ന്യൂഡല്‍ഹി: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള പദ്ധതിയില്‍ അഞ്ച് സ്ഥലങ്ങളെമാത്രം ഉള്‍പ്പെടുത്തിയതില്‍ ഡല്‍ഹി ട്രാഫിക് പോലീസിന് സുപ്രീംകോടതിയുടെ വിമര്‍ശം.

ദൗത്യസംഘം കണ്ടെത്തിയ 77 സ്ഥലങ്ങളില്‍ അഞ്ച് സ്ഥലങ്ങള്‍മാത്രം തിരഞ്ഞെടുക്കാനാവില്ലെന്ന് ജസ്റ്റിസ് മദന്‍ ബി. ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

നഗരത്തില്‍ പുതുതായി തുടങ്ങുന്ന മെട്രോ പാതകളുമായി ബന്ധപ്പെട്ട് ഒരു പദ്ധതിയുമില്ലാത്തതില്‍ കോടതി അദ്ഭുതം പ്രകടിപ്പിച്ചു.

പുതിയ പാതകളുടെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് യാതൊരു ആസൂത്രണവുമില്ലെന്ന് കോടതി കുറ്റപ്പെടുത്തി.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള ദൗത്യസംഘത്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്ന് ഡല്‍ഹി സര്‍ക്കാരിനും പോലീസിനുംവേണ്ടി ഹാജരായ അഭിഭാഷകന്‍ വസീം എ. ക്വാദ്രി ബോധിപ്പിച്ചു. ഇത്തരം വ്യര്‍ഥമായ മറുപടികള്‍ സ്വീകരിക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്ന് ബെഞ്ച് പറഞ്ഞു.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള പദ്ധതിയില്‍ അഞ്ച് സ്ഥലങ്ങള്‍മാത്രം തിരഞ്ഞെടുക്കാനുള്ള കാരണം അധികൃതര്‍ വ്യക്തമാക്കണമെന്ന് അമിക്കസ് ക്യൂറിയായ അഡ്വ. അപരാജിത സിങ് വാദിച്ചു.

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ 28 ഗതാഗത ഇടനാഴികള്‍ നിര്‍മിക്കേണ്ടതുണ്ടെന്ന് അഡ്വ. ക്വാദ്രി ബോധിപ്പിച്ചു. മേല്‍പ്പാലങ്ങളും അടിപ്പാതകളും നിര്‍മിക്കാന്‍ സമയമെടുക്കും.

ദൗളക്കുവ, സര്‍ദാര്‍ പട്ടേല്‍ മാര്‍ഗ്, ഗ്യാരഹ് മൂര്‍ത്തി റോഡ്, പഞ്ചശീല്‍ മാര്‍ഗ് എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ക്വാദ്രി പറഞ്ഞു.

ദൗത്യസംഘം നിര്‍ദേശിച്ച 77 സ്ഥലങ്ങളില്‍നിന്ന് അഞ്ചെണ്ണം തിരഞ്ഞടുത്തതിന്റെ മാനദണ്ഡങ്ങള്‍ എന്താണെന്ന് കോടതി ചോദിച്ചു.

ദേശീപാത അതോറിറ്റിയാണ് നടപടിയെടുക്കേണ്ടതെന്ന് നിങ്ങള്‍ പറയുന്നു. നിങ്ങള്‍ എന്താണ് ചെയ്തത്? കോടതിയില്‍ രേഖകള്‍ ഫയല്‍ ചെയ്യുന്നതുമാത്രമാണ് തങ്ങളുടെ ജോലിയെന്ന് പറയാനാകില്ലെന്നും ബെഞ്ച് പറഞ്ഞു.

കൈയേറ്റത്തെക്കുറിച്ച് ക്വാദ്രി പറഞ്ഞപ്പോള്‍, ഏത് കൈയേറ്റമാണ് ഒഴിപ്പിച്ചതെന്നും എന്നാണ് ഒഴിപ്പിച്ചതെന്നും കോടതി ചോദിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള രൂപരേഖയാണ് പ്രധാനപ്പട്ടത്. അത് സംബന്ധിച്ച് താങ്കള്‍ ഒന്നും പറയുന്നില്ലെന്നും ക്വാദ്രിയോട് കോടതി പറഞ്ഞു.

ഗതാഗതം സുഗമമാക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റം (ഡി.ഐ.എം.ടി.എസ്.) ഉചിതമായ സ്ഥാപനമാണെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള രൂപരേഖ തയ്യാറാക്കാന്‍ അവരോട് നിര്‍ദേശിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.

അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള സമഗ്ര കര്‍മപദ്ധതിയില്‍ പറയുന്ന പ്രശ്‌നങ്ങള്‍ക്കു സമാനമാണെന്നും ഇരുവിഷയങ്ങളും ഒരുമിച്ചു പരിഗണിക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. അമിക്കസ് ക്യൂറിയുടെ ആവശ്യം അംഗീകരിച്ച ബെഞ്ച്, രണ്ടും ഒരുമിച്ച് പരിഗണിക്കാമെന്ന് വ്യക്തമാക്കി.