ചെന്നൈ: എ.ഐ.എ.ഡി.എം.കെ.യിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനചര്‍ച്ചകള്‍ സജീവമായിരിക്കേ മന്ത്രിമാരും എം.എല്‍.എ.മാരും ഐ.എന്‍.എസ്. ചെന്നൈ എന്ന കപ്പലില്‍ കടലുചുറ്റി. തമിഴ്‌നാടിന്റെ തീരസംരക്ഷണം ലക്ഷ്യമിട്ട് നാവികസേന സമര്‍പ്പിച്ച കപ്പല്‍ തിങ്കളാഴ്ചയാണ് കടലിറക്കിയത്. നാവികസേന സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പളനിസ്വാമി പങ്കെടുത്തിരുന്നില്ല. എന്നാല്‍, മുതിര്‍ന്ന മന്ത്രിമാരും എം.എല്‍.എ.മാരുമുണ്ടായിരുന്നു.

ധനമന്ത്രി ഡി. ജയകുമാര്‍, സഹകരണമന്ത്രി സെല്ലൂര്‍ കെ. രാജു, സാമൂഹികക്ഷേമമന്ത്രി വി. സരോജ, ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍, ടെക്‌സ്‌റ്റൈല്‍ മന്ത്രി ഒ.എസ്. മണിയന്‍, റവന്യൂമന്ത്രി ആര്‍.വി. ഉദയകുമാര്‍ തുടങ്ങിയവര്‍ കപ്പലുണ്ടായിരുന്നു. ''ഇത് എന്റെ ആദ്യ കപ്പല്‍ സന്ദര്‍ശനമാണ്. ഇതിനുമുമ്പ് മത്സ്യത്തൊഴിലാളികളോടൊപ്പം പോയിട്ടുണ്ട്. എം.എല്‍.എ.മാരും കുടുംബവും ഉള്‍പ്പെടുന്ന യാത്ര ഇതാദ്യമായാണ് നടത്തുന്നത്''- മന്ത്രി ഒ.എസ്. മണിയന്‍ പറഞ്ഞു.

എല്ലാ ആധുനിക സങ്കേതികവിദ്യയോടും കൂടി ഇന്ത്യയില്‍ നിര്‍മിച്ച യുദ്ധക്കപ്പലാണിത്. ഒരു യുദ്ധകപ്പലില്‍ യാത്രചെയ്യുകയെന്നത് മനസ്സിനെ ആഹ്‌ളാദിപ്പിക്കുന്ന സംഭവമാണ്- മന്ത്രി വിജയകുമാര്‍ പറഞ്ഞു. ക്യാപ്റ്റന്‍ പ്രവീണ്‍ നായരുടെ നേതൃത്വത്തിലുള്ള 45 നാവിക ഓഫീസര്‍മാരാണ് കപ്പലിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.