ന്യൂഡല്‍ഹി: രാംലീല ആഘോഷത്തിനിടെ പോലീസുകാരെ കുടുക്കി വിവാദ ആള്‍ദൈവം രാധേ മാ. പോലീസ് സ്റ്റേഷനില്‍ എസ്.എച്ച്.ഒ.യുടെ കസേരയില്‍ കയറിയിരിക്കുന്ന ആള്‍ദൈവത്തിന്റെ ചിത്രവും രാംലീല ചടങ്ങില്‍ അഞ്ച് പോലീസുകാര്‍ രാധേമായ്‌ക്കൊപ്പം പാടുന്ന ചിത്രവും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഡല്‍ഹി പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.

വിവേക് വിഹാര്‍ പോലീസ് സ്റ്റേഷനിലാണ് ആദ്യത്തെ സംഭവം. എസ്.എച്ച്.ഒ. സഞ്ജയ് ശര്‍മ ചുവപ്പും സ്വര്‍ണവും നിറങ്ങളിലുള്ള ഷാളണിഞ്ഞ് ആള്‍ദൈവത്തിനൊപ്പം നില്‍ക്കുന്നതാണ് ചിത്രം. രാംലീല ആഘോഷത്തിനായി പോവുന്നതിനിടയില്‍ ടോയ്‌ലറ്റ് ഉപയോഗിക്കാനായി അവര്‍ സ്റ്റേഷനില്‍ കയറിയതാണത്രേ.

ജി.ടി.ബി. എന്‍ക്ലേവിലെ രാംലീല ആഘോഷത്തിനിടയിലുള്ളതാണ് രണ്ടാമത്തെ വിവാദ ദൃശ്യം. അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ ബ്രജ് ഭൂഷണ്‍, രാധേ കൃഷ്ണന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ പ്രമോദ്, കോണ്‍സ്റ്റബിള്‍മാരായ ഹിതേഷ്, രവീന്ദര്‍ എന്നിവര്‍ രാധേ മായ്‌ക്കൊപ്പം പാട്ടുപാടുന്നതാണ് ദൃശ്യം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി കിഴക്കന്‍ മേഖല ജോ. കമ്മിഷണര്‍ രവീന്ദ്രയാദവ് അറിയിച്ചു.