ഞാൻ കണ്ടതെല്ലാം എന്നോട് പറയുന്നത് സർവവും സൃഷ്ടിച്ച അവനിൽ വിശ്വസിക്കാനാണ്. - റാൽഫ് വാൾഡോ എമേഴ്‌സൺ

ഡെഫ്‌നയും ഡിംപിളും ദിവ്യയും ഞാനും ദുബായിലെ അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിൽ ഉറ്റസുഹൃത്തുക്കളായിരുന്നു. സ്കൂൾ വിട്ട് ഔദ്യോഗിക ജീവിതത്തിൽ പല വഴികളിലായി തിരിഞ്ഞ ഞങ്ങൾ വർഷങ്ങൾക്ക് ശേഷം ഒന്നുകൂടി ഒത്തുചേരാൻ തീരുമാനിച്ചു. ഒത്തുചേരലിന് മോടികൂട്ടാൻ ബംഗാൾ ഉൾക്കടലിൽ സ്കൂബാ (ScubaþSelf-Contained Underwater-Breathing Apparatus) ഡൈവിങ്ങിലൂടെ സാഹസികമായൊരു പരിപാടിയും ഞങ്ങൾ ആസൂത്രണം ചെയ്തു. സ്കൂബ എല്ലാവർക്കും പുതിയ അനുഭവമായിരുന്നു. ഒത്തുചേരലിന്റെ രസങ്ങളും സ്കൂബയുടെ സാഹസികതയും അനുഭവിച്ചറിയാനായി ആ ദിവസത്തിനായി ഞങ്ങളേവരും ആകാംക്ഷയോടെ കാത്തിരുന്നു. പുതുച്ചേരിയിലെ ‘ടെംപിൾ അഡ്വഞ്ചർ’ ഡൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യ ദിവസങ്ങൾ 12 മീറ്റർ താഴ്ചയിലേക്ക് മുങ്ങുന്നതിന്റെ തിയറി ക്ലാസുകളായിരുന്നു. അതിനുശേഷം ഞങ്ങൾക്ക് നാലു മണിക്കൂർ പ്രായോഗികപരിശീലനത്തിനായി വെറ്റ് സ്യൂട്ടുകൾ തന്നു.

വെള്ളത്തിനടിയിൽ നിൽക്കുക എന്നത് പ്രശാന്തമായ അനുഭൂതിയാണ്. എന്നാൽ, അതേസമയം ഉള്ളിലൂടെയുള്ള അഡ്രിനാലിൻ തിരയിളക്കം നമ്മെ കീഴ്‌പ്പെടുത്തുന്നതാണ്. സ്നോർക്കെൽ (വെള്ളത്തിനടിയിൽ ശ്വസിക്കാൻ സഹായിക്കുന്ന ട്യൂബ്) ലൂടെ ശ്വാസമെടുക്കുന്നതാണ് തുടക്കത്തിലെ വെല്ലുവിളി. മൂക്കിലൂടെ ശ്വസിച്ചുശീലിച്ച മനുഷ്യന് വായയിലൂടെ ഏറെനേരം ശ്വസിക്കുന്നത് പ്രയാസമുള്ള കാര്യം തന്നെയായി തോന്നും.

പിന്നെ കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങുമ്പോഴാണ് ‘ഡൈവിങ് റിഫ്‌ളക്സ്’ അനുഭവപ്പെട്ടുതുടങ്ങുക. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനായി ശരീരം നടത്തുന്ന സവിശേഷമായൊരു പ്രതികരണമാണിത്. ഹൃദയത്തെയും രക്തധമനികളെയും പോഷകപരിണാമത്തെയും പുതിയ സാഹചര്യങ്ങളോട് ഇണക്കി ആവശ്യത്തിന് വായു വെള്ളത്തിനടിയിൽ സൂക്ഷിക്കാൻ ശരീരം ഇതോടെ പാകപ്പെടും. വെള്ളത്തിന്റെ അന്തരീക്ഷ സമ്മർദം ശരീരത്തിന്റെ സമ്മർദ ബിന്ദുക്കളെ സ്പർശിക്കുമെന്നതിനാൽ ഒരോ അഞ്ചുമിനിറ്റു കൂടുമ്പോഴും അത് ഏകീകരിക്കാൻ ഞങ്ങൾക്ക് നിർദേശമുണ്ടായിരുന്നു.

ഓരോ തവണ മുങ്ങുമ്പോഴും ശരീരത്തിലെ വായു സമ്മർദം നിലനിർത്തുന്ന യൂസ്റ്റേഷ്യൻ നാളി ശക്തമായി അടഞ്ഞുനിൽക്കും. ഇത് കാരണം ബാഹ്യസമ്മർദം ഉയരും. അതിനെത്തുടർന്നനുഭവപ്പെടുന്ന അസ്വസ്ഥത നാസാദ്വാരങ്ങൾ അടച്ചുവെച്ച് വായിലൂടെ ശക്തമായി ശ്വാസമെടുത്തുവേണം അതിജീവിക്കാൻ. വൽസൽവ മാന്യുവർ, എന്നു പേരുള്ള ഈ തന്ത്രം കണ്ഠനാളത്തിലെ വായുസമ്മർദം ഉയർത്തി നാളം തുറന്നുവരാൻ കാരണമാകുന്നു. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ച  ഇറ്റാലിയൻ വൈദികനും ശരീരശാസ്ത്രജ്ഞനുമായ അന്റോണിയോ മരിയ വൽസൽവയ്ക്ക് ശേഷമാണ് ഈ പ്രക്രിയയ്ക്ക് വൽസൽവ എന്ന പേരുവന്നത്. സ്കൂബാ ഡൈവിങ്ങിന്റെ ദിവസം ഞങ്ങൾക്കെല്ലാം വലിയ പേടിയുണ്ടായിരുന്നു. എന്നാൽ, അത് മുഖത്ത് കാട്ടാതെ ഞങ്ങൾ ധൈര്യം നടിച്ചു. തുറന്ന കടലിൽ രണ്ടു കിലോമീറ്റർ അകലെയുള്ള ടെംപിൾ റീഫിലേക്കാണ് പരിശീലകർ ഞങ്ങളെ കൊണ്ടുപോയത്. പെട്ടന്നുതന്നെ ഞങ്ങളതിന് തയ്യാറായി.

മുങ്ങൽ ചടുലമായിരുന്നു, അതുപോലെ പേടിപ്പെടുത്തുന്നതും. ഡാൻ എന്ന എന്റെ പരിശീലകൻ ഒപ്പമുണ്ടായിരുന്നത് എനിക്ക് കുറച്ച് ആശ്വാസമായി. ആഴത്തിലുള്ള പാറക്കൂട്ടങ്ങൾക്കിടയിലൂടെ നീന്തുമ്പോൾ വർണോജ്വലമായ പലതരം മീനുകൾ വന്നു പൊതിയുന്നത് സ്വർഗീയ അനുഭൂതിയായിരുന്നു- ചുവന്ന സ്നിപ്പർ, മഞ്ഞവാലൻ ബറാക്ക്യുഡ, മഞ്ഞ ബോക്സ് മത്സ്യം, ഊരുചുറ്റി ചിത്രശലഭ മത്സ്യം, വെള്ളയും ചുവപ്പും വരയുള്ള സിംഹമത്സ്യം, നീല ടാൻഗ് സർജൻ എന്നിവ അവയിൽ ചിലതു മാത്രം. ഞൊടിയിടകൊണ്ടാണ് എന്റെ പേടി അപ്രത്യക്ഷമായത്. സമുദ്രജീവിതത്തിന്റെ വൈവിധ്യം തൊട്ടനുഭവിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ എന്റെയുള്ളം ശാന്തമായി. നാൽപ്പത്തഞ്ചുമിനിറ്റാണ് ഞങ്ങൾ വെള്ളത്തിടയിൽ ചെലവഴിച്ചത്. പറഞ്ഞതനുസരിച്ചുള്ള ആ സമയം കഴിഞ്ഞപ്പോൾ ഞങ്ങൾക്കാർക്കും പുറത്തു വരാൻ മനസ്സുണ്ടായിരുന്നില്ല. വെള്ളത്തിനടിയിലെ പ്രശാന്തതയും സുഖകരമായ ഏകാന്തതയും കൂടിച്ചേരുമ്പോഴുള്ള ആനന്ദം ജീവിതത്തിലെ തിരക്കുകൾ മാറ്റിവെച്ച് ഇനിയും സ്കൂബയ്ക്കായി ഒരുങ്ങാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു.

(ബെംഗളൂരുവിലെ പ്രൈസ്്വാട്ടർഹൗസ് കൂപ്പേഴ്സിന്റെ ടാക്സ് അനലിസ്റ്റ് ആണ് ലേഖിക)