ചെന്നൈ: പനീര്‍ശെല്‍വത്തിനും അണികള്‍ക്കും ബുധനാഴ്ച ആഹ്‌ളാദത്തിന്റെ ദിനമായിരുന്നു. ശശികലയെയും കുടുംബത്തെയും എ.ഐ.എ.ഡി.എം.കെ.യില്‍നിന്ന് നീക്കംചെയ്ത പ്രഖ്യാപനം വന്നശേഷം ആദ്യമായി പ്രവര്‍ത്തകരെ അഭിമുഖീകരിച്ച പനീര്‍ശെല്‍വം ഏറെ സന്തോഷവനായിരുന്നു. നഗരത്തില്‍നിന്ന് മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ പനീര്‍ശെല്‍വത്തെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.

മന്നാര്‍കുടി മാഫിയ എന്നറിയപ്പെടുന്ന വി.കെ. ശശികലയെയും കുടുംബത്തെയും പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തിയത് അണികളും വന്‍ ആഹ്‌ളാദത്തോടെയാണ് വരവേറ്റത്. സ്ത്രീകള്‍ നൃത്തമാടിയും പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയും ഉത്സവപ്രതീതി പരത്തി. ശശികലയെയും കുടുംബത്തെയും പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നത് പാര്‍ട്ടിപ്രവര്‍ത്തകരുടെ ആഗ്രഹമാണ്. അതാണ് ഇപ്പോള്‍ നിറവേറ്റിയിരിക്കുന്നത് -പ്രവര്‍ത്തകര്‍ പറഞ്ഞു. എം.ജി.ആറും ജയലളിതയും ജനങ്ങള്‍ക്കായി ചെയ്ത സേവനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഒ. പനീര്‍ശെല്‍വത്തിനുമാത്രമേ കഴിയൂ. കഴിഞ്ഞ ഭരണകാലത്ത് ജയലളിത സാധാരണക്കാര്‍ക്കായി നടപ്പാക്കിയ പദ്ധതികള്‍ നിരവധിയാണ്. അവയെല്ലാം മുന്നോട്ടുകൊണ്ടുപോകണം-അവര്‍ പറഞ്ഞു.

സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങളാണ് ജയലളിതയുടെ മക്കള്‍. അവരുടെ ഉന്നമനത്തിനുവേണ്ടിയാണ് അമ്മ ഉണവകവും അമ്മ മരുന്നുകടകളും ആരംഭിച്ചത്- വിരുഗപാക്കത്ത് നിന്നെത്തിയ വെണ്ണില പറഞ്ഞു. എന്നാല്‍, ശശികല കുടുംബത്തിന്റെ ഉന്നമനത്തിനായി മാത്രമാണ് നിലകൊണ്ടത്. തന്റെ താത്പര്യത്തിനുവേണ്ടി പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രി സ്ഥാനത്തുനനിന്ന് മാറ്റി.

ജയലളിതയുടെ ശൈലിയില്‍ ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ പനീര്‍ശെല്‍വത്തിന് മാത്രമേ കഴിയൂ-ആര്‍.കെ. നഗറില്‍നിന്ന് എത്തിയ തങ്കമണി പറഞ്ഞു. ഇനി നടക്കാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടണമെങ്കില്‍ പാര്‍ട്ടിയെ പനീര്‍ശെല്‍വം നയിക്കണം- തങ്കമണി പറഞ്ഞു.