ചെന്നൈ: ലയനം സംബന്ധിച്ച് എ.ഐ.എ.ഡി.എം.കെ.യിലെ ഇരുപക്ഷങ്ങള്‍ക്കുള്ളില്‍ ചര്‍ച്ചകള്‍ സജീവമാകുന്നതിനൊപ്പം അനിശ്ചിതത്വവും നീളുകയാണ്. ഒട്ടുംവൈകാതെ ലയനമുണ്ടാകുമെന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നേതാക്കളുടെ പ്രതികരണമെങ്കില്‍ ഇന്നലെ കാര്യങ്ങള്‍ തകിടം മറിഞ്ഞു.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ലോക്‌സഭ ഡെപ്യൂട്ടി സ്​പീക്കര്‍ തമ്പിദുരൈ നടത്തിയ ചര്‍ച്ചയ്ക്കുശേഷം നടത്തിയ പ്രസ്താവനയും ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി ഡി. ജയകുമാര്‍ നടത്തിയ പ്രതികരണവും ഒ.പി.എസ്. പക്ഷത്തെ ചൊടിപ്പിച്ചു. ഇതിനെതിരെ ഇവര്‍ നടത്തിയ പ്രതികരണം എതിര്‍പക്ഷത്തെയും പ്രകോപിപ്പിച്ചു.

പതിവുപോലെ ഗ്രീംസ്വേ റോഡിലുളള ഒ.പി.എസിന്റെ വസതിയില്‍ തന്നെയായിരുന്നു എ.ഐ.എ.ഡി.എം.കെ. (പുരട്ചി തലൈവി അമ്മ) പക്ഷത്തിന്റെ യോഗം. ഒ.പി.എസിനുപകരം കെ.പി. മുനിസ്വാമിയാണു യോഗത്തിനു ശേഷം മാധ്യമങ്ങളോടു നിലപാടു വിശദീകരിച്ചത്. ഒ.പി.എസ്. പക്ഷത്തെ മറ്റു പ്രമുഖനേതാക്കള്‍ മുനിസ്വാമിക്കൊപ്പമുണ്ടായിരുന്നു. ശശികലയും കൂട്ടരെയും പൂര്‍ണമായും പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയെന്ന നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്നു മുനിസ്വാമി ആവര്‍ത്തിച്ചു.

ജനപിന്തുണയുള്ള നേതാവ് പനീര്‍ശെല്‍വം മാത്രമാണെന്നും അതിനാല്‍ തിരഞ്ഞെടുപ്പു നടന്നാല്‍തന്നെ തങ്ങള്‍ വന്‍വിജയം നേടുമെന്നും ഇവര്‍ അവകാശപ്പെട്ടു. ദിനകരനെ പുറത്താക്കുമെന്ന എടപ്പാടി പക്ഷത്തിന്റെ പ്രസ്താവന ശശികലയുടെയും കൂട്ടരുടെയും നാടകമാണെന്ന വിവരം തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ദിനകരനെ പുറത്താക്കിക്കൊണ്ടു ശശികല, ഭര്‍ത്താവ് നടരാജന്‍, സഹോദരന്‍ ദിവാകരന്‍ എന്നിവര്‍ ചേര്‍ന്നു നടത്തുന്ന നാടകമാണിതെന്ന് മുനിസ്വാമി ആരോപിച്ചു. മുന്‍ മന്ത്രിമാരായ നത്തം വിശ്വനാഥന്‍, കെ. പാണ്ഡ്യരാജന്‍, രാജ്യസഭാ എം.പി. വി. മൈത്രേയന്‍, മനോജ് പാണ്ഡ്യന്‍, പൊന്നയ്യന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഇതേസമയം മറുപക്ഷത്തും ചര്‍ച്ചകള്‍ തകൃതിയില്‍ നടന്നു. രാവിലെ ഗവര്‍ണറെ സന്ദര്‍ശിച്ച ലോക്‌സഭ െഡപ്യൂട്ടി സ്​പീക്കര്‍ തമ്പിദുരൈ അതിനുശേഷം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ചര്‍ച്ച നടത്തി. തമ്പിദുരൈയുടെ രണ്ടു കൂടിക്കാഴ്ചകളും തമ്മില്‍ ബന്ധമുണ്ടെന്ന് ഉറപ്പാണെങ്കിലും ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നാണ് ഇദ്ദേഹം പ്രതികരിച്ചത്. ഒ.പി.എസ്. പക്ഷം രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നതോടെ മന്ത്രിമാരും എടപ്പാടി പക്ഷത്തെ മറ്റു പ്രമുഖരും യോഗം ചേര്‍ന്നു. യാതൊരു നിബന്ധനയുമില്ലാതെ പാര്‍ട്ടിയുടെ ഐക്യത്തിനു വേണ്ടി ചര്‍ച്ച നടത്താന്‍ തങ്ങള്‍ തയ്യാറാണെന്നാണു യോഗം കഴിഞ്ഞ് ഇവര്‍ നടത്തിയ പ്രഖ്യാപനം.

ജയയുടെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം എന്ന ആവശ്യത്തെയും ഇവര്‍ ചോദ്യംചെയ്തു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പനീര്‍ശെല്‍വത്തിന് ഇക്കാര്യത്തില്‍ നടപടിയെടുക്കാമായിരുന്നില്ലേയെന്നാണ് ഇവരുടെ ചോദ്യം. ഇത്തരത്തില്‍ ഒരോ ചര്‍ച്ചകള്‍ക്കുശേഷവും ഭിന്നതയ്ക്കുള്ള പുതിയ ആരോപണങ്ങളുമായി ഇരുപക്ഷവും രംഗത്തു വന്നതോടെ ലയനം അത്ര വേഗത്തില്‍ സാധ്യമാകില്ലെന്നു വ്യക്തമായിരിക്കുകയാണ്.