കെ.കെ.സുരേഷ് കുമാർ
ഓണപ്പാട്ട്, കൃഷിപ്പാട്ട്, കളിപ്പാട്ട്, വഞ്ചിപ്പാട്ട് എന്നീ ശൈലികളിലുള്ള നാടൻപാട്ടുകളും തെയ്യം, ദാരികൻ, പരുന്ത്, വെളിച്ചപ്പാട്, ഭദ്രകാളി, കാളകളി, മയിലാട്ടം, മുടിയാട്ടം, ആദിവാസിനൃത്തം തുടങ്ങിയ ദൃശ്യാവിഷ്‌കാരങ്ങളും ചെണ്ട, തവിൽ, മുളന്തുടി, ചിലമ്പ് എന്നീ തനതു നാടൻപാട്ടു വാദ്യോപകരണങ്ങളുടെ ചടുല താളത്തിനൊത്ത പാദചലനങ്ങളും കാഴ്ചവെച്ച് കാണികളെ ആവേശം കൊള്ളിച്ച് ‘ചെന്നൈ പാട്ടരങ്ങ്്’ വേദികൾ കീഴടക്കുന്നു.
പിറന്ന മണ്ണിന്റെ തനിമ കാക്കുന്ന നാടൻ ശീലുകൾ പലതും മണ്മറഞ്ഞു പോയിട്ടുണ്ട്. തലമുറകളായി പകർന്നും ചോർന്നും കിട്ടിയ ഇത്തരം നാടൻ ശീലുകൾ കോർത്തിണക്കി അവയുടെ തനതുശൈലിയിൽ ചെന്നൈ മലയാളികൾക്ക് പരിചയപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ രൂപം കൊടുത്ത നാടൻപാട്ട് കൂട്ടായ്മയാണ് ‘ചെന്നൈ പാട്ടരങ്ങ്’.  
പെരമ്പൂരിലെ  കോച്ച് നിർമാണ ഫാക്ടറിയായ ഐ.സി.എഫ്. കേന്ദ്രമാക്കി ഇവിടത്തെ ഏതാനും ജീവനക്കാർ ചേർന്ന് അഞ്ചു വർഷങ്ങൾക്കുമുൻപ് രൂപംകൊടുത്ത പാട്ടരങ്ങ് ഇപ്പോൾ ഇരുപതോളം കലാകാരന്മാർ ഉൾപ്പെടുന്ന കൂട്ടായ്മയായി വളർന്നു. 
ചെന്നൈയിലെ വിവിധ മലയാളി സാംസ്കാരിക സംഘടനകൾക്കും, കാഞ്ചിപുരം, കൽപ്പാക്കം, തൃശ്ശൂർ തുടങ്ങി നിരവധി വേദികൾ പിന്നിട്ടു.  
അംഗങ്ങൾ തമ്മിലുള്ള സൗഹൃദ അന്തരീക്ഷവും നാടൻ പാട്ടിനോടുള്ള ആത്മാർഥതയുമാണ് അൻപതാം വേദിയിലേക്കുള്ള ജൈത്രയാത്രയുടെ പ്രചോദനമെന്നു പ്രധാനസംഘാടകനായ സുരേഷ് മാവേലിക്കര പറയുന്നു.
ചെന്നൈയിലെ മലയാളി സംഘടനകളുടെ വാർഷികാഘോഷങ്ങൾക്കും ഓണാഘോഷ പരിപാടികൾക്കും കൂടാതെ മറ്റു മലയാളി കൂട്ടായ്മകളുമാണ് ചെന്നൈ പാട്ടരങ്ങിന് വേദികൾ നൽകുന്നത്. 
പ്രേക്ഷകരോട് കൂടുതൽ അടുത്ത് ഇടപഴകിയും, കൂടെ പാടിപ്പിച്ചും ചുവടുകൾ വെപ്പിച്ചും കാണികളെ കൂടി പങ്കാളികളാക്കിയുള്ള ശൈലിയാണ് ഇവർ പിന്തുടരുന്നത്. ഇത്തരം ശൈലി പാട്ടുകാർ ശ്രോതാവ് എന്നുള്ള അന്തരം കുറച്ച് ശ്രോതാവും പാട്ടുകാരനായി മാറുന്നു. പ്രേക്ഷകരോട് കൂടുതൽ അടുത്തുള്ള അവതരണരീതി ആയതിനാൽ ചെന്നൈ പാട്ടരങ്ങിന്റെ പ്രത്യേകത. മറുനാടൻ മലയാളികൾക്കിടെ നാടൻ പാട്ടുകൾ ആലപിക്കുന്നതിൽ സന്തോഷമേയുള്ളൂ കലാകാരന്മാരും പറയുന്നു. കേരളത്തിലെ നാടൻപാട്ട് സമിതികളോട് കിടപിടിക്കുന്ന തരത്തിൽതന്നെ ദൃശ്യാവിഷ്കാരങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുകയാണ്.  
ജോലിസംബന്ധമായി നാട്ടിലക്ക് സ്ഥലമാറ്റം ലഭിച്ച അംഗങ്ങൾ പോലും, പാട്ടരങ്ങിനു വേദിലഭിക്കുമ്പോൾ അതിൽ പങ്കെടുക്കുവാൻ ചെന്നൈയിൽ തിരിച്ചെത്താറുണ്ട്. ഉത്സവ് എന്ന ചെന്നൈ യൂത്ത്‌ഫെസ്റ്റിവലിൽ പങ്കെടുത്ത് പ്രവാസി കലാപ്രതിഭ പുരസ്കാരം നേടിയവരിൽ മിക്കവരും തന്നെ ഈ സംഘടനയിൽനിന്നുള്ളവരാണ്.
നാടൻപാട്ടിനെ ചെന്നൈ മറുനാടൻ മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിനും അതുവഴി ജനപ്രിയമാക്കുന്നതിനുമായി പ്രശസ്ത നാടൻപാട്ട് കലാകാരനും ഫോക്‌ലോർ അക്കാദമി ചെയർമാനുമായ സി.ജെ. കുട്ടപ്പനെ ചെന്നൈയിലെ വിവിധ സാംസ്കാരിക നായകന്മാരുടെ സാന്നിധ്യത്തിൽ പാട്ടരങ്ങ് സംഘടിപ്പിച്ച കൊട്ടും കുരവയും എന്ന മെഗാഷോയിൽെവച്ച് ആദരിച്ചിരുന്നു. ഇതേ വേദിയിൽ പ്രശസ്ത നാടൻപാട്ട് കലാകാരനായ ബാനർജി നയിച്ച ‘കനൽ പാട്ടുകൂട്ടവും’ ‘ചെന്നൈ പാട്ടരങ്ങും’ ചേർന്ന് അവതരിപ്പിച്ച നാടൻ പാട്ടുകൾ മുഖ്യ ശ്രദ്ധാകേന്ദ്രമായിരുന്നു.  
സുരേഷ് മാവേലിക്കര, ചാറ്റർജി ശാസ്താംകോട്ട, സന്തോഷ് കൊല്ലം, സുഭാഷ് മംഗലം, ജയൻ കെ.എം., ഷാനു കൊല്ലം, പ്രശോഭ് കണിയാപുരം, നിപിൻ കോഴിക്കോട്, ദിദിൻ, റിജേഷ്‌ കണ്ണൂർ, ദേവരാജ മാരാർ, അഭിജിത്ത് സുരേഷ്, അക്ഷയ് ജയൻ, റോഷൻ, രോഹിത്, ശോഭന, ഷീജ ജയൻ, ശ്രുതി, അനുശ്രീ സുരേഷ്, മാളവിക ജയൻ, അനുഗ്രഹ പ്രശോഭ് തുടങ്ങിയർ പാട്ടരങ്ങിന്റെ സജീവ അംഗങ്ങളാണ്.
ചെന്നൈയിൽ നാടൻപാട്ടിനെ ജനകീയമാക്കുന്നതിൽ ഒരു പ്രധാനപങ്ക് ചെന്നൈ പാട്ടരങ്ങിനുണ്ട്. എന്നാൽ വലിയ തുകകൾ കൊടുത്ത് പുറമേ നിന്നും കലാപരിപാടികൾ സംഘടിപ്പിക്കുന്ന ഇവിടത്തെ ചെറിയ വലിയ സംഘടനകൾപോലും ഓർമകളിൽനിന്ന്‌ മറഞ്ഞുപോകുന്ന ഇത്തരം കലാരൂപങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകുന്നില്ല എന്ന പരിഭവം കലാകാരന്മാർ പങ്കുവെക്കുന്നു.

********************************
ക്യാമറകൊണ്ട് ചിത്രം വരയ്ക്കുന്നവർ

സുനീഷ് ജേക്കബ് മാത്യു
ക്യാമറകൊണ്ട്‌ ദൃശ്യം പകർത്തുകയല്ലാതെ ചിത്രം വരയ്ക്കാൻ പറ്റുമോ?  -ഈ ചോദ്യം നേരിടുന്നത്‌ കോഴിക്കോട് സ്വദേശി വി.ജെ. ഋത്വിക്കിക്കും സുഹൃത്തുക്കളുമാണെങ്കിൽ ‘എന്താ സംശയം’ എന്നായിരിക്കും മറുപടി. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾക്ക്‌ പുതിയ അർഥം നൽകാൻ ശ്രമിക്കുകയാണിവർ. ഋത്വിക്കും ജെ. രമണൻ, കെ. നരസിംഹൻ എന്നിവരും ചേർന്നുനടത്തുന്ന ‘ക്രിയേറ്റീവ് വിഷൻ ഫോട്ടോപ്രദർശനം സമീപനത്തിലെ വ്യത്യസ്തതകൊണ്ട്‌ ശ്രദ്ധേയമാകുകയാണ്. ഫോട്ടോഗ്രാഫിയിൽ അമൂർത്തമായ  ആവിഷ്കാരം നടത്താനുള്ള  ശ്രമമാണ്‌ ക്രിയേറ്റീവ് വിഷൻ പ്രദർശനം.
ക്യാമറയിൽപതിയുന്ന ഒരു ചിത്രം അതേപടി പ്രദർശിപ്പിക്കുന്നതിനുപകരം പല ചിത്രങ്ങൾ ഒന്നാക്കി മറ്റൊരു ദൃശ്യമോ അമൂർത്തമായ ചിത്രമോ ആക്കിമാറ്റുകയാണ് ഇവർ ചെയ്യുന്നത്. ഒാരോ ചിത്രങ്ങൾക്കുപിന്നിലും ഒാരോ  ആശയങ്ങളും അനുഭവങ്ങളുമുണ്ടെന്നും ഇതാണ് പ്രദർശനത്തിലൂടെ വെളിപ്പെടുത്തുന്നതെന്നും ഋത്വിക് പറഞ്ഞു. ലളിതകലാ അക്കാദമിയിൽ നടക്കുന്ന പ്രദർശനത്തിൽ നൂറോളം ഫോട്ടോകളാണ്‌ പ്രദർശിപ്പിക്കുന്നത്. ഞായറാഴ്ച വരെ രാവിലെ 11 മുതൽ വൈകിട്ട് ഏഴുവരെയാണ്‌ പ്രദർശനസമയം.  ഫ്രെയിമുകളുടെ വ്യത്യസ്തതകളും ദൃശ്യങ്ങളുടെ മിഴിവുമൊക്കെയാണ്‌ പലപ്പോഴും ഫോട്ടോകളുടെ മികവിന്റെ ഏകകം. എന്നാൽ, തങ്ങൾ വ്യത്യസ്തമായ ഒരു വഴി തിരഞ്ഞെടുത്തിരിക്കുകയാണെന്ന്‌ ഇവർ പറയുന്നു. 
സമയം, കാലം, പ്രകൃതി എന്നിങ്ങനെ വിവിധ വിഷയങ്ങളുടെ അടിസ്ഥാനത്തിലുള്ള ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിരിക്കുന്നു. ക്യാമറയിലെടുത്തിരിക്കുന്ന ചിത്രങ്ങൾ കാൻവാസിലേക്ക്‌ പകർത്തിയാണ് ഋത്വിക് ഫോട്ടോകൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ഫ്രെയിമിൽ കാണുന്നതിനപ്പുറമുള്ള  ദൃശ്യങ്ങളിലേക്ക്‌ ആസ്വാദകരുടെ ഭാവനയെ കൊണ്ടുപോകുകയെന്ന ക്രിയാത്മകപരീക്ഷണമാണ് ഈ പ്രദർശനമെന്ന്‌ ഋത്വിക് പറയുന്നു. പരീക്ഷണം എന്ന നിലയിൽ നടത്തുന്ന ആദ്യ പ്രദർശനമാണിതെന്നും ബെംഗളൂരു അടക്കമുള്ള മറ്റിടങ്ങളിലും പ്രദർശനം സംഘടിപ്പിക്കുമെന്നും അറിയിച്ചു.
കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ ഋത്വിക് ഐ.ടി. പ്രൊഫഷണലാണ്. ചെറുപ്പംമുതൽ  ഫോട്ടോഗ്രാഫിയോട്  കമ്പമുണ്ടെങ്കിലും അതൊരു ജീവിതമാർഗമായി തിരഞ്ഞെടുക്കാൻ മുതിർന്നില്ല. ഔപചാരികമായി ഫോട്ടോഗ്രാഫി പഠിക്കാൻ സാധിച്ചില്ലെങ്കിലും സ്വയപ്രയത്നംകൊണ്ട്‌  പഠിക്കുകയായിരുന്നു. ഇതിനകംതന്നെ ഒട്ടേറെ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, മുംബൈ തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഋത്വിക്  ഫോട്ടോഗ്രാഫി പ്രദർശനം നടത്തിയിട്ടുണ്ട്. 
യു.കെ., ജർമനി, യു.എസ്.എ., ഓസ്ട്രിയ, ഇറാൻ, പോളണ്ട്, തുർക്കി എന്നിവിടങ്ങളിൽനടന്ന ഫോട്ടോപ്രദർശനങ്ങളിലും ഋത്വിക്കിന്റെ ചിത്രങ്ങൾ ഇടംനേടി. ജോലിയുമായി ബന്ധപ്പെട്ട്‌ 2007-ൽ ചെന്നൈയിലേക്ക്‌ സ്ഥലംമാറി വന്നതോടെയാണ് ഫോട്ടോഗ്രാഫിയിൽ സജീവമായത്. ഫോട്ടോഗ്രാഫിക് സൊസൈറ്റി ഓഫ് മദ്രാസിൽ അംഗമായതോടെയാണ് കൂടുതൽ ഗൗരവമായി ഫോട്ടോഗ്രാഫിയെ സമീപിച്ചത്. ഫോട്ടോഗ്രാഫിയിലെ മികവിന്റെ അടിസ്ഥാനത്തിൽ വിദേശത്തുനിന്നടക്കം ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചു. ഈ വർഷം വിഷ്വൽ ആർട്‌സ് ഫോട്ടോഗ്രാഫിക്കുള്ള കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിന്റെ ഫെലോഷിപ്പും ലഭിച്ചു. ചെന്നൈ കേളമ്പാക്കത്താണ് താമസിക്കുന്നത്.
ഋത്വിക്കിനൊപ്പം പ്രദർശനത്തിൽ പങ്കെടുക്കുന്ന ജെ. രമണൻ ആർക്കിടെക്ടും പർവതാരോഹകനും കൂടിയാണ്. മൂന്നരപ്പതിറ്റാണ്ടായി ഫോട്ടോഗ്രാഫി പ്രദർശനങ്ങൾ നടത്തുന്നു. ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട്‌ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. പ്രകൃതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്‌ ഫോട്ടോഗ്രാഫിക്കുവേണ്ടി കെ. നരസിംഹൻ   തിരഞ്ഞെടുത്തിരിക്കുന്നത്. ഇദ്ദേഹവും ഒട്ടേറെ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. 

********************************
വായനക്കാർക്ക് 
അനുഭവങ്ങൾ പങ്കുവെക്കാം

മലയാളികളുമായി അടുത്ത ബന്ധമുള്ള നഗരമാണ് ചെന്നൈ. കാലാകാലങ്ങളായി ഇത് തുടരുന്നു. പണ്ടു കാലത്ത് നാടുവിട്ട് കള്ളവണ്ടി കയറി ചെന്നൈയിലെത്തിയവർ ധാരാളം. സിനിമാമോഹങ്ങളുമായി കോടമ്പാക്കത്തേക്ക് ചേക്കേറിയവരും അനവധി. ചെന്നൈയുടെ മണ്ണിൽ കാലെടുത്തുവെച്ച പലരും വളർന്നു പന്തലിച്ചു. അനേകം പേർ നിരാശരായി. പക്ഷേ, ആരും ചെന്നൈ വിട്ടു പോകാൻ ആഗ്രഹിച്ചില്ല. കാരണം ഈ മഹാനഗരം വിജയികൾക്കു മാത്രമല്ല, പരാജിതർക്കും സംരക്ഷണം നൽകുന്ന ഇടമാണ്. അതുകൊണ്ടു തന്നെ നഗരത്തോടും നഗരവാസികളോടും മലയാളികൾക്ക് ഇന്നും ഇഷ്ടം വിട്ടു മാറാന്നില്ല. വ്യത്യസ്ത തുറകളിൽ നിന്നുള്ള മലയാളികൾ ഇതിനകം ചെന്നൈ അനുഭവങ്ങൾ പങ്കു വെച്ചു. ഇനിയും മാതൃഭൂമി നിങ്ങൾക്ക് ഇതിനുള്ള അവസരം നൽകുന്നു. കുറിപ്പുകളിൽ നിറയേണ്ടത് നിങ്ങളുടെ ചെന്നൈ ജീവിതാനുഭവം മാത്രമായിരിക്കണം. ഇതോടൊപ്പം പാസ്പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ കൂടി അയയ്ക്കുക. മലയാളത്തിലുള്ള  കുറിപ്പുകൾ രണ്ടു പേജിനുള്ളിൽ ഒതുക്കുക. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകൾ ഫോട്ടോ സഹിതം എല്ലാ ശനിയാഴ്ചകളിലും ‘മഹാനഗരം’ പേജിൽ പ്രസിദ്ധീകരിക്കും. സ്വന്തം മേൽവിലാസവും ഫോൺ നമ്പറും വ്യക്തമാക്കി രചനകൾ ഉടൻ തന്നെ തപാലിലോ ഇ  മെയിൽ വഴിയോ അയയ്ക്കുക. 

വിലാസം : മാതൃഭൂമി, ന്യൂ നമ്പർ 71, ന്യൂ ഡെക്കോർ ടവേഴ്‌സ്, 
തേഡ് ഫ്ളോർ, ഡോ.രാധാകൃഷ്ണൻ ശാലൈ, മൈലാപ്പൂർ, ചെന്നൈ  600004. 
ഇമെയിൽ വിലാസം : mathruchennai@gmail.com 
ഫോൺ : 28112062 - 64. മൊബൈൽ നമ്പർ : 9840018128.

**************************************
മലയാളിത്തം നിറഞ്ഞ
ചെന്നൈ

പി.കെ.അപർണ ദേവ് വടപളനി
വാസ്‌കോഡഗാമ കപ്പലിറങ്ങിയ കോഴിക്കോട്ട് ജനിച്ച ഞാൻ ആദ്യമായി ചെന്നൈയിൽ എത്തിയത് 2002ലാണ്. ചെന്നൈയൊന്ന്‌ സന്ദർശിക്കണമെന്നു മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷേ, ആ വരവ് കുടുംബ സമേതം ചെന്നൈയിൽ സ്ഥിര താമസമാക്കുന്നതിനുള്ള തുടക്കമായിരുന്നു. ഇവിടുത്തെ സ്ഥലങ്ങളും രീതികളും പഠിച്ചെടുക്കാൻ ആദ്യമൊക്കെ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും പലരുടെയും സഹായത്താൽ എല്ലാം ശരിയായി. 
ചെന്നൈ നഗരത്തിന്റെ മുക്കിലും മൂലയിലും മലയാളികളുണ്ട്. ചായക്കട, ഹോട്ടൽ മേഖലകളിലും മലയാളികൾ നിറ സാന്നിധ്യമാണ്. തമിഴ് ജനതയുമായുള്ള അടുപ്പം കൂടിയതും ചെന്നൈ വാസത്തിലാണ്. ചെന്നൈ എന്ന് കേൾക്കുമ്പോൾ തന്നെ ഓർമയിൽ തെളിയുന്നത് എ.വി.എം. സ്റ്റുഡിയോയാണ്. ഈ സ്റ്റുഡിയോ പ്രവർത്തിക്കുന്ന വടപളനിയിലാണ്‌ താമസിക്കുന്നത്. ഈ സ്ഥലത്തിനു ജീവിതത്തിൽ വളരെ പ്രാധാന്യമുണ്ട്. ചെന്നൈ മഹാനഗരത്തിൽ ജീവിക്കാനുള്ള ധൈര്യം തന്നതു  വടപളനിയിലെ താമസമാണ്. 
മറ്റു പല നഗരങ്ങളെക്കാൾ സുരക്ഷിതമാണ്‌ ചെന്നൈ. ഏതു രാത്രിയിലും പുറത്തിറങ്ങാനുള്ള ധൈര്യമുണ്ട്. നാട്ടിൽ നിന്നു വിട്ടു നിന്നാലേ നാടിന്റെ മഹത്ത്വം മനസ്സിലാക്കാൻ സാധിക്കൂ. ഇതിന്റെ ഉദാഹരണമാണ് ഓണാഘോഷം. കേരളത്തിലെക്കാൾ കൂടുതൽ ആവേശത്തോടെ ഓണം ആഘോഷിക്കുന്നവരാണ്‌ ചെന്നൈ മലയാളികൾ. തമിഴരോടൊപ്പം ഇവിടെയുള്ള മലയാളികൾ ഓണം ആഘോഷിക്കുമ്പോഴാണു അതിന്റെ മൂല്യം മനസ്സിലാകുന്നത്. 
ഒരിക്കൽ നഗരത്തിൽ വഴിയറിയാതെ ഒറ്റപ്പെട്ടുപോയ അനുഭവമുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ കരുതൽ മനസ്സിലാക്കാൻ അന്നു കഴിഞ്ഞു. പലരുടെയും സഹായത്തോടെ വീട്ടിലെത്തുകയായിരുന്നു. ഒട്ടേറെ കടപ്പാടുകളുണ്ട് ചെന്നൈ നഗരത്തോട്. ആരുടെയൊക്കെയോ സഹായത്താലാണ് സന്തോഷകരമായി ജീവിക്കാൻ സാധിക്കുന്നത്. മൂല്ലപ്പൂവിന്റെ ഗന്ധമുള്ള നഗരത്തെ വിട്ടു പോകാൻ ഒരിക്കലും തോന്നിയിട്ടില്ല.