ജീവിതം മറ്റുള്ളവരുടെ നന്മയ്ക്കുകൂടിയായി പങ്കിടണമെന്ന വലിയസന്ദേശം. വെറും മരക്കമ്പുകളിൽ പ്ലാസ്റ്റിക്‌ ടാർപോളിൻ ഷീറ്റുകൾകൊണ്ട് കെട്ടിയുർത്തിയ കുടിലുകളിൽക്കഴിഞ്ഞ ഏഴുകുടുംബങ്ങൾക്ക് സ്വന്തംവീടെന്ന സ്വപ്നം സാക്ഷാത്കരിച്ച സാമൂഹികപ്രവർത്തകൻ. ഗുമ്മിഡിപൂണ്ടിയിലെ പിന്നാക്കാവസ്ഥയിൽ കഴിയുന്ന കുടുംബങ്ങൾക്ക് ക്ലമന്റ് ഒരു പ്രതീക്ഷയാണ്. സമൂഹത്തിലെ ഏറ്റവും പിന്നാക്കവിഭാഗത്തിൽ കഴിയുന്നവരുടെ മുന്നേറ്റത്തിനായി പ്രവർത്തിക്കുന്ന ക്ലമന്റ് ജോസഫ് നടത്തുന്നത് തീർത്തും നിശ്ശബ്ദസേവനമാണ്. സഹജീവികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ക്ലമന്റ്  ഗുമ്മിഡിപൂണ്ടിയിലെ സാമൂഹിക പ്രവർത്തകനും മലയാളി അസോസിയേഷൻ നേതാവുമാണ്.  

  ദരിദ്രരായ കുടുംബങ്ങളെ കണ്ടെത്തിയാണ് ആലപ്പുഴ കുട്ടനാട് സ്വദേശിയായ ക്ലമന്റ് വീടുകൾ നിർമിച്ചുനൽകിയത്. മറ്റ് മലയാളികളെപ്പോലെത്തന്നെ  ജോലിതേടിയാണ് ക്ലമന്റും ചെന്നൈ മഹാനഗരത്തിലെത്തിയത്. തമിഴ്‌നാട് അതിർത്തിയിൽ ആന്ധ്രയ്ക്കുസമീപമുള്ള ഗുമ്മിഡിപൂണ്ടിയിൽ ഓക്സിജൻ സിലിൻഡർ കമ്പനിയിൽ ജോലിയ്ക്കുചേർന്ന ക്ലമന്റ് 2010-ൽ സ്വന്തമായി ഓക്സിജൻ സിലിൻഡർ കമ്പനി തുടങ്ങി. തുടർന്ന് സാമൂഹിക പ്രവർത്തനത്തിലും സജീവമായി.  കൂരകളിൽ കഴിയുന്നവരുടെ ദുരിതാവസ്ഥ മനസ്സിലാക്കിയാണ്  തലചായ്ക്കാൻ ഇടമില്ലാത്തവർക്ക് വീടുനിർമിച്ചു നൽകണമെന്ന ലക്ഷ്യവുമായി മുന്നോട്ടുപോയത്.   തമിഴ്‌നാട്ടിലെ തന്നെ എറ്റവും പിന്നാക്കംനിൽക്കുന്ന പ്രദേശങ്ങളിലൊന്നായ ഗുമ്മിഡിപൂണ്ടിയിലെ വളരെ പാവപ്പെട്ടവർക്കാണ് വീടുവെച്ചുകൊടുത്തത്.

            എറ്റവും ദുരിതാവസ്ഥയിൽ കഴിയുന്നവരെ  കണ്ടെത്തിയാണ് വീട് നിർമിച്ചുനൽകിയത്. ആരും വീടിനായി തന്നെ സമീപിച്ചിട്ടില്ല. യാത്രയ്ക്കിടയിൽ പനയോലകൊണ്ട് നിർമിച്ച വീടുകളിൽ കഴിയുന്നവരുടെ ജീവിതപ്രയാസങ്ങൾകണ്ട് വീടുനിർമിച്ച് കൊടുക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയുമായിരുന്നു. മൂന്നു പെൺകുട്ടികളുള്ള  കുടുംബത്തിനായി ആദ്യവീട് നിർമിച്ചത് 2010-ലായിരുന്നു.  പിന്നാക്കാവസ്ഥയിൽ കഴിയുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എല്ലാവർഷവും പുസ്തകങ്ങളും യൂണിഫോമുകളും നൽകുന്ന ക്ലമന്റ് 2005-ൽ വെള്ളപ്പൊക്കമുണ്ടായപ്പോഴാണ് വീണ്ടും സൗജന്യമായി വീടുനിർമിച്ചുനൽകാൻ തുടങ്ങിയത്. ചെന്നൈയിൽ ഇതുവരെ ഏഴുവീടുകളും ജന്മദേശമായ കുട്ടനാട്ടിൽ മൂന്നുവീടുകളും നിർമിച്ചുനൽകി. നാട്ടിൽ ഒരു വീടിന്റെകൂടി നിർമാണം തുടരുകയാണ്.    

    ചൂരൽക്കൊട്ടകൾ നിർമിച്ചും ചെറുജോലികൾ ചെയ്തും കഴിയുന്ന ഗുമ്മിഡിപൂണ്ടിയിലെ ഇരുളർ സമുദായങ്ങൾക്ക് നാമമാത്രമായ തുകമാത്രമാണ് പ്രതിഫലമായി ലഭിക്കുന്നത്. ബാക്കിയുള്ളവർ ആടുമേച്ചുകിട്ടുന്ന പ്രതിഫലംകൊണ്ടും കഴിയുന്നു. ഇരുളർ സമുദായാംഗങ്ങളായ ഇവർ എലിയെയും പാമ്പിനെയും പിടിച്ചുജീവിക്കുന്നവരാണ്. കൃത്യമായ ആരോഗ്യപരിചരണമില്ലാത്തതിനാൽ പലരും രോഗബാധിതരുമാണ്.  സമൂഹത്തിൽ എറ്റവും അവഗണിക്കപ്പെട്ടവരാണ് ഇവരെന്ന്  ജീവിതചുറ്റുപാടുകളിൽ നിന്നുതന്നെ നമുക്ക് മനസ്സിലാകും- ക്ലമന്റ് ജോസഫ് പറഞ്ഞു.

കുട്ടികളെ കൃത്യമായി സ്കൂളിൽ അയയ്ക്കണമെന്നോ, നല്ല വിദ്യാഭ്യാസംകൊടുക്കണമെന്നോ ചിന്തയില്ലാത്തവർ. ഇവരുടെ ജീവിതമുന്നേറ്റത്തിനായി സർക്കാരിന്റെ ഭാഗത്തുനിന്ന്‌ വലിയ പദ്ധതികളില്ല- ക്ലമന്റ് ജോസഫ് പറയുന്നു.