ചെന്നൈ: ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ജനക്ഷേമമുന്നണിയിലെ സഖ്യകക്ഷിയായ സി.പി.എമ്മിനെ പിന്തുണയ്ക്കില്ലെന്ന് വി.സി.കെ.യും സി.പി.ഐ.യും. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന തങ്ങളുടെ നിലപാടില്‍മാറ്റമില്ലെന്നും ആരെയും പിന്തുണയ്ക്കാന്‍ തയ്യാറല്ലെന്നും ഇരുപാര്‍ട്ടികളും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന ഇവരുടെആവശ്യം പരിഗണിക്കാതെ കഴിഞ്ഞദിവസം സി.പി.എം. ഏകപക്ഷീയമായിസ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു. സഖ്യകക്ഷികളായ സി.പി.ഐ.യും വി.സി.കെ.യും പിന്തുണയ്ക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ രണ്ടുപേരും ഈ അഭ്യര്‍ഥന തള്ളിയിരിക്കുകയാണ്.

ആര്‍.കെ. നഗറില്‍ മത്സരിക്കേണ്ടന്ന മുന്നണിതീരുമാനം പാലിക്കാന്‍ സി.പി.എം. തയ്യാറായില്ലെന്നും സഖ്യകക്ഷികള്‍ കുറ്റപ്പെടുത്തി. മത്സരിക്കുകയോ ഏതെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുകയോ ചെയ്യേണ്ടെന്നു വി.സി.കെ.യും സി.പി.ഐ.യും തീരുമാനിച്ചുവെന്ന് വി.സി.കെ. നേതാവ് തിരുമാവളവന്‍ അറിയിച്ചു. സി.പി.ഐ. സംസ്ഥാനസെക്രട്ടറി മുത്തരശനുമായി ചേര്‍ന്നുനടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് തിരുമാവളവന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മുന്നണിക്കുള്ളില്‍ ഇത്തരമൊരു സാഹചര്യമുണ്ടായതിനുകാരണം സി.പി.എമ്മിന്റെ പിടിവാശിയാണെന്ന് മുത്തരശന്‍ ആരോപിച്ചു.

ഇവര്‍ക്കുമുന്‍പ് പി.എം.കെ. ആര്‍.കെ. നഗര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. ഇവരും ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. വൈകോയുടെ എം.ഡി.എം.കെ.യും ഇതേ തീരുമാനമെടുത്തിരിക്കുകയാണ്. മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലാത്ത പാര്‍ട്ടികളാണ് മത്സരം ബഹിഷ്‌കരിച്ചിരിക്കുന്നത്. അതിനാല്‍ വാശിയേറിയ തിരഞ്ഞെടുപ്പുനടക്കുന്ന ആര്‍.കെ. നഗറിലെ ഫലത്തെ ഇവരുടെ നിലപാട് സ്വാധീനിക്കാനിടയില്ല.