ന്യൂഡല്‍ഹി: ജാട്ട് സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് ഡല്‍ഹിയിലേക്കെത്തുന്ന സമരക്കാരെ അതിര്‍ത്തിയിലെത്തുന്നതിനുമുമ്പുതന്നെ തടയാന്‍ ഡല്‍ഹി പോലീസിനും അയല്‍സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
 
സമരക്കാരെ തടയാന്‍ സി.ആര്‍.പി.സി. 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ഡല്‍ഹി പോലീസിനും ഹരിയാണ, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ക്കും അയച്ച് കത്തില്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

സമരക്കാര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ എത്തുന്നതിനുമുമ്പുതന്നെ തടയുകയോ അറസ്റ്റുചെയ്യുകയോ വേണം. സമരക്കാരുമായെത്തുന്ന ബസുകളും ട്രാക്ടറുകളും മുന്നോട്ടുപോകാന്‍ അനുവദിക്കരുതെന്നും കത്തില്‍ പറയുന്നു.

ഓള്‍ ഇന്ത്യ ജാട്ട് ആരക്ഷണ്‍ സംഘര്‍ഷ് സമിതിയാണ് തിങ്കളാഴ്ചമുതല്‍ ഡല്‍ഹിയില്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

സമരത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്തെയും അയല്‍ സംസ്ഥാനങ്ങളിലെയും സുരക്ഷാക്രമീകരണങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥര്‍ വിലയിരുത്തി. ഡല്‍ഹി, ഹരിയാണ, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ ക്രമസമാധാനനില ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷി വിലയിരുത്തി.

കുറഞ്ഞത് പത്തുദിവസത്തേക്കുള്ള ഭക്ഷണസാധനങ്ങളുമായാണ് സമരക്കാര്‍ ബസുകളിലും ട്രാക്ടറുകളിലുമായി എത്തുന്നതെന്ന് സമിതി പ്രസിഡന്റ് യശ്പാല്‍ മാലിക്ക് പറഞ്ഞു. ജോലിയിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ടാണ് ജാട്ടുകള്‍ സമരം ചെയ്യുന്നത്.
 
കഴിഞ്ഞവര്‍ഷം നടന്ന സമരത്തെത്തുടര്‍ന്ന് അറസ്റ്റിലായവരെ വിട്ടയയ്ക്കണമെന്നും സംഘര്‍ഷത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയും നല്‍കണമെന്നും മാലിക്ക് ആവശ്യപ്പെട്ടു.