ന്യൂഡല്‍ഹി: പാതയോരത്ത് ഉറങ്ങിക്കിടന്നവരുടെ മേല്‍ പന്ത്രണ്ടാം ക്ലാസുകാന്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഡല്‍ഹിയില്‍ കശ്മീരിഗേറ്റ് മേഖലയില്‍ വ്യാഴാഴ്ച രാവിലെ 5.45-നാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ ആസിഫ്, കരണ്‍, സഞ്ജയ് എന്നിവരെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

മഥുര റോഡിലുള്ള ഡല്‍ഹി പബ്ലിക് സ്‌കൂളിലെ മൂന്നുവിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. പന്ത്രണ്ടാം ക്ലാസില്‍ കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ഥികളാണിവര്‍. കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിക്ക് കഴിഞ്ഞമാസമാണ് 18 വയസ്സ് തികഞ്ഞത്. എന്നാല്‍, ഡ്രൈവിങ് ലൈസന്‍സില്ലെന്ന് ഡി.സി.പി. ജതിന്‍ നര്‍വാല്‍ പറഞ്ഞു.

സുഹൃത്തിന്റെ പിതാവിന്റെ കാറിലാണ് ഇവര്‍ സഞ്ചരിച്ചത്. ഉടമയുടെ അനുവാദത്തോടെയാണോ ഇവര്‍ കാര്‍ എടുത്തത്, കാറോടിച്ച വിദ്യാര്‍ഥിക്ക് ലൈസന്‍സില്ലെന്ന് ഉടമയ്ക്ക് അറിയാമായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്. ലൈസന്‍സില്ലെന്ന് അറിഞ്ഞുകൊണ്ടാണ് കാര്‍ വിട്ടുകൊടുത്തതെങ്കില്‍ ഉടമയ്‌ക്കെതിരെയും നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

വണ്ടിയോടിച്ച വിദ്യാര്‍ഥിയെ പോലീസിന് പിടികൂടാനായെങ്കിലും മറ്റുരണ്ടുപേരും രക്ഷപ്പെട്ടു. ഇവര്‍ പിന്നീട് കശ്മീരിഗേറ്റ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കാറോടിച്ച വിദ്യാര്‍ഥി മദ്യപിച്ചിരുന്നോ എന്നറിയാന്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

ഒരുമിച്ചിരുന്നു പഠിക്കാന്‍ ഒരാളുടെ വീട്ടില്‍ ഒത്തുകൂടിയ തങ്ങള്‍ രാവിലെ സ്‌കൂളിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍, മൂവരും സ്‌കൂള്‍ യൂണിഫോമായിരുന്നില്ല ധരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.