ചെന്നൈ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂലായ് മാസാവസാനത്തോടെ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സത്യവാങ്മൂലം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

കേസ് ഏപ്രില്‍ മൂന്നിന് പരിഗണനയ്ക്ക് വന്നപ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മേയ് 14-നുള്ളില്‍ നടത്തണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12-ന് നടക്കുന്നതിനാല്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ നിര്‍ത്തിവെച്ചിരിക്കയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കേസ് വീണ്ടും 13-ന് പരിഗണനയ്ക്ക് വന്നപ്പോള്‍ തിരഞ്ഞെടുപ്പ് ജൂലായില്‍ നടത്തുമെന്നും സംസ്ഥാനത്ത് എല്ലായിടത്തും വോട്ടര്‍പട്ടിക പൂര്‍ണമായിട്ടില്ലെന്നും കമ്മിഷന്‍ അറിയിച്ചു. അതിനാല്‍ കൂടുതല്‍സമയം വേണമെന്നും ആവശ്യപ്പെട്ടു.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് എത്രയുംവേഗം നടത്തണമെന്നാവശ്യപ്പെട്ട് ആര്‍.എസ്. ഭാരതിയാണ് ഹൈക്കോടതിയില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. തുടര്‍ന്ന് ഓരോതവണയും കേസ് പരിഗണയ്ക്കുവരുമ്പോള്‍ കമ്മിഷന്‍ കൂടുതല്‍സമയം ആവശ്യപ്പെട്ടുവരികയായിരുന്നു. തുടര്‍ന്നാണ് ജൂലായ് മാസത്തിനുള്ളില്‍ നടത്തുമെന്ന് വ്യക്തമാക്കി സത്യവാങ് മൂലം നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.