ന്യൂഡല്‍ഹി: ജി.ബി. പന്ത് എന്‍ജിനീയറിങ് കോളേജിന് അനുവദിച്ച കാമ്പസ് നല്‍കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം തുടരുന്ന മാലയാളി അധ്യാപകനെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. ബുധനാഴ്ച രാത്രി എയിംസ് ആസ്​പത്രിയിലെത്തിയാണ് രാഹുല്‍ഗാന്ധി അസി. പ്രൊഫ. ജോഷില്‍ എബ്രഹാമിനെ കണ്ടത്. നിരാഹാരം അവസാനിപ്പിക്കാന്‍ രാഹുല്‍ അഭ്യര്‍ഥിച്ചു.

ഡല്‍ഹി സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഗവ. കോളേജുകള്‍ക്ക് മികച്ച അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്തണം. ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് സമരം. പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ വീണ്ടും വരും -അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും നിവേദനം നല്‍കി. വിഷയം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അധ്യാപകനെ ഫോണില്‍ ബന്ധപ്പെടുമെന്നും പിണറായി അറിയിച്ചു.
 
അതേസമയം, സമരത്തെത്തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. മാജി രാജിവെച്ചു. സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ജന്ദര്‍മന്തറില്‍ വിദ്യാര്‍ഥികള്‍ മെഴുകുതിരി മാര്‍ച്ച് സംഘടിപ്പിക്കും. ജി.ബി. പന്ത് കോളേജിന്റെ സ്ഥലം ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള സ്ഥാപനത്തിന് അനധികൃതമായി നല്‍കിയതിനെതിരേ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വെള്ളിയാഴ്ച വാദം തുടങ്ങും. സമരക്കാര്‍ക്കുവേണ്ടി അഡ്വ. പ്രശാന്ത് ഭൂഷണ്‍ ഹാജരാകും.

ജി.ബി. പന്ത് കോളേജിന് 2007-ല്‍ സര്‍ക്കാര്‍ അനുവദിച്ച 60 ഏക്കര്‍ കാമ്പസ് എത്രയും വേഗം നല്‍കണമെന്ന് ആവശ്യപ്പെട്ട് 17 ദിവസമായി നിരാഹാരത്തിലാണ് ജോഷില്‍. സമരമവസാനിപ്പിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി ഭീഷണിപ്പെടുത്തിയതായി ജോഷില്‍ പറഞ്ഞു. മികച്ച വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശത്തിനുവേണ്ടിയാണ് തന്റെ സമരമെന്നും ലക്ഷ്യം നിറവേറാതെ പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

എയിംസിലെത്തിയശേഷം ജോഷില്‍ കെജ്രിവാളിന് വീണ്ടും കത്തയച്ചു. ഏപ്രില്‍ 24-ന് കെജ്രിവാള്‍ ജോഷിലിനെ സന്ദര്‍ശിക്കുമെന്നാണ് അറിയിപ്പു ലഭിച്ചിട്ടുള്ളത്. അതുവരെ ജോഷിലിന്റെ നിരാഹാരം തുടരും.