പ്രശാന്ത് കാനത്തൂർ
prasanthkanathur@gmail.com

ചെന്നൈ അഡയാർ ഗാന്ധിനഗർ ഒന്നാമത് തെരുവിൽ തലയുയർത്തി നിൽക്കുന്ന 'സ്റ്റുഡിയോ എം.ഹെയർ ഡിസൈൻ ആൻഡ് സ്പാ' എന്ന സ്ഥാപനത്തിലേക്ക്‌ ചെന്നാൽ മിക്കപ്പോഴും സിനിമാ താരങ്ങളെ കാണാം. സംവിധായകരും നിർമാതാക്കളും നടീനടൻമാരും ഇവിടെയെത്തുന്നത് മുടി മിനുക്കാനും തൊലിവെളുപ്പിക്കാനും മാത്രമാണെന്ന്‌ കരുതിയാൽ തെറ്റി. കഥാപാത്രങ്ങൾക്ക് ജീവൻവെപ്പിക്കുന്ന ഇടമെന്നുവേണം ഇതിനെ വിശേഷിപ്പിക്കാൻ. തലശ്ശേരി ചിറ്റാരിപ്പറമ്പ് സ്വദേശി മനോജ്കുമാറിനെച്ചുറ്റിപ്പറ്റി സിനിമാക്കാർ ഇരിക്കുമ്പോൾ അവിടെ നടക്കുന്നത് സജീവമായ ചർച്ചയാണ്. നിർമാതാവും സംവിധായകനും ഛായാഗ്രാഹകനും മനോജിനോട് സിനിമയുടെ കഥാഗതി വിവരിക്കും. നായികാനായകൻമാരുടെ രൂപഭാവങ്ങളെപ്പറ്റി ചർച്ച നടക്കുമ്പോൾ മനോജിന്റെ മനസ്സിൽ ഇവരുടെ പുത്തൻ ഗെറ്റപ്പുകൾ തെളിയും. അതോടെ ഈ ചെറുപ്പക്കാരന്റെ തലമുടി പരീക്ഷണം തുടങ്ങും. തുടർന്നങ്ങോട്ട് നടീനടൻമാരുടെ ഹെയർസ്റ്റൈലും താടിയും മീശയും കൃതാവും അടിമുടിമാറ്റുകയാണ് മനോജ്. ഒട്ടുമിക്ക പ്രമുഖ നടൻമാരുടെ സ്റ്റെലൻ ഹെയർെസ്റ്റെലിനുപിന്നിൽ മനോജിന്റെ െെകയൊപ്പുണ്ട്.
ജയറാം, ദിലീപ്, 
ആര്യ, വിശാൽ
മനോജിൽനിന്നും കഥാപാത്രങ്ങൾക്കാവശ്യമായ ഹെയർസ്റ്റൈൽ ഒരുക്കാൻ താത്‌പര്യം പ്രകടിപ്പിക്കുന്ന നടീനടൻമാർ നിരവധിയാണ്. ജയറാമിനുവേണ്ടി സ്റ്റൈലൻ ഹെയർ കട്ടൊരുക്കി 20 വർഷമായി മനോജ് രംഗത്തുണ്ട്. 'സമ്മർ ഇൻ ബത്‌ലഹേമി'ലൂടെയാണ് തുടക്കം. തുടർന്നങ്ങോട്ടുള്ള സിനിമകളിൽ ജയറാമിനുവേണ്ടി ഹെയർെെസ്റ്റൽ ഒരുക്കുന്നത് മനോജാണ്. ജയറാമുമായി അടുത്ത സൗഹൃദബന്ധവും മനോജ് കാത്തുസൂക്ഷിക്കുന്നു. ദിലീപിന്റെ മര്യാദരാമൻ, കാര്യസ്ഥൻ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ സഹകരിച്ചു. പൃഥ്വിരാജിനുവേണ്ടി ചോക്ളേറ്റ്, ക്ളാസ്‌മേറ്റ്‌സ്, എന്നും സ്വന്തം മൊയ്തീൻ തുടങ്ങി നിരവധി സിനിമകൾക്ക് ഹെയർസ്റ്റൈൽ ഒരുക്കി.  കാവ്യാമാധവൻ, നിക്കിഗിൽറാണി, പദ്മപ്രിയ തുടങ്ങിയ നടിമാരും മനോജിന്റെ ഹെയർസ്റ്റൈലിൽ താത്‌പര്യവുമായി എത്തുന്നവരിൽ ചിലരാണ്. ഹെയർസ്റ്റൈലിൽ ആര്യയുമായി സഹകരിക്കുന്നത് 'അറിന്തും അറിയാമലും' എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് നാൻ കടവുൾ, മദ്രാസിപ്പട്ടണം, ബോസ് എങ്കിറ ഭാസ്‌ക്കരൻ, വി.എസ്.ഒ.പി. തുടങ്ങി ഏറ്റവും ഒടുവിൽ കദംബനിൽ വരെ ആര്യയുടെ മുടിയഴകൊരുക്കി മനോജ് കൂടെയുണ്ട്.  ശണ്ടക്കോഴി, ചെല്ലമേ തുടങ്ങി പത്ത്‌ ചിത്രങ്ങൾക്കുവേണ്ടി വിശാലിന് ഹെയർസ്റ്റൈൽ ഒരുക്കി. 
   വേട്ടൈ, ജോഡി ബ്രേയ്ക്കർ എന്നീ ചിത്രങ്ങളിൽ മാധവന്റെ ഗെറ്റപ്പ് മാറ്റിയെടുത്തു. തമിഴ്ഹാസ്യനടനായ സന്താനം നായകവേഷത്തിലെത്തിയപ്പോൾ ഹെയർെസ്റ്റെൽ ഒരുക്കാൻ സമീപിച്ചത് മനോജിനെയായിരുന്നു. നരേൻ, സിദ്ധാർഥ് തുടങ്ങി ഒട്ടനവധി നടീനടൻമാരും മനോജിന്റെ സഹായം തേടി എത്തിയിട്ടുണ്ട്. 'സെറ്റിൽ ചെന്ന് ഞാൻ ഹെയർസ്റ്റൈൽ ചെയ്യാറില്ല. എന്റെ സ്റ്റുഡിയോവിൽ എത്തിയാണ് ഇവർ മുടിയഴക് ഒരുക്കുന്നത്. നടൻമാർക്ക് ഹെയർസ്റ്റൈൽ തീരുമാനിച്ചു കഴിഞ്ഞാൽ ചമയസഹായികളോട് എങ്ങനെയാണ് മുടി ചീകി ഒതുക്കേണ്ടതെന്ന് നിർദേശം നൽകും. 
   രണ്ടും മൂന്നും ഷെഡ്യൂളുകളായിട്ടാണ് ചിത്രീകരണമെങ്കിൽ ഓരോ ഇടവേളയ്ക്കുശേഷവും നടീനടൻമാർ എത്തി ഹെയർസ്റ്റൈൽ കഥാപാത്രത്തിനനുയോജ്യമായ നിലയിൽ വീണ്ടുമാക്കും.' മനോജ് പറയുന്നു. ആദ്യമൊക്കെ കംപ്യൂട്ടറിൽ ഡിസൈൻ ചെയ്താണ് ഹെയർസ്റ്റൈൽ മോഡൽ പരീക്ഷിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ വിദേശ സിനിമകളിലെ അഭിനേതാക്കളുടെ ഫോട്ടോകളുമായി എത്തി നടൻമാർ അതേപോലെ ചെയ്തുതരാൻ ആവശ്യപ്പെട്ടു തുടങ്ങിയെന്നും മനോജ് പറയുന്നു.  
അഭിനയമോഹം തീരുന്നില്ല
മനോജിന്റെ മനസ്സിലെ അഭിനയമോഹം ഇപ്പോഴും പൂത്തുലഞ്ഞുനിൽക്കുകയാണ്. 1997 തലശ്ശേരിയിൽനിന്ന് ചെന്നൈയിലെത്തുമ്പോൾ കൈയിലുണ്ടായിരുന്നത് വെറും 200 രൂപയായിരുന്നു. ഈ തുച്ഛമായ മൂലധനത്തിൽനിന്നുമാണ് മനോജ് വളർച്ചയുടെ ചവിട്ടുപടികൾ ഒന്നൊന്നായി നടന്നുകയറിയത്. സിനിമയിൽ അഭിനയിക്കാനായിരുന്നു ചെന്നൈ യാത്ര. അഞ്ച്‌ തമിഴ് ടെലിവിഷൻ സീരിയലുകളിൽ പ്രധാനവേഷത്തിൽ അഭിനയിച്ചു. തുടർന്ന് 'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന സിനിമയിൽ നായകനായി. എന്നാൽ സാമ്പത്തികപ്രതിസന്ധിമൂലം ചിത്രം പാതിവഴിയിൽ നിന്നു. അങ്ങനെയാണ് ഇഷ്ടവിഷയമായ ഹെയർസ്റ്റൈലിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
    ചെന്നൈയിലെ സ്കൂൾ ഓഫ് ഹെയർ ആൻഡ് ബ്യൂട്ടി അക്കാദമിയിൽ (പിവോട്ട് പോയന്റ്) പഠിക്കുകയും പരിശീലനം നടത്തുകയും ചെയ്തു. 2006-ൽ സിങ്കപ്പൂരിലെ പോണി ആൻഡ് ഗൈ അക്കാദമിയിൽനിന്നും തുടർന്ന് ഹോങ്കോങിലെയും ബാങ്കോക്കിലെയും അക്കാദമികളിൽനിന്നും ഡിപ്ളോമയെടുത്തു. തിരികെ ചെന്നൈയിലെത്തി സ്വന്തമായി സ്ഥാപനം തുടങ്ങി. അഭിനയവും കൈവിട്ടില്ല.  ഹോർലിക്സ് ഓട്ട്‌സ്, എം.ടി.ആർ.ന്യൂഡിൽസ്, സൺഫീസ്റ്റ് ബിസ്‌ക്കറ്റ്, രൂപിണി കുക്കിങ് ഓയിൽ, ഇമാമി നവരത്‌ന ഓയിൽ തുടങ്ങി 600-ഓളം പരസ്യചിത്രങ്ങൾക്കുവേണ്ടി മോഡലായി. മലയാളത്തിൽ മര്യാദരാമൻ, ഭാഗ്യദേവത എന്നീചിത്രങ്ങളിലും പത്തോളം തമിഴ്‌ചിത്രങ്ങളിലും ചെറിയ വേഷത്തിൽ അഭിനയിച്ചു. ഇപ്പോഴും മനസ്സിൽ കെട്ടടങ്ങാതെ നിൽക്കുന്നതും അഭിനയിക്കണമെന്ന ആഗ്രഹമാണ്.
മലയാളികളെ െെസ്റ്റലിഷ് ആക്കാൻ കേരളത്തിലേക്ക്
മലയാളികളുടെ െസ്റ്റെൽ അവബോധത്തിൽ കൂടുതൽ മാറ്റങ്ങളുണ്ടാക്കണമെന്ന് മനോജ് ആഗ്രഹിക്കുന്നു. കേരളത്തിലുടനീളം പ്രൊഫഷണൽ പാർലറുകൾ തുടങ്ങാനാണ് നീക്കം. ഇതിന്റെ ആദ്യപടിയായാണ് തലശ്ശേരിയിൽ സമഗ്രമായ ബ്യൂട്ടിസ്പാ തുടങ്ങുന്നത്. വസ്ത്രധാരണത്തെപ്പോലെ സ്റ്റൈലൻ തലമുടിയും അഴകേറിയ ചർമവും പേഴ്‌സണാലിറ്റിയുടെയും ആത്മവിശ്വാസത്തിന്റെയും മുഖ്യഘടകങ്ങളാണ്.    
    കേരളത്തിലെ വീട്ടമ്മമാരുടെയും യുവതീയുവാക്കളുടെയും മുടിയഴക് പരമ്പരാഗതരീതി കൈവിടാതെതന്നെ കൂടുതൽ മനോഹരമാക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. ബ്യൂട്ടി സ്പാ മേഖലയിൽ കൂടുതൽ പേർക്ക് തൊഴിലവസരം ഒരുക്കാനും സംരംഭത്തിലൂടെ സാധ്യമാകും. ഒട്ടേറെ യുവതീയുവാക്കൾ ഇത് തൊഴിലാക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ട്. ഏത്‌ തൊഴിലിനും അതിന്റെതായ പ്രാധാന്യവും മാന്യതയുമുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും മനോജ് പറയുന്നു. അങ്കമാലി സ്വദേശി ലതയാണ് മനോജിന്റെ ഭാര്യ. മയുക്ത, തനുഷ എന്നിവർ മക്കളാണ്.

**********************
സംഗീതച്ചിറകിലേറി

മീരാകൃഷ്ണൻകുട്ടി
ഇക്കഴിഞ്ഞദിവസം ചെന്നൈ മ്യൂസിയം തിയേറ്ററിൽ മദ്രാസ്‌ മ്യൂസിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇമ്മാനുവൽ ത്യാഗരാജൻ എന്ന പിയാനോയിസ്റ്റിന്റെ വാദ്യാകമ്പടിയോടെ അശ്വതി അവതരിപ്പിച്ച പാശ്ചാത്യഗാനങ്ങളുടെ സോളോ പരിപാടി സംഗീതപ്രേമികളുടെ മനംകവർന്നു. സൊപ്രാനോവിന്റെ മികച്ച കാഴ്ചയായിരുന്നു ഇത്‌.
ഉച്ചസ്ഥായിയിലുള്ള, അതേസമയം ശക്തവും മനോഹരവുമായ ഒരു  പ്രത്യേക സ്ത്രീശബ്ദശൈലിയെ സൂചിപ്പിക്കുന്ന ഒരു ഇറ്റാലിയൻ പദമാണ്‌ ‘സൊപ്രാനോ’.  പാശ്ചാത്യ ഒപെറകളിൽ സൊപ്രാനോവിനുള്ള സ്ഥാനം ഏറെ വലുതാണ്‌. ഓർക്കസ്‌ട്രകൾക്കും മുകളിൽ ഉയർന്നുനിൽക്കുന്ന സൊപ്രാനോ പ്രകടനം, ഒപെറകളുടെ പ്രധാന വിജയഘടകമായും കണക്കാക്കപ്പെടുന്നു.
അശ്വതിയുടെ ഗാനാവിഷ്കാരത്തിന്റെ വിഷയമായത്‌, പതിനേഴാംനൂറ്റാണ്ടുമുതൽ ഇരുപതാംനൂറ്റാണ്ടുവരെയുള്ള കാലഘട്ടങ്ങളിലെ മികച്ച പാശ്ചാത്യ ഗാനരചയിതാക്കൾ ചമച്ച പ്രസിദ്ധമായചില പാട്ടുകളായിരുന്നു.
ഇംഗ്ലീഷിനുപുറമേ ജർമൻ, സ്പാനിഷ്‌, ഇറ്റാലിയൻ, ചെക്കോസ്ലോവാക്യൻ എന്നീ ഭാഷകളിലുമുള്ള കവിതകളും അതിൽ ഉൾക്കൊള്ളിച്ചിരുന്നു.
ഓരോ ഭാഷാഗാനസാഹിത്യത്തിന്റെയും അർഥഭംഗിയും ഭാവവിശേഷവും അണുവിട ചോരാതെയായിരുന്നു അശ്വതിയുടെ ആവിഷ്കാരം.
കാമുകിയുടെ കുസൃതികളായാലും ചന്ദ്രനെ പ്രണയിച്ച താമരയുടെ വികാരമായാലും മലമുകളിലെ  വസന്ത നൃത്താഹ്ലാദമായാലും കാമുകന്റെ പ്രണയാഭ്യർഥനയായാലും അതത്‌ ഭാഷാസാഹിത്യം ആവശ്യപ്പെടുന്ന ഭാവങ്ങളേറെമികവോടെ മുഖത്തും മുഴങ്ങുന്ന ശബ്ദവ്യതിയാനങ്ങളിലുമായി വിന്യസിപ്പിച്ചുകൊണ്ട്‌ വളരെ എളുപ്പത്തിൽ സദസ്സുമായി സംവേദിക്കാൻ അശ്വതിക്ക്‌ കഴിഞ്ഞു.
ചെന്നൈയിലെ ശ്രോതാക്കളുടെ പ്രതികരണം എന്നെ  ഏറെ സന്തോഷിപ്പിച്ചു. ഒപെറ സംഗീതം കേട്ടുശീലിച്ചിട്ടില്ലാത്തവരായിരുന്നു ഏറെ പേരും. എന്നിട്ടും അവരിൽനിന്നും ലഭിച്ച  സ്വീകാര്യത വലിയ ബഹുമതിയായി ഞാൻ കാണുന്നു. അശ്വതി പറയുന്നു.
അശ്വതിയുടെ സംഗീതയാത്ര തുടങ്ങുന്നത്‌ ഏഴാംവയസ്സിലാണ്‌. കർണാടകസംഗീതമായിരുന്നു ആദ്യം അഭ്യസിച്ചത്‌. പതിനാലുവയസ്സുവരെ അത്‌ തുടർന്നു.
പുണെയിൽ പ്രീ യൂണിവേഴ്‌സിറ്റിക്ക്‌ ചേരുന്ന സമയത്താണ്‌, ഒപെറയിലേക്കുള്ള ചുവടുമാറ്റമുണ്ടായത്‌. അക്കാലത്താണ്‌ ആദ്യമായി ഒപെറ സംഗീതം കേൾക്കുന്നത്‌. ഇതിനെക്കുറിച്ചറിയുന്നതും. പിന്നീട്‌ ബെംഗളൂരുവിലേക്ക്‌ മടങ്ങിയശേഷം കെൻ ഹെൻസൺ എന്ന ഗുരുവിന്റെ കീഴിൽ പാശ്ചാത്യസംഗീതപഠനം തുടങ്ങി. തുടർന്ന്‌ അമേരിക്കയിൽ ബിരുദപഠനത്തിന്‌ ചേർന്നപ്പോഴും സംഗീതത്തെയൊപ്പം നിർത്തി. ന്യൂയോർക്കിലെ സെയ്‌ന്റ്‌ ലോറൻസ്‌ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌, ഡിഗ്രിയെടുത്തത്‌ ഇംഗ്ലീഷിലും സംഗീതത്തിലുമായിരുന്നു. ശബ്ദപരിശീലനവും ഒപ്പം തുടർന്നുവന്നു’’ - അശ്വതി പറയുന്നു.
പിന്നീട്‌ മസ്സാച്ചുവേറ്റ്‌സ്‌ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ ഫൈൻ ആർട്‌സിൽ ബിരുദാനന്തരബിരുദമെടുത്ത അശ്വതി സ്ഥിരതാമസമാക്കിയത്‌ ഡൽഹിയിലായിരുന്നു. അവിടെവെച്ച്‌ വിദഗ്ധ ശബ്ദപരിശീലക സിതുസിങ്‌ ബ്യൂളറുടെ കീഴിൽ പരിശീലനം തുടർന്നു.  താമസിയാതെ ലണ്ടനിലെ ട്രിനിറ്റി കോളേജിന്റെ അസോസിയേറ്റ്‌ ഡിപ്ലോമയും നേടി.
‘ഒപെറയ്ക്കു യോജിച്ച ശബ്ദമാണ്‌ എന്റേതെന്ന തിരിച്ചറിവ്‌ വലിയൊരു വഴിത്തിരിവിലാണ്‌ കൊണ്ടെത്തിച്ചത്‌. അങ്ങനെ സംഗീതത്തിൽതന്നെ ഉറച്ചുനിന്നു. 2010-ൽ തുടർച്ചയായി പരിപാടികൾ അവതരിപ്പിച്ചുതുടങ്ങി. സിരിഫോർട്ട്‌ ഓഡിറ്റോറിയത്തിലും മറ്റിടങ്ങളിലുമായി ഡൽഹിയിലും പിന്നീട്‌ കൊൽക്കൊത്തയിലും ബെംഗളൂരുവിലും തിരുവനന്തപുരത്തും പാടാൻ അവസരമുണ്ടായി. ചെന്നൈയിൽ ഇതാദ്യമായിട്ടാണ്‌.
ഇന്ത്യയ്ക്കുപുറത്ത്‌ ജർമനി, ഫ്രാൻസ്‌, ഇറ്റലി തുടങ്ങി പല സ്ഥലങ്ങളിലും യഥാർഥ മുഴു ഒപെറകളിൽ പങ്കെടുക്കാൻ സാധിച്ചു. ഒപെറകളിലെ പരിചയം ശരിക്കും പറഞ്ഞാൽ നല്ല അനുഭവപാഠങ്ങളായിരുന്നുവെന്ന്‌ അശ്വതി പറയുന്നു. ഗാനപരിപാടിയുടെ വിജയം സദസ്സുമായുള്ള ബന്ധത്തെ ആശ്രയിച്ചുകൂടെയാണെന്നത്‌ ഒരു വസ്തുതയാണ്‌. അതുകൊണ്ടുതന്നെ, അന്യഭാഷാഗാനങ്ങളുടെ മുഴുവൻ ഭംഗിയും സ്വരംകൊണ്ടും ഭാവംകൊണ്ടും അവരിലേയ്ക്കെത്തിക്കേണ്ടതുണ്ട്‌. സംഗീതത്തിൽക്കൂടിയുള്ള തന്മയത്വത്തോടെയുള്ള ആശയവിനിമയത്തിന്‌ പാശ്ചാത്യസംഗീത നാടകവേദി എന്നെ സംബന്ധിച്ചിടത്തോളം നല്ലൊരു അഭ്യാസക്കളരിയായിരുന്നു.
ഈയടുത്ത കാലത്ത്‌ ഫ്രാൻസിൽ വെച്ച്‌ ക്ലൗദിയോ മെന്തെവെർദിയുടെ ‘ഓർഫ്യൂ’വിൽ പങ്കെടുക്കാനായത്‌ വലിയൊരു ഭാഗ്യമായി അശ്വതി കരുതുന്നു.
ഭർത്താവ്‌ ജയ്‌ദീപ്‌ ഭാട്ടിയ പഞ്ചാബിൽനിന്നാണ്‌. സ്പോർട്‌സ്‌ കൺസൾട്ടന്റായ അദ്ദേഹം വിവാഹശേഷം നല്ലൊരു സംഗീതാരാധകനായി മാറി. രണ്ടരവയസ്സുകാരിയായ മകളുടെ കാര്യങ്ങളും രണ്ടാമത്തെ ഗർഭാവസ്ഥയും തുടർച്ചയായ പരിപാടികളും ഇതാ ഇങ്ങനെ ഒന്നിച്ചുകൊണ്ടുപോകാൻ കഴിയുന്നതുതന്നെ ഇരുഭാഗത്തെയും കുടുംബങ്ങളുടെ ഉറച്ച പിന്താങ്ങു കൊണ്ടുതന്നെ - അവർ പറയുന്നു.
ചെന്നൈയിൽ താമസിക്കുന്ന അമ്മമ്മയുടെ പ്രോത്സാഹനവും മറക്കുന്നില്ല. ചെന്നെയിൽ പരിപാടി അവതരിപ്പിക്കാൻ ഏറെ പ്രേരകമായതുംഅമ്മമ്മയാണ്‌. ഒറ്റപ്പാലത്തെ പാറക്കുളങ്ങര തച്ചൊള്ളി കുടുംബത്തിലെ ഭാരതിഉണ്ണിയാണ്‌ അശ്വതിയുടെ അമ്മമ്മ.
ഇന്റീരിയർ ഡിസൈനറും യോഗാധ്യാപികയുമായ അനിതയാണ്‌ അമ്മ. അച്ഛൻ ഉയർന്ന കോർപ്പറേറ്റ്‌ ഉദ്യോഗസ്ഥനായി വിരമിച്ച വിജു പരമേശ്വരൻ. കവിയും നിയമജ്ഞനുമായ പി.ടി. നരേന്ദ്രമേനോന്റെ കൊച്ചുമരുമകളുമാണ്‌ അശ്വതി.
അതിരുകൾക്കുമപ്പുറത്തെ സംഗീതാകാശത്തേയ്ക്കുള്ള കുതിപ്പിന്നിടയിലും തന്റെ വേരുകളോടുന്ന വള്ളുവനാടൻ ദേശത്തേയ്ക്കുള്ള യാത്രകൾ അശ്വതി മുടക്കാറില്ല.

**********************
അദൃശ്യകരങ്ങൾക്കൊണ്ട് 
ചേർത്തുന്ന പിടിക്കുന്ന നഗരം

സാമ്പ്രാണിയുടെയും അരിമുല്ലയുടെയും മണമുള്ള ചെന്നൈ, സാമ്പാറിന്റെയും മസാലദോശയുടെയും ഗന്ധം നിറഞ്ഞ തെരുവുകളുടെ ചെന്നൈ, കാർത്തിക ദീപങ്ങൾ തെളിയുന്ന ചെന്നൈ...  ഓർമയിൽ മദിരാശി നഗരത്തിനു പല ഗന്ധവും പല മുഖങ്ങളുമാണ്. തേടിയെത്തുന്നവരെയെല്ലാം അദൃശ്യമായ കരം പിടിച്ചു ചേർത്തുനിർത്തുന്ന ചെന്നൈ, ഒരു നഗരം മാത്രമല്ല വലിയൊരു അനുഭവമാണ്. അതിജീവനത്തിന്റെ പാഠങ്ങൾ പഠിപ്പിച്ചു പതറാതെ മൂന്നോട്ടു കുതിയ്ക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു ശക്തി ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്. നഗരത്തിലെത്തിയാൽ പിന്നെ  ആൾത്തിരക്കിലേക്കു ഒരു നദിപോലെ ഒഴുകാൻ കൊതിയ്ക്കും മനസ്. 
കത്തിരിയുടെ പൊള്ളുന്ന ചൂടിൽ ഉരുകിയിറങ്ങുന്ന വിയർപ്പു തുള്ളികൾക്കു പോലുമുണ്ട് പ്രതീക്ഷകൾ. നീരാവിയായി ഉയർന്നു മേഘങ്ങളിൽ വസിച്ച്, ഒരു കുളിരായി പെയ്തിറങ്ങി മോഹങ്ങളുടെ വിത്തുകളെ നനച്ച്, പൂവണിയാമെന്ന പ്രതീക്ഷ. പൂക്കാരികളുടെ പൂവിളികളും, ബിരിയാണിച്ചെമ്പിന്റെ താളം കൊണ്ടു ശബ്ദമുഖരിതമായ തെരുവുകളും ജീവിതത്തെ ചലനാത്മകമാക്കുന്നു. പല കാര്യങ്ങളിലും കേരളത്തിൽ നിന്നു വിഭിന്നമാണ് ചെന്നൈയിലെ ജീവിതം. തട്ടുകടകളിൽനിന്നുകിട്ടുന്ന ഇത്തിരി ചായയുടെ രുചി വഴിയോരങ്ങൾ നിന്ന് ഊറിക്കുടിക്കാൻ സ്ത്രീകൾക്കും ഇവിടെ സ്വാതന്ത്ര്യമുണ്ട്. കപ്പലണ്ടിയും കൊറിച്ചു നിരത്തിൽ ചുറ്റിനടന്നാലും ആരും ചോദിക്കാൻ വരില്ല, സംശയത്തോടെ നോക്കില്ല. ആരും ആരെയും വിധിക്കാറില്ല. ആർക്കും ഇതിനൊന്നും നേരമില്ലെന്നതു തന്നെ കാരണം. 
നാട്ടിൽനിന്നു രാത്രി വണ്ടികയറി ചെന്നൈ റയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ മനസ്സിൽ ആകാംക്ഷയാണ്. കാരണമില്ലാത്ത ഒരു ആകാംക്ഷ.  കണ്ടുമതിവരാത്ത കാഴ്ചകൾ ഇവിടെ ഇനിയുമുണ്ടെന്ന തോന്നൽ. അഴുക്കുചാലുകളിൽ നിന്നുയരുന്ന ദുർഗന്ധം മടുപ്പിക്കാറുണ്ടെങ്കിലും സാമ്പ്രാണിയുടെ ചന്ദനത്തിന്റെയും സുഗന്ധം മനസ്സിൽ നിറയുമ്പോൾ ഇതൊക്കെ മറക്കും. ഒാരോ ദിവസവും പ്രഭാതങ്ങളിൽ വീട്ടുമുറ്റത്തു തെളിയുന്ന കോലങ്ങൾ പോലെ പുതിയ സ്വപ്നങ്ങൾ മനസ്സിൽ തെളിയും. ഇതോടെ വിരസതകൾ അകലുന്നു... ഞാൻ എന്റെ ചെന്നൈയെ സ്നേഹിക്കുന്നു.

എല്ലാവരെയും 
സ്വീകരിക്കുന്ന ചെന്നൈ 

കൊല്ലം ജില്ലയിലെ പട്ടാഴി സ്വദേശിയായ ഞാൻ ചെന്നൈയിലേക്കു വരുന്നത് 1967-ൽ, തമിഴകത്തിൽ ദ്രാവിഡ കക്ഷികൾ തേരോട്ടത്തിനു തുടക്കം കുറിച്ചവർഷം. അന്നു മുതൽ ഇന്നു വരെയുള്ള ജീവിതത്തിൽ മറക്കാനാകാത്ത ഒരുപാട് അനുഭവങ്ങളുണ്ട്. ഇവയിൽ ഓർമയിൽ തങ്ങിനിൽക്കുന്നത് മൂന്നു മുഖ്യമന്ത്രിമാരുടെ മരണമാണ്. അണ്ണാ ദുരൈ, കാമരാജ്, എം.ജി.ആർ. എന്നിവർ. മറ്റൊരു മുഖ്യമന്ത്രിയായ ജയലളിതയുടെ മരണത്തിനും സാക്ഷ്യം വഹിച്ചുവെങ്കിലും മറ്റു മൂന്നു പേരുടെയും മരണം സംസ്ഥാനത്തെ നിശ്ചലമാക്കിയത് ഇന്നെന്ന പോലെ ഓർക്കുന്നു.
അതിജീവനത്തിനായി ഈ മഹാനഗരത്തിൽ എത്തിയതിനുശേഷം ആദ്യം ചെയ്ത ജോലി കാപ്പിക്കച്ചടവടമായിരുന്നു. പുതുപ്പേട്ട് കാപ്പിക്കച്ചവടം നടത്തിയിരുന്ന മൂത്ത സഹോദരനൊപ്പം കൂടുകയായിരുന്നു. കാപ്പി, ചായ എന്നിവയുണ്ടാക്കി നഗരത്തിലെ വിവിധ കമ്പനികളിൽ കൊണ്ടുക്കൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. ഈ കാലത്ത് റോയപ്പേട്ട, പുതുപ്പേട്ട, ഗോപാലപുരം, തൗസന്റ് ലൈറ്റ്‌സ്, വ്യാസാർപാടി തുടങ്ങി നഗരത്തിൽ പലയിടങ്ങളിലും താമസിച്ചു. രണ്ടുവർഷം  കഴിഞ്ഞു സ്വന്തമായി കച്ചവടം ആരംഭിച്ചു. പിന്നീട് ജീവിതം മെച്ചപ്പെട്ടു തുടങ്ങുകയായിരുന്നു. ഇപ്പോൾ ഡി.ജി.വൈഷ്ണവ് കോളേജ്, എം.ഒ.പി. വൈഷ്ണവ് കോളേജ് എന്നിവിടങ്ങളിൽ കാന്റീൻ നടത്തുന്നു.    അരനൂറ്റാണ്ടുനീണ്ട മദിരാശി ജീവിതത്തിനിടയിൽ നഗരം വളർച്ചയുടെ പടവുകൾ താണ്ടുന്നത് അടുത്തുനിന്നു കാണാൻ സാധിച്ചു. നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ഇക്കാലയളവിലുണ്ടായത്.  ചേരികൾ നിറഞ്ഞ പ്രദേശങ്ങളിൽ കൊട്ടാരസദൃശമായി വീടുകളും കെട്ടിടങ്ങളും ഉയർന്നു. വൃത്തിഹീനമായ ചെന്നൈയിൽ ശിങ്കാര(മനോഹര) ചെന്നൈയായി മാറി. എല്ലാത്തരം ആളുകളെയും ഉൾക്കൊള്ളാനുള്ള മഹത്വം ചെന്നൈയിക്കുണ്ടെന്നതും അനുഭവം. എത്ര ചെലവ് കുറച്ചുജീവിക്കാനും ഇവിടെ സാധിക്കും. ഇതേ സമയം അത്യാഢംബരത്തിലും ജീവിക്കാനും കഴിയും. ഏതു ദേശക്കാരെയും ഭാഷക്കാരെയും ചെന്നൈ രണ്ടു കൈയും നീട്ടി സ്വീകരിക്കും. ഇതു തന്നെയാണ് ഈ നഗരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.