വിനോദസഞ്ചാരികളെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യുന്ന ശൈലിയാണ് ബാലിയുടേത്. ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യക്കാർക്കും സൗജന്യവിസയാണ്
പാതിമയക്കത്തെ മുറിച്ചുകൊണ്ടാണ് പൈലറ്റിന്റെ അനൗൺസ്‌മെന്റ് എത്തിയത്: ‘ഇതാ ബാലി നിങ്ങൾക്കരികെ...’ രാത്രി മുഴുവൻ നീണ്ട ദീർഘയാത്രയുടെ ശേഷിപ്പായ ആലസ്യം കുടഞ്ഞുകളഞ്ഞ് വിമാനത്തിന്റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. മേഘപാളികൾക്കു കീഴെ നീലക്കടലിന്റെ അനന്തത. അതിന്റെ അവസാനം ഒരു പച്ചപ്പൊട്ടുപോലെ തെളിഞ്ഞു വരുന്ന ഹരിതതീരം. കടലോരത്താണ് വിമാനത്താവളം. നഗുരാ റായ് ഇന്റർനാഷണൽ എയർപോർട്ട് അഥവാ ബാലി അന്താരാഷ്ട്ര വിമാനത്താവളം. കടലിലേക്ക് ഊളിയിടുന്ന നീലപ്പൊന്മാനെപ്പോലെ വിമാനം ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നു. 1000 മീറ്ററോളം കടലിലേക്ക് ഇറങ്ങിനിൽക്കുന്നതാണ് റൺവേ. അപൂർവസുന്ദരമായ കാഴ്ച. നാലുദിവസം നീണ്ട ബാലിയാത്രയുടെ തുടക്കം തന്നെ അവിസ്മരണീയമാക്കുന്ന ലാൻഡിങ്. അത്ര വലിയ വിമാനത്താവളമല്ല ബാലിയിലേത്. എന്നാൽ 2013-ൽ നവീകരിച്ചതോടെ ഏത് അന്താരാഷ്ട്ര വിമാനത്താവളത്തോടും കിടപിടിക്കുന്ന സൗകര്യങ്ങൾ ഇവിടെയുമുണ്ട്. ബാലിയിലെ പരമ്പരാഗതശൈലിയിലും ഡിസൈനിലുമുള്ള നിർമിതി. മനോഹരങ്ങളായ കൊത്തുപണികളും ശില്പങ്ങളും സസ്യജാലസമൃദ്ധിയും. അതൊക്കെ കണ്ടുനടന്നാൽ മണിക്കൂറുകൾ പോകുന്നതറിയില്ല; വിമാനസമയം തെറ്റും, യാത്ര മുടങ്ങാനുമിടയുണ്ട്. വൃത്തിയും വെടിപ്പും എടുത്തുപറയണം. ബാലിയിലെ പ്രധാനനഗരവും തലസ്ഥാനവുമായ ഡെൻപസാറിലാണ് ഈ വിമാനത്താവളം. വിനോദസഞ്ചാരികളെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യുന്ന ശൈലിയാണ് ബാലിയുടേത്. ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യക്കാർക്കും സൗജന്യവിസയാണ്. അതുകൊണ്ടുതന്നെ വിമാനത്താവളത്തിൽ അധികം പണിപ്പെടേണ്ടിവന്നില്ല. വിസ ഓൺ അറൈവൽ സൗകര്യം പ്രയോജനപ്പെടുത്തി. ഇമിഗ്രേഷൻ നടപടികൾക്കും അധികസമയം ചുറ്റിത്തിരിയേണ്ടിവന്നില്ല. എല്ലാം അരമണിക്കൂർകൊണ്ട് കഴിഞ്ഞു.

ഇൻഡൊനീഷ്യയിലെ ഒറ്റത്തുരുത്ത്
ഇൻഡൊനീഷ്യയിലെ ഒരു പ്രവിശ്യാ ദ്വീപാണ് ബാലി. കേരളത്തിന്റെ ഏഴിലൊന്ന് വിസ്തൃതി. ജനസംഖ്യ 42 ലക്ഷത്തിലേറെ. മുസ്‌ലിം ഭൂരിപക്ഷരാജ്യമായ ഇൻഡൊനീഷ്യയിൽ ഹിന്ദുക്കൾ മഹാഭൂരിപക്ഷമായ ഒറ്റത്തുരുത്തെന്ന കൗതുകമുണ്ട് ബാലിക്ക്. 2014-ലെ അവസാന സെൻസസ് പ്രകാരം ജനസംഖ്യയിലെ 83.5 ശതമാനം പേർ ഹിന്ദുക്കളാണ്. എന്നാൽ ഇൻഡൊനീഷ്യയുടെ മൊത്തം കണക്കെടുത്താൽ 87.2 ശതമാനം പേരും മുസ്‌ലിങ്ങൾ. ലോകത്തുതന്നെ ഏറ്റവും കൂടുതൽ മുസ്‌ലിംജനതയുള്ള രാഷ്ട്രം; 23 കോടിയോളം പേർ. അവിടെ എല്ലാറ്റിലും വേറിട്ട് ബാലി എന്ന അപൂർവസുന്ദരദേശം.  പൈതൃകത്തെ മുറുകെപ്പുണരുന്ന ശൈലി തന്നെയാണ് ബാലിയിലെ ഈ വ്യത്യസ്തതയ്ക്ക് പിന്നിലെന്നാണ് യാത്രയ്ക്കിടെ കണ്ട അധ്യാപകൻ അനക് അഗുംഗ് പറഞ്ഞത്. ഇന്ത്യയിൽനിന്ന് കടൽമാർഗം എത്തിയ സന്ന്യാസിമാരാണ് ബാലിയിൽ ഹിന്ദുമതത്തിന്റെ പ്രചാരകരെന്ന് കരുതുന്നു. പിന്നീട് വന്ന തലമുറകൾ പൈതൃകവും വിശ്വാസവും വിടാതെ പിന്തുടർന്നു. ഒറ്റപ്പെട്ടു നിൽക്കുന്ന ഭൂപ്രകൃതിയായതിനാൽ ഇൻഡൊനീഷ്യയിലെ പൊതുരീതിയിൽ നിന്നും പാടെ വ്യത്യസ്തമായ ശൈലിയാണ് ഈ ഭൂമിക സ്വീകരിച്ചത്. മതംമാറ്റത്തിനുള്ള കടുത്ത സമ്മർദത്തെ അതിജീവിച്ച് അവർ സ്വന്തം പാരമ്പര്യം മുറുകെ പുണരുന്നു.  
 പരമ്പരാഗതമായി കാർഷികമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ബാലിക്കാർ. എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപാതിയോടെ അത് വിനോദസഞ്ചാരത്തിന് വഴിമാറി. ഇപ്പോൾ ബാലിയിലെ സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ല് വിനോദസഞ്ചാരമാണ്, വരുമാനത്തിന്റെ 80 ശതമാനത്തോളം ഈ മേഖലയിൽനിന്ന്‌ ലഭിക്കുന്നു. ഇൻഡൊനീഷ്യൻ ജി.ഡി.പി.ക്കും ബാലിയുടെ ഈ കുതിച്ചുചാട്ടം വലിയ കൈത്താങ്ങാകുന്നു. പ്രത്യേകിച്ച് വിദേശനാണ്യവരുമാനത്തിൽ. ബാലി വിനോദസഞ്ചാരമേഖലയ്ക്ക് നൽകുന്ന പ്രാധാന്യത്തെ നമ്മൾ കേരളീയർ കണ്ടു പഠിക്കേണ്ടതാണ്. ലഭ്യമായ എല്ലാ മേഖലകളും അവർ സഞ്ചാരപ്രിയർക്കു മുന്നിൽ അവതരിപ്പിക്കുന്നു. ബാലിയുടെ വ്യത്യസ്ത സംസ്കാരവും ആചാരരീതികളും അടുത്തറിയാൻ അവസരമൊരുക്കുന്നു. എല്ലാ വിഭാഗത്തിലുമുള്ള വിനോദസഞ്ചാരികൾക്ക് ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളുമൊരുക്കുന്നു. എല്ലാതരക്കാർക്കും താങ്ങാവുന്ന നിരക്കുകളുള്ള റിസോർട്ടുകളും ഹോട്ടലുകളും ഹോംസ്‌റ്റേകളും ഇവിടെയുണ്ട്. വിനോദസഞ്ചാരികളോട് സൗമനസ്യവും സഹാനുഭൂതിയും ബഹുമാനവും പ്രകടിപ്പിക്കുന്നതിൽ എല്ലാവരും ശ്രദ്ധിക്കുന്നു. കേരളത്തിൽ പക്ഷേ, ലഭ്യമായ വിഭവങ്ങൾ വേണ്ടരീതിയിൽ വികസിപ്പിച്ച് അവതരിപ്പിക്കാൻ നമ്മൾ ഒരു കാലത്തും ജാഗ്രത പുലർത്താറില്ല. വിനോദസഞ്ചാരികളോടാകട്ടെ, ‘ഓ ഒരു സായിപ്പ് വന്നിരിക്കുന്നു’ എന്ന മട്ടിലുള്ള പെരുമാറ്റവും.

സഞ്ചാരികളുടെ പറുദീസ
വിശാലവും അതിമനോഹരവുമായ കടൽത്തീരങ്ങൾ, കുന്നുകളും പർവതങ്ങളും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലേലകളും, ഇനിയും നാഗരികതയുടെ മഴുവിന് ഇരയാകാത്ത മഴക്കാടുകൾ, കണ്ണിന് ഇമ്പം പകരുന്ന ഭൂപ്രകൃതി, വേറിട്ടുനിൽക്കുന്ന സമ്പന്നമായ സംസ്കാരം...ബാലി വിനോദസഞ്ചാരികൾക്ക് പറുദീസയാകുന്നു. ഏതുതരക്കാർക്കും അനുയോജ്യമായ സൗകര്യങ്ങൾ ഇവിടെയുണ്ട്. കുറഞ്ഞ ചെലവിൽ യാത്ര നടത്താനാണ് പ്ളാനെങ്കിൽ അതിന് പറ്റിയ വിദേശനാടുകളിലൊന്നാണ് ബാലി.
മറ്റൊരു കൗതുകം ബാലിയിലെ ഔദ്യോഗിക കറൻസിയായ റുപ്പയ ആണ്. ഒരു ഇന്ത്യൻ രൂപയ്ക്ക് 200 ഇൻഡൊനീഷ്യൻ റുപ്പയ കിട്ടും. 500 രൂപയുമായാണ് നിങ്ങൾ ബാലിയിലെത്തുന്നതെങ്കിൽ നിങ്ങൾ അവിടത്തെ കറൻസിയനുസരിച്ച് ലക്ഷാധിപതിയായി. 5000 രൂപ കീശയിലുണ്ടെങ്കിൽ കോടീശ്വരൻ! വിനിമയത്തിലെ ഈ മൂല്യത്തകർച്ച പക്ഷേ, ചെലവിൽ പ്രതിഫലിക്കുമെന്നു കരുതിയാൽ തെറ്റി. ഒരു സാധാരണ ഹോട്ടലിൽനിന്ന് നന്നായി ഭക്ഷണം കഴിഞ്ഞ് ഇറങ്ങുമ്പോൾ ഒരു ലക്ഷം റുപ്പയെങ്കിലും കൈയിൽനിന്ന് ചെലവാകും. അതുകൊണ്ട് കുറഞ്ഞ ചെലവിലുള്ള യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിൽ കരുതൽ അനിവാര്യം. അധികം ചെലവില്ലാത്ത യാത്ര ആഗ്രഹിക്കുന്നവർക്ക് ഇരുചക്രവാഹനങ്ങളാണ് ഉചിതം. ബാലിയിലെല്ലായിടത്തും യാത്രക്കായി സ്കൂട്ടറുകളും മറ്റും വാടകയ്ക്ക് കിട്ടും. ഓടിക്കാൻ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ധാരാളം മതി. വഴി ‘ചോയിച്ചു ചോയിച്ചു പോയാൽ മതി’. സഹായിക്കാൻ ബാലിക്കാർ സദാ സന്നദ്ധർ. പൊതുവേ വലിയ തിരക്കൊന്നും പ്രകടിപ്പിക്കാത്തവരാണവർ. ചിലപ്പോൾ വഴിചോദിച്ചാൽ നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേ അവർ മടങ്ങൂ. കറൻസി മാറ്റുന്നത് കേരളത്തിൽനിന്ന് യാത്ര പുറപ്പെടുന്നതിനുമുമ്പേ തന്നെ ചെയ്യുന്നതാണ് ഉചിതം. നമ്മുടെ രൂപ യു.എസ്. ഡോളറിലേക്ക് മാറ്റാം. ഡോളർ ബാലിയിലെ ഏത് മുക്കിലും മൂലയിലും റുപ്പയ ആക്കി മാറ്റാം. പക്ഷേ, ഇന്ത്യൻരൂപ മാറ്റിക്കിട്ടാൻ പാടായിരിക്കും.
ഭൂപ്രകൃതി ഏതാണ്ട് കേരളത്തോട് ഇണങ്ങുന്ന മട്ടിലാണ്. കേരളത്തിൽ കണ്ടുവരുന്ന സസ്യജാലങ്ങൾ എല്ലായിടത്തും കാണാം. ചെടികളോടും പൂക്കളോടും വൃക്ഷങ്ങളോടും പച്ചപ്പിനോടും ആരാധന പുലർത്തുന്നവരാണ് ബാലിക്കാർ. എവിടെ തിരിഞ്ഞാലും ഹരിതാഭ. ചെറിയ കടകൾക്കുമുന്നിൽ പോലും കൊച്ചുപൂന്തോപ്പ് കാണാം. പൂച്ചെടികൾ വളർത്തുന്ന നഴ്‌സറി ബാലിയിൽ വലിയ ബിസിനസ് തന്നെയാണ്.

ക്ഷേത്രങ്ങളും കടലോരങ്ങളും
ക്ഷേത്രങ്ങളുടെയും ആചാരങ്ങളുടെയും നാടാണ് ബാലി. എവിടെത്തിരിഞ്ഞാലും കാണാം പൗരാണിക വാസ്തുശില്പവൈഭവത്തിന്റെ അരങ്ങായ ക്ഷേത്രസമുച്ചയങ്ങൾ. അവിടെ നിത്യേനയെന്നോണം ഉത്സവങ്ങളും പൂജകളും പതിവ്. ഇതിനുപുറമേ മിക്ക വീടുകളിലും ഒരു കൊച്ചുകുടുംബക്ഷേത്രവും കാണും. ബാലിയാത്രയ്ക്കിടെ ക്ഷേത്രസന്ദർശനം മുടക്കരുത്. കടലിൽ ഉയർന്നുനിൽക്കുന്ന വലിയൊരു പാറക്കൂട്ടത്തിൽ ശിരസ്സുയർത്തി നിൽക്കുന്ന പ്രാചീനക്ഷേത്രമാണ് ടാനാ ലോട്ട്. ബാലിയുടെ പ്രതീകമെന്നാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം അറിയപ്പെടുന്നത്. നമ്മുടെ കന്യാകുമാരിയെ അനുസ്മരിപ്പിക്കും. ബാലിയുടെ തലസ്ഥാനനഗരമായ ഡെൻപസാറിൽനിന്ന് 20 കിലോമീറ്റർ അകലെയാണിത്. നൂറ്റാണ്ടുകളുടെ തിരയടി പാറക്കൂട്ടങ്ങളിൽ തീർത്ത അടയാളങ്ങൾ ഇവിടത്തെ മറ്റൊരു കാഴ്ച. വേലിയിറക്കമുള്ളപ്പോൾ ക്ഷേത്രത്തിലേക്ക് കടലോരത്തുനിന്ന് നടന്നു പോകാം. വേലിയേറ്റമുള്ളപ്പോൾ വഞ്ചിയെ ആശ്രയിക്കണം. ബെരാട്ടൺ തടാകത്തിൽ ആകർഷകമായ രീതിയിൽ നിർമിച്ചിട്ടുള്ള ക്ഷേത്രവും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.  
പഞ്ചാരമണലുള്ള കടലോരങ്ങളാൽ സമ്പന്നമാണ് ഈ നാട്. കടലിലാകട്ടെ തെളിനീല ജലം. പശ്ചാത്തലമൊരുക്കുന്നത് ഹരിതാഭമായ തെങ്ങിൻതോപ്പുകളും മഴക്കാടുകളും പനങ്കാടുകളുമൊക്കെ. മിക്കയിടത്തും വെള്ളത്തിലേക്ക് കണ്ണുനട്ടാൽ കടലിന്റെ അടിത്തട്ട് കാണാനാകും. കടലിനടിയിലേക്ക് ഊളിയിടാനും അടിത്തട്ടിലെ സസ്യജാലങ്ങളെയും മത്സ്യങ്ങളെയുമൊക്കെ കൺകുളിർക്കെ കാണാനും മിക്ക ബീച്ചുകളിലും സ്കൂബാ ഡൈവിങ്ങും സ്‌നോർക്കലിങ്ങുമൊക്കെയുണ്ട്. താരതമ്യേന കുറഞ്ഞ നിരക്കാണ് ഇതിനൊക്കെ. കുട്ട ബീച്ചാണ് ബാലിയിൽ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. സെമിന്യാക്, കൻഗു, ജിംബാരൺ, നുസ ദുവ, സാനുർ തുടങ്ങിയവ മറ്റുചില പ്രശസ്ത കടലോരങ്ങൾ. തിരക്ക് ആഗ്രഹിക്കാത്തവരാണെങ്കിൽ വിനോദസഞ്ചാരികൾ അധികമെത്താത്ത അതിമനോഹരങ്ങളായ വേറെയും ബീച്ചുകളുണ്ട്.

പുകയുന്ന അഗ്നിപർവതം
അഗ്നിപർവതങ്ങളുടെ നാടാണ് ബാലി. ഇതിൽ രണ്ടെണ്ണം ഇപ്പോഴും സജീവം; മൗണ്ട് അഗുംഗ്, മൗണ്ട് ബാടുർ എന്നിവ. മൗണ്ട് അഗുങ് ആണ് ബാലിയിലെ ഏറ്റവും ഉയർന്ന പർവതം. 1963-64-ലാണ് അവസാനമായി പൊട്ടിയൊഴുകിയത്. ആയിരത്തി അറന്നൂറോളം പേർ കൊല്ലപ്പെട്ടു, പതിനായിരങ്ങൾ ഭവനരഹിതരായി. അന്ന് മൗണ്ട് അഗുംഗിൽ വലിയൊരു വിള്ളലും രൂപപ്പെട്ടു. നെടുകെ പിളർന്നൊരു പർവതശിഖരം, എന്നാൽ ദൂരക്കാഴ്ചയിൽ ഇപ്പോഴും കോണാകൃതിയിലാണ് മൗണ്ട് അഗുംഗ്. ഇപ്പോഴും ഇടയ്ക്കിടയ്ക്ക് പുകയുന്നതും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതുമൊക്കെ പതിവ്. മൗണ്ട് ബാടുറും രണ്ടുമൂന്നു വർഷം കൂടുമ്പോൾ പുകയുന്നത് പതിവാണെന്ന് ടൂറിസ്റ്റ് ഗൈഡ് പറഞ്ഞു.
അഗ്നിപർവതസന്ദർശനം ബാലിയിലെ ടൂർചാർട്ടിൽ പ്രധാനപ്പെട്ടതാണ്. 2017 മൗണ്ട് അഗുംഗിന്റെ വർഷമാണ്. ഞങ്ങളുടെ സന്ദർശനം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് പുകഞ്ഞുതുടങ്ങിയതായി വാർത്തകൾ വന്നു. 2500 മീറ്റർ ഉയരത്തിലേക്ക് ചാരവും പുകയും തുപ്പി ആശങ്ക പടർത്തി. ഇതേത്തുടർന്ന് ബാലി വിമാനത്താവളം അടച്ചിട്ട് അതിജാഗ്രത പ്രഖ്യാപിച്ചു. ഒട്ടേറെ നാട്ടുകാരെ സുരക്ഷിതമേഖലകളിലേക്ക് മാറ്റി. വിമാനത്താവളം തുറന്നതോടെ ബാലിയിലേക്ക് വീണ്ടും ജനപ്രവാഹമായി.
എട്ടു മണിക്കൂർ വിമാനയാത്രയുണ്ട് കേരളത്തിൽനിന്ന് ബാലിയിലേക്ക്. കൊച്ചിയിൽനിന്നും തിരുവനന്തപുരത്തുനിന്നും വിമാനസർവീസുകൾ. ഇൻഡൊനീഷ്യയിലെ ലയൺ ഗ്രൂപ്പിന് കീഴിലുള്ള മലിൻഡോ എയറാണ് സർവീസ് നടത്തുന്നത്. ട്രിച്ചി, മുംബൈ, ഡൽഹി, അമൃത്‌സർ വിമാനത്താവളങ്ങളിൽനിന്നും അവർ ബാലിയിലേക്ക് സർവീസ് നടത്തുന്നു. ലയൺ ഗ്രൂപ്പിന്റെ തന്നെ ബാതിക് എയർ ചെന്നൈയിൽനിന്നും ബാലിയിലേക്ക് സർവീസ് നടത്തുന്നുണ്ട്.
ബെംഗളൂരുവിൽനിന്നും വൈകാതെ സർവീസ് തുടങ്ങുമെന്ന് മലിൻഡോ എയറിന്റെ പ്രതിനിധി സുരേഷ് പറഞ്ഞു. കമ്പനിയുടെ പേര് ബാതിക് മലേഷ്യ എന്ന് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാത്രി 11-നാണ് കൊച്ചിയിൽനിന്ന് വിമാനം പുറപ്പെട്ടത്. മലേഷ്യൻ തലസ്ഥാനമായ ക്വലാലംപുരിലേക്കുള്ള വിമാനം. രാവിലെ വെള്ളകീറും നേരത്ത് ക്വലാലംപുരിലെത്തി. അവിടെനിന്ന് ബാലിയിലേക്ക് മലിൻഡോ എയറിന്റെ തന്നെ കണക്‌ഷൻ ഫ്ളൈറ്റ്. ഉച്ചയോടെ ബാലി പ്രവിശ്യയുടെ തലസ്ഥാനമായ ഡെൻപസാറിൽ.

ബാലി യാത്രയിൽ
കണ്ടിരിക്കേണ്ട 10 പ്രധാനകേന്ദ്രങ്ങൾ

കുട്ട ബീച്ച്: ബാലിയിലെ ഏറ്റവും പ്രശസ്തമായ കടലോര
വിനോദസഞ്ചാര കേന്ദ്രം. അസ്തമയവേള
കണ്ണഞ്ചിപ്പിക്കുന്നത്. രാത്രിവിരുന്നിന് പ്രശസ്തം.
ടാനാ ലോട്ട്: ബാലിയുടെ പ്രതീകമെന്ന് വിശേഷണമുള്ള
പൗരാണിക ക്ഷേത്രം. കടലിൽ രൂപപ്പെട്ട പാറക്കെട്ടിന്
മുകളിലാണ് ആരാധനാലയം.
ഉബൂദ്: ബാലിയിലെ പ്രധാനകൃഷിയിടങ്ങളിലൊന്ന്.
വിശാലമായ വയൽപ്പരപ്പുകളും തോടങ്ങളും നിറഞ്ഞ
പ്രകൃതിസുന്ദരമായ മേഖല.
കോപ്പി ലുവാക് പ്ളാന്റേഷൻ: വെരുകിനെക്കൊണ്ട് പഴുത്ത കാപ്പിക്കുരു തീറ്റിച്ച്, കാഷ്ഠത്തിൽ നിന്ന് ശേഖരിക്കുന്ന കാപ്പിക്കുരു സംസ്‌കരിച്ചെടുത്ത് നിർമ്മിക്കുന്ന കാപ്പിയാണ് കോപ്പി ലുവാക്. പ്രധാനമായും കയറ്റുമതി ചെയ്യപ്പെടുന്ന ഈ കാപ്പിക്ക് പൊന്നുംവിലയാണ്. ഈ കാപ്പി നിർമ്മിക്കുന്ന തോട്ടങ്ങൾ വിനോദസഞ്ചാരികളുടെ പതിവുസന്ദർശനകേന്ദ്രം.
സെകുംപുൾ വെള്ളച്ചാട്ടം: കാടിന് നടുവിലൊരു
വെള്ളച്ചാട്ടം. വന്യഭംഗിയ്‌ക്കൊപ്പം കുത്തിയൊഴുകിയെത്തുന്ന അരുവിയുടെ കൺകവരുന്ന കാഴ്ചയും.
ട്രെക്കിങ് പ്രിയർക്ക് അനുയോജ്യം
മൗണ്ട് ബാടുർ: ബാലിയിലെ സജീവമായ അഗ്നിപർവതം. പശ്ചാത്തലമായി നാടകീയമായ ഭൂപ്രകൃതിയും.
ഉലുവത്ത് ടെപിൾ(പുര ലുഹർ): കുന്നിൻമുകളിലെ
ചുണ്ണാമ്പുപാറയിലൊരു ക്ഷേത്രം. മറുഭാഗത്ത് കടലും. അവിസ്മരണീയകാഴ്ച.
അഗുംഗ് റായ് മ്യൂസിയം ഓഫ് ആർട്ട്: ബാലിയുടെ
സാംസ്‌കാരിക, കലാപാരമ്പര്യം അവതരിപ്പിക്കുന്ന
കാഴ്ച ബംഗവ്.
സേക്രഡ് മങ്കി ഫോറസ്റ്റ്: വിവിധ ജനുസ്സുകളിൽപ്പെട്ട
കുരങ്ങൻമാർ അധിവസിക്കുന്ന കേന്ദ്രം. കടന്നാക്രമണത്തിന് ഇരയായിട്ടില്ലാത്ത മഴക്കാടിന്റെ ഭംഗിയും പ്രധാനം.
തീർഥഗംഗ വാട്ടർ പാലസ്: ബാലിയിലെ പഴയ രാജകൊട്ടാരങ്ങളിലൊന്ന്. കുളങ്ങളും ജലധാരകളും
ശില്പങ്ങളും നിറഞ്ഞ സമുച്ചയം.|

*********************************

‘ഇദയം’ തൊട്ട നഗരം
ആദിഷ് എ.എസ്. ലൊയോള കോളേജ്

പഠിക്കാനായി ചേക്കേറിയ നഗരമെന്നതിനപ്പുറത്തേക്ക് മദിരാശി ഇന്ന് മറ്റുപലതുമാണെനിക്ക്. രാഷ്ട്രീയത്തെയും ജീവിതവീക്ഷണത്തെയും മാറ്റിമറിച്ച, സൗഹൃദങ്ങൾക്ക് ഭാഷകടന്ന നിർവചനങ്ങൾ നൽകിയ, സ്വപ്നങ്ങളുടെയും അതിജീവനത്തിന്റെയും നഗരമാകുന്നു ചെന്നൈ. പ്രളയവും ചുഴലിക്കാറ്റും ജല്ലിക്കെട്ട് പ്രക്ഷോഭവും ജയലളിതയുടെ മരണവുമുൾപ്പടെ കലുഷിതമായ കാലത്തിലൂടെയാണ് എന്റെ ചെന്നൈയിലെ മൂന്നുവർഷങ്ങൾ കടന്നുപോയത്.
2015   ജൂണിലാണ് ലൊയോള കോളേജിൽ ഇംഗ്ലീഷ് സാഹിത്യം പഠിക്കാനായി വടകരയിൽനിന്നെത്തുന്നത്. ചൂടും പൊടിയും അലച്ചിലും ബുദ്ധിമുട്ടിച്ച, മറീനയും കോടമ്പാക്കവും വിസ്മയിപ്പിച്ച ആദ്യനാളുകൾ. നിസ്വാർഥതകൊണ്ട് നെഞ്ചുകവരുന്ന  തമിഴ്‌നാട്ടുകാരായ കുറെ സുഹൃത്തുക്കളുണ്ടായി. കോളേജിലും തെരുവിലും ചായക്കടകളിലും വെച്ച് മലയാളം കേൾക്കുമ്പോൾ കൈമാറുന്ന ചിരിയിലൂടെ കുറെ നാട്ടുകാരെയും കണ്ടുമുട്ടി. വലിയ പ്രയാസമില്ലാതെ തമിഴ് സംസാരിക്കാൻ തുടങ്ങി. മലബാരിമലയാളവും ചെന്നൈ തമിഴും തമ്മിലുള്ള ചില സാമ്യങ്ങൾ കൗതുകമുണർത്തി. വേവലാതി എന്നർഥംവരുന്ന ‘ബേജാറ്’ എന്ന വാക്ക് രണ്ടിലും കാണാം.
 മലയാളം പഠിപ്പിച്ചുതരണമെന്ന്‌ ഇവിടത്തുകാർ ഇപ്പോഴും വന്നുപറയും. കോഴിക്കോടൻ ബിരിയാണി പോലെത്തന്നെ ജിഗർത്തണ്ടയും എനിക്ക് പ്രിയപ്പെട്ടതായി. കലരുമ്പോൾ നന്മയേറുന്നതാണ് സംസ്കാരവും തനിമയുമെന്ന പാഠം ചെന്നൈ പഠിപ്പിച്ചു.  ടിബറ്റിൽനിന്നും പോർച്ചുഗീസിൽനിന്നും ശ്രീലങ്കയിൽനിന്നുമെല്ലാം വന്ന കുറെ കുടിയേറ്റക്കാരും ഇന്ന് അസ്സൽ മദിരാശികളാണെന്നത് മറ്റൊരു അദ്‌ഭുതമായി.
എയർപോർട്ടും റെയിൽവേ സ്റ്റേഷനും വെള്ളപ്പൊക്കം കാരണം അടച്ചിട്ട, അന്നവും വെട്ടവും നെറ്റ്‌വർക്കും  എ.ടി.എമ്മുകളുമില്ലാത്ത ചെന്നൈയിൽനിന്ന് രണ്ടുസുഹൃത്തുക്കൾക്കൊപ്പം മേട്ടുപ്പാളയം ബസിൽ കയറിക്കൂടി കോയമ്പത്തൂർവഴി നാട്ടിലെത്തിയത് മറക്കാനാവാത്ത അനുഭവമായിരുന്നു. ബ്രഡ്ഡും മെഴുകുതിരികളും സംഭരിച്ചുകൊണ്ടാണ് പിന്നീട് ഓരോ ദുരന്തമുന്നറിയിപ്പിനെയും വരവേറ്റത്. രണ്ടാംവർഷത്തിലാണ് പഠനത്തിന്റെ ഭാഗമായി ഒരു മാഗസിൻ തയ്യാറാക്കേണ്ടിവന്നത്. തിരഞ്ഞെടുത്ത വിഷയം ‘ചെന്നൈ’ ആയിരുന്നു.  അങ്ങനെയാണ് ഈ നഗരത്തിന്റെ കൊളോണിയൽ ഇടപെടലുകളും സിനിമാറ്റിക് രാഷ്ട്രീയചരിത്രവും കൂടുതലറിയുന്നത്. ചെന്നൈയുടെ കുറവുകളെക്കൂടി  ഉൾപ്പെടുത്തിയായിരുന്നു ലേഖനങ്ങൾ. കൂറ്റൻ കെട്ടിടങ്ങളുടെ പ്രതാപങ്ങൾക്കുപിന്നിലായി ചേരികളും കോളനികളും മറയ്ക്കപ്പെടുന്നതിന്റെ സാമ്പത്തികശാസ്ത്രവും മലിനീകരണത്തിന്റെയും വികസനമെന്നുതോന്നിക്കുന്ന  മാറ്റങ്ങളുടെയും രാഷ്ട്രീയവും ചിന്തിക്കാൻ തുടങ്ങി. പാഠ്യപദ്ധതിയിലുള്ള ‘ഔട്ട്‌റീച്ച്’ പരിപാടിയുടെ ഭാഗമായാണ് ടി നഗറിലെ ഒരു ചേരിയിൽ  കുറെസമയം ചെലവിട്ടത്. ഇതും നിർണായകമായി. ഭിന്നലിംഗക്കാരെ കാണുന്നതും പ്രശ്നങ്ങൾ മനസ്സിലാക്കുന്നതുമെല്ലാം ഇവിടെ വെച്ചാണ്. മാളുകളേക്കാൾ രംഗനാഥൻ തെരുവും റിച്ചി സ്ട്രീറ്റും മൂർ മാർക്കറ്റുമെല്ലാം ഹൃദ്യമായിത്തോന്നി. എന്തും എന്തുവിലയിലും കിട്ടുന്ന വലിയ വിപണിയായ പട്ടണം. സിനിമയാണ് ചെന്നൈയുടെ മറ്റൊരു ഇഷ്ടം.
ആ പൈതൃകം തികച്ചും മനസ്സിനെ കീഴടക്കി. സിനിമാമോഹികളായ കുറെ കൂട്ടുകാരെ സ്വന്തമാക്കി. പലതരത്തിലുള്ള പ്രയാസങ്ങളുടെ നടുവിലും ഒരുപാട് സ്വപ്നം കാണുന്ന കുറെ മനുഷ്യരാണിവിടെ. പ്രകൃതിദുരന്തങ്ങൾക്കുപോലും തളർത്താനാവാത്ത വീണ്ടും മുളയ്ക്കാനും തളിർക്കാനുമുള്ള ആത്മബലത്തിന്റെ മദ്രാസ്.