വീഴ്ചവരുത്തിയാല്‍ നടപടി-ഹൈക്കോടതിന്യൂഡല്‍ഹി:
ചാന്ദ്‌നി ചൗക്ക് മേഖലയിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ എം.സി.ഡി.ക്കും ഡല്‍ഹി പോലീസിനുമെതിരേ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി. ചാന്ദ്‌നി ചൗക്കിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്നു ജഡ്ജിമാരായ ജി.എസ്. സിസ്താനി, ചന്ദര്‍ശേഖര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ചാന്ദ്‌നി ചൗക്ക് മേഖല കച്ചവടരഹിത മേഖലയായി സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നു.

സുപ്രിംകോടതി ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്നു കാണിച്ച് ചാന്ദ്‌നി ചൗക്ക് സര്‍വ വ്യാപാര്‍ മണ്ഡല്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ വിമുഖത കാണിച്ചാല്‍ എം.സി.ഡി.യിലെയും ഡല്‍ഹി സര്‍ക്കാരിലെയും ഉന്നത ഉദ്യോഗസ്ഥരെ കോടതിയില്‍ നേരിട്ട് വിളിച്ചുവരുത്തി ഉചിതമായ നടപടി സ്വീകിക്കുമെന്നു ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് ഹര്‍ജി തുടര്‍വാദം കേള്‍ക്കുന്നതിനായി ഈമാസം 26-ലേക്ക് മാറ്റി.