Sathish Kumarചെന്നൈ: അയനാവരം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സ്റ്റേഷനില്‍ സ്വയം വെടിവെച്ച് മരിച്ചു.

കുംഭകോണം സ്വദേശി സതീഷ് കുമാറാണ്(29) മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 1.45-നാണ് സംഭവം. 2012-ലാണ് സതീഷ് കുമാര്‍ ഹെഡ് കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ചത്. 2016-ല്‍ സബ് ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. ജോലിസമര്‍ദത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ മരണത്തില്‍ ആരും കാരണക്കാരെല്ലന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ചു.

രക്തത്തില്‍ കുളിച്ച് കിടക്കുന്ന സതീഷ് കുമാറിനെ സഹപ്രവര്‍ത്തകര്‍ കില്‍പ്പോക്ക് ഗവ. മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പട്രോള്‍ ഡ്യൂട്ടി കഴിഞ്ഞ് രാത്രി 12 മണിയോടെയാണ് സതീഷ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ വളരെ നിരാശനായാണ് കണ്ടെതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

സഹപ്രവര്‍ത്തകര്‍ പട്രോള്‍ഡ്യൂട്ടിക്ക് പോയപ്പോഴാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്ന് അയനാവരം പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച സിറ്റി പോലീസ് കമ്മിഷണര്‍ എ.കെ.വിശ്വനാഥന്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചെന്നൈയിലെത്തിയ സതീഷ് കുമാറിന്റെ അച്ഛന്‍ ആരോപിച്ചു. സ്വയം ജീവനൊടുക്കാന്‍ സാധ്യതയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സമാധിയില്‍ കാവല്‍നിന്ന പോലീസ് കോണ്‍സ്റ്റബിള്‍ അരുണ്‍ രാജ് കഴിഞ്ഞ ഞായറാഴ്ച സ്വയം വെടിവച്ച് മരിച്ചിരുന്നു.