ന്യൂഡല്‍ഹി: എം.സി.ഡി. തിരഞ്ഞെടുപ്പിലെ അഭിമാനപോരാട്ടത്തിനൊരുങ്ങുന്ന ബി.ജെ.പി. പ്രചാരണത്തിനായി പ്രമേയഗാനം ഇറക്കും. പ്രചാരണപരിപാടികളില്‍ പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും സ്വാധീനിക്കാനും ആവേശമുയര്‍ത്താനുമാണ് പ്രമേയഗാനം ഇറക്കാന്‍ ആലോചിക്കുന്നത്.

നിലവില്‍ ഡല്‍ഹിയിലെ മൂന്ന് എം.സി.ഡി.കളും ഭരിക്കുന്ന ബി.ജെ.പി.ക്ക് ഇത്തവണ ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവയില്‍നിന്ന് ശക്തമായ മത്സരം നേരിടേണ്ടിവരും. പത്തുവര്‍ഷമായി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്നതിനാല്‍ ഭരണവിരുദ്ധവികാരവും നേരിടണം. മൂന്നു കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ വലിയ താരനിരയെയാണ് ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രംഗത്തിറക്കുന്നത്. ഇതിന് ആവേശംപകരാനാണ് പ്രമേയഗാനവും ഇറക്കാന്‍ ആലോചിക്കുന്നത്.

ഏപ്രില്‍ 22-ന് നടക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനായി ബി.ജെ.പി.യുടെ പ്രചാരണം ഉടന്‍ തുടങ്ങും. ഇതില്‍ ഉള്‍പ്പെടുത്താന്‍ പ്രമേയഗാനം തയ്യാറാക്കണമെന്ന് ഗായകന്‍ കൂടിയായ പാര്‍ട്ടിയുടെ ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിക്കും ആഗ്രഹമുണ്ട്. പൂര്‍വാഞ്ചല്‍ മേഖലയിലെ വോട്ടര്‍മാരെ സ്വാധീനിക്കുംവിധമുള്ള വരികളായിരിക്കും ഉള്‍പ്പെടുത്തുക.

എം.സി.ഡി. തിരഞ്ഞെടുപ്പിന് ഒരു പ്രമേയഗാനം വേണമെന്നും അതിന്റെ തുടക്കം 'ജിയാ ഹോ ദില്ലി കെ ബലാ' എന്നോ മറ്റോ ആയിരിക്കുമെന്നും തിവാരി പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ബിഹാര്‍ സ്വദേശിയായ തിവാരി പ്രമുഖ ബോജ്പുരി ഗായകനാണ്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. യു.പി., ബിഹാര്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പൂര്‍വാഞ്ചല്‍ മേഖലയില്‍നിന്ന് ധാരാളം ആരാധകരും മനോജ് തിവാരിക്കുണ്ട്. ഗാങ്‌സ് ഓഫ് വാസെയ്പുര്‍ എന്ന ബോളിവുഡ് സിനിമയില്‍ തിവാരി പാടിയ 'ജിയാ ഹോ ബിഹാര്‍ കെ ലാല' എന്ന പാട്ട് ഹിറ്റായിരുന്നു. എം.സി.ഡി. തിരഞ്ഞെടുപ്പിന്റെ പ്രമേയഗാനം പാടുമോ എന്ന ചോദ്യത്തിന്, നോക്കാം എന്നായിരുന്നു തിവാരിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി.

ദംഗല്‍ സിനിമയിലൂടെ പ്രശസ്തരായ ഫൊഗാട്ട് സഹോദരിമാരായ ഗീത, ബബിത എന്നിവരെയും ബോജ്പുരി നടന്‍ രവി കിഷനെയും നിരവധി പ്രശസ്തരെയും ബി.ജെ.പി. പ്രചാരണരംഗത്തിറക്കുന്നുണ്ട്.

വളരെ വലിയ ലക്ഷ്യമാണ് എം.സി.ഡി. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നിശ്ചയിച്ചിരിക്കുന്നതെന്ന് ഒരു നേതാവ് പറഞ്ഞു. യു.പി., ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനം പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നുണ്ട്.

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ജനറല്‍ സെക്രട്ടറി (സംഘടന) രാംലാല്‍, കേന്ദ്ര മന്ത്രി എം. വെങ്കയ്യനായിഡു എന്നിവര്‍ രാംലീലാ മൈതാനത്ത് ഈമാസം 25-ന് നടക്കുന്ന പോളിങ് ബൂത്ത് ഏജന്റുമാരുടെ പരിപാടിയില്‍ പങ്കെടുക്കും.

സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ശുചിത്വഭാരത പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി ഗുസ്തിക്കാരായ ഗീതയെയും ബബിതയെയും അടുത്തിടെ നിയമിച്ചിരുന്നു. ക്രിക്കറ്റ് താരവും ഡല്‍ഹിക്കാരനുമായ ശിഖര്‍ ധവാനുമായി ബി.ജെ.പി. ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

ബിഹാറിലും യു.പി.യുടെ കിഴക്കന്‍ മേഖലകളിലുമുള്ള പൂര്‍വാഞ്ചല്‍ സ്വദേശികള്‍ ധാരളമുള്ള സ്ഥലമാണ് ഡല്‍ഹി. അതിനാല്‍ അവരെ സ്വാധീനിക്കാനായി രവി കിഷനെ പ്രചാരണത്തിനിറക്കും. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബദ്‌ലോ ദില്ലി എന്ന പ്രചാരണഗാനം ബി.ജെ.പി. ഇറക്കിയിരുന്നു.