ന്യൂഡല്‍ഹി: അസഹ്യമായ വായുമലിനീകരണം നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി രണ്ടാഴ്ച നീളുന്ന യജ്ഞം നടത്തും. അന്തരീക്ഷ മലിനീകരണം ചെറുക്കാനുള്ള നടപടികള്‍ക്കും ബോധവത്കരണം നടത്താനുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ എഴുപതംഗം സംഘം പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചു. കേന്ദ്ര പരിസ്ഥിതിമന്ത്രാലയം, ഡല്‍ഹി സര്‍ക്കാര്‍, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, എന്‍.ഡി.എം.സി. എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങുന്നതാണ് ഈ സംഘം.

പത്തു മുതല്‍ 23 വരെ നീളുന്ന യജ്ഞത്തില്‍ വായു മലിനീകരണം നേരിടാന്‍ വന്‍തോതിലുള്ള ശ്രമങ്ങളുണ്ടാവും. മലിനീകരണം സൃഷ്ടിക്കുന്ന സാമ്പത്തിക-ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് ശക്തമായ സന്ദേശം നല്‍കേണ്ടതുണ്ട്. ബോധവത്കരണ പ്രവര്‍ത്തനങ്ങളും വായുമലിനീകരണം നേരിടാനുള്ള നടപടികളും കേവലം രണ്ടാഴ്ചയില്‍ ഒതുങ്ങില്ല. വര്‍ഷം മുഴുവന്‍ നീളുന്ന തുടര്‍കര്‍മപദ്ധതി വേണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഡല്‍ഹിയിലെ വായുമലിനീകരണം നിരീക്ഷിക്കുകയും പരിഹാര നടപടികളെടുക്കലുമൊക്കെ ഉദ്യോഗസ്ഥസംഘത്തിന്റെ ഉത്തരവാദിത്വമായിരിക്കും. മലിനീകരണമുണ്ടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികളുമെടുക്കും. അയല്‍സംസ്ഥാനത്ത് വയല്‍ കത്തിക്കുമ്പോള്‍ ഡല്‍ഹിയില്‍ മലിനീകരണമുണ്ടാവുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ ബജറ്റില്‍ പ്രത്യേകവിഹിതം വ്യവസ്ഥ ചെയ്തിട്ടുള്ളതും മന്ത്രി ചൂണ്ടിക്കാട്ടി. വായു മലിനപ്പെടുത്തുന്നവരോട് യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ല. യജ്ഞത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗമാളുകളും പങ്കെടുക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ദിവസവും 131 ടണ്‍ പൊടി ഉത്പാദിപ്പിക്കപ്പെടുന്നു. അതു നിയന്ത്രിച്ചാല്‍ വായുമലിനീകരണം ഒരു പരിധിവരെ നേരിടാം. ഡല്‍ഹി-എന്‍.സി.ആര്‍. മേഖലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് മുഖ്യമായും ഈ പൊടിക്കു കാരണം. ഇക്കാര്യത്തില്‍ വിവിധ വിഭാഗത്തിലുള്ളവരുമായി താന്‍ നേരിട്ട് കൂടിക്കാഴ്ച നടത്തി. ഹരിത സ്വഭാവ പ്രചാരണ പദ്ധതിക്കും തുടക്കമിട്ടു.

വാഹനപ്പുക നിയന്ത്രിക്കല്‍, ഊര്‍ജ പ്ലാന്റുകളില്‍ പരിശോധന, വായുമലിനീകരണ വ്യവസ്ഥകള്‍ പാലിക്കുന്ന തരത്തിലുള്ള പ്രാദേശിക വികസനപ്രവര്‍ത്തനം തുടങ്ങിയവയും രണ്ടാഴ്ച നീളുന്ന യജ്ഞത്തിന്റെ ഭാഗമായിട്ടുണ്ടാവും. ഡല്‍ഹി പോലീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ തുടങ്ങിയവയുമായി സഹകരിച്ചാവും യജ്ഞം. ശില്‍പ്പശാലകള്‍, കോളേജുകളിലും സര്‍വകലാശാലകളിലും പ്രത്യേക ദിനാചരണങ്ങള്‍, വായു മലിനീകരണം ചര്‍ച്ചചെയ്യാന്‍ ദേശീയ ഡിജിറ്റല്‍ ഫോറത്തിന്റെ രൂപവത്കരണം, പരിസ്ഥിതിമന്ത്രിമാരുടെ സമ്മേളനം തുടങ്ങിയവയും സംഘടിപ്പിക്കും. പുരോഗതി വിലയിരുത്താന്‍ കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും.പൊടിയുണ്ടെങ്കില്‍ പിടി വീഴും


ന്യൂഡല്‍ഹി:
വായുമലിനീകരണം നേരിടുന്നതിന്റെ ഭാഗമായി പൊടി നിയന്ത്രിക്കാന്‍ കര്‍ശനവ്യവസ്ഥകളുമായി കേന്ദ്രവിജ്ഞാപനം. നിര്‍മാണമേഖലകളില്‍ ഇതു കര്‍ശനമായി നടപ്പാക്കണമെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

മുഖ്യവ്യവസ്ഥകള്‍:

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ പൊടി നിയന്ത്രിക്കാന്‍ വ്യവസ്ഥയില്ലെങ്കില്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കില്ല.

നിര്‍മാണസ്ഥലങ്ങളിലേക്കുള്ള റോഡുകള്‍ ടാറിട്ടിരിക്കണം.

പൊടി നിയന്ത്രണ നടപടികളെടുക്കാതെ പുരാവസ്തു പര്യവേക്ഷണം പാടില്ല.

നിര്‍മാണസ്ഥലങ്ങളിലും മറ്റുമുള്ള പൊടി നിര്‍ബന്ധമായും മൂടിയിരിക്കണം.

വെള്ളം തളിക്കല്‍ സംവിധാനം നിര്‍മാണ മേഖലകളിലുണ്ടാവണം.

പൊടി നിയന്ത്രിക്കാനുള്ള നടപടികള്‍ നിര്‍മാണ മേഖലകളില്‍ പരസ്യപ്പെടുത്തണം.