ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആല്‍വാറില്‍ ഗോസംരക്ഷകര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ കര്‍ഷകന്‍ പെഹ് ലു ഖാന്റെ കുടുംബത്തിന് കിസാന്‍സഭ മൂന്നു ലക്ഷം രൂപ ധനസഹായം നല്‍കി. കര്‍ഷകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ ഭൂമി അധികാര്‍ ആന്ദോളന്‍ സംഘടിപ്പിച്ച പ്രതിഷേധവേദിയില്‍ വെച്ച് തുക കൈമാറി.
 
പെഹ് ലു ഖാന്റെ മാതാവ് അംഗൂരി ബീഗവും മക്കളും സമരത്തില്‍ പങ്കെടുത്തു. ഗോസംരക്ഷണത്തിന്റെ പേരിലുള്ള ഭീകരത അനുവദിക്കില്ലെന്ന് ഭൂമി അധികാര്‍ ആന്ദോളന്‍ നേതാക്കള്‍ പറഞ്ഞു. ഭരണഘടന മാത്രമല്ല, രാജ്യത്തെ ജനാധിപത്യസംവിധാനമാകെ വെല്ലുവിളി നേരിടുന്നു. മുസ്ലിങ്ങള്‍ക്കെതിരേ മാത്രമായുള്ള അക്രമമായി ഇതിനെ കാണാനാവില്ല. കര്‍ഷകര്‍ക്കെതിരെയുള്ളതാണ് ഈ അക്രമം. കര്‍ഷകരില്‍ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരുമുണ്ട്. പെഹ് ലു ഖാന്റെ കുടുംബത്തിന് ഒരു കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

സി.പി.എം. പി.ബി. അംഗം വൃന്ദാ കാരാട്ട്, കിസാന്‍സഭാ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള, ജോ. സെക്രട്ടറി വിജു കൃഷ്ണന്‍, പ്രസിഡന്റ് അമ്രാറാം, ട്രഷറര്‍ പി. കൃഷ്ണപ്രസാദ്, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജോ. സെക്രട്ടറി സുനീത് ചോപ്ര, സി.പി.ഐ. നേതാക്കളായ ഡി. രാജ, അതുല്‍കുമാര്‍ അഞ്ജന്‍, പി.യു.സി.എല്‍. നേതാവ് കവിതാ കൃഷ്ണന്‍, ജെ.ഡി.യു. നേതാവ് കെ.സി. ത്യാഗി, എന്‍.സി.പി. നേതാവ് ഡി.പി. ത്രിപാഠി, സി.പി.ഐ. എം.എല്‍. നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ സംസാരിച്ചു.