ന്യൂഡല്‍ഹി: തലസ്ഥാനനഗരിയെ മാലിന്യവിമുക്തമാക്കുമെന്ന വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടി. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളില്‍നിന്ന് മൂന്നുവര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയെ വിമുക്തമാക്കുക, വീട്ടുകരം പൂര്‍ണമായും ഒഴിവാക്കുക എന്നിവയുള്‍പ്പെടെ നിരവധി വാഗ്ദാനങ്ങളുമായാണ് എ.എ.പി. പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്.

മോദിയുടെ ശുചിത്വഭാരത പദ്ധതി ഡല്‍ഹിയില്‍ നടപ്പാക്കാന്‍ പരാജയപ്പെട്ട ബി.ജെ.പി. ഡല്‍ഹി ഘടകം പ്രധാനമന്ത്രിയെ പിന്നില്‍നിന്നു കുത്തിയിരിക്കുകയാണെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. ഇതാദ്യമായി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എ.എ.പി., തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നു എം.സി.ഡി.കളിലും കഴിഞ്ഞ പതിനഞ്ചുവര്‍ഷമായുള്ള ബി.ജെ.പി.യുടെ അഴിമതിഭരണം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോരാടുന്നത്. കഴിഞ്ഞവര്‍ഷം 13 വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അഞ്ചു വാര്‍ഡുകളില്‍ വിജയിക്കാന്‍ എ.എ.പി.ക്കു കഴിഞ്ഞിരുന്നു.മറ്റു പ്രധാന വാഗ്ദാനങ്ങള്‍
* നഗരത്തിലെ മാലിന്യക്കൂമ്പാരങ്ങള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഒഴിവാക്കും.

* ശുചീകരണത്തൊഴിലാളികള്‍ക്ക് മാസത്തിന്റെ ഏഴാംദിവസം ശമ്പളം നല്‍കും.

* കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ശുചീകരണത്തൊഴിലാളികളെ സ്ഥിരപ്പെടുത്തും.

* ശുചീകരണത്തൊഴിലാളികള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്.

* നഗരത്തിലുടനീളം ശൗചാലയങ്ങള്‍ സ്ഥാപിക്കും.

* കെട്ടിടനിര്‍മാണ നിയമങ്ങള്‍ ലഘൂകരിക്കും.

* മുന്നൂറ് ചതുരശ്രയടിവരെ വിസ്തീര്‍ണമുള്ള പ്ലോട്ടില്‍ കെട്ടിടം നിര്‍മിക്കുന്നതിനുള്ള 10-15 അംഗീകൃത പ്ലാനുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും.

* 1500 ചതുരശ്രയടിവരെ വിസ്തീര്‍ണമുള്ള പ്ലോട്ടില്‍ നിര്‍മിക്കുന്ന കെട്ടിടത്തിനുള്ള പ്ലാനിന് അംഗീകൃത ആര്‍ക്കിടെക്ടിന്റെ സര്‍ട്ടിഫിക്കറ്റ് മതി.

* മൂന്ന് കോര്‍പ്പറേഷനുകളിലും പാര്‍ട്ടി അധികാരത്തില്‍വന്നാല്‍ അനധികൃതകോളനികളുടെ പ്ലാനുകള്‍ക്കും അംഗീകാരം നല്‍കും.

* മുഴുവന്‍ എം.സി.ഡി. പ്രൈമറി സ്‌കൂളുകളിലും നഴ്‌സറി, കിന്റര്‍ ഗാര്‍ട്ടന്‍ ക്ലാസുകള്‍ ആരംഭിക്കും.

* കൂടുതല്‍ അധ്യാപകരെ നിയമിക്കും.

* എം.സി.ഡി. ഹെല്‍ത്ത് സെന്ററുകളില്‍ മരുന്ന് സൗജന്യമാക്കും.

* വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും വൈദ്യുതി സബ്‌സിഡി.

* വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും സൗജന്യ കുടിവെള്ള പദ്ധതി നടപ്പാക്കും.

* നഗരത്തിലുടനീളം ബഹുതല പാര്‍ക്കിങ് സംവിധാനം.