തിരുപ്പൂർ: ശ്യാമളപുരത്ത് മദ്യഷാപ്പ് മാറ്റിസ്ഥാപിക്കുന്നതിനെതിരെ കഴിഞ്ഞ പതിനൊന്നാംതീയതി നടന്ന സമരത്തിൽ പോലീസ് നടത്തിയ ലാത്തിച്ചാർജിനെക്കുറിച്ച് തിരുപ്പൂർ റവന്യൂ ഓഫിസർ പ്രസന്നരാമസ്വാമി അന്വേഷണം ആരംഭിച്ചു. ശ്യാമളപുരം നിവാസികൾ കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യൂ ഓഫിസർ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.  

ഇതേത്തുടർന്ന് ലാത്തിച്ചാർജ് നടത്തിയ പോലീസുകാരെ വിളിച്ചുവരുത്തിയും സംഭവസ്ഥലത്തുള്ള ജനങ്ങളെ സന്ദർശിച്ചുമാണ് അന്വേഷണത്തിൻറെ ആദ്യഘട്ടം റവന്യൂ ഓഫിസർ പൂർത്തിയാക്കിയത്. റവന്യൂ ഓഫിസറുടെ അന്വേഷണത്തിന് സമാന്തരമായി കോയമ്പത്തൂർ എസ്.പി. രമ്യഭാരതിയുടെ മേൽനോട്ടത്തിലും അന്വേഷണം നടക്കുന്നുണ്ട്.  

തിരുപ്പൂർ ഡി.എസ്.പി. പാണ്ഡ്യരാജിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ്‌ കളക്ടർക്ക് ശ്യാമളപുരം നിവാസികൾ പരാതി നൽകിയിരിക്കുന്നത്. സംഭവദിവസം നടന്ന ലാത്തിച്ചാർജിൽ ശ്യാമളപുരം സ്വദേശി ശിവഗണേഷിന് (40) തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും അമ്മാപാളയം സ്വദേശി ഈശ്വരിയെ (45) ഡി.എസ്.പി. ചെകിടത്തടിച്ചതിനാൽ ഭാഗിക മായി കേൾവിശക്തി നഷ്ടപ്പെടുകയും ഉണ്ടായി.  

രണ്ട് സ്ത്രീകളുൾപ്പെടെ എട്ടുപേർക്ക് ഗുരുതര പരിക്കേറ്റിരുന്നു.  കഴിഞ്ഞദിവസം തിരുപ്പൂർ എസ്.പി. ഉമ, ഡി.എസ്.പി. പാണ്ഡ്യരാജിന് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.  ഇതേത്തുടർന്ന് നീതി ലഭിക്കാനായി ശ്യാമളപുരത്തെ ഒരുകൂട്ടം സ്ത്രീകൾ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കളക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് പ്രസക്തിയേറുന്നത്.