ന്യൂഡല്‍ഹി: ഡല്‍ഹിയെ അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിക്കാന്‍ ലക്ഷ്യമിട്ട് അയല്‍സംസ്ഥാനങ്ങളിലെ ജാട്ട് സമുദായക്കാര്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പ്രക്ഷോഭം പിന്‍വലിച്ചതില്‍ നഗരവാസികള്‍ക്ക് ആശ്വാസം. ജാട്ട് പ്രക്ഷോഭകരെ നേരിടാന്‍ മെട്രോ സര്‍വീസുകളില്‍പോലും കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും അത് പിന്‍വലിച്ചതോടെ നഗരവാസികള്‍ ആശ്വാസത്തിലാണ്. ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രക്ഷോഭം പിന്‍വലിച്ചതില്‍ ആശ്വസിക്കുന്നവരാണ്.

ഡല്‍ഹിയിലേക്കുള്ള വിവിധ അതിര്‍ത്തികളിലൂടെ ട്രാക്ടറുകളിലും ബസുകളിലും ആയിരക്കണക്കിന് ജാട്ടുകള്‍ നഗരഹൃദയത്തിലേക്ക് നീങ്ങി പാര്‍ലമെന്റ് വളയുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ഡല്‍ഹിക്ക് അകത്തും പുറത്തും അതിശക്തമായ സുരക്ഷയും നിയന്ത്രണങ്ങളുമാണ് സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയത്. സുരക്ഷാസൈനികരെ വിന്യസിച്ചതിനുപുറമെ നഗരത്തിലെ ഗതാഗത സംവിധാനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, സമരം പിന്‍വലിച്ചതോടെ മെട്രോയുടെ നിയന്ത്രണങ്ങളും ഏതാണ്ട് പൂര്‍ണമായും നീക്കി.

ഡല്‍ഹിക്കുപുറമേ ഹരിയാണയിലെ വിവിധ നഗരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് പ്രക്ഷോഭകാരികളെ നേരിടാനായിരുന്നു സര്‍ക്കാരുകള്‍ പദ്ധതിയിട്ടത്. അതിര്‍ത്തിപ്രദേശങ്ങളില്‍ പോലീസ് ബാരിക്കേഡുകള്‍ക്കുപുറമേ റോഡുകളില്‍ മറ്റ് മാര്‍ഗതടസ്സങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ട്രാക്ടറുകളിലും മറ്റും വലിയതോതില്‍ പ്രക്ഷോഭകര്‍ ഇടിച്ചുകയറിവരാന്‍ ശ്രമിച്ചാല്‍ ടയര്‍ പഞ്ചറാക്കുംവിധമുള്ള സംവിധാനങ്ങള്‍ റോഡില്‍ നിരത്തിയിരുന്നു. ഇത്തരത്തില്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ കടുത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

എന്നാല്‍, ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ നേതൃത്വത്തില്‍ ജാട്ട് സംഘടനാനേതാക്കളുമായി ഞായറാഴ്ച വൈകിട്ട് നടത്തിയ നാലുമണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. ജാട്ടുകള്‍ക്ക് സംവരണത്തിനുപുറമേ മുമ്പുനടന്ന പ്രക്ഷോഭങ്ങളില്‍ അറസ്റ്റിലായവരുടെ ജയില്‍മോചനവും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ജോലിയും അവര്‍ ആവശ്യപ്പെടുന്നു. സംവരണവിഷയത്തില്‍ ഹൈക്കോടതിവിധിയെ പിന്തുടര്‍ന്നുകൊണ്ട് തീരുമാനമെടുക്കാമെന്നാണ് ഞായറാഴ്ചത്തെ ചര്‍ച്ചയില്‍ ധാരണയായത്.

ഡല്‍ഹി മെട്രോ ഇതുവരെയില്ലാത്തവിധം കടുത്ത നിയന്ത്രണങ്ങളാണ് ഞായറാഴ്ച രാത്രിമുതല്‍ ഏര്‍പ്പെടുത്താനിരുന്നത്. നഗരത്തിലെ 12 സ്റ്റേഷനുകള്‍ അടച്ചിടുന്നതിനുപുറമേ ഡല്‍ഹിക്ക് പുറത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാനും തീരുമാനിച്ചിരുന്നു.

ഡല്‍ഹിയിലെ വിവിധ സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച ഹയര്‍സെക്കന്‍ഡറിബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ നേരത്തെതന്നെ സെന്ററുകളില്‍ എത്തിച്ചേരണമെന്ന് സ്‌കൂളുകള്‍ നിര്‍ദേശവും നല്‍കിയിരുന്നു. ഇക്കാരണങ്ങളാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഏറെ ആശങ്കയിലുമായിരുന്നു. എന്നാല്‍, സമരം പിന്‍വലിച്ചതോടെ നഗരവാസികള്‍ ആശ്വാസത്തിലാണ്.