന്നു. അവർ ഓരോ കാര്യവും പറയുമ്പോൾ ഇന്ത്യൻ രക്ഷാകർതൃത്വത്തെക്കുറിച്ച് എന്റെ മനസ്സ് ഓർത്തുകൊണ്ടിരുന്നു. അവർ പറഞ്ഞതും അതിനു മറുപടിയായി എന്റെ മനസ്സ്‌ ഉള്ളാലെ മൊഴിഞ്ഞതുമായ ചിലകാര്യങ്ങൾ ഇവിടെ ചേർക്കുന്നു.

ഹെലികോപ്ടർ രക്ഷാകർതൃത്വം                                                                               
ഹെലികോപ്ടർ രക്ഷാകർത്താവായ ഒരാൾ ഇടയ്ക്കിടെ മക്കളുടെ അധ്യാപകരുമായി ആശയവിനിമയം നടത്തും.
 ഇടയ്ക്കിടയ്ക്ക് ആശയവിനിമയം നടത്തുകയോ? ഞങ്ങൾക്ക് രക്ഷാകർത്താക്കളുടേതായ വാട്ട്‌സാപ്പ് ഗ്രൂപ്പുകളും ഫെയ്‌സ്ബുക്ക് കമ്യൂണിറ്റികളുമുണ്ട്. അവിടെ വിവരങ്ങൾ പങ്കുവയ്ക്കൽ മാത്രമല്ല, വിമർശനവും താരതമ്യവും പ്രോത്സാഹനവും നിരുത്സാഹപ്പെടുത്തലും പുകഴ്ത്തലും ഇകഴ്ത്തലും അടിയും വഴക്കുകൂടലും ഒക്കെയുണ്ടാവും.                                                                                                                                  
കുട്ടികൾക്കുവേണ്ടി സമയം കണ്ടെത്തും, പരിപാടികൾ മാറ്റിവയ്ക്കും
 സമയം കണ്ടെത്തുകയോ? ഞങ്ങൾ മുഴുവൻ ജീവിതവും കുഞ്ഞുങ്ങൾക്കായി മാറ്റിെവച്ചിരിക്കയാണ്. 
കുഞ്ഞിന്റെ ഇംഗ്ലീഷ് ഉപന്യാസം മാറ്റിയെഴുതും
 ഉപന്യാസം മാറ്റിയെഴുതൽ മാത്രമോ? ഒന്നാം ക്ലാസിലെ കുഞ്ഞിന്റെ പ്രോജക്ട് തയ്യാറാക്കാൻ രാത്രി ഉറക്കമിളയ്ക്കുന്നവരാണ് ഞങ്ങൾ. ആർക്കാണ് നന്നായി പ്രോജക്ടുകൾ തയ്യാറാക്കാൻ സാധിക്കുക എന്നകാര്യത്തിൽ മറ്റുരക്ഷിതാക്കളുമായി മത്സരിക്കാനും ഞങ്ങൾക്ക് സാധിക്കും.
പാചകം, വൃത്തിയാക്കൽ, വീട്ടുജോലികൾ എന്നിവയ്ക്ക് കുട്ടികളുടെ സഹായം തേടാതിരിക്കുക
 മക്കളിൽനിന്ന് സഹായം തേടുകയോ അതും മകനിൽനിന്നോ? ഞങ്ങളെ സംബന്ധിച്ച് അത് ശരിയായ നടപടിയല്ല. കുട്ടികളുടെ കാര്യം മറന്നേക്കൂ... പ്രായപൂർത്തിയായ ഞങ്ങളുടെ പുന്നാര പുരുഷന്മാരെ (ഭർത്താക്കന്മാരെ)ക്കൊണ്ടുപോലും ഞങ്ങൾ ഒരു ജോലിയും ചെയ്യിക്കില്ല. എന്തെങ്കിലും ജോലിചെയ്യണമെങ്കിൽ അത് കുടുംബത്തിലെ സ്ത്രീയുടെമാത്രം ഉത്തരവാദിത്വമാണ്.

കുട്ടികൾക്ക് അഡ്മിഷൻ വിചാരിച്ച സ്ഥലത്ത് കിട്ടിയില്ലെങ്കിൽ അതിനായി ശുപാർശയുടെയോ സ്വാധീനത്തിന്റെയോ സഹായം തേടുക
 ശുപാർശ എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമുള്ള കാര്യമാണ്. കുട്ടികൾക്ക് താത്പര്യമുള്ളിടത്ത് അഡ്മിഷൻ ലഭിക്കാൻ ഞങ്ങൾ എന്തും ചെയ്യും. അതിനായി രാഷ്ട്രീയസ്വാധീനം ഉപയോഗിക്കാനോ കോഴ കൊടുക്കാനോ ഞങ്ങൾക്ക് മടിയില്ല. 
സംഭാഷണത്തിനുശേഷം ഞാനാകെ ആശയക്കുഴപ്പത്തിലായി. ഇത്രയും വർഷമായി ഞാൻ എഴുതുകയും നിർദേശിക്കുകയും ചെയ്തിരുന്ന പല കാര്യങ്ങളും കുഞ്ഞുങ്ങളുടെ സ്കൂളുമായും അധ്യാപകരുമായും നല്ല ബന്ധം സ്ഥാപിക്കുക, കുട്ടികളുടെ വൈകാരിക ആവശ്യങ്ങൾ പരിഗണിക്കുക തുടങ്ങിയ പലകാര്യങ്ങളും അവരുടെ കാഴ്ചപ്പാടിൽനിന്ന്‌ നോക്കിയപ്പോൾ പൊടുന്നനെ എനിക്ക് അർഥശൂന്യമായിത്തോന്നി. അതെന്നെ ചിന്തയിലേക്ക് തള്ളിയിട്ടു. മേൽപ്പറഞ്ഞവയൊക്കെയാണ് അമേരിക്കക്കാരുടെ ഹെലികോപ്ടർ രക്ഷാകർതൃത്വമെങ്കിൽ നമ്മുടെ ശൈലിയെ അവരെന്തുവിളിക്കും? ബഗ്(മൂട്ട)രക്ഷാകർതൃത്വമെന്നോ അതോ ലീച്ച് (അട്ട) പേരന്റിങ് എന്നോ? 

കടുവാ അമ്മമാർ 
അഥവാ ടൈഗർ മദേഴ്‌സ്

സമ്മിറ്റിനുശേഷം ഡാലസിലെയും ടെക്സസിലെയും ചില ഇന്ത്യൻ സുഹൃത്തുക്കൾക്കൊപ്പം ഞാൻ കുറച്ചുസമയം ചെലവഴിച്ചു. അവിടെയൊക്കെയും ഇന്ത്യക്കാർ കഴിഞ്ഞാൽ പിന്നെയുള്ളത് ചൈനക്കാരായ കുടിയേറ്റക്കാരാണ്. അവിടെ അമേരിക്കൻ ഹെലികോപ്ടർ രക്ഷാകർത്വത്തിനുശേഷം ഞാൻ മറ്റൊരുപ്രയോഗം കേട്ടു. കടുവാ അമ്മമാർ അഥവാ ടൈഗർ മദേഴ്‌സ്. ചൈനീസ് സമൂഹത്തിനിടയിൽ ഏറെ പ്രചാരമുള്ള പ്രയോഗമാണത്രെ ഇത്. എന്താണിതിന്റെ അർഥം എന്ന നിഗമനത്തിലെത്താൻ വരട്ടെ. ഇതും ഒരുതരം രക്ഷാകർതൃത്വശൈലിയാണ്. കർക്കശക്കാരായ മാതാപിതാക്കളെ പ്രത്യേകിച്ച് അമ്മമാരെ ഉദ്ദേശിച്ചുള്ള പ്രയോഗമാണ്. കുട്ടികളുടെ പഠനകാര്യങ്ങളിൽ അമിതശ്രദ്ധ ചെലുത്തുന്ന ഇവർ കുട്ടികളുടെ വികാരങ്ങളുടെ നേർക്ക് കണ്ണടയ്ക്കുകയാണ് പതിവ്. ഇതുകേട്ടപ്പോൾ ഇന്ത്യൻ രക്ഷാകർതൃത്വവുമായി താരതമ്യപ്പെടുത്തുന്ന ചിലകാര്യങ്ങൾ എനിക്ക് ഓർമ വന്നു. ന്യൂയോർക്കിലേക്ക് വരുന്നതിന്‌ തൊട്ടുമുമ്പായി ഒരു വീഡിയോപരമ്പര മാതൃഭൂമി ഡോട്ട് കോമിനുവേണ്ടി ചെയ്തിരുന്നു. കുഞ്ഞുങ്ങളിലെ സ്ട്രസ്(മാനസികസമ്മർദം) എങ്ങനെ ലഘൂകരിക്കാം എന്ന ചോദ്യമായിരുന്നു അധികം രക്ഷിതാക്കളും എന്നോടു ചോദിച്ചിരുന്നത്. കുഞ്ഞുങ്ങളിലെ സ്ട്രസിനെ എങ്ങനെ ലഘൂകരിക്കാം എന്ന് ആലോചിക്കുന്ന സമൂഹമാണ് നമ്മുടേത്. അതേസമയംതന്നെ കുട്ടികൾ എത്രത്തോളം സമ്മർദം അനുഭവിക്കുന്നോ വിജയിക്കുന്നതിന് അത്രമേൽ സാധ്യത  കൂടുതലാണെന്ന്് കരുതുന്നവരും ഈ ലോകത്തുണ്ടെന്ന്‌ നാം മനസ്സിലാക്കണം.  

അമിതമാകുന്ന ഭൗതികവസ്തുക്കൾ
യു.എസിൽ ഞാൻ ചെലവഴിച്ച രണ്ടാഴ്ചയ്ക്കിടെ പല കുടുംബങ്ങളുമായി ഇടപഴകുകയും അവരുടെ വീടുകൾ സന്ദർശിക്കുകയും ചെയ്തിരുന്നു. അപ്പോൾ എനിക്ക്‌ മനസ്സിലായ ഒരു കാര്യം അവിടെയുള്ളവർ ഭൗതികസുഖങ്ങളോട് താത്പര്യം കൂടുതലുള്ളവരാണെന്നാണ്. രാജ്യത്തുടനീളം ഇത് ദൃശ്യമാണെങ്കിലും കുട്ടികളിൽ ഇത് വളരെ വ്യക്തമാണ്. മൂല്യങ്ങളിൽനിന്ന് മൂല്യാധിഷ്ഠിത വസ്തുക്കളോടുള്ള കമ്പത്തിലേക്ക് നമ്മുടെ സമൂഹം നീങ്ങുന്നത് ഈ പാശ്ചാത്യസ്വാധീനത്തിന്റെ ഫലമായാണെന്നാണ് ഞാൻ കരുതുന്നത്. 
നമുക്ക് വീടുകളിൽനിന്നുതന്നെ തുടങ്ങാം. എന്റെ ശ്രദ്ധ ആകർഷിച്ച ഒരുകാര്യം കുട്ടികളുടെ മുറികൾക്ക് അവർ നൽകുന്ന ശ്രദ്ധയാണ്. വ്യത്യസ്ത ശൈലിയിലുള്ളവയാണ് വീടുകളും അപ്പാർട്‌മെന്റുകളും. കുട്ടികളുടെ മുറികൾ കണ്ടാൽ തോന്നുക പോട്ടറി ബാണിന്റെ കടപോലെയാണ്. കുട്ടികളുടെ മുറികൾക്ക് ഒരേ സ്വഭാവമാണ്. നഴ്‌സറിയിൽ പഠിക്കുന്ന കുട്ടികളുടെ മുറിയാണെങ്കിൽ പതുപതുപ്പുള്ള മെത്തയും ചേരുന്ന കർട്ടൻവിരികളും ഒക്കെക്കൊണ്ട് സമ്പന്നമായിരിക്കും കുഞ്ഞുങ്ങളുടെ മുറികൾ. കുഞ്ഞുങ്ങളുടെ  ചുരുക്കപ്പേരുകൾ എംബ്രോയ്ഡറിചെയ്ത ബാത്ത്‌റൂം ടവ്വലുകളുമുണ്ടാകും. ബ്ലൂ വെയിലിനെ ഭയന്ന് ഗെയിമുകളിൽനിന്ന് കുഞ്ഞുങ്ങളെ എങ്ങനെ അകറ്റിനിർത്താമെന്ന് നമ്മൾ ഇവിടെ ചിന്തിക്കുമ്പോൾ, കുഞ്ഞുങ്ങൾക്കായി പ്രത്യേകം ഗെയിം മുറികളും അവിടെ കാണാം. 
എന്റെ മകളുടെ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് ഒന്നോ രണ്ടോ ഡിസ്‌നി പാവക്കുട്ടികൾ മാത്രമല്ല സ്വന്തമായുണ്ടാവുക. എല്ലാ കഥയിലെയും പാവക്കുട്ടികളുണ്ടാകും. അവയുടെ സിനിമയുടെ ഡി.വി.ഡി.കളും  അവയുടെ അലങ്കാരപ്പണിക്ക് ആവശ്യമായ വസ്തുവകകളും കാണും. ഗൃഹോപകരണശാലയിൽ നിൽക്കുമ്പോൾ ഒരു സ്ത്രീ വില്പനക്കാരനോട് ഇങ്ങനെ പറയുന്നത് കേട്ടു: ‘കട്ടിലിനുസമീപത്ത് വയ്ക്കാനുള്ള ഒരു അലമാര വാങ്ങുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലത്രെ. ഏത് തരത്തിലുള്ളത് വാങ്ങണമെന്ന് എട്ടുവയസ്സുകാരിയായ മകൾ തീരുമാനിക്കാത്തതാണത്രെ വാങ്ങാൻ വൈകുന്നതിനു കാരണം.’ അമേരിക്കയിലെ രക്ഷാകർതൃത്വം വളരെ വ്യത്യസ്തമായ ഒന്നാണെന്ന് എനിക്കുമനസ്സിലായി.

പഠനസമ്പ്രദായം
ഒരു വിദ്യാഭ്യാസജില്ലയിലെ പ്രൈമറിസ്കൂൾ അധ്യയനവർഷത്തിന്റെ ആദ്യദിവസം സന്ദർശിക്കാനുള്ള അവസരം എനിക്ക്‌ ലഭിക്കുകയുണ്ടായി. അധ്യാപകരും രക്ഷിതാക്കളും(ഏഷ്യക്കാരായ) വിദ്യാർഥികളുമായി സംസാരിക്കാനും അവസരം ലഭിച്ചു. അമേരിക്കൻ വിദ്യാഭ്യാസസമ്പ്രദായവും ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായവും തമ്മിൽ നിരവധി സമാനതകളും വ്യത്യസ്തതകളും നിലനിൽക്കുന്നതായി നമുക്കറിയാം. എന്നാൽ, ജീവിക്കാൻ ആവശ്യമായ പ്രാഥമിക പാഠങ്ങളെ(ലൈഫ് സ്കിൽസ്)ക്കുറിച്ച് ചെറുപ്പം മുതൽ പഠിപ്പിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. 

ഭൂപടം വായിക്കാൻ 
പഠിക്കുന്ന കുട്ടികൾ

ദിക്കുകൾ മനസ്സിലാക്കാനും മാപ്പ് മനസ്സിലാക്കി ലക്ഷ്യസ്ഥാനത്തെത്താനും കുഞ്ഞുങ്ങളെ പഠിപ്പിക്കുക എന്നത് ആ രാജ്യത്ത് അനിവാര്യമായ ഒരു കാര്യമാണ്. പ്രൈമറി ക്ലാസിലെത്തുന്ന കുട്ടിക്ക്് സ്കൂളിന്റെ മാപ്പ് നൽകുകയും ക്ലാസ്‌ മുറിയിലേക്കുള്ള വഴി കണ്ടെത്താൻ ആവശ്യപ്പെടുകയുമാണ് ആദ്യം ചെയ്യുന്നത്. വിദ്യാർഥികളുടെ സ്വന്തം വസ്തുക്കൾ സൂക്ഷിക്കാനുള്ള അറകൾ തുറക്കാനും അടയ്ക്കാനും അവയുടെ സങ്കീർണമായ കോഡുകൾ മനസ്സിലാക്കാനും വിദ്യാർഥികളും രക്ഷാകർത്താക്കളും ചെലവഴിക്കുന്ന സമയംകണ്ട് ഞാൻ ഞെട്ടിപ്പോയി. തീർത്തും അനാവശ്യമായ സമയം പാഴാക്കലാണ് ഇതെന്ന് എന്റെ ഇന്ത്യൻ മനസ്സ് ആദ്യം പറഞ്ഞു. എന്നാൽ, പിന്നീട് മനസ്സിലായി കുട്ടികളിൽ ഉത്തരവാദിത്വബോധം വളർത്താനുള്ള ഒരു മാർഗമായാണ് അവിടത്തുകാർ ഇതിനെ കാണുന്നതെന്ന്. 

ചോദ്യങ്ങൾ ചോദിക്കാൻ പഠിപ്പിക്കുന്നു
ചോദ്യങ്ങൾ ചോദിക്കാൻ പഠിപ്പിക്കുന്ന, കാരണം കണ്ടെത്തലുകളും ചർച്ചകളും ഉൾപ്പെട്ട അധ്യാപന സമ്പ്രദായമാണ് അവിടത്തേത്. കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള ആഗ്രഹം കുട്ടികളിൽ വളരാൻ ഈ അധ്യയനരീതി സഹായിക്കും. പ്രിയപ്പെട്ട വായനക്കാരേ, എന്റെ യാത്രയ്ക്കിടയിലെ ഓർമകളുടെയും അനുഭവങ്ങളുടെയും സംഭവങ്ങളുടെയും സമുദ്രത്തിലെ മഞ്ഞുമലയുടെ ഒരു തുണ്ട് മാത്രമാണ് മുകളിൽ പറഞ്ഞതത്രെയും. ഇനിയുമുണ്ട് നിരവധി കാര്യങ്ങൾ പങ്കുവയ്ക്കാൻ... 

*************************
കടൽ കടന്നൊരു പ്രണയം
വി.പി. ശ്രീലൻ sreelanvp@gmail.com 
മിഷേലിന്റെ ആദ്യ വിമാനയാത്രയായിരുന്നു അത്... ഫിലിപ്പീൻസിലെ മനിലയിൽ നിന്ന് കൊച്ചിയിലെ കണ്ണമാലിയിലേക്കായിരുന്നു ആ യാത്ര... വിമാനത്തിൽ കയറുമ്പോൾ അവളുടെ മനസ്സിൽ ഒരേയൊരാൾ മാത്രം, കണ്ണമാലി കടപ്പുറത്തിനടുത്ത് വലക്കച്ചവടം നടത്തുന്ന ജിനീഷ്.    വെറുതെ ജിനീഷിനെ കാണാൻ വന്നതല്ല...  അവനുമൊത്ത്  ജീവിക്കാനായിരുന്നു ആ വരവ്. അസാധാരണമായ ഒരു പ്രണയകഥയുടെ ക്ലൈമാക്സായിരുന്നു അത്. എല്ലാം തീരുമാനിച്ചുള്ള വരവ്...    മിഷേലിനെ കാത്ത് കൊച്ചി എയർപോർട്ടിൽ  ജിനീഷുണ്ടായിരുന്നു. മിഷേലിനെയും കൂട്ടി ജിനീഷ് നേരേ കണ്ണമാലിയിലേക്ക്... വീട്ടിലെത്തി പത്തു ദിവസം കഴിഞ്ഞപ്പോൾ മട്ടാഞ്ചേരി രജിസ്ട്രാർ ഓഫീസിൽ നിയമപ്രകാരമുള്ള വിവാഹം. മിഷേൽ എന്ന ഫിലിപ്പീൻസ് പെൺകുട്ടി, അങ്ങനെ കണ്ണമാലിക്കാരൻ ജിനീഷിന്റെ ഭാര്യയായി.   ഇപ്പോഴും വിശ്വസിക്കാനാവാത്ത സത്യം.
      വിദേശീയരായ പെൺകുട്ടികളെ മലയാളികൾ വിവാഹം കഴിക്കുന്നത് അസാധാരണമായ സംഭവമൊന്നുമല്ല. എന്നാൽ, ജിനീഷിന്റെ കാര്യത്തിൽ സംഭവിച്ചതൊക്കെ അയാൾക്കുതന്നെ വിശ്വസിക്കാനാവുന്നില്ല... ആ കഥ പറയുമ്പോൾ ജിനീഷ് വാചാലനാകുന്നു.  മൂന്നു വർഷം മുമ്പാണ് സംഭവം... ഫെയ്‌സ് ബുക്കിലാണ് മിഷേലിനെ ആദ്യമായി കണ്ടത്. മനില കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഭാ വിശ്വാസികളുടെ സുഹൃദ്‌വലയത്തിൽ മിഷേലുമുണ്ടായിരുന്നു. 
 എല്ലാവരോടും സൗഹൃദം കൂടാൻ ജിനീഷ് തീരുമാനിച്ചു... വെറുതെ ഒരു സൗഹൃദം. ഒരാഴ്ച കഴിഞ്ഞപ്പോൾ മിഷേൽ പ്രതികരിച്ചു... ഒരു സാധാരണ പ്രതികരണം. അവിടെ ഒരു സൗഹൃദം തുടങ്ങുകയായിരുന്നു.   ജിനീഷിനാകട്ടെ ഇംഗ്ലീഷ് കാര്യമായി അറിയില്ല. സംസാരിക്കുമ്പോൾ ശാരീരികമായ ചില പ്രശ്നങ്ങളുമുണ്ട്. സംസാരിച്ചു തുടങ്ങുമ്പോൾ എന്തോ അസുഖമുള്ളതു പോലെ തോന്നും. എന്നാൽ,  കാര്യമായ രോഗമൊന്നുമില്ലതാനും. തന്റെ പ്രശ്നങ്ങളെക്കുറിച്ച്  ജിനീഷിന് അറിയുകയും ചെയ്യാം. അതുകൊണ്ടുതന്നെ, ഉൾവലിഞ്ഞ രീതിയായിരുന്നു ഈ ചെറുപ്പക്കാരന്റേത്.  
ഇതൊക്കെ വിദ്യാഭ്യാസത്തെയും ബാധിച്ചു. പത്താം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു.    അനൗപചാരിക വിദ്യാഭ്യാസമായിരുന്നു പിന്നീട്.  പ്രൈവറ്റായി പ്ലസ് ടു പഠിച്ചു. ഡിഗ്രിക്ക് ചേർന്നപ്പോഴാണ് മിഷേലുമായുള്ള സൗഹൃദം മൊട്ടിട്ടത്. 

പ്രണയത്തിന് എന്തു ഭാഷ...?
‘പ്രണയത്തിന് എന്തിനാണ് ഭാഷ?’ എന്നാണ് ജിനീഷിന്റെ ചോദ്യം. കാരണം, കടലുകൾക്ക് അപ്പുറത്തുള്ള കൂട്ടുകാരിയുമായി ജിനീഷ് സംസാരിക്കുമ്പോൾ, രണ്ടുപേർക്കും അറിയാവുന്ന ഒരു ഭാഷയുടെ സഹായമില്ലായിരുന്നു. സ്കൈപ്പിലൂടെ അവരുടെ കണ്ണുകളാണ് സംസാരിച്ചത്.    
 ജിനീഷിന്റെ സ്വഭാവമാണ് തന്നെ ആകർഷിച്ചതെന്ന് മിഷേൽ പറയുന്നു. ജിനീഷിന് പുകവലിയോ, മദ്യപാനമോ ഇല്ല. പ്രാർഥനയുണ്ട്. പണമുണ്ടാക്കണമെന്ന് താത്‌പര്യമില്ല. മനസ്സുനിറയെ സ്നേഹമുണ്ട്. ഇതിനെക്കാൾ കൂടുതലായി ഒരു ഭർത്താവിന് എന്താണ് വേണ്ടത്...?  
 ആദ്യമൊക്കെ അറിയാവുന്ന ഇംഗ്ലീഷ് വാക്കുകളിൽ ജിനീഷ് കാര്യങ്ങൾ പറഞ്ഞൊപ്പിക്കുകയായിരുന്നു. എന്നാൽ, തനിക്ക് ചില വൈകല്യങ്ങളുണ്ടെന്ന്  വിശ്വസിച്ചതിനാൽ, അതൊക്കെ മിഷേലിനോട് തുറന്നുപറയാൻതന്നെ അയാൾ തീരുമാനിച്ചു. 

അമ്മാവൻവഴി തുറന്നുപറച്ചിൽ
അപ്പോഴേക്കും അവർ പരിചയപ്പെട്ടിട്ട് ഒന്നര വർഷം കഴിഞ്ഞിരുന്നു. എല്ലാ കാര്യങ്ങളും തുറന്നുപറയാൻ തന്നെ ജിനീഷ് തീരുമാനിച്ചു. ഇംഗ്ലീഷ് നല്ല വശമുള്ള  അമ്മാവന്റെ അടുത്തേക്കാണ് ജിനീഷ് പോയത്.  അമ്മയെയും ഒപ്പം കൂട്ടി. സ്കൂൾ അധ്യാപികയായിരുന്ന അമ്മയ്ക്കും മകന്റെ ഇഷ്ടങ്ങളോട് എതിർപ്പുണ്ടായിരുന്നില്ല. 
 അമ്മാവൻ സ്കൈപ്പിലൂടെ മിഷേലിനോട് സംസാരിച്ചു. ജിനീഷിന്റെ ചില പോരായ്മകളെക്കുറിച്ച് പറഞ്ഞു.  അതൊന്നും ഒരു പ്രശ്നമല്ലെന്നായി മിഷേൽ. ഇനി ഒന്നുകൂടി ജിനീഷ് തുറന്നുപറഞ്ഞു. വിവാഹം കഴിഞ്ഞാൽ നാടുവിട്ട് ഫിലിപ്പീൻസിലേക്ക് വരില്ല. ജീവിക്കുന്നെങ്കിൽ ഒരുമിച്ച് കണ്ണമാലിയിൽത്തന്നെ. അതിനും മിഷേലിന് സമ്മതം.  

എല്ലാം ഉപേക്ഷിച്ചുള്ള യാത്ര...  
സൈക്കോളജിയിൽ ബിരുദം നേടിയ മിഷേൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു... നല്ല ശമ്പളം. അമ്മയും സഹോദരിയുമാണ് ഒപ്പമുള്ളത്.  ജിനീഷുമായുള്ള സൗഹൃദത്തെക്കുറിച്ച് മിഷേൽ വീട്ടുകാരോടും സംസാരിച്ചു. അവർക്കും താത്‌പര്യമായി. ഫിലിപ്പീൻസിലെ ഗ്രാമത്തിൽ ജീവിക്കുന്ന മിഷേലിന് ഫാഷൻ ഭ്രമങ്ങളൊന്നുമില്ല.  അടിപൊളി ജീവിതത്തോട് താത്‌പര്യവുമില്ല.  സോഷ്യൽ മീഡിയയിലും അവൾ സജീവമായിരുന്നില്ല. ഫെയ്സ് ബുക്കിലെത്തിയതു പോലും യാദൃച്ഛികം.    ബസിലായിരുന്നു യാത്രകൾ. സ്വന്തം വാഹനമില്ല. വിമാനം അടുത്തു കാണുന്നതുതന്നെ ആദ്യം.  
 ജിനീഷിനോട് ഫിലിപ്പീൻസിലേക്ക് വരാനാണ് അവൾ  ആദ്യം നിർദേശിച്ചത്. എന്നാൽ, അമ്മയെ ഒറ്റയ്ക്കാക്കി  നാടുവിടാനാവില്ലെന്ന് ജിനീഷ് പറഞ്ഞു. കാര്യം മനസ്സിലായപ്പോൾ, കണ്ണമാലിയിലേക്ക് വരാൻ മിഷേൽ തീരുമാനിക്കുകയായിരുന്നു.  ‘ജിനീഷിനൊപ്പമല്ലാതെ ജീവിതമില്ലെന്ന് നിശ്ചയിച്ചു. അതുകൊണ്ട് എനിക്ക് കണ്ണമാലിയിലേക്ക് വരാതെ പറ്റില്ല...’ -മിഷേൽ പറയുന്നു. 

എന്നിട്ടും ജിനീഷിന് വിശ്വസിക്കാനായില്ല         
മനിലയിൽ നിന്ന് വിമാനത്തിൽ കയറിയതായി മിഷേൽ മൊബൈലിൽ വിളിച്ചുപറയുമ്പോൾ കണ്ണമാലിയിലെ കടയിലായിരുന്നു ജിനീഷ്.   ഇക്കാര്യം ആരോടെങ്കിലും പറയാൻ ജിനീഷിന് ധൈര്യമുണ്ടായില്ല. പറഞ്ഞിട്ട് ആ പെൺകുട്ടി  വരാതിരുന്നാലോ എന്ന ഭയമായിരുന്നു.   അമ്മയോടും അമ്മാവനോടും വിവരം പറഞ്ഞില്ല.  ഒരു കാർ വിളിച്ച് നേരേ നെടുമ്പാശ്ശേരിയിലേക്ക്. എന്നിട്ടും സംശയം മാറിയില്ല.  വിമാനത്താവളത്തിലെ ജീവനക്കാരനോട് ചോദിച്ച് വിമാനത്തിൽ വരുന്നവരുടെ പട്ടിക പരിശോധിച്ചു. അതെ, ആ പേരുകളിലുണ്ട് മിഷേൽ. ലോകത്തിന്റെ മുകളിലെത്തിയ പോലെയായി ജിനീഷിന്. പ്രാർഥനകളുടെ സാഫല്യം... ജിനീഷ് ദൈവത്തിന് നന്ദി പറഞ്ഞു.  വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ  മിഷേൽ, ദൂരെ നിൽക്കുന്ന ജിനീഷിനെ കണ്ടു. നേരിട്ടുള്ള ആദ്യകാഴ്ച... പക്ഷേ, വളരെക്കാലം ഒന്നിച്ചു ജീവിച്ചവരെപ്പോലെയായിരുന്നു മിഷേലിന്റെ  പെരുമാറ്റം. കാറിൽ നേരേ കണ്ണമാലിയിലേക്ക്... ഇടയ്ക്ക് കൊച്ചിയിലെ ഒരു ഹോട്ടലിന് മുന്നിൽ നിർത്തി. ജിനീഷിന്റെ സുഹൃത്തിേന്റതായിരുന്നു അത്.  വിദേശികളെ വീട്ടിൽ താമസിപ്പിക്കുന്നതിനായി പോലീസിന് നൽകേണ്ട ഫോറം അദ്ദേഹം നൽകി. അതുമായി നേരേ കണ്ണമാലി പോലീസ് സ്റ്റേഷനിലേക്ക്...    അവിടെ ഫോറം നൽകി.  പിറ്റേന്ന് രജിസ്ട്രാർ ഓഫീസിലെത്തി. എന്നാൽ, നിയമപ്രകാരമുള്ള നടപടികൾക്ക് ശേഷം വിവാഹം മതിയെന്ന് അവർ നിർദേശിച്ചു. പിന്നീട് നടപടികൾ പൂർത്തിയാക്കി വിവാഹം നടത്തി.

കണ്ണമാലിയിലെ 
കടയിലുണ്ട് മിഷേൽ

കണ്ണമാലിയിലെ വലക്കടയിൽ കച്ചവടക്കാരിയായി ഇപ്പോൾ മിഷേലുണ്ട്. ജിനീഷ് ഇല്ലാത്തപ്പോൾ, കടയുടെ കാര്യങ്ങൾ നോക്കുന്നത് മിഷേലാണ്. വീട്ടിലെ ജോലികളൊക്കെ ചെയ്യുന്നു. കേരളീയ വിഭവങ്ങൾ പാചകം ചെയ്യേണ്ടതെങ്ങനെയെന്ന് പഠിക്കുന്നു.   ഫിലിപ്പീൻസിലേക്ക് മടങ്ങുന്ന കാര്യം പറയുമ്പോൾ മിഷേലിന് ചിരി... ‘ജിനീഷ് ഉണ്ടെങ്കിൽ എവിടേക്കും പോകാം’ എന്ന് മറുപടി. ‘കണ്ണമാലിയിലെ കൊതുക്  ചില്ലറ പ്രശ്നമുണ്ടാക്കുന്നുണ്ട്... വേറെ ഒരു പ്രശ്നവുമില്ല. ജിനീഷ് കൂടെയുണ്ടെങ്കിൽ ഒന്നും ഒരു പ്രശ്നമല്ല’ എന്ന് മിഷേൽ...