ന്യൂഡല്‍ഹി: ഡല്‍ഹി ഉള്‍പ്പെടുന്ന ദേശീയ തലസ്ഥാനമേഖലയില്‍ (എന്‍.സി.ആര്‍.) പടക്കങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കുന്നതിനായി മാറ്റി. നിരോധനം നീക്കിക്കൊണ്ട് കഴിഞ്ഞമാസം പുറപ്പെടുവിച്ച താത്കാലിക ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജിയാണ് ജഡ്ജിമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് മാറ്റിവച്ചത്.

2016 നവംബര്‍ 11-നാണ് ദേശീയ തലസ്ഥാന മേഖലയില്‍ പടക്കവില്‍പ്പന നിരോധിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇതിനെതിരേ പടക്കനിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് കഴിഞ്ഞ സെപ്റ്റംബര്‍ 12-ന് പടക്കവില്‍പ്പനയ്ക്കുള്ള നിയന്ത്രണം കോടതി താത്കാലികമായി നീക്കിയത്.

വ്യാഴാഴ്ച ഹര്‍ജി പരിഗണനയ്ക്കുവന്നപ്പോള്‍ പടക്കനിര്‍മാതാക്കളുടെ വാദങ്ങളെല്ലാം പരിഗണിച്ചശേഷമാണ് കഴിഞ്ഞവര്‍ഷം സുപ്രീംകോടതി പടക്കവില്‍പ്പന നിരോധിച്ചതെന്ന് പരാതിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഗോപാല്‍ ശങ്കര്‍നാരായണന്‍ ബോധിപ്പിച്ചു. ഉത്സവസീസണുകളിലും ആഘോഷാവസരങ്ങളിലും പടക്കം പൊട്ടിക്കുന്നതാണ് നഗരത്തില്‍ വായുമലിനീകരണം വര്‍ധിക്കാനുള്ള ഒരു കാരണമെന്ന് കോടതി നിരീക്ഷിച്ചിരുന്നതായും ശങ്കര്‍നാരായണന്‍ ബോധിപ്പിച്ചു. ഈയവസരത്തില്‍ ഉത്തരവില്‍ എന്തു ഭേദഗതി വരുത്തണമെന്നാണ് ആവശ്യപ്പെടുന്നതെന്നു കോടതി ചോദിച്ചു. സെപ്റ്റംബര്‍ 12-ലെ താത്കാലിക ഉത്തരവ് പിന്‍വലിച്ച് 2016 നവംബര്‍ 11-ലെ ഉത്തരവ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യമെന്ന് അഭിഭാഷകന്‍ പറഞ്ഞു. തുടര്‍ന്ന് ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുന്നതിനായി ബെഞ്ച് മാറ്റുകയായിരുന്നു.വിദ്യാര്‍ഥികളെ ബോധവത്കരിക്കും -ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി:
പരിസ്ഥിതിസൗഹാര്‍ദ ദീപാവലി ആഘോഷത്തിന് വിദ്യാര്‍ഥികളെ ബോധവത്കരിക്കാന്‍ വിശദമായ കര്‍മപരിപാടി തയ്യാറാക്കിയതായി ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു. പടക്കംപൊട്ടിക്കുന്നത് പരിസ്ഥിതി മലിനീകരണത്തിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് സ്‌കൂള്‍ കുട്ടികളെ ബോധവത്കരിക്കും. കുട്ടികളെയും സ്‌കൂള്‍ ജീവനക്കാരെയും സമൂഹത്തെയും ബോധവത്കരിക്കുന്നതിനുള്ള നടപടികള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആരംഭിച്ചുകഴിഞ്ഞതായും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷിക്കുന്ന കാര്യത്തില്‍ കുട്ടികളെയും സ്‌കൂള്‍ ജീവനക്കാരെയും ഉത്തരവാദിത്വമുള്ളവരാക്കുകയാണ് ബോധവത്കരണപരിപാടികളിലൂടെ ലക്ഷ്യമിടുന്നത്. മാറ്റത്തിന്റെ അംബാസഡര്‍മാരായി വിദ്യാര്‍ഥികളെ മാറ്റുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ബോധവത്കരണപരിപാടി സംബന്ധിച്ച് അയല്‍സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസവകുപ്പുകള്‍ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കും ഡല്‍ഹി കന്റോണ്‍മെന്റ് ബോര്‍ഡിനും മുനിസിപ്പല്‍ അധികൃതര്‍ക്കും സര്‍ക്കുലര്‍ അയച്ചതായും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു.