ന്യൂഡല്‍ഹി: പ്രവാസി മലയാളികള്‍ ഉള്ളിടത്തെല്ലാം മാതൃഭാഷാപഠനം മെച്ചപ്പെടുത്താനായി മലയാളം മിഷനു കീഴില്‍ ഏറ്റവും മികച്ച മലയാള പഠനകേന്ദ്രത്തിന് ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മികച്ച അധ്യാപകര്‍ക്ക് അരലക്ഷം രൂപയും മികച്ച വിദ്യാര്‍ഥിക്ക് കാല്‍ലക്ഷം രൂപയും പുരസ്‌കാരമായി സമ്മാനിക്കുമെന്ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. അടുത്തിടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യങ്ങള്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. മലയാളം മിഷന്‍ ഡല്‍ഹി പുനഃസംഘടനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രവാസി മലയാളികളുടെ പൊതുസാംസ്‌കാരികകേന്ദ്രമായി മലയാളം മിഷന്‍ പ്രവര്‍ത്തനത്തെ മാറ്റിയെടുക്കും. മലയാളികള്‍ അധിവസിക്കുന്ന സ്ഥലങ്ങളിലെല്ലാം മാതൃഭാഷാപഠനം സാധ്യമാക്കും. ഇതിന്റെ ഭാഗമായി കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലും വിദേശങ്ങളിലും പ്രത്യേക ചാപ്റ്ററുകള്‍ രൂപവത്കരിക്കും. മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാനാവുംവിധം വിപുലീകരിക്കാനാണ് ചാപ്റ്റര്‍. ഇതിനു കീഴില്‍ മലയാളം മിഷന്‍ നേരിട്ട് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കും.
 
ചിലയിടങ്ങളില്‍ മലയാളി സംഘടനകള്‍ മാത്രം പഠനകേന്ദ്രം നടത്തുന്ന പ്രവണത ഇതുവഴി പരിഹരിക്കാനാവും. ചാപ്റ്ററുകളുടെ പ്രവര്‍ത്തന ഏകോപനത്തിനും മിഷന്‍ ഡയക്ടറേറ്റുമായുള്ള ചാപ്റ്ററിന്റെ ഇടപാടുകള്‍ നടത്താനും ഈ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കായിരിക്കും ചുമതല. അതതു പ്രദേശങ്ങളില്‍ ഭാഷാസ്‌നേഹികളുടെയും മലയാള ഭാഷാപഠനപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നവരുടെയും പൊതുകേന്ദ്രമായിരിക്കും ഈ ചാപ്റ്ററുകള്‍. അതിനു കീഴില്‍ 15-25 പഠനകേന്ദ്രങ്ങള്‍ തുടങ്ങണം. ഭാഷാപഠനത്തില്‍ താത്പര്യമുള്ള ആര്‍ക്കും ഇതിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യാം.

ഓരോ ദിവസം കഴിയുന്തോറും മലയാളം ഇല്ലാതാവുന്നതാണ് കേരളത്തിലെ സ്ഥിതി. മലയാളം അന്യവത്കരിക്കപ്പെടുന്ന ഈ അവസ്ഥയില്‍ അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ അതു മലയാളത്തിന്റെ മരണമായിരിക്കും. മറ്റു ഭാഷകളുടെ പഠനത്തെ തടസ്സപ്പെടുത്താതെതന്നെ മലയാളം പഠിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും. മാതൃഭാഷ ഒരു ജന്മാവകാശമാണ്. നിരക്ഷരതയും ദാരിദ്ര്യവും ചെറുത്തു തോല്‍പ്പിക്കാനുള്ള ശക്തമായ ഉപാധി കൂടിയാണ് ഭാഷ.
 
ഉപജീവനത്തിനായി അന്യനാടുകളിലേക്കു ചേക്കേറിയ മലയാളികള്‍ക്കുനേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് സാംസ്‌കാരികമായ ഒറ്റപ്പെടല്‍. ഇതു മറികടക്കാനാണ് എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം എന്ന മുദ്രാവാക്യത്തില്‍ മലയാളം മിഷന്റെ പ്രവര്‍ത്തനം. മലയാളം മിഷന്റെ പ്രവര്‍ത്തന വിപുലീകരണം ഒരര്‍ഥത്തില്‍ മലയാളഭാഷയുടെ വ്യാപനം കൂടിയാണെന്നും മന്ത്രി പറഞ്ഞു.

മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, മലയാളം മിഷന്‍ ഡല്‍ഹി പ്രസിഡന്റ് പ്രൊഫ. ഓംചേരി എന്‍.എന്‍. പിള്ള, സെക്രട്ടറി എം.സി. അരവിന്ദന്‍, കേരള ഹൗസ് കണ്‍ട്രോളര്‍ പി. രാമചന്ദ്രന്‍, നോര്‍ക്ക ഓഫീസര്‍ മഹേഷ് ബി. തുടങ്ങിയവരും സംസാരിച്ചു.