ദോഹ: പാഴ് വസ്തുക്കള്‍ മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിയുന്ന സ്വഭാവമാണ് ഒട്ടുമിക്കവരുടേതും. എന്നാല്‍ പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ഇവയുടെ പുനരുപയോഗം സാധ്യമാക്കുകയാണ് കൊച്ചി ആലുവ സ്വദേശിനിയായ വാഹിദ നസീറെന്ന കലാകാരി. വലിച്ചെറിയുന്ന കുപ്പികളും കടലാസുകളും പ്ലാസ്റ്റികുകളുമെല്ലാം വാഹിദയുടെ കൈകളിലെത്തുമ്പോള്‍ മനോഹരമായ പൂക്കളും അലങ്കാരവസ്തുക്കളുമാകും.
 
മുത്തുകളും നൂലുകളും ഉപയോഗിച്ച് പാഴ് വസ്തുക്കള്‍ കൊണ്ട് അലങ്കരിച്ച് കമനീയമായ വ്യത്യസ്ത ഉത്പന്നങ്ങളാണ് ഉണ്ടാക്കുന്നത്.വീടിന്റെ മാതൃകമുതല്‍ ഡോര്‍ മാറ്റ് വരെയാണ് ഇതിനകം നിര്‍മിച്ചത്. ഖത്തറിലെത്തി ജോലിക്കുയുള്ള കാത്തിരിപ്പിനിടെ സമയം വെറുതെപാഴാക്കണ്ടെന്ന ചിന്തയാണ് കരകൗശല ഉത്പന്നങ്ങളുടെ നിര്‍മാണത്തിലേക്കെത്തിച്ചത്. ക്രാഫ്റ്റില്‍ അക്കാദമിക് പഠനമില്ലെങ്കിലും കൈയില്‍ കിട്ടുന്ന പാഴ് വസ്തുക്കളില്‍ 11 വര്‍ഷമായി സ്വന്തമായി നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചതോടെയാണ് വാഹിദ നസീറെന്ന കലാകാരിയെ പ്രവാസികള്‍ക്കിടയില്‍ ശ്രദ്ധേയയാക്കിയത്. കഴിഞ്ഞ പത്തുവര്‍ഷമായി ഖത്തറിലെപ്രശസ്ത ഫ്‌ളവര്‍ ഷോ ആയ കാപ്കോയിലും മുടങ്ങാതെ സമ്മാനം നേടുന്നുണ്ട്.
 
ഫ്രഷ്, ആര്‍ട്ടിഫിഷല്‍, ഡ്രൈ ഫ്‌ളവര്‍ അറേഞ്ച്മെന്റിലുമെല്ലാമാണ് സമ്മാനം വാരിക്കൂട്ടുന്നത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഫിനാന്‍സ് വകുപ്പില്‍ കാഷ്യറായ വാഹിദ ഒഴിവുസമയങ്ങള്‍ മുഴുവനും ഇത്തരം ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ സജീവമാകും. ഉപയോഗശൂന്യമായ ബോട്ടിലുകളിലാണ് കൂടുതലും പരീക്ഷണംനടത്തുന്നത്. പലപ്പോഴും മനോഹരമായ നിര്‍മിതികളുടെ ബാക്കി പൂര്‍ത്തിയാക്കുന്നത് മക്കളായ നെഹ്ലയും നെസ്വീഹയുമാണ്. അമ്മയെപ്പോലെ തന്നെ മക്കളും കലാകാരികളാണ്. പാട്ട്, നൃത്തം, ഫോട്ടോഗ്രഫി, ക്രാഫ്റ്റ്, പെയിന്റിങ് തുടങ്ങി ഇരുവരും കടക്കാത്ത മേഖലകള്‍ വിരളം. നാട്ടില്‍ ബി.ഡി.എസിന് പഠിക്കുന്ന മകള്‍ നെസ്വീഹ അവധിക്ക് ഓടിയെത്തുമ്പോള്‍ അമ്മയ്ക്കും അനിയത്തിക്കുമൊപ്പം ക്രാഫ്റ്റില്‍ സജീവമാകും. എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയാണ് നെഹ്ല.
 
പ്രവാസി സംഘടനകളായ ഫ്രണ്ട്സ് കള്‍ച്ചറല്‍ ഫോറം, കള്‍ച്ചറള്‍ ഫോറം നടുമുറ്റം തുടങ്ങിയവയുടെ പ്രദര്‍ശനങ്ങളിലും മത്സരങ്ങളിലും പങ്കെടുത്ത് വാഹിദ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. കരകൗശല നിര്‍മാണത്തിനൊപ്പം കൃഷിയിലും സജീവമാണ്. നമ്മുടെ അടുക്കളത്തോട്ടം, കൃഷിയിടം തുടങ്ങിയ കൂട്ടായ്മകളിലും അംഗമാണ്.റംസാന്‍ നിലാവും കായികരംഗത്തെ ഫുട്ബോള്‍, ക്രിക്കറ്റ് ബാറ്റ് തുടങ്ങിയ പലതരം പ്രമേയങ്ങള്‍ അടിസ്ഥാനമാക്കി പലവിധത്തിലുളള കരകൗശലവസ്തുക്കള്‍ നിര്‍മിച്ചു. അല്‍ ഷര്‍ഖ് അറബ് പത്രത്തില്‍ പ്രിന്റിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് നസീറാണ് വാഹിദക്കും മക്കള്‍ക്കും പൂര്‍ണപിന്തുണ നല്‍കുന്നത്. പാഴ് വസ്തുക്കളുടെ പുനരുപയോഗമെന്ന സന്ദേശത്തില്‍ സ്വന്തമായൊരു പ്രദര്‍ശനം സംഘടിപ്പിക്കുകയാണ് വഹീദയുടെ ഏറ്റവും വലിയ ആഗ്രഹം.