ശ്രീകാന്ത് കോട്ടക്കൽ
sreekanthsmile@gmail.com

അമോൽ പലേക്കറും അദ്ദേഹത്തിന്റെ ഭാര്യ സന്ധ്യ ഗോഖലെയും ചേർന്ന് ചെയ്ത ‘ഭിന്ന ഷഡ്ജ’ എന്ന ഡോക്യുമെന്ററി അതിന്റെ ഉള്ളടക്കംകൊണ്ട് മാത്രമല്ല വ്യത്യസ്തമാവുന്നത്. മറിച്ച്, അസാധ്യമായ ഒരു കാര്യം അവർ സാധിച്ചെടുത്തു എന്നതുകൊണ്ടുകൂടിയാണ്: അഭിമുഖങ്ങൾക്കും സംഭാഷണങ്ങൾക്കുംപോലും വിസമ്മതിക്കുന്ന കിശോരി അമോങ്കർ എന്ന സംഗീതപ്രതിഭയെ ക്യാമറയ്ക്ക് മുന്നിലിരുത്തി, സംസാരിപ്പിച്ചു, പാടിപ്പിച്ചു, പല പോസുകളിൽ നടത്തിച്ചു, ഇരുത്തിച്ചു എന്നിങ്ങനെ പല പല കാരണങ്ങളാലാണ്. പാട്ടിനെമാത്രം പ്രാർഥിച്ച, അതിൽ മാത്രം ജീവിച്ച, ഏകാന്തതയെ പ്രണയിച്ച അമോങ്കർക്ക് മറ്റെല്ലാം ‘വെറും സമയം കളയൽ’മാത്രമായിരുന്നല്ലോ.
തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ, മുംബെയിലെ പ്രഭാദേവി അപ്പാർട്ട്‌മെന്റിൽ, 84-ാമത്തെ വയസ്സിൽ കിശോരി അമോങ്കർ ഉറക്കത്തിനിടെ ഈ ലോകത്തോട് വിടപറയുമ്പോൾ വികാരഭരിതമായ ഒരു രാഗാലാപനം വിളംബിതകാലത്തിൽ പെട്ടന്ന് നിലച്ചതുപോലെയായിരുന്നു. അമോങ്കർ പാട്ടുനിർത്തി മടങ്ങുമ്പോൾ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു കാലം മാത്രമല്ല, കാലാപത്തിന്റെകൂടെ സ്വരമാണ് നിലച്ചത്. പലേക്കറുടെ ഡോക്യുമെന്ററിയിൽ ഉസ്താദ് സക്കീർ ഹുസൈൻ അമോങ്കറെക്കുറിച്ച് പറഞ്ഞ വാക്കുകൾ അതിന് അടിവരയിടുന്നതാണ്. അദ്ദേഹം പറഞ്ഞു: ‘കിശോരി അമോങ്കറിന്റെ സംഗീതം ഒരു മനുഷ്യന്റെ സൂക്ഷ്മഭാവങ്ങൾവരെ ഒപ്പിയെടുത്ത ചിത്രംപോലെയാണ്. അതിൽ നിറഞ്ഞ സന്തോഷമുണ്ട്, ആഴമുള്ള വേദനയുണ്ട്, ക്ഷോഭമുണ്ട്, ഹതാശതയുണ്ട്, വ്യർഥതാബോധമുണ്ട്... ഒരു ചെറിയ സ്വരത്തിൽപ്പോലും അവർ ഇതെല്ലാം നിറച്ചിരിക്കുന്നു’
കിശോരി അമോങ്കർ ജനിച്ചുവീണത് സംഗീതത്തിന്റെ മടിത്തട്ടിലേക്കാണ്. അമ്മ, മഹാഗായിക മോഗുബായി കുർദ്ധികറുടെ ശ്വാസത്തിൽപ്പോലും സംഗീതമായിരുന്നു. ആറാം വയസ്സിൽ അച്ഛൻ മരിച്ചു. അമ്മയുടെ കൈവശം നിറഞ്ഞ സംഗീതം മാത്രമേ ഉണ്ടായിരുന്നുള്ളൂ, സമ്പത്ത് തീരെയില്ലായിരുന്നു. ‘അമ്മ എന്നോട് സംഗീതത്തെക്കുറിച്ച് സംസാരിക്കാറില്ലായിരുന്നു. അമ്മ എപ്പോഴും പാടും, ഞാൻ അത് ആവർത്തിക്കും. അതിന്റെ ഏറ്റവും സൂക്ഷ്മമായ തലങ്ങളിൽവരെ ഞാൻ പോയി. അത് എന്നെ ശ്രദ്ധ എന്നാൽ എന്താണെന്ന്‌ പഠിപ്പിച്ചുതന്നു’ ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു. 
അമ്മയുടെ അടുത്തുനിന്ന്‌ സംഗീതത്തിന്റെ ആഴവും അടിസ്ഥാനവും പഠിച്ച അമോങ്കർ പിന്നെയും പഠനം തുടർന്നു. ആഗ്ര ഖരാനയിലെ അൻവർ ഹുസൈൻ ഖാൻ, ഭേണ്ടി ബസാർ ഘരാനയിലെ അൻജാനിബായി മാൽപേക്കർ, ഗ്വാളിയോർ ഘരാനയിലെ ശാരദ് ചന്ദ്ര അരോൾകർ, ഗോവയിലെ അതികായനായ ബാലകൃഷ്ണഭുവ പർവാട്കർ... ഗുരുനാഥന്മാരുരടെ പരമ്പരകൾ കടന്നുപോയി.
  കിശോരി അമോങ്കർക്ക് സംഗീതം പോലെത്തന്നെ കലാപവും അലങ്കാരമായിരുന്നു. അഭിജാതമായ ആ മുഖത്തെ നിറഞ്ഞ ഗൗരവം ‘ഞാൻ വ്യത്യസ്തയാണ്’ എന്ന് എപ്പോഴും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അമ്മയോട് ലോകംചെയ്ത അനീതിക്ക്‌ പകരമായിട്ടായിരുന്നു അമോങ്കർ തന്റെ ശീലങ്ങൾ രൂപപ്പെടുത്തിയിരുന്നത്. കുർദ്ധികർ പാടുന്ന കാലത്ത് സ്ത്രീ ഗായകർക്ക് ആരും അത്ര വിലകല്പിച്ചിരുന്നില്ല. 
 വിദുഷിയായ കുർദ്ധികർക്ക് സംഘാടകർ എപ്പോഴും മൂന്നാം ക്ലാസ് കംപാർട്ട്‌മെന്റിന്റെ ടിക്കറ്റാണ് നൽകിയത്, തുച്ഛമായ പ്രതിഫലം വെച്ചുനീട്ടി, കച്ചേരിയുടെ സ്ഥലത്ത് ഏതെങ്കിലും വീട്ടിൽ പാർപ്പിച്ചു. ഒരു സംഗീതജ്ഞയ്ക്ക് ലഭിക്കേണ്ട ബഹുമാനം എപ്പോഴും കുർദ്ധികർക്ക് നിഷേധിക്കപ്പെട്ടു. അമ്മയ്ക്കൊപ്പം എപ്പോഴും യാത്രപോയിരുന്ന അമോങ്കറിന്റെ മനസ്സിൽ ഇത് ആഴത്തിൽ മുറിവുപോലെ പതിഞ്ഞുകിടന്നു. ‘ഞാൻ അനുഭവിച്ചതാണ് ആ വേദന. 
 അമ്മയ്ക്ക് മൂന്നു മക്കളെ വളർത്താനുള്ളതുകൊണ്ട് എല്ലാം സഹിച്ചു. ഞാനൊരു സംഗീതജ്ഞയായാൽ ഒരിക്കലും ഇത് അനുവദിക്കില്ല എന്ന് ശപഥം ചെയ്തു. അതുകൊണ്ട് ഞാൻ പരിപാടികൾക്ക് പോയാൽ എപ്പോഴും ഹോട്ടൽ സ്യൂട്ടുകളിൽ മാത്രമേ താമസിക്കാറുള്ളൂ, എപ്പോഴും കാർ നിർബന്ധമാണ്, പ്രതിഫലം കൃത്യമായിരിക്കണം’. അവസാനംവരെ അമോങ്കർ തന്റെ ശപഥം പാലിച്ചു.
 കിശോരി അമോങ്കറിന്റെ കലാപങ്ങൾ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഘരാനകളുടെ കാര്യത്തിലും കത്തിനിന്നു. ഘരാന എന്നൊന്നില്ല എന്നവർ തുറന്നുപറഞ്ഞു. ‘ഘരാന എന്നൊന്നില്ല. സംഗീതം മാത്രമേയുള്ളു. സംഗീതത്തിനെ ജാതിവ്യവസ്ഥയിലേക്ക് കൊണ്ടുവരുംപോലെയാണ് ഘരാനകൾ. പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് കല പഠിപ്പിക്കാൻ സാധിക്കില്ല. ‘തന്റെ നിഷേധ നിലപാടുകളെക്കുറിച്ച് അവർ ഒരിക്കൽ പറഞ്ഞു: ‘എന്നെ എല്ലാവരും നിഷേധി എന്ന് വിളിക്കുന്നു. ഞാൻ അങ്ങനെയാണ് എന്ന് എനിക്ക്‌ തോന്നുന്നില്ല. ഞാൻ തീഷ്ണസ്വഭാവിയും സത്യം പറയുന്നയാളുമാണ്. വിമർശകർ എന്തൊക്കെയോ പറയുന്നു. ഈ നിമിഷംവരെ അത് ഞാൻ കാര്യമാക്കിയിട്ടില്ല. ഞാൻ തന്നെയാണ് എന്റെ ഏറ്റവും വലിയ വിമർശക’

ശംഖം നിലച്ചപ്പോൾ...
അബ്ദുൾ കരീം ഖാനെയും ചെമ്പൈ വൈദ്യനാഥ ഭാഗവതരെയുംപോലെ കിശോരി അമോങ്കർക്കും  ഒരുഘട്ടത്തിൽ സ്വന്തം ശബ്ദം നഷ്ടമായിട്ടുണ്ട്. 25-ാമത്തെ വയസ്സിലായിരുന്നു അത്. ആധുനിക വൈദ്യശാസ്ത്രത്തിന് ഒന്നുംചെയ്യാൻ സാധിച്ചില്ല. ഒടുവിൽ പുണെയിലെ സർദേശ്‌മുഖ് മഹാരാജിന്റെ ആയുർവേദ ചികിത്സയാണ് അമോങ്കറിന്റെ ശബ്ദം തിരിച്ചുനൽകിയത്. രണ്ടുവർഷം നീണ്ട ആ കാലത്ത് സംഗീതം എത്രമാത്രം ആഴത്തിലുള്ളതാണ് എന്ന് മനസ്സിലാക്കാനും തന്റെതന്നെ ശൈലിയെ മറികടക്കാനും അവർ ശീലിച്ചു.
ഞാനെന്താ ആട്ടക്കാരിയാണോ
താൻ പാടുമ്പോൾ സദസ്സിന്റെ ഏകാഗ്രത കിശോരി അമോങ്കർക്ക് നിർബന്ധമായിരുന്നു. അതിന് ഏതെങ്കിലും തരത്തിൽ ഭംഗം 
വന്നാൽ കച്ചേരിതന്നെ ഇട്ടേച്ചുപോവാൻ അവർ മടിച്ചതുമില്ല. കശ്മീരിലെ ഒരു കച്ചേരിക്കിടെ ആളുകൾ മുന്നിലിരുന്ന് ഭക്ഷണം കഴിച്ചപ്പോൾ അമോങ്കർ കച്ചേരി നിർത്തി. മറ്റൊരു കച്ചേരിക്കിടെ സദസ്സിലുണ്ടായിരുന്ന വലിയ ഒരു വ്യാപാരിയുടെ ഭാര്യ മുറുക്കാൻ കൊണ്ടുവരാൻ പറഞ്ഞപ്പോൾ അവർ പാട്ടുനിർത്തി മുഖത്തടിച്ചതുപോലെ ചോദിച്ചു: ‘ഞാനെന്താ നിങ്ങളുടെ മുന്നിലെ ആട്ടക്കാരിയാണോ?’ തന്റെ ഈ പെരുമാറ്റത്തിന് കിശോരി അമോങ്കർക്ക് ന്യായീകരണമുണ്ട്. അവർ പറഞ്ഞു: ‘കച്ചേരിക്കിടെ ഞാൻ എപ്പോഴെങ്കിലും ചിരിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ? പാടുമ്പോൾ ഞാൻ എന്റെ ശരീരത്തെത്തന്നെ മറക്കുന്നു. എനിക്കതിന് സദസ്സിന്റെ സഹായം വേണം. പാടുന്നവരുടെ ഏകാന്തതയെ സദസ്സ് ഇല്ലാതാക്കരുത്’
   കടുംവെളിച്ചത്തിലിരുന്ന് ഒരിക്കലും കിശോരി അമോങ്കർ പാടാറില്ലായിരുന്നു. ഇരുട്ടിന്റെ തണുപ്പ് എപ്പോഴും അവർക്കാവശ്യമായിരുന്നു. അതീതങ്ങളിലേക്ക്‌ പോകാൻ മുഖത്തുവീഴുന്ന വെളിച്ചും തടസ്സമാണ് എന്നായിരുന്നു അവർ ഇതിന് കാരണമായി പറഞ്ഞിരുന്നത്. പരിപാടിക്കുമുമ്പ് തന്റെ തയ്യാറെടുപ്പ് മുറിയിലേക്കും അവർ ആരെയും പ്രവേശിപ്പിച്ചിരുന്നില്ല.

2017 മാർച്ച് 26, പാടാൻ ഇനിയും 
ഡൽഹിയിലേക്ക്‌ വിളിക്കൂ...

ഡൽഹിയിലെ കമാനി ഓഡിറ്റോറിയത്തിൽ ഇക്കഴിഞ്ഞ മാർച്ച് 26-നായിരുന്നു കിശോരി അമോങ്കറിന്റെ അവസാന കച്ചേരി. ഭിൽവാര ഗ്രൂപ്പിന്റെ സുർസംഘംസംഗീത മഹോത്സവത്തിന്റെ സമാപനം. പൂരിയ ധനശ്രീ, കൗശി കൻഹ്ര, മാൽഖൌസ്‌ എന്നിവയെല്ലാം അവർ അന്ന് പാടി. പ്രിയപ്പെട്ട രാഗമായ ഭൂപ് പാടിയില്ല. കച്ചേരി കഴിഞ്ഞപ്പോൾ പതിവില്ലാത്ത വിധത്തിൽ അവർ പറഞ്ഞു: പാടാൻ ഇനിയും എന്നെ ഡൽഹിയിലേക്ക് വിളിക്കൂ....
വീണ്ടും വിളിവരുന്നതിനു മുമ്പ് അവർ ഭൂമിവിട്ട് പോയി

*******************************

െചറിയ നാടകം 
വലിയ പരീക്ഷണം


പി.കെ. മണികണ്ഠൻ

പല ജീവിതസന്ദർഭങ്ങളെയും നാം നാടകീയമെന്ന്‌ വിശേഷിപ്പിക്കുന്നത്, പ്രവചനം അസാധ്യമായ വിധത്തിൽ യാദൃശ്ചികതയുള്ളതിനാലാവാം. ജീവിതാനുഭവങ്ങളുമായി ചേർന്നുനിൽക്കുന്നതുകൊണ്ടുതന്നെ ഏതുദേശത്തും ഏറെ ജനപ്രിയമാണ് നാടകങ്ങൾ. ചരിത്രത്തിനൊരു ആദരവും രംഗാവിഷ്കാരത്തിൽ പരീക്ഷണവുമായി ഇന്ദ്രപ്രസ്ഥനഗരിയിൽ ഞായറാഴ്ച അരങ്ങുണരും.  തലസ്ഥാനത്തെ മലയാളി കൂട്ടായ്മയായ വൃക്ഷ് കലാസംഘമൊരുക്കുന്ന ‘തെസ്പിസ് മൈക്രോനാടകമേള’ ഞായറാഴ്ച ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്‌സിലെ സി.വി. മെസ്സിൽ നടക്കും. രാജ്യത്ത് ആദ്യമാണ് ഇത്തരമൊരു രംഗപരീക്ഷണം. ഓസ്‌ട്രേലിയയിലെ മെൽബണിലാണ് ഇതിനുമുമ്പ് ഇത്തരമൊരു മത്സരം നടന്നിട്ടുള്ളതെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി. കേരളം മുതൽ കശ്മീർ വരെയുള്ള നാടകപ്രതിഭകളുടെ പത്തുമിനിറ്റുമാത്രം ദൈർഘ്യമുള്ള നാടകാവതരണം സാധ്യമാക്കി പുതിയ ചരിത്രമെഴുതുകയാണ് മലയാളിക്കൂട്ടായ്മ. 
ലോകത്ത് ഏറ്റവുമാദ്യം അരങ്ങിലെത്തിയെന്ന്‌ കരുതപ്പെടുന്ന നടനാണ് ഗ്രീക്ക് കവിയായ തെസ്പിസ്. ഏതൻസിൽ ബി.സി. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അദ്ദേഹം ദുരന്തനാടകങ്ങളുടെ സ്രഷ്ടാവായും അറിയപ്പെടുന്നു. ലോകം മുഴുവൻ കാണികളുള്ള ഗ്രീക്ക് നാടകങ്ങൾ വാർത്തെടുക്കുന്നതിൽ തെസ്പിസ്സിനുള്ള പങ്ക് ചെറുതല്ല. കരോൾ ഗാനങ്ങൾ അവതരിപ്പിക്കുന്നതിനിടെ, ഭാവാഭിനയത്തോടെ സംസാരിക്കുകയും ചെയ്താണ് ‘നാടകം’ എന്ന പുതിയ കല തെസ്പിസ് നെയ്‌തെടുത്തത്. കരോൾ ഗാനം നയിക്കുന്നയാളുമായി സംഭാഷണത്തിലേർപ്പെട്ടുള്ള വേറിട്ട പരീക്ഷണം നാടകത്തിന്റെ ആദ്യരൂപമായി. ഈ വിശ്വശില്പിക്കുള്ള ആദരമാണ് മൈക്രോ നാടകമേള. മലയാളമടക്കം വിവിധ ഭാഷകളിലായി 25 മൈക്രോനാടകങ്ങൾ അരങ്ങേറുന്ന മേളയിൽ ജേതാക്കൾക്ക് തെസ്പിസിന്റെ പേരിലുള്ള പുരസ്കാരങ്ങളും സമ്മാനിക്കും. 
അന്തരിച്ച വിഖ്യാത നടൻ ഓംപുരിക്കുള്ള സമർപ്പണമാണ് നാടകമേള. മലയാളനാടകേതിഹാസം കാവാലം നാരായണപ്പണിക്കരുടെയും മണിപ്പുരി നാടകപ്രതിഭ ഹെയ്‌സ്‌നാം കനയ്യലാലിന്റെയും പേരിലുള്ളതാണ് വേദി. മേള രാവിലെ ഒമ്പതരയ്ക്ക് നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ പ്രൊഫ. വാമനെ കേേരന്ദ ഉദ്ഘാടനം ചെയ്യും. മേളയിൽ അരങ്ങേറുന്നതടക്കം 27 നാടകങ്ങളുടെ രചനകളുമായി ‘ഷോർട്ട് ആന്റ് ഷാർപ്പ്’ എന്ന പുസ്തകം പ്രൊഫ. ഓംചേരി എൻ.എൻ.പിള്ള പ്രകാശനം ചെയ്യും. മത്സരം ആരംഭിക്കുന്നതിനുമുമ്പായി വൃക്ഷ് തിയേറ്റർ സംഘം അവതരിപ്പിക്കുന്ന 40 സെക്കൻഡ്‌ ദൈർഘ്യമുള്ള ‘കാമലിയോനിഡേ’ എന്ന നാടകം അരങ്ങേറും.
രാവിലെ 10.20-ന് ‘ദി കോഫി ഷോപ്പ്’ എന്ന നാടകാവതരണത്തോടെ മത്സരം തുടങ്ങും. രാജീവ് കോലിയുടെ സംവിധാനത്തിലുള്ളതാണ് ഈ നാടകം. സൈലൻസ് പ്ലീസ് (സംവിധാനം-സുബീഷ് ബാലൻ), ഓൾഡ് മാൻ അറ്റ് ദി ബ്രിഡ്ജ് (സംവിധാനം- വിനോദ് ആർ.സി.), ഒരു വാട്‌സാപ് വാർധക്യപുരാണം (സംവിധാനം-കലാഭവൻ  പ്രജിത്), എക്സ് (സംവിധാനം-ശരത് ബാബു), കർണൻ (സംവിധാനം-അഭിലാഷ് പരമേശ്വരൻ), ഇനി നമ്മൾ മാത്രം (സംവിധാനം-രഞ്ജിത് ചിറ്റാഡേ), സാഗ (സംവിധാനം - ഡോ. ഗോപി), ബ്ലാക്ക് (സംവിധാനം- ഷാജി.എം.) എന്നിവയാണ് തെസ്പിസ് മൈക്രോനാടകമേളയിൽ അരങ്ങേറുന്ന മലയാള നാടകങ്ങൾ. അഞ്ച്‌ ഹിന്ദി നാടകങ്ങളും കശ്മീരി, ഉർദു, രാജസ്ഥാനി, ഒറിയ എന്നീ ഭാഷകളിൽനിന്ന് ഓരോന്നുവീതവും തമിഴിൽ നിന്ന് രണ്ടെണ്ണവും അരങ്ങേറും. മറ്റുള്ളവ ബഹുഭാഷയിലായിരിക്കും. 
മത്സരങ്ങളുടെ ചരിത്രത്തിൽ ആദ്യമായി കാണികളിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന നാടകത്തിന് പ്രത്യേക പുരസ്കാരം നൽകുന്നതാണ് മേളയുടെ മറ്റൊരു പ്രത്യേകത. 
മികച്ച നാടകത്തിന് കാൽലക്ഷം രൂപയാണ് സമ്മാനം. മികച്ച നാടകം, സംവിധായകൻ, അഭിനേതാവ്, അഭിനേത്രി, തിരക്കഥ, സാങ്കേതികവിദഗ്ധൻ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ തെസ്പിസ് പുരസ്കാരങ്ങൾ നൽകും.  
സന്നദ്ധസംഘടനകളായ ‘സക്ഷം’ അവതരിപ്പിക്കുന്ന ‘മോഹമായ’, ‘ദീപാലയ’ അവതരിപ്പിക്കുന്ന ‘ലെറ്റ്‌സ് ബിഗിന്’‍, നാടകപ്രവർത്തകൻ ടി.കെ. സോമന്റെ നേതൃത്വത്തിലുള്ള ‘ഖുദ് മേം ഹേ വിശ്വാസ്’ എന്ന നാടകവും സാമൂഹിക സന്ദേശങ്ങളായി അരങ്ങേറും. ഇവയൊന്നും മത്സരയിനങ്ങളല്ല. 

*****************************
ഇന്റർനെറ്റ് ലോകം 
കീഴടക്കി ആൻഡ്രോയ്ഡ്

നിങ്ങളുടെ ഫോൺ ആൻഡ്രോയ്ഡ് ആണോ..? എങ്കിൽ അഭിമാനിക്കാം. കാരണം ഇന്റർനെറ്റ് ഉപയോഗിക്കാൻ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഒരു ഭാഗമാണ് നിങ്ങളും. 
 കുറച്ചുകൂടി വിശദമായി പറയുകയാണെങ്കിൽ ഇന്ന് ലോകത്ത് ഇന്റർനെറ്റ് ഉപയോഗിക്കാൻ ആളുകൾ ഏറ്റവും കൂടുതൽ താത്‌പര്യപ്പെടുന്നത് ആൻഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിച്ചാണ്. കഴിഞ്ഞ മാസമാണ് മൈക്രോസോഫ്റ്റിന്റെ വിൻഡോസിൽ നിന്ന് ഈ റെക്കോർഡ് ആൻഡ്രോയിഡ് സ്വന്തമാക്കുന്നത്. വെബ്ബ് അനലിസിറ്റ്‌സ് കമ്പനിയായ സ്റ്റാറ്റ്കൗണ്ടർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2017 മാർച്ചിൽ ആൻഡ്രോയ്‌ഡ് ഉപഭോക്താക്കൾ 37.93 ശതമാനമാണ്. വിൻഡോസ് ഉപയോഗിക്കുന്നവർ 37.91 ശതമാനവും. ആപ്പിളിന്റെ ഐ.ഒ.എസ്. ആണ് മൂന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ അഞ്ചു വർഷത്തിൽ പേഴ്‌സണൽ കംപ്യൂട്ടർ വിൽപ്പന കുറഞ്ഞതും ആൻഡ്രോയ്‌ഡ് സ്മാർട്ട്‌ഫോണുകളുടെ വിൽപ്പന വർദ്ധിച്ചതുമാണ് ഇത്തരത്തിലൊരു മാറ്റം സംഭവിക്കാൻ കാരണമായത്. ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ ഇന്റർനെറ്റ് ഉപഭോക്താക്കളാണ് പ്രധാനമായും ആൻഡ്രോയ്‌ഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ ആശ്രയിക്കുന്നത്. 

പറക്കും സ്യൂട്ട്
പറക്കാൻ ആഗ്രഹമുണ്ടോ...? എങ്കിൽ ഇനി ഒരു സ്യൂട്ട് അണിഞ്ഞാൽ മാത്രം മതി. ഹോളിവുഡ് സിനിമകളിലെ സാങ്കല്പികമായ കണ്ടുപിടിത്തമെന്ന് പറഞ്ഞു തള്ളാൻ വരട്ടെ. അത്തരത്തിലൊരു സ്യൂട്ട് ശരിക്കും നിർമിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെ സ്റ്റാർട്ട്അപ്പ് കമ്പനിയായ ഗ്രാവിറ്റി. ബ്രിട്ടീഷ് റോയൽ മറൈൻ നേവിയുടെ ഭാഗമായിരുന്ന റിച്ചാർഡ് ബൗനിങ്ങ് ആണ് ഗ്രാവിറ്റിയുടെ സ്ഥാപകൻ. ഒറ്റനോട്ടത്തിൽ ഹോളിവുഡ് സിനിമയായ അയൺമാനിലെ ഹൈടെക് സ്യൂട്ട് പോലെയിരിക്കുന്ന ഈ ഫ്ലയിങ്ങ് സ്യൂട്ട് അണിഞ്ഞാൽ ആർക്കും പറന്നുയരാൻ സാധിക്കും. ഡേഡലസ് എന്ന് പേരിട്ടിരിക്കുന്ന ഈ ഫ്ളയിങ്ങ് സ്യൂട്ടിന് ഏകദേശം 1.3 കോടിയാണ് വില. ആറ് മൈക്രോ ജെറ്റ് എൻജിനുകളാണ് സ്യൂട്ടിനെ പറക്കാൻ സഹായിക്കുന്നത്. ഡേഡലസ് സ്യൂട്ട് കൊണ്ട് മണിക്കൂറിൽ 450 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുമെന്ന് റിച്ചാർഡ് ബൗനിങ്ങ് അവകാശപ്പെടുന്നു.