ചെന്നൈ: ചെന്നൈയില്‍ ഡെങ്കിപ്പനി നിയന്ത്രണവിധേയമാക്കാനുള്ള പ്രതിരോധനടപടികളില്‍ സംസ്ഥാനസര്‍ക്കാര്‍ പാടേ പരാജയപ്പെടുന്നു. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ ഇല്ലായ്മ ചെയ്യാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ണമായും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് കാരണം. തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം പതിവിലും കൂടുതല്‍ ലഭിച്ചപ്പോള്‍ പലയിടങ്ങളിലും കെട്ടിനിന്ന വെള്ളം ഒഴുകിപ്പോകാനോ മാലിന്യം കൃത്യമായി നീക്കം ചെയ്യാനോ നടപടി സ്വീകരിച്ചിരുന്നില്ല.

ചെന്നൈയിലും പരിസരപ്രദേശങ്ങളിലും ദിനവും കുമിഞ്ഞുകൂടുന്ന മാലിന്യം ശേഖരിക്കാനും സംസ്‌കരിക്കാനും സൗകര്യങ്ങളില്ല. ഇതും പ്രശ്‌നമാണ്. ഡെങ്കിപ്പനി വിഷയത്തില്‍ സര്‍ക്കാര്‍ പുറത്തുവിടുന്നത് ഗവ. ആസ്​പത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ കണക്കുമാത്രമാണ്. സംസ്ഥാനത്ത് 10,000 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, സ്വകാര്യ ആസ്​പത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ കണക്കുകള്‍ ശേഖരിച്ചിട്ടില്ല. സര്‍ക്കാര്‍ ആസ്​പത്രികളില്‍ പ്രവേശിക്കപ്പെടുന്നവരേക്കാള്‍ എത്രയോ കൂടുതലാണ് സ്വകാര്യ ആസ്​പത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം. അതുകൊണ്ടുതന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടങ്ങുന്ന കര്‍മസേനയെ നിയോഗിക്കണമെന്ന് നഗരവാസികള്‍ ആവശ്യപ്പെടുന്നു.

മൂന്നുമാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഡെങ്കിപ്പനി ബാധിച്ച് കുട്ടികള്‍ മരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കയാണ്. ഈ ഘട്ടത്തിലാണ് പ്രതിരോധനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പിന് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതി ആവിഷ്‌കരിക്കാന്‍ കഴിയാതെപോകുന്നത്. ദിനംപ്രതി നൂറുകണക്കിനാളുകള്‍ സര്‍ക്കാര്‍ ആസ്​പത്രികളിലും സ്വകാര്യ ആസ്​പത്രികളില്‍ എത്തുമ്പോഴും പ്രതിരോധനടപടി ശക്തമാക്കാന്‍ സര്‍ക്കാരിനാകുന്നില്ല. കഴിഞ്ഞ മാസങ്ങളില്‍ തെക്കന്‍ ജില്ലകളിലാണ് ഡെങ്കിപ്പനി ബാധിച്ചതെങ്കില്‍ ഇപ്പോള്‍ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, തിരുവണ്ണാമല, മധുര ജില്ലകളിലാണ് ഡെങ്കിപ്പനി വ്യാപിച്ചിരിക്കുന്നത്.

ഈ ജില്ലകളിലെ സര്‍ക്കാര്‍ ആസ്​പത്രികളും ഡെങ്കിപ്പനി ബാധിച്ച കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കയാണ്. ഡെങ്കിപ്പനി ബാധിച്ചവരെ പരിപാലിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനോ കൂടുതല്‍ സൗകര്യങ്ങള്‍ എര്‍പ്പെടുത്താനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നതും അനാസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നു. എന്നാല്‍, ഡെങ്കിപ്പനിക്കെതിരേ പ്രതിരോധനടപടി സ്വീകരിക്കാതെ പ്രസ്താവനകളും അവകാശവാദങ്ങളുമായി ആരോഗ്യമന്ത്രി സി.വിജയഭാസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുപോകുകയാണ്.

സംസ്ഥാനത്ത് നൂറുകണക്കിനുപേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടെന്നിരിക്കെ ആയുര്‍വേദ പ്രതിരോധമരുന്നായ നിലവേമ്പ് കഷായം 5000 പേര്‍ക്ക് മാത്രമാണ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഡെങ്കിബാധിച്ച് സംസ്ഥാനത്ത് 30-ഓളം പേര്‍ മരിച്ചിട്ടും സര്‍ക്കാര്‍ ഇനിയും ഗൗരവം ഉള്‍കൊണ്ടിട്ടില്ല.